യുഎസില്‍ എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വിടണമെന്ന ആവശ്യം ശക്തമാകുമ്പോൾ ഫയലുകളിലെ ട്രംപിന്‍റെ സാന്നിധ്യവും ചോദ്യം ചെയ്യപ്പെടുകയാണ്. വായിക്കാം ലോകജാലകം 

മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും എപ്സ്റ്റീൻ വിവാദത്തിൽ കുടുങ്ങി. ട്രംപ് എപ്സ്റ്റീന് അയച്ചുവെന്ന് പറയപ്പെടുന്ന പിറന്നാൾ സന്ദേശമാണ് വിവാദമായിരിക്കുന്നത്.സഭ്യമല്ലാത്ത വാക്കുകളും ഒരു സ്ത്രീയുടെ ചിത്രവുമടങ്ങുന്ന സന്ദേശം. അത് താനയച്ചതല്ലെന്ന പ്രസിഡന്‍റിന്‍റെ നിഷേധക്കുറിപ്പിൽ കാര്യം തീർന്നില്ല. എപ്സ്റ്റീൻ ഫയലുകൾ പ്രസിദ്ധീകരിക്കാനാണ് ട്രംപ് ഇപ്പോൾ അറ്റോർണി ജനറലിന് നൽകിയിരിക്കുന്ന നിർദ്ദേശം. വാൾ സ്ട്രീറ്റ് ജേണലാണ് ട്രംപിന്‍റെ കത്ത് പ്രസിദ്ധീകരിച്ചത്

ജെഫ്രി എപ്സ്റ്റീൻ

ജെഫ്രി എപ്സ്റ്റീൻ (Jeffrey Epstein) എന്ന അതിസമ്പന്നനായ ലൈംഗീക കുറ്റവാളി 2019 -ൽ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗിസ്ലൈൻ മാക്സ്വെൽ (Ghislaine Maxwell) എന്ന അസോസിയേറ്റിനെ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സുഹൃത്തുക്കൾക്കും തനിക്കും വേണ്ടി ഗ്രൂം ചെയ്ത്, അവരെ പീഡിപ്പിക്കുകയായിരുന്നു എപ്സ്റ്റീന്‍റെ പ്രധാന വിനോദം. അതിൽ കുറച്ചുപേർ എല്ലാം തുറന്ന് പറഞ്ഞതോടെയാണ് അന്വേഷണം നടന്നതും എപ്സ്റ്റീൻ ജയിലിലായതും. പക്ഷേ, ആത്മഹത്യയല്ല കൊലപാതകമാണെന്നും വാദമുണ്ട്.

അതിശക്തരായ ചിലരുടെ രഹസ്യങ്ങൾ അറിയാമായിരുന്നത് കൊണ്ട് വകവരുത്തിയതാണ് എന്നാണ് ആരോപണം. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ വരെ ഉൾപ്പെട്ട സൗഹൃദ വലയമായിരുന്നു എപ്സ്റ്റീന്‍റെത്.അതിൽ ട്രംപും ഉൾപ്പെട്ടിരുന്നു എന്നതിന് തെളിവായി ചിത്രങ്ങളും രേഖകളുമുണ്ട്. എപ്സ്റ്റീൻ നൽകുന്ന വിരുന്നുകളിൽ ട്രംപും ട്രംപിന്‍റെ മാരാലാഗോ കൂട്ടായ്മകളിൽ എപ്സ്റ്റീനും പതിവായി എത്തിയിരുന്നു. എപ്സ്റ്റീന്‍റെ സ്വകാര്യ വിമാനത്തിൽ ട്രംപ് പലയിടത്തും പോയിട്ടുണ്ട്. ട്രംപിന്‍റെ ഇപ്പോഴത്തെ ഭാര്യ മെലാനിയയും അതിലുൾപ്പെട്ടിരുന്നു. സൗഹൃദം ട്രംപും അംഗീകരിച്ചതാണ്. 2002 -ലെ അഭിമുഖത്തിൽ. 2024 -ൽ പ്രസിദ്ധീകരിച്ച കോടതി രേഖകളിൽ ട്രംപിന്‍റെ പേരുണ്ട്. പക്ഷേ, കുറ്റാരോപണമില്ല.

(ജെഫ്രി എപ്സ്റ്റീനൊപ്പം ട്രംപ്)

വെളിപ്പെടുത്തലുകൾ

എപ്സ്റ്റീനെതിരായി രംഗത്ത് വന്ന സ്ത്രീകളിൽ മുന്നിലുണ്ടായിരുന്നത് വിർജീനിയ ജിയുഫ്രെ (Virginia Giuffre), ജോഹന്ന സ്ജോബർഗ് (Johanna Sjoberg) എന്നിവരാണ്. വിർജീനിയ ജിയുഫ്രെ മാരാലാഗോയിൽ ജോലി ചെയ്തിരുന്ന കാലത്താണ് എപ്സ്റ്റീന്‍റെ വലയിൽ പെടുന്നത്. മാക്സ്വെല്ലാണ് ജ്യൂഫ്രിയെ സമീപിച്ചത്. പിന്നെ, കൗമാരക്കാരിയായിരുന്ന തന്നെ സമ്പന്നരായ പലർക്ക് കൈ മാറിയെന്നാണ് ജ്യൂഫ്രി ആരോപിച്ചത്. ജ്യൂഫ്രി അടുത്തിടെ ആത്മഹത്യ ചെയ്തു. കോടതിക്ക് പുറത്ത് നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ആൻഡ്രൂ രാജകുമാരനുമായി ജ്യൂഫ്രി ധാരണയിലെത്തിയിരുന്നു.

(ജെഫ്രി എപ്സ്റ്റീൻ ഫയൽ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ ഉയര്‍ന്ന ബില്‍ബോര്‍ഡുകൾ)

ട്രംപിന്‍റെ സാന്നിധ്യം

പക്ഷേ, ട്രംപും എപ്സ്റ്റീനും തമ്മിൽ പിന്നീട് തെറ്റിയെന്നാണ് റിപ്പോർട്ടുകൾ. അന്ന് ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയായിരുന്നു ട്രംപ്. പാം ബീച്ച് കടൽതീരത്തെ ഒരു കെട്ടിടത്തിന്‍റെ പേരിൽ എപ്സ്റ്റീനുമായി തെറ്റി. കെട്ടിടം സ്വന്തമാക്കിയത് ട്രംപാണ്. പിന്നെ അവർ തമ്മിൽ കണ്ടതായി റിപ്പോർട്ടില്ല. തങ്ങൾ സംസാരിച്ചിട്ട് 15 വർഷമായി എന്ന് ട്രംപ് പറഞ്ഞത് 2019 -ലാണ്. എപ്സ്റ്റീനെ കുറിച്ച് പരാതികൾ കിട്ടിത്തുടങ്ങിയത് ട്രംപ് എപ്സ്റ്റീൻ തർക്കത്തിന്‍റെ കാലത്താണ്. അധികം കഴിയും മുമ്പ്, 2005 -ൽ ഒരു സ്ത്രീ നേരിട്ട് പരാതി നൽകി. അവരുടെ കൗമാരക്കാരിയായ മകളെ എപ്സ്റ്റീൻ ഇരയാക്കി എന്നായിരുന്നു പരാതി.

അതിൽ തുടങ്ങിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ ഇരകളായ കൂടുതൽ പെൺകുട്ടികളെ കണ്ടെത്തിയത്. 2006 -ൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ചു. പക്ഷേ, ധാരണയിലെത്തി ശിക്ഷ ഒഴിവാക്കി. 2018 -ൽ പക്ഷേ, പുതിയ ആരോപണങ്ങൾ ഒരു മാധ്യമം പുറത്തുവിട്ടു. നീതി ന്യായ വ്യവസ്ഥയെ തന്നെ വളച്ചൊടിച്ച് ശിക്ഷ ഒഴിവാക്കിയതടക്കം പുറത്തായി. 80 ഓളം സ്ത്രീകൾ ദി മിയാമി ഹെറാൾഡ്നോട് തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. 2019 -ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 14 വയസുള്ള കുട്ടികളെ വരെ സെക്സ് ട്രാഫിക്കിംഗിന്‍റെ ഇരകളാക്കി എന്ന് കുറ്റമാരോപിക്കപ്പെട്ടു. പക്ഷേ, ശിക്ഷ വിധിക്കും മുമ്പ് എപ്സ്റ്റീനെ ജയിൽ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചതാണെന്നും കൊന്നതാണെന്നും രണ്ടുപക്ഷം ഇപ്പോഴുമുണ്ട്.

ഡീപ് സ്റ്റേറ്റ്

ഗൂഢാലോചനക്കഥകൾ പലതാണ് റിപബ്ലിക്കൻ പാർട്ടിയിൽ. അതിൽ ഒന്ന് എപ്സ്റ്റീനാണ്. ഡീപ് സ്റ്റേറ്റിന്‍റെ (Deep state) ഭാഗമാണ് എപ്സ്റ്റീനും കൂട്ടാളികളുമെന്ന വിശ്വാസത്തിനാണ് സ്ഥാനം. പക്ഷേ, തങ്ങളുടെ രക്ഷകൻ എന്ന് ഇത്തരക്കാർ വിശ്വസിക്കുന്ന പ്രസിഡന്‍റ് തന്നെ എപ്സ്റ്റീൻ ബന്ധമുള്ള ആരോപണങ്ങൾ തള്ളിക്കളയുന്നത് അവർക്ക് ദഹിച്ചിട്ടില്ല. അതാണിപ്പോൾ പ്രസിഡന്‍റിന്‍റെ മുന്നിലെ വലിയൊരു പ്രതിസന്ധി.

എപ്സ്റ്റീന്‍റെ എല്ലാ കേസ് വിവരങ്ങളും പുറത്തുവിടും എന്നായിരുന്നു പ്രചാരണ കാലത്തെ ഉറപ്പ്, അത് പാലിച്ചില്ല. എപ്സ്റ്റീന്‍റെ അതീവ രഹസ്യമായ പല ഉന്നതരുമുള്ള ക്ലൈന്‍റ് ലിസ്റ്റ് പുറത്തുവിടുമെന്ന് പറഞ്ഞു. പക്ഷേ, ഇപ്പോൾ നീതി ന്യായ വകുപ്പ് പറയുന്നത് അങ്ങനെയൊന്നില്ല എന്നാണ്. കുരുക്കിൽ പെട്ടിരിക്കുന്നത് ട്രംപ് മാത്രമല്ല, അറ്റോർണി ജനറൽ പാം ബോണ്ടി (Pam Bondi)യുമുണ്ട്. താൻ എപ്സ്റ്റീന് അയച്ചത് എന്ന പേരിൽ സന്ദേശം പ്രസിദ്ധീകരിച്ച WSJ ക്കെതിരെയും റൂപെർട്ട് മർഡോക്കിനെതിരെയും കേസ് നൽകിയിരിക്കയാണ് ട്രംപ്. പക്ഷേ, ട്രംപിന്‍റെ വലിയൊരു സംഘം വിശ്വസ്തർക്ക് പോലും അതൊന്നും അത്ര ദഹിക്കുന്നില്ല എന്നതാണ് സത്യം.