റഷ്യയുടെ യുക്രൈയ്ന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. പുടിനെയാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. വായിക്കാം ലോകജാലകം
റഷ്യ - യുക്രൈയ്ൻ സംഘഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ എല്ലാ നയതന്ത്രവും പരാജയപ്പെട്ടിരിക്കയാണ്. റഷ്യൻ പ്രസിഡന്‍റുമായി സംസാരിച്ച ശേഷം ട്രംപ് തന്നെ അറിയിച്ചത്, താൻ നിരാശനെന്നാണ്. അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കുന്നത് വരെ യുദ്ധം നിർത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റിനോട് പുടിൻ തീർത്തു പറഞ്ഞു. ക്രെംലിൻ വക്താവ് ദ്മിത്രി പെസ്കോവ് അത് ഉറപ്പിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ പ്രത്യേക സൈനിക നടപടി തുടരുമെന്നായിരുന്നു പെസ്കോവിന്‍റെ വാക്കുകൾ.
യുക്രൈയ്ൻ അധിനിവേശത്തിന് അന്ന് മുതൽ റഷ്യ ഇട്ടിരിക്കുന്ന പേര് 'പ്രത്യേക സൈനിക നടപടി' എന്നാണ്. യുക്രൈയ്ന്‍റെ ദുരന്തം മാത്രമല്ല, അമേരിക്കയും യൂറോപ്പും അവസാനിക്കാത്ത ഒരു പ്രതിസന്ധിയിലാണെന്ന് കൂടി അർത്ഥമുണ്ട് ഇതിന്. കഴിഞ്ഞ മാസം നടന്ന ട്രംപ് - പുടിൻ സംഭാഷണത്തിൽ ഇറാന്‍റെ വിഷയത്തിൽ മധ്യസ്ഥത മുന്നോട്ടുവച്ചു പുടിൻ. അതിൽ സഹായം വേണ്ട, താങ്കളുടെ കാര്യത്തിലാണ് സഹായം വേണ്ടത് എന്നാണ് ട്രംപ് മറുപടി നല്‍കിയത്. പക്ഷേ, ഫലമുണ്ടായില്ല. ഇപ്പോഴത്തെ ഫോൺ കോളിൽ ട്രംപിന്‍റെ സമാധാന നിർദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞു പുടിൻ.
ട്രംപിന്‍റെ വീഴ്ച
ട്രംപിന്‍റെ രണ്ട് തീരുമാനങ്ങൾ റഷ്യയെ സഹായിച്ചുവെന്ന് യൂറോപ്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒന്ന് യുക്രൈയ്ന് ചില ആയുധങ്ങൾ നൽകുന്നത് നിർത്തിവച്ചത്. പെന്‍റഗണിന്‍റെ നിർദ്ദേശം എന്നാണ് വിശദീകരണം. അമേരിക്കയുടെ ആയുധശേഖരം കുറയുന്നുവെന്ന് അതിന്‍റെ ബാക്കി. രണ്ടാമത്തെ സഹായം അതിലും വലുതായിരുന്നു. ബൈഡന്‍റെ കാലത്ത് റഷ്യൻ ബാങ്കുകളുമായി പണമിടപാടിന് ഏർപ്പെടുത്തിയ നിരോധനത്തിന് നൽകിയ ഇളവ്. പ്രത്യേകിച്ച് റഷ്യൻ സൈനികേതര ആണവോർജ കമ്പനിയായ റോസാറ്റമിന് (Rosatom). ക്രൈമിയ അധിനിവേശ കാലത്തേ തുടങ്ങിയ ഉപരോധങ്ങൾക്കാണ് ട്രംപ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
പുടിന്‍റെ മറുപടി
എന്തായാലും ട്രംപ് - പുടിൻ സംഭാഷണത്തിന് ശേഷം മണിക്കൂറുകൾക്കകം റഷ്യൻ, ഇറാനിയൻ നിർമ്മിത ഡ്രോണുകൾ കീവിൽ പെയ്തിറങ്ങി. എല്ലാ നഗരങ്ങളിലും നാശനഷ്ടമുണ്ടായിയെന്നാണ് യുക്രൈയ്ൻ അറിയിച്ചത്. ജനം അന്ന് രാത്രി മുഴുവൻ കഴിഞ്ഞത് ഷെൽട്ടറുകളിലാണ്. അതുകൊണ്ട് മരണ നിരക്ക് കുറഞ്ഞു. 539 ഡ്രോണുകളിൽ 72 എണ്ണം യുക്രൈയ്ന്‍റെ വ്യോമപ്രതിരോധ സംവിധാനം ഭേദിച്ചു. 8 മണിക്കൂർ തുടർച്ചയായി മുന്നറിയിപ്പ് സൈറനുകൾ ശബ്ദിച്ചു. പലയിടത്തും തീയാളിപ്പടർന്നു. പോളിഷ് എംബസിക്ക് സാരമായ കേടുപാടുണ്ടായി. ട്രംപ് - പുടിൻ സംഭാഷണത്തിന് ശേഷം എന്ന നിലയ്ക്ക് പുടിന്‍റെ നിലപാട് വ്യക്തം എന്ന് സെലൻസ്കി.

യുക്രൈയ്ന്‍റെ തിരിച്ചടി
രാത്രികളിലെ തുടർച്ചയായുള്ള ആക്രമണം യുക്രൈയ്നിൽ പതിവായിരിക്കുന്നു. ഇറാൻ നിർമ്മിത റഷ്യന്‍ ഡ്രോണുകൾ നിരന്തരം വീണ് മരണങ്ങളും നാശനഷ്ടവും ജീവിതത്തിന്‍റെ തന്നെ ഭാഗമായി. ഷെൽട്ടറുകളിലാണ് അധികവും ജനത്തിന്‍റെ വാസം. ഇതിനെല്ലാമിടെ ഇടക്കിടെ യുക്രൈയ്ൻ ചില അപ്രതീക്ഷിത നീക്കങ്ങളും നടത്തുന്നുണ്ട്. അങ്ങനെയൊരു നീക്കമായിരുന്നു കഴിഞ്ഞ മാസം നടന്ന സ്പൈഡർ വെബ് (Spiders web) ആക്രമണം. റഷ്യയിലേക്ക് ഡ്രോണുകൾ കടത്തി, ലോറികളിൽ പല സ്ഥലങ്ങളിൽ എത്തിച്ച്, പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ വരെ റഷ്യക്കാരായ ഡ്രൈവർമാരെ അറിയിച്ച് നടത്തിയ ആക്രമണം. ലോറികളിൽ നിന്നിറങ്ങിയ ഡ്രൈവർമാർ കണ്ടത് റിമോട്ട് കൺട്രോൾഡ് പെട്ടികളിൽ നിന്ന് കടന്നലുകൾ പോലെ പറന്നുപൊങ്ങുന്ന ഡ്രോണുകൾ. റഷ്യയുടെ 13 യുദ്ധ വിമാനങ്ങളും ചാര വിമാനങ്ങളുമാണ് തകർന്നത്. അതിൽ പിന്നെ റഷ്യയുടെ ആക്രമണങ്ങൾക്ക് അസാധാരണ ക്രൗര്യമാണ്.
യുക്രൈയ്ന്‍റെ തിരിച്ചടി പിന്നെയുമുണ്ടായി. പുടിൻ നേരിട്ട് നിയമിച്ച, പുടിന്‍റെ വിശ്വസ്തനായ നാവിക സേന ഡെപ്യൂട്ടി കമാണ്ടർ മിഖായേൽ ഗുഡ്കോവ് (Mikhail Yevgenyevich Gudkov) കൊല്ലപ്പെട്ടു. അതിർത്തി മേഖലയായ കുർസ്കിൽ വച്ച് നടന്ന യുക്രൈയ്ൻ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അതും സ്ഥാനക്കയറ്റം കിട്ടി ദിവസങ്ങൾക്കകം. റഷ്യക്ക് തിരിച്ചടി തന്നെയാണത്. അതിന്‍റെയും കൂടി അരിശമാണ്. 500 -ലേറെ ഡ്രോണുകളിൽ നിന്ന് യുക്രൈയ്ന്‍റെ ആകാശത്ത് തീമഴ പെയ്തതെന്ന് വേണം വിചാരിക്കാൻ.

രാസായുധവും
യൂറോപ്യൻ ചാരസംഘടനകൾ മറ്റൊന്ന് കൂടി ആരോപിക്കുന്നു. റഷ്യ രാസായുധങ്ങൾ പ്രയോഗിക്കുന്നു എന്ന ആരോപണം. ഗുരുതരമായ യുദ്ധക്കുറ്റ കൃത്യം. അന്താരാഷ്ട്ര നിയമ ലംഘനം. ശ്വാസം മുട്ടുന്ന ക്ലോറോപിക്രിൻ (Chloropicrin) എന്ന രാസായുധമുൾപ്പടെ നിരോധിക്കപ്പെട്ട പലതും യുക്രൈയ്ൻ സൈനികർക്ക് നേരെ പ്രയോഗിക്കുന്നുവെന്നാണ് ഏജൻസികളുടെ ആരോപണം. കിടങ്ങുകളിൽ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്ത് ചാടിച്ച് കൊല്ലുക. അതാണ് ലക്ഷ്യം. ഇതിനകം യുക്രൈയ്ന്‍റെ മൂന്ന് സൈനികർ മരിച്ചു. ഒന്നാം ലോകമഹാ യുദ്ധക്കാലത്ത് ഉപയോഗിച്ചിരുന്നതാണിതെല്ലാം. ജനീവ പ്രോട്ടോക്കോൾ അനുസരിച്ച് പാടില്ലാത്ത കാര്യങ്ങൾ. പുടിനുമായുള്ള സംഭാഷണത്തിന് ശേഷം അമേരിക്കൻ പ്രസിഡന്‍റ് സെലൻസ്കിയുമായും സംസാരിച്ചു. അതിൽ ആയുധങ്ങൾ നൽകാൻ ധാരണയായി.
സാമ്പത്തിക പ്രത്യാഘാതം
ഈ യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതവും കടുത്തതാണ്. യൂറോപ്പിന്‍റെ ബ്രെഡ്ബാസ്കറ്റ് (Breadbasket) എന്നറിയപ്പെട്ടിരുന്ന യുക്രൈയ്ന്‍റെ ആഭ്യന്തരോത്പാദനം. 35 ശതമാനമാണ് കുറഞ്ഞത്. ദാരിദ്ര്യം 5.5 -ൽ നിന്ന് 24 ആയെന്ന് ഇക്കണോമിക് ഒബ്സർവേറ്ററിയുടെ കണക്കുകൾ പറയുന്നു. യുക്രൈയ്ന്‍റെ അത്രയില്ലെങ്കിലും റഷ്യക്കുമുണ്ട് തിരിച്ചടി, കൂടെ ഉപരോധങ്ങളും. ആഗോളതലത്തിലെ ആഘാതങ്ങൾ വേറെ. വിതരണ ശൃംഖലകൾ തടസപ്പെട്ടു. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ, സാമ്പത്തിക വിപണിയിലെ തിരിച്ചടികൾ ഇതൊക്കെ ആഗോളതലത്തിലും ബാധകമാണ്. യുദ്ധം തീർന്നാലും പ്രത്യാഘാതങ്ങൾ നീണ്ട് നിൽക്കും.
പിഴച്ച് പോയ കണക്ക് കൂട്ടലുകൾ
യുക്രൈയ്നെ താങ്ങിനിർത്തുന്നത് അമേരിക്കയും യൂറോപ്പും കൂടിയാണ്. അതും ഭാരം തന്നെയാണ്. എത്രനാൾ മുന്നോട്ട് പോകുമെന്ന് അറിയില്ല. യൂറോപ്പിന് മടുക്കും എന്നാവണം റഷ്യയുടെ കണക്കുകൂട്ടൽ. ക്രൈമിയ പോലെ ദിവസങ്ങൾക്കകം കീഴടക്കി കൂട്ടിച്ചേർക്കാമെന്ന് വിചാരിച്ച രാജ്യം, ഇത്ര കണ്ട് പിടിച്ച് നിൽക്കുമെന്നും തിരിച്ചടിക്കുമെന്നും ക്രെംലിൻ കണക്ക് കൂട്ടിയിരിക്കില്ല. സെലൻസ്കി എന്ന മുൻ ഹാസ്യ നടന്, ഇങ്ങനെയൊരു നേതാവായി പരിണാമമുണ്ടാകുമെന്നും കണക്ക് കൂട്ടിയിരിക്കില്ല. ഇപ്പോഴിത് റഷ്യയുടെ, പുടിന്‍റെ അഭിമാന പ്രശ്നം കൂടിയാണ്. അതുകൊണ്ട് പിന്മാറ്റമില്ല. ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം നടത്തിയ ഡ്രോൺ ആക്രമണവും വാക്കുകളും അത് തന്നെയാണ് തെളിയിക്കുന്നതും.


