ബഹിരാകാശ ഭീമനായ സ്പേസ്‌എക്സ് ഒരു വലിയ IPO-യ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എന്നാൽ, ചൊവ്വയെ കോളനിവൽക്കരിക്കുക എന്ന ആദ്യ ലക്ഷ്യത്തിൽ നിന്ന് മാറി, ബഹിരാകാശത്തെ AI ഡാറ്റാ സെന്ററുകൾ, ചാന്ദ്ര ഫാക്ടറികൾ തുടങ്ങിയ പുതിയ സംരംഭങ്ങളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സൂചനയുണ്ട്. ഈ ദിശാമാറ്റം നിക്ഷേപകർക്കിടയിൽ ആവേശവും ആശങ്കയും സൃഷ്ടിക്കുന്നു.
ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിച്ച SpaceX, IPO വഴി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നിക്ഷേപ ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ IPO കളിലൊന്നായി മാറാൻ സാധ്യതയുള്ള ഈ ലിസ്റ്റിംഗിലൂടെ കമ്പനി ഏകദേശം 50 മുതൽ 70 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായും ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിൽ IPO നടക്കാനിടയുണ്ടെന്നും വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇലോൺ മസ്ക് നയിക്കുന്ന ഈ നീക്കം ടെസ്ലയ്ക്ക് ശേഷം മറ്റൊരു വലിയ നിക്ഷേപ തരംഗത്തിന് തുടക്കമാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
സ്പേസ്‌എക്സ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളും ചെലവ് കുറച്ച ബഹിരാകാശ യാത്രയും സ്വകാര്യ മേഖലയിലെ അതിവേഗ നവീകരണവും ഓർമ്മയിൽ വരും. ഫാൽക്കൺ 9, സ്റ്റാർഷിപ്പ് റോക്കറ്റുകളും, അതിനൂതനമായ ഡ്രാഗൺ ബഹിരാകാശ പേടകവും കമ്പനിയുടെ സാങ്കേതിക ശക്തിയുടെ ചിഹ്നങ്ങളാണ്. അതേസമയം സ്റ്റാർലിങ്ക് പദ്ധതിയിലൂടെ ഗ്ലോബൽ ഇന്‍റർനെറ്റ് സേവനം നൽകുന്നത് സ്ഥിരമായ വരുമാന ഉറവിടമായി മാറിയിരിക്കുകയാണ്.
ചൊവ്വാ ലക്ഷ്യം പിന്നിലാകുന്നുണ്ടോ?
സ്പേസ്‌എക്സ് ആരംഭിച്ചപ്പോൾ തന്നെ വ്യക്തമായൊരു ലക്ഷ്യം ഉണ്ടായിരുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുക. 'ഭൂമിക്ക് പുറത്തൊരു സ്വയം നിലനിൽക്കുന്ന മനുഷ്യ സമൂഹം സൃഷ്ടിക്കുകയാണ് ഏറ്റവും വലിയ ദൗത്യ'മെന്ന് ഇലോൺ മസ്‌ക് പലവട്ടം പറഞ്ഞിട്ടുണ്ട്. കമ്പനിയുടെ സംസ്കാരത്തിലും ഈ സ്വപ്നം പ്രതിഫലിച്ചിരുന്നു. Occupy Mars എന്ന ടീ ഷർട്ട് ധരിച്ചാണ് മസ്‌ക് പൊതുവേദികളിൽ അന്നൊക്കെ പ്രത്യക്ഷപ്പെടാറ്.
എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ ഈ ലക്ഷ്യത്തിന് പിന്നിൽ മറ്റൊരു വലിയ മാറ്റം രൂപം കൊള്ളുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്. ചൊവ്വാ ദൗത്യത്തെക്കാൾ കൂടുതൽ ശ്രദ്ധ ഇപ്പോൾ പുതിയ ആശയങ്ങളിലേക്ക് തിരിയുന്നു. ബഹിരാകാശത്ത് പ്രവർത്തിക്കുന്ന AI ഡാറ്റ സെന്‍ററുകൾ, ചന്ദ്രനിൽ ഫാക്ടറികൾ, AI ചിപ്പ് നിർമ്മാണം, AI സ്റ്റാർട്ടപ്പുകളുമായി വൻ കരാറുകൾ എന്നിവയാണ് പുതിയ ദിശ.

AI -യും ഡാറ്റയും മുൻനിരയിൽ
ഈ നീക്കങ്ങൾ സ്പേസ്‌എക്സ് ഒരു ബഹിരാകാശ കമ്പനി മാത്രമല്ലെന്ന് വ്യക്തമാക്കുന്നു. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഡാറ്റയും കണക്റ്റിവിറ്റിയും നിയന്ത്രിക്കുന്ന ഒരു വലിയ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമായി മാറാനുള്ള ശ്രമമാണ് നടക്കുന്നത്. സ്റ്റാർലിങ്ക് ഇതിനകം തന്നെ ആ ദിശയിൽ വലിയ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്.
IPO -യ്ക്ക് മുന്നോടിയായി നിക്ഷേപകർക്ക് മുന്നിൽ ഈ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്.
ആവേശത്തോടൊപ്പം ആശങ്കയും
എന്നാൽ, ഈ ദിശമാറ്റം ചില ആശങ്കകളും ഉയർത്തുന്നുണ്ട്. IPO -ക്ക് മുമ്പ് സ്ഥിരതയും വ്യക്തതയും പ്രദർശിപ്പിക്കേണ്ട സമയത്ത് തന്നെ ലക്ഷ്യങ്ങൾ മാറുന്നത് അസാധാരണമാണെന്നാണ് ചിലരുടെ വിമർശനം. അതേസമയം ചില നിക്ഷേപകർ ഈ പദ്ധതികളെ അതിരുകടന്ന കാഴ്ചപ്പാടായി വിശേഷിപ്പിക്കുന്നു.
മസ്കിന്‍റെ പിന്തുണക്കാർക്ക് പക്ഷേ, ഇതൊരു പുതിയ കഥയല്ല. സമയം തെറ്റിയാലും ദിശ ശരിയായിരിക്കുമെന്നാണ് അവരുടെ വാദം. മാഴ്‌സ് ലക്ഷ്യം ഉപേക്ഷിച്ചിട്ടില്ലെന്നും പുതിയ പദ്ധതികൾ അതിലേക്ക് എത്താനുള്ള വഴിയൊരുക്കുന്നതാണെന്നും ഇലോൺ മസ്‌ക് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതോടെ ഒരു വലിയ ചോദ്യമാണ് ഉയരുന്നത്. സ്പേസ്‌എക്സ് ഭാവിയിൽ എന്താണ് നിർമ്മിക്കുന്നത്. ചൊവ്വയിലെ മനുഷ്യ സംസ്കാരമോ, ചന്ദ്രനിലെ വ്യവസായ അടിസ്ഥാന സൗകര്യമോ, അല്ലെങ്കിൽ ഭൂമിയിലെ AI -യും ഡാറ്റയും നിയന്ത്രിക്കുന്ന ഒരു പുതിയ സാമ്രാജ്യമോ?
സ്പേസ്‌എക്സ് IPO ഒരു സാമ്പത്തിക സംഭവം എന്നതിലുപരി ഭാവിയെ കുറിച്ചുള്ള ഒരു നിർണായക നിമിഷമായി മാറുകയാണ്. മറുപടി ഇനിയും വ്യക്തമായിട്ടില്ല. പക്ഷേ, ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


