1966 ലോകകപ്പിന് മാസങ്ങൾക്ക് മുൻപ് ലണ്ടനിൽ നിന്ന് ജൂൾസ് റിമെറ്റ് ട്രോഫി മോഷണം പോയി. പോലീസ് അന്വേഷണം വഴിമുട്ടി നിന്നപ്പോൾ, 'പിക്ക്ബിൾസ്' എന്ന നായ ഒരു കുറ്റിക്കാട്ടിൽ നിന്ന് ട്രോഫി കണ്ടെത്തുകയും ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. ഈ സംഭവം പിക്ക്ബിൾസിനെ ഒറ്റരാത്രികൊണ്ട് താരമാക്കി മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ നാണക്കേടിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത് ഒരു നായയായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? 1966 -ലെ ലോകകപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലണ്ടനിൽ വെച്ച് വിലപിടിപ്പുള്ള 'ജൂൾസ് റിമെറ്റ് ട്രോഫി' മോഷണം പോകുന്നത്. രാജ്യം മുഴുവൻ അരിച്ച് പെറുക്കിയിട്ടും പോലീസിന് ആ ലോകകപ്പ് കിരീടം കണ്ടെത്താനായില്ല, ഒടുവിൽ ഒരു കുറ്റിക്കാട്ടിൽ പത്രത്തിൽ പൊതിഞ്ഞ നിലയിൽ കിടന്ന ജൂൾസ് റിമെറ്റ് ട്രോഫി കണ്ടെത്തിയത് 'പിക്ക്ബിൾസ്' എന്നൊരു മിടുക്കൻ നായയായിരുന്നു! കാൽപന്ത് കളിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ ആ കഥ ഇങ്ങനെയാണ്...

കനത്ത സുരക്ഷയിൽ പ്ര‍ദർശനം

ഈ കഥ തുടങ്ങുന്നത് 1966 മാർച്ച് 20 -നാണ്. വെസ്റ്റ്മിൻസ്റ്ററിലെ മെത്തഡിസ്റ്റ് സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച സ്റ്റാംപെക്സ് പ്രദർശനത്തിൽ ജൂൾസ് റിമെറ്റ് ട്രോഫി പ്രദർശിപ്പിക്കാൻ ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകി. അക്കാലത്ത് 3,000 പൗണ്ട് മൂല്യമുള്ള ട്രോഫി, ഏകദേശം 30 ലക്ഷം പൗണ്ട് (ഏതാണ്ട് 38 കോടിയോളം രൂപ) വിലമതിക്കുന്ന അപൂർവ സ്റ്റാമ്പുകൾക്കൊപ്പമാണ് പ്രദർശിപ്പിച്ചിരുന്നത്. അന്നത്തെ ഫിഫ പ്രസിഡന്‍റ് സ്റ്റാൻലി റൂസ് കടുത്ത സുരക്ഷാ നിബന്ധനകളോടെയാണ് ഇതിന് അനുമതി നൽകിയത്. കനത്ത സുരക്ഷയിൽ ഒരു പ്രശസ്ത കമ്പനിയാണ് ട്രോഫി അവിടെയെത്തിച്ചത്. പൂട്ടിയ ഒരു ഗ്ലാസ് ബോക്സിനുള്ളിൽ വെച്ചിരുന്ന ട്രോഫിക്ക് കാവലായി സെക്യൂരിറ്റി ജീവനക്കാരുമുണ്ടായിരുന്നു. കൂടാതെ 30,000 പൗണ്ടിന്‍റെ ഇൻഷുറൻസും ട്രോഫിക്കുണ്ടായിരുന്നു.

പട്ടാപ്പകൽ സുരക്ഷ മറികടന്ന് മോഷണം

എന്നാൽ, ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സുരക്ഷയിൽ ഒരു വലിയ പാളിച്ച സംഭവിച്ചു. എക്സിബിഷൻ ഹാൾ അടച്ചിരുന്ന സമയങ്ങളിൽ അവിടെ കാര്യമായ സുരക്ഷാ നിരീക്ഷണമുണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത്, ഒരു കള്ളൻ പകൽ വെളിച്ചത്തിൽ, രാവിലെ 11-നും ഉച്ചയ്ക്ക് 12. 10-നും ഇടയിൽ പിൻവാതിലിലൂടെ അകത്തുകടന്ന് ട്രോഫിയുമായി കടന്നുകളഞ്ഞു. ഇതിലും അത്ഭുതകരമായ കാര്യം, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്റ്റാമ്പ് ശേഖരം അവിടെയുണ്ടായിട്ടും കള്ളൻ അത് തൊടാതെ ലോകകപ്പ് ട്രോഫി മാത്രം എടുത്തുകൊണ്ട് പോയി എന്നതാണ്. ഈ മോഷണം അധികൃതർക്ക് വലിയൊരു നാണക്കേടായി മാറി. മെട്രോപൊളിറ്റൻ പൊലീസിന് തുടക്കത്തിൽ യാതൊരു സൂചനയും ലഭിച്ചില്ല. സാക്ഷികൾ നൽകിയ പരസ്പര വിരുദ്ധമായ വിവരങ്ങൾ അന്വേഷണം കൂടുതൽ സങ്കീർണ്ണമാക്കി.

മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത്

ദിവസങ്ങൾക്ക് ശേഷം, എഫ്.എ ചെയർമാൻ ജോ മേയേഴ്സിന് 'ജാക്സൺ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ആ കത്ത് ഇങ്ങനെയായിരുന്നു: "പ്രിയപ്പെട്ട ജോ, ലോകകപ്പ് നഷ്ടപ്പെട്ടതിൽ നിങ്ങൾക്ക് വലിയ ആശങ്കയുണ്ടാകുമെന്ന് എനിക്കറിയാം... പക്ഷേ, എന്നെ സംബന്ധിച്ച് ഇത് വെറുമൊരു സ്വർണ്ണക്കഷണം മാത്രമാണ്. വ്യാഴാഴ്ചയ്ക്കോ വെള്ളിയാഴ്ചയ്ക്കോ മുൻപ് നിങ്ങളുടെ മറുപടി ലഭിച്ചില്ലെങ്കിൽ ഇത് ഞാൻ ഉരുക്കി കളയും." ട്രോഫി തിരികെ നൽകാൻ 15,000 പൗണ്ടാണ് (ഏതാണ്ട് 19 ലക്ഷം രൂപ) കള്ളൻ ആവശ്യപ്പെട്ടത്.

വളർത്തു നായയുടെ കണ്ടെത്തൽ

തുടർന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലെൻ ബഗ്ഗി, ചെയർമാന്‍റെ അസിസ്റ്റന്‍റായി ചമഞ്ഞ് ബാറ്റർസീ പാർക്കിൽ വെച്ച് കള്ളനുമായി കൂടിക്കാഴ്ച നിശ്ചയിച്ചു. പത്രക്കടലാസുകൾ നിറച്ച ഒരു ബ്രീഫ്കേസുമായാണ് ഇൻസ്പെക്ടർ എത്തിയത്. എന്നാൽ, അവിടെയുണ്ടായിരുന്ന പൊലീസ് നിരീക്ഷണ സംഘത്തെ കണ്ട് സംശയം തോന്നിയ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും പൊലീസ് അയാളെ പിന്തുടർന്ന് പിടികൂടി. എഡ്വേർഡ് ബെച്ച്ലി എന്നയാളായിരുന്നു അത്. എന്നാൽ, അയാൾ വെറുമൊരു ഇടനിലക്കാരൻ മാത്രമാണെന്നും ട്രോഫി എവിടെയുണ്ടെന്ന് അയാൾക്ക് അറിയില്ലെന്നും പൊലീസിന് മനസ്സിലായി. ഇതോടെ അന്വേഷണം വീണ്ടും വഴിമുട്ടി.

എന്നാൽ, മാർച്ച് 27-ന് രാവിലെ കഥയാകെ മാറി. ഡേവിഡ് കോർബെറ്റ് എന്നയാൾ തന്‍റെ നായയായ പിക്ക്ബിൾസിനൊപ്പം വീട്ടിൽ നിന്ന് പുറത്തിറങ്ങി. അപ്പോൾ ഒരു ചെറിയ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു പൊതി കണ്ട് പിക്ക്ബിൾസ് അവിടെത്തന്നെ നിന്നു. അവനത് തന്‍റെ ഉടമസ്ഥനായ കോർബെറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

'എനിക്കും കിട്ടി ലോകക്കപ്പ്'

വർഷങ്ങൾക്ക് ശേഷം ആ നിമിഷത്തെ കോർബെറ്റ്, ഫിഫയോട് അനുസ്മരിച്ചത് ഇങ്ങനെയാണ്, "ഞാൻ അത് കയ്യിലെടുത്തു, നല്ല ഭാരമുണ്ടായിരുന്നു. പക്ഷേ, അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഐആർഎ (Irish Republican Army) ബോംബ് സ്ഫോടനങ്ങൾ നടത്തുന്ന സമയമായത് കൊണ്ട് അതൊരു ബോംബായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. ഞാൻ അത് താഴെ വെച്ചു, വീണ്ടും എടുത്തു. ഒടുവിൽ കൗതുകം അടക്കാനാവാതെ ഞാൻ അതിന്‍റെ അടിഭാഗത്തെ പേപ്പർ അല്പം കീറി നോക്കി. അവിടെ ഒരു പ്ലെയിൻ ഡിസ്ക് കണ്ടു. ബാക്കി ഭാഗം കൂടി കീറിയപ്പോൾ അതിൽ ബ്രസീൽ, ജർമ്മനി, ഉറുഗ്വേ എന്നീ പേരുകൾ എഴുതിയിരിക്കുന്നത് കണ്ടു! ഞാൻ വേഗം വീട്ടിലേക്ക് ഓടിച്ചെന്ന് ഭാര്യയോട് പറഞ്ഞു: 'എനിക്ക് ലോകകപ്പ് കിട്ടിയെന്ന് തോന്നുന്നു!'" കോർബെറ്റ് ഉടൻ തന്നെ ട്രോഫിയുമായി കാനൻ റോ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, ഈ അവിശ്വസനീയമായ കണ്ടെത്തൽ കാരണം പൊലീസ് ആദ്യം കോർബെറ്റിനെത്തന്നെയാണ് പ്രതിയായി സംശയിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കോർബെറ്റിന് ഇതിൽ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പക്ഷേ, ആരാണ് ആ ട്രോഫി അവിടെക്കൊണ്ട് ഒളിപ്പിച്ചത് എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞില്ല.

ഒറ്റരാത്രി കൊണ്ട് താരമായ വളർത്തു നായ

ട്രോഫി തിരികെ കിട്ടിയതോടെ പിക്ക്ബിൾസ് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ടിവി പ്രോഗ്രാമുകളിലും, 'ദി സ്പൈ വിത്ത് എ കോൾഡ് നോസ്' എന്ന സിനിമയിലും ഈ മിടുക്കൻ നായ പ്രത്യക്ഷപ്പെട്ടു. നാഷണൽ കനൈൻ ഡിഫൻസ് ലീഗിന്‍റെ മെഡലും, ഒരു വർഷത്തേക്കുള്ള സൌജന്യ ഡോഗ് ഫുഡും പിക്ക്ബിൾസിന് സമ്മാനമായി ലഭിച്ചു. കോർബെറ്റിന് 5,000 പൗണ്ട് സമ്മാനത്തുകയും കിട്ടി. ഇംഗ്ലണ്ട് ടീമിന്‍റെ ലോകകപ്പ് വിജയ വിരുന്നിലേക്ക് കോർബെറ്റിനും പിക്ക്ബിൾസിനും ക്ഷണവും ലഭിച്ചു.

ഇംഗ്ലണ്ടിന്‍റെ ചരിത്ര വിജയം

ട്രോഫി കണ്ടെത്തി കൃത്യം നാല് മാസങ്ങൾക്ക് ശേഷം, ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിലൊന്ന് ഇംഗ്ലണ്ട് കുറിച്ചു. 1966 -ലെ ആവേശകരമായ ഫൈനലിൽ എക്സ്ട്രാ ടൈമിൽ പശ്ചിമ ജർമ്മനിയെ 4 - 2 -ന് തോൽപ്പിച്ച് ഇംഗ്ലണ്ട് ആദ്യമായി ഫുട്ബോൾ ലോകക്കപ്പ് കിരീടം ചൂടി. മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ജിയോഫ് ഹർസ്റ്റ് ചരിത്ര പ്രസിദ്ധമായ ഹാട്രിക് നേടി. ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. ഈ റെക്കോർഡ് പിന്നീട് തകരാതെ 56 വർഷം നീണ്ടുനിന്നു. ഒടുവിൽ 2022 ലോകകപ്പ് ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ ഫ്രാൻസിന് വേണ്ടി കൈലിയൻ എംബാപ്പെയാണ് ഈ നേട്ടത്തിനൊപ്പം എത്തിയത്. എങ്കിലും ആ ഫൈനലിൽ പെനാൾട്ടി ഗോളിൽ അർജന്‍റീന വിജയം നേടി.

അന്ന്, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബോബി മൂർ അഭിമാനത്തോടെ വാനിലുയർത്തിയത്, മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടു പോയെന്ന് എല്ലാവരും കരുതിയ അതേ ജൂൾസ് റിമെറ്റ് ട്രോഫിയായിരുന്നു. ഇംഗ്ലണ്ട് ടീമിന്‍റെ ആ വിജയാഘോഷങ്ങളിൽ പങ്കുചേരാൻ പിക്ക്ബിൾസും അവിടെയുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷം പിക്ക്ബിൾസ് മരണപ്പെട്ടു, എങ്കിലും 1966 ഫിഫ ലോകകപ്പിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ആ മിടുക്കൻ നായയുടെ ഓർമ്മകൾ ഫുട്ബോൾ ചരിത്രത്തിൽ ഇന്നും ജീവിക്കുന്നു.