ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

'എന്റെ തൊട്ടപ്പന്‍' കുറിപ്പുകള്‍ തുടരുന്നു. പ്രവാസജീവിതത്തില്‍ താങ്ങും തണലുമായി മാറിയ മലയാളിയുടെ ഓര്‍മ്മ. റഫീസ് മാറഞ്ചേരിയുടെ കുറിപ്പ്

.............................................................................................................................................................

എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും പാസ്‌പോര്‍ട്ടില്‍ പതിയുന്ന എന്‍ട്രി സ്റ്റാമ്പിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തില്‍ തുടക്കമിടുന്നത് പുതിയ രീതികള്‍ക്കും, ശൈലികള്‍ക്കും, ജീവിത ചര്യകള്‍ക്കുമാണ്. എത്ര വലിയ സര്‍ട്ടിഫിക്കറ്റുകള്‍ കയ്യിലുണ്ടെങ്കിലും അവിടെ തുണയാകുന്നതും മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജമേകുന്നതും നമ്മെ ആത്മാര്‍ത്ഥമായി സഹായിക്കുന്ന ഒരാളായിരിക്കും. അയാളിലൂടെയാവും മരുഭൂമിയുടെ അനന്തത പോലെ വിശാലമായി കിടക്കുന്ന പ്രവാസ ലോകത്തെ നമ്മള്‍ അറിയുന്നത്. അവരെ അനുകരിച്ചാവും ജോലിയുടെ രീതികളും   പാലിക്കേണ്ട നിയമങ്ങളും അനുസരിക്കുന്നത്.

2017 ല്‍ ആദ്യമായി റാസല്‍ഖൈമയിലെത്തുമ്പോള്‍ ഏതൊരു പ്രവാസിയെയും പോലെ ഞാനും അജ്ഞനായിരുന്നു. പല ജോലികളും പ്രയാസങ്ങളുമായി പുതിയ രാജ്യത്തെ പുതിയ ശീലങ്ങളുടെ അജ്ഞതകളുമായി   അലഞ്ഞ എന്നിലേക്ക്  തൊട്ടപ്പനായി വന്ന ഒരാളുണ്ട്. വളാഞ്ചേരിക്കാരന്‍ അലവിക്ക!

പഠിപ്പുണ്ടെന്ന  അഹങ്കാരവും ഓഫീസ് ജോലിയെന്ന പ്രതീക്ഷയും മാറ്റിവെച്ച് കുടലിലെ തീക്കനലുകളെ ഊതിക്കെടുത്താന്‍ വേണ്ടിയാണ് ആ കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലിക്കെത്തുന്നത്. വീടിന്റെ അടുക്കള പോലും കാണാത്ത പുതുക്കക്കാരനായ എനിക്ക് മുമ്പില്‍ ചെറുതും വലുതുമായ പാത്രങ്ങള്‍ നിരന്നു. വിവിധ രാജ്യക്കാരായ മറ്റു ജോലിക്കാരുടെ കയ്യാളായി നിന്നു. ഹിന്ദിയിലും അറബിയിലുമൊക്കെയുള്ള അവരുടെ ആജ്ഞകള്‍ക്ക് മുമ്പില്‍ മനസ്സിലാവാതെ മിഴിച്ചു നിന്ന എന്നെ നോക്കി മലയാളികളെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കിയവര്‍ പോലും ഊറിചിരിച്ചപ്പോള്‍ നാലഞ്ച് വലിയ അടുപ്പുകള്‍ക്ക് അപ്പുറം നിന്ന് മലയാളത്തില്‍ അത് പരിഭാഷപ്പെടുത്തി തന്നു കൊണ്ടാണ് അദ്ദേഹം മനസ്സില്‍ ഇടം നേടുന്നത്.

ഒരു ചിരി കൊണ്ട് നന്ദി പ്രകടിപ്പിച്ച് തുടങ്ങിയ ആ ഹൃദയ ബന്ധം വളര്‍ന്നപ്പോള്‍ വാക്കുകള്‍ പലതും പരസ്പരം കൈമാറി. പതിറ്റാണ്ടുകളുടെ അദ്ദേഹത്തിന്റെ പരിചയ സമ്പത്തുകള്‍ അദ്ദേഹം പങ്കുവെച്ചു. പതിയെ പതിയെ വിവിധ ഭാഷകളും  ഗള്‍ഫിലെ രീതികളുമൊക്കെ അദ്ദേഹം പഠിപ്പിച്ചു. നല്ലവനാണെങ്കിലും  വേഗം ദേഷ്യം വരുന്ന മിസിരിയോട് അതേ ഭാഷയില്‍ തന്നെ സംസാരിക്കാനും തുടങ്ങി. ആ  താത്കാലിക ജോലിയില്‍ നിന്നും വിട ചൊല്ലുമ്പോള്‍ അലവിക്ക പകര്‍ന്ന ധൈര്യവും അറിവും കൂടെ  ബിരിയാണിയുടെയും മന്തിയുടെയും മറ്റു വിഭവങ്ങളുടെയും രസക്കൂട്ടുകളുമായിരുന്നു കൈമുതല്‍.

പണ്ട് ഉപേക്ഷിച്ച സ്വപ്നങ്ങളെ പൊടി തട്ടി ഓഫീസ്  ജോലിയിലേക്കും നാട്ടിലുപേക്ഷിച്ച എഴുത്തിന്റെയും പത്ര പ്രവര്‍ത്തനത്തിന്റെയും പാതയിലേക്കും പ്രവേശിക്കുമ്പോള്‍ അലവിക്കയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. അവധി ദിവസങ്ങളില്‍ അബുദാബിയില്‍ നിന്നും റാസല്‍ ഖൈമയിലേക്കുള്ള യാത്ര അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമായിരുന്നു. കറുപ്പും വെളുപ്പും ഇടകലര്‍ന്ന താടിയുള്ള, തൂവാല കോളറില്‍ തിരുകിയ  അലവിക്ക എന്ന ആ മഹാമനുഷ്യന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അനുഭവിച്ച തണല്‍ മരുഭൂമിയിലൊരിടത്തും ഞാനനുഭവിച്ചിട്ടില്ല. മലയാളം ബിരുദത്തിനും  കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റിനേക്കാളുമുപരി അറിവും ധൈര്യവും പകര്‍ന്ന്  കൈപിടിച്ച് നടത്തിയ അദ്ദേഹമാണ് എന്റെ തൊട്ടപ്പന്‍!

പ്രവാസം അവസാനിപ്പിച്ച്  കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് നാട്ടില്‍ കഴിയുന്ന അലവിക്കയെ  ഇടയ്ക്കിടെ  വിളിച്ചും നാട്ടില്‍ ചെല്ലുമ്പോള്‍ വളാഞ്ചേരിയില്‍  പോയി കണ്ടും ഇന്നും  ബന്ധം തുടരുന്നു.  ആഘോഷ നാളുകളില്‍ കൂട്ടുകാര്‍ക്ക് വെച്ച് വിളമ്പാറുള്ള ബിരിയാണിക്ക് ഇന്നും അലവിക്കയുടെ രസക്കൂട്ടാണ്. ഹൃദയം നിറക്കുന്ന സുഗന്ധമായി എന്നോടൊപ്പം അതെന്നുമുണ്ടാകും.

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!