കൈയ്യെത്തും ദൂരത്തുണ്ടായിട്ടും അവളെ നഷ്ടപ്പെടുത്തിയ ആ വിഡ്ഡിത്തത്തിന്റെ കഥ പിന്നീട് എത്രയോ വട്ടം അവന്‍ പറഞ്ഞ് കേട്ടിരിക്കുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നിരുന്നെങ്കില്‍ ഒരു പക്ഷേ തന്റെ ജീവിതം മറ്റൊന്നായേനെ എന്ന് അവന്‍ വിശ്വസിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. 

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................

                                 
ഭാര്യയുടെ പ്രതിമാസ ചെക്കപ്പിനായിരുന്നു അന്നവന്‍ കോടതിയില്‍ നിന്നും നേരത്തേ ഇറങ്ങിയത്. ഗൈനക്കോളജിസ്റ്റിന്റെ റൂമിനു മുന്നില്‍ അക്ഷമനായി കാത്തിരിക്കവെ പെട്ടെന്നാണ് ഡോര്‍ തുറന്നിറങ്ങിയ ആ ദമ്പതികളില്‍ അവന്റെ കണ്ണുകളുടക്കിയത്. അതവളും ഭര്‍ത്താവുമായിരുന്നു! ഒരു നിമിഷം അവനൊന്നു ഞെട്ടി.  പറയാനാവാതെ പോയൊരു വാക്കിനാല്‍ നഷ്ടപ്പെടുത്തിയ ഒരു മൗനാനുരാഗത്തിന്റെ കഥ മനസ്സില്‍ മിന്നിമാഞ്ഞു. സങ്കടം വന്ന് കണ്ണുകളെ മൂടുന്നതിനിടെ അവനവളെ ഒന്നു ശ്രദ്ധിച്ചു നോക്കി. ആ നിമിഷത്തെ അവളുടെ കണ്ണുകളില്‍, നിരാശയുടെ പെരുംനിഴലാട്ടം അവന്‍ കണ്ടു.  ആ കണ്ണുകളിലെ കുസൃതിച്ചിരി മാഞ്ഞുപോയിരുന്നു. സത്യത്തില്‍ അവന്റെ അവസ്ഥയും സമാനമായിരുന്നു. ഗൈനക്കോളജിസ്റ്റിന്റെ മുറിക്കുമുന്നിലിരിക്കുമ്പോഴും അവന്റെ ഉള്ളില്‍ അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. 

കൈയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും നഷ്ടപ്പെടുത്തിയ ഒരുവളെ വീണ്ടും കാണുകയായിരുന്നു അവന്‍, അതും മറ്റൊരാളുടെ ഭാര്യയായി. സമാനമായിരുന്നു അവന്റെ അവസ്ഥ. മറ്റൊരുവളുടെ ഭര്‍ത്താവ്! 

...........................

 Also Read: പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...


രണ്ട്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പതിവ് കൂടിക്കാഴ്ചയ്ക്കിടയില്‍ ഇക്കഥ പറഞ്ഞ് തീര്‍ത്തശേഷം അവന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. ''എടോ, എന്റെയും അവളുടെയും അവസ്ഥ കേട്ടില്ലേ.  ഈ അവസ്ഥയ്ക്ക് യോജിച്ച പാട്ട്  ഏതായിരിക്കും? 

ഓര്‍മ്മയിലെ അനേകം പാട്ടുചീട്ടുകളില്‍ അന്നേരം ഒരു തത്ത വന്നു കൊത്തി. അത് കൊത്തിയെടുത്ത പാട്ടേതെന്ന് നോക്കാന്‍ മെനക്കെടാതെ ഞാനന്നേരം അങ്ങേയറ്റം ഉദാസീനമായ ഔപചാരികതയോടെ തുടര്‍ന്നു: ''നീ കഥ പറയൂ, എന്നിട്ടാവാം പാട്ട് ...''

അവന്‍ കഥയിലേക്ക് മറിഞ്ഞു വീഴുമ്പോള്‍ ഞാനാ പാട്ടിന്റെ ചിറകുകള്‍ കോതിയൊതുക്കി, ഞങ്ങള്‍ക്കിടയിലെ ആകാശത്തേക്ക് പറത്തി. 

....................

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

YouTube video player

മൂന്ന്

അമ്മയുമൊത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന കാലത്താണ് അവന്‍ അവളെ കണ്ടുമുട്ടിയത്. അമ്മയെ അര്‍ബുദം പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയ സമയമായിരുന്നു. സ്വയം നഷ്ടപ്പെടുത്തിയ ആദ്യ പ്രണയത്തിന് ശേഷം, വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയാന്‍ ജീവിതം നടക്കുകയായിരുന്നു അവന്‍. അഭിഭാഷകനായതിനാല്‍ കോടതിയാണ് എല്ലാം. കോടതിയാണെങ്കില്‍, മധ്യവേനലവധിക്ക് അടച്ചിരിക്കുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അങ്ങനെയൊരു പകല്‍.

''ഏതോ പുസ്തകവും പിടിച്ച് സ്വീകരണ മുറിയിലെ സോഫയില്‍ ചടഞ്ഞ് കൂടി ഇരിക്കുകയായിരുന്നു അന്ന് ഞാന്‍. വാതിലിലെ സ്‌പൈ ഹോളിലൂടെ നോക്കിയാല്‍ എതിര്‍ വശത്തെ ഫ്‌ലാറ്റിന്റെ മുന്നില്‍ വരുന്നവരെ കാണാം. പെട്ടെന്നാണ് എന്റെ മുന്നില്‍ അവള്‍ പ്രത്യക്ഷയായത്. നീണ്ടുമെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. ഒറ്റനോട്ടത്തില്‍ അവളെയെനിക്കിഷ്ടമായി. അവളിറങ്ങുന്നതും കാത്ത് എത്ര നേരമാണെന്നോ ഞാന്‍ അവിടിരുന്നത്!''-അവനാ നിമിഷം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.  

വയലാര്‍ വരച്ചിട്ട ഒരു പാട്ടാണ് അവന്റെ പ്രണയകഥയിലെ ആ നിമിഷത്തെ കേട്ടുകൊണ്ടിരിക്കെ, എനിക്ക് ഓര്‍മ്മ വന്നത്. 

'പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിര്‍ പോലെ
സ്വര്‍ഗ്ഗ വാതില്‍ തുറന്നു വരുന്നൊരു സ്വപ്ന കല പോലെ...

ഈ പാട്ടാണെനിക്ക് ഓര്‍മ്മ വന്നതെന്നു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ഞാനവന് ആ പാട്ടിന്റെ കഥ പറഞ്ഞു കൊടുത്തു.എന്റെ മനസില്‍ ഈ ഗാനത്തിന്റെ ചരണമായിരുന്നു. 

'ഏകാന്തതയുടെയഴികള്‍ക്കുള്ളിലെ ഏതോ നിശ്വാസം..
എന്റെ വികാരത്തളിരില്‍ വിരല്‍തൊടും ഏതോ നിശ്വാസം..'

1971 -ല്‍ പുറത്തിറങ്ങിയ 'ഇന്‍ക്വിലാബ് സിന്ദാബാദ് ' എന്ന ചിത്രത്തിലെ ഗാനമാണ്. സംവിധാനം കെ.എസ് സേതുമാധവന്‍. പാടിയത് യേശുദാസ്. അധികം ശ്രദ്ധിക്കപ്പെടാത്തൊരു ഗാനം പക്ഷേ, എന്റെ ഉള്ളിലങ്ങനെ സ്ഥിരതാമസമാക്കി. അതിനു കാരണം ഒന്നു മാത്രമായിരുന്നു- അപ്പച്ചി. കുഞ്ഞുന്നാളില്‍ അപ്പച്ചിയായിരുന്നെഴന്റ പാട്ടുപെട്ടി. ആ പാട്ടോര്‍ക്കുമ്പോള്‍ അപ്പച്ചിയെയോ അപ്പച്ചിയെ ഓര്‍ക്കുമ്പോള്‍ ആ പാട്ടിനെയും ഓര്‍ക്കുന്ന മായാജാലം! 

ഞാനാ കഥ പറഞ്ഞപ്പോള്‍ അവന്‍ അവന്റെ പ്രണയകഥയിലേക്ക് തിരിഞ്ഞു നടന്നു. അതേ ഫ്‌ളാറ്റില്‍ അവളെ കാത്തിരിക്കുന്ന അവന്‍ മുന്നില്‍വന്നു. 

''അടുത്ത ദിവസവും ഞാനങ്ങിനെയിരുന്നു. അവള്‍ വന്നാലോ? സ്‌പൈ ഹോളിനടുത്ത്  പത്രവും പിടിച്ചിരിക്കുന്ന എന്റെ കണ്ണുകളിലേക്ക് ആദ്യം അവ്യക്തമായും പിന്നെ വ്യക്തമായും അവള്‍ വിടര്‍ന്നുവന്നു. ഒരു മഞ്ഞ ചുരിദാറായിരുന്നു. ആ ഫ്‌ളാറ്റിലുള്ളത് ഇന്ദുവാണ്. . അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി. സഹപാഠിയാവും. എന്നുമവിടെ വരുന്നത് കമ്പയന്‍ഡ് സ്റ്റഡിക്കായിരിക്കും. ഞാന്‍ ഊഹിച്ചു. അടുത്ത ദിവസവും അവള്‍ വന്നപ്പോള്‍, ഒളി കണ്ണില്‍നിന്നും പുറത്തുവന്ന് പത്രം എടുക്കാനെന്ന വ്യാജേന ഞാനാ ഫ്‌ളാറ്റില്‍ ചെന്നു. ഇന്ദു  എന്നെ അവള്‍ക്ക് പരിചയപ്പെടുത്തി. മിനി, അതായിരുന്നു പേര്. ഊഹം തെറ്റിയില്ല. സഹപാഠിതന്നെ. കമ്പയിന്‍ഡ്  സ്റ്റഡിയ്‌ക്കെത്തിയതാണ് അവള്‍. പെട്ടെന്നാണ് അവള്‍ ധരിച്ചിരുന്ന മാലയിലെ കുരിശ് രൂപത്തില്‍ എന്റ കണ്ണുകളുടക്കിയത്. ''

ഒരു സിനിമയിലെന്നോണം ഞാനാ രംഗം മനസ്സില്‍ കണ്ടുകൊണ്ടിരുന്നു. എനിക്കിടയ്ക്ക് ചിരി വന്നു. അവനാവട്ടെ, കട്ട സീരിയസായിരുന്നു. ഏതോ ബാധകേറിയതുപോലെ ഉന്‍മത്തന്‍. 

''പിന്നെ, അവള്‍ വരുമ്പോഴെല്ലാം പത്രമെടുക്കല്‍ പതിവായി. നിശ്ശബ്ദമായ ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി വന്നു. പരസ്പരം  പറഞ്ഞില്ലെങ്കിലും ഇഷ്ടമാണെന്ന് രണ്ടു പേര്‍ക്കും അറിയുമായിരുന്നു. വീണ്ടുമൊരു പ്രണയം. അതെനിക്ക് പേടിയായിരുന്നു. എങ്കിലും വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു എനിക്ക്...'' 

പക്ഷേ, അവളെ ഓര്‍ക്കുമ്പോഴെല്ലാം കഴുത്തിലെ ആ കുരിശുമാല അവനെ പിന്നോട്ട് വലിച്ചു. ഒരന്യമതക്കാരിയെ മകന്‍ കൂടെ കൂട്ടുന്നത് യാഥാസ്ഥിതികയായ അവന്റെ അമ്മ അനുവദിക്കില്ല. എണ്ണപ്പെട്ട ദിനങ്ങളിലൂടിഴഞ്ഞു നീങ്ങുന്ന ആ ജീവന് വേദനയുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ അവനാഗ്രഹിച്ചതുമില്ല.   കണ്ണടയുമ്പോള്‍ മകന് കൂട്ടിനൊരാള്‍ വേണമെന്ന അമ്മയുടെ ആഗ്രഹത്തിനാണല്ലോ വിവാഹം പോലും. എന്നാലും സ്‌പൈ ഹോള്‍ റൊമാന്‍സ് അവന്‍ തുടര്‍ന്നു. അവള്‍ വരുന്നതും നോക്കി പത്രവും പിടിച്ച് അവനെന്നും ഇരുന്നു. പത്രം ഞാന്‍ രാവിലെ അങ്ങട് തരാമെന്ന് ഇന്ദു പലപ്പോഴും അവനെ കളിയാക്കി. അതു കേള്‍ക്കുമ്പോള്‍ മറ്റൊന്നും പറയാതെ അവള്‍ ചിരിക്കും. അങ്ങനെ ഒരു മാസം  കടന്നുപോയി.

അവന്‍ കഥപറച്ചിലില്‍ ആണ്ടുപോവുമ്പാള്‍ ഞാന്‍ വീണ്ടുമേതോ പാട്ട് ഓര്‍ക്കാന്‍  തുടങ്ങി. ബാലചന്ദ്രന്‍ ചുള്ളിക്കാട് കഥയും തിരക്കഥയും എഴുതിയ ജാലകം എന്ന ചിത്രം. ഒ എന്‍ വിയുടെ കാവ്യാത്മകമായ വരികള്‍ക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതം. യേശുദാസിന്റെ സ്വരം. 

'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു...'

അപ്പു (അശോകന്‍) വിന്റെയും ലതയുടേയും (പാര്‍വതി) നിഷ്‌ക്കളങ്ക പ്രണയത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്  ഗാനരംഗത്ത്. അശോകന്‍ എന്ന നടന്റെ അസാധാരണ നടനവൈഭവം വെളിവാക്കിയ ചിത്രം. ലതയുടെ ചിത്രം ചുമരില്‍ വരയ്ക്കുകയാണ് അപ്പു. ലതയുടെ വിവാഹ ദിവസം ആ ചുമര്‍ ചിത്രത്തില്‍ താലി കൂടി വരച്ചു ചേര്‍ക്കുന്ന അപ്പു ഒരു നോവായി പ്രേക്ഷക മനസ്സില്‍ നിറയും.

അവനപ്പോഴും കഥ പറയുകയാണ്. പക്ഷേ, ആ പ്രണയകഥയുടെ കാല്‍പ്പനിക സൗന്ദര്യത്തില്‍ പൊടുന്നനെ യാഥാര്‍ത്ഥ്യത്തിന്റെ ദുരന്തഛായ കലര്‍ന്നു. 

അവന്റെ സ്‌പൈ ഹോള്‍ റൊമാന്‍സിന് അധികം ആയുസ്സുണ്ടായിരുന്നില്ല.  പെട്ടെന്നായിരുന്നു ഇന്ദുവിന്റെ അച്ഛന് പാലക്കാടേയ്ക്ക് സ്ഥലമാറ്റ ഉത്തരവ് കിട്ടിയത്. അവര്‍ മാറിപ്പോയതോടെ മിനിയെ കാണാനുള്ള സാധ്യതയും നിന്നു. എങ്കിലും അവള്‍ മനസിലുണ്ടായിരുന്നു. വെറുതേ ഇരിക്കുമ്പോഴൊക്കെ അവളുടെ ചിത്രം വരയ്ക്കാന്‍ അവന്‍ ശ്രമിച്ചു. സ്‌കൂള്‍ കോളേജ് കാലത്ത് ചിത്രരചനയ്ക്ക് സമ്മാനം വാങ്ങിയിരുന്ന അവനിലെ ചിത്രകാരന്‍ വീണ്ടു ഉണര്‍ന്നു. ഒ എന്‍ വി എഴുതിയതുപോലെ: 

'ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി... വര്‍ണ്ണമായി...
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു..'

   
അതിനിടയില്‍ പക്ഷേ, അമ്മ മകനായൊരു പെണ്‍കുട്ടിയെ കണ്ടെത്തി. ആകെ പത്തോ ഇരുപതോ പേര്‍ പങ്കെടുത്ത ഒരു ചെറിയ ചടങ്ങില്‍ അവനാ പെണ്‍കുട്ടിക്ക് താലികെട്ടി. 

'താലികെട്ടുന്ന നിമിഷത്തിലും എന്റെ മനസില്‍ അവളുടെ മുഖം മിന്നിമാഞ്ഞു. സത്യത്തില്‍ അവളോടെനിക്ക് പ്രണയമുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ല. പക്ഷേ, ജീവിതത്തിലേക്ക് കടന്നു വരുന്നത് അതുപോലൊരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു ഞാന്‍. 

....................

Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

Also Read: അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

.........................

നാല്

അവന്റെ പ്രണയ ജീവിതത്തിലേക്ക് തന്നെ തിരികെ വരികയാണ്. 

ഓഷോ പറഞ്ഞതുപോലെ വിവാഹം ഒരു പ്ലാസ്റ്റിക് പുഷ്പമാണെന്നും വ്യത്യസ്ത അഭിരുചികളുള്ള രണ്ട് വ്യക്തികള്‍ അധികാരത്തിനായി പോരാടുന്ന ഒരു സ്ഥാപനമാണെന്നും, അധികം വൈകാതെ അവനും തിരിച്ചറിഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു മാസമായിട്ടുണ്ടാവണം. വൈകിട്ട് അവന്‍ കോടതിയില്‍ നിന്നെത്തിയപ്പോഴാണ് അമ്മ ചിരിച്ചുകൊണ്ട് അക്കാര്യം പറയുന്നത്. ഒരുപാട് നാളിന് ശേഷമായിരുന്നു വേദനയ്ക്കിടയിലും അമ്മ ചിരിച്ചിട്ടവന്‍ കണ്ടത്.

'ഇന്ന് ഇന്ദു വന്നിരുന്നു. അവള്‍ നിനക്കൊരു കല്യാണാലോചനയുമായാ വന്നത്. നിനക്കറിയാം അവളുടെ കൂട്ടുകാരി മിനി. അവള്‍ നിന്നെ മാത്രമേ കല്യാണം കഴിക്കൂന്ന് വീട്ടില്‍ പറഞ്ഞത്രേ.'

കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോവുന്നത് പോലെ അവനന്നേരം തോന്നി. ഒരു സുന്ദര സ്വപ്നമായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന പെണ്‍കുട്ടി. അവള്‍ തൊട്ടടുത്തുണ്ടായിരുന്നു. എന്നിട്ടും മറ്റൊരു മതമാണെന്ന ധാരണയില്‍ ഉള്ളില്‍ തോന്നിയ ഇഷ്ടം തുറന്നു പറയാതെപോയ വിഡ്ഡിത്തമോര്‍ത്ത് അവന്‍ സ്വയം ശപിച്ചു.  

'അതിന് അവള്‍ ക്രിസ്ത്യാനിയല്ലേ? അവളുടെ വീട്ടുകാര്‍ സമ്മതിക്കുമോ?'

അതിശയത്തോടെ അമ്മയെ നോക്കി അവന്‍ ചോദിച്ചു. 

''ഹേയ്, അവള്‍ ക്രിസ്ത്യാനിയൊന്നുമല്ല, ഹിന്ദുവാ. മോന് അവളെ ഇഷ്ടായിരുന്നല്ലേ''

അമ്മയുടെ ചോദ്യം പാതിയേ അവന് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അമ്മയുടെ അലമാരയില്‍ ഒളിപ്പിച്ചിരുന്ന അവളുടെ ചിത്രം അവന്‍ തപ്പിയെടുത്തു. ചിത്രത്തില്‍ താന്‍ വരച്ച അവളുടെ കഴുത്തിലെ കുരിശില്‍ അവന്റെ കണ്ണുകളുടക്കി. ഭ്രാന്തുപിടിച്ചവനെ പോലെ അവനാ ചിത്രം ചുരുട്ടി ദൂരെയെറിഞ്ഞു.

....................

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

...................

 

അഞ്ച്

കൈയ്യെത്തും ദൂരത്തുണ്ടായിട്ടും അവളെ നഷ്ടപ്പെടുത്തിയ ആ വിഡ്ഡിത്തത്തിന്റെ കഥ പിന്നീട് എത്രയോ വട്ടം അവന്‍ പറഞ്ഞ് കേട്ടിരിക്കുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നിരുന്നെങ്കില്‍ ഒരു പക്ഷേ തന്റെ ജീവിതം മറ്റൊന്നായേനെ എന്ന് അവന്‍ വിശ്വസിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. 

'ഇനിയെന്നെങ്കിലും പരസ്പരം കാണുമോന്നറിയില്ല, അവളെന്നെ ഓര്‍ക്കുന്നുണ്ടാവുമോ എന്നും. അവസാനമായി കണ്ടത് ആ ഗൈനക്കോളജിസ്റ്റിന്റെ ക്യാബിനുമുന്നിലായിരുന്നു. വര്‍ഷം 22 കഴിഞ്ഞിരിക്കുന്നു.  ഇന്ദുവിന്റെ നമ്പറിലേക്ക് വിളിച്ചന്വേഷിക്കാന്‍ ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇന്നുവരെ അതിന് മുതിര്‍ന്നിട്ടില്ല.  അവള്‍ സന്തോഷവതിയ എന്നൊരു വാര്‍ത്ത കേട്ടാലോ. വേണ്ട, എവിടെയാണെങ്കിലും അവള്‍ സന്തോഷമായി കഴിയട്ടെ''

അവന്‍ ആവര്‍ത്തിക്കുന്ന കാര്യമിതാണ്. ഇന്നത്തെ റ്റോക്‌സിക് കാമുകന്മാരില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നതും ഈ ചിന്ത തന്നെയല്ലേ!

.............................

Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

Also Readതീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

...................

 

അവനെ ഓര്‍ക്കുമ്പോഴെല്ലാം 'ജാലക'ത്തിലെ അപ്പുവിന്റെ പ്രണയം എന്റെ ഓര്‍മ്മയില്‍ തെളിയും.  ലതയുടെ വിവാഹ ദിവസം താന്‍ വരച്ച അവളുടെ  ചിത്രത്തിലേക്ക് ചായം കോരി ഒഴിക്കുന്ന അപ്പുവല്ല. ആ വിരല്‍ത്തുമ്പിലൊന്നു തൊടുക പോലും ചെയ്യാതെ ഗീതയുടെ കണ്ണുകളിലേക്ക്  നോക്കി നിന്ന് പാടുന്ന അപ്പു. ആ വരികളും മനസില്‍ തുളുമ്പി വരും. 

'കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു..
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു..'