Asianet News MalayalamAsianet News Malayalam

പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി

തൊട്ടപ്പന്‍: സുമാ രാജീവ് എഴുതുന്നു

Thottappan A UGC series on godfathers by Suma Rajeev
Author
Thiruvananthapuram, First Published Jun 12, 2019, 6:54 PM IST

ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

Thottappan A UGC series on godfathers by Suma Rajeev

'എന്റെ തൊട്ടപ്പന്‍' കുറിപ്പുകള്‍ തുടരുന്നു. അക്കൗണ്ടന്‍സിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തി ഗുരുവായി മാറിയ സഹപ്രവര്‍ത്തകന്റെ ഓര്‍മ്മ. സുമ രാജീവിന്റെ കുറിപ്പ്
.............................................................................................................................................................

പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു, ടി ടി സി കഴിഞ്ഞു, ബി എ പഠിച്ചു, ഡി സി എ കഴിഞ്ഞ ഒരാള്‍ അക്കൗണ്ടന്റ് എന്ന് പറയുമ്പോള്‍ ആരും ഒന്നമ്പരക്കും. അക്കൗണ്ടന്‍സി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോള്‍ ഞാന്‍ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന്. അല്ലെങ്കില്‍ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാന്‍ ഏതെങ്കിലും സ്‌കൂളില്‍ ടീച്ചര്‍ ആകാതെ കള്ളക്കണക്കും (കൂടെ പഠിച്ച ഒരു ടീച്ചര്‍ എന്നോട് പറഞ്ഞതാണ്, നീ കള്ളകണക്കു അല്ലേ എഴുതുന്നത് എന്ന്) എഴുതി ഇരിക്കുന്നെങ്കില്‍ അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡിയോട്.

99 -ല്‍ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ആയി കേറുമ്പോള്‍ എനിക്ക് അക്കൗണ്ടന്‍സി എന്തെന്ന് പോലും അറിയില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഡിപ്ലോമയുടെ ബലത്തില്‍ അവിടെ കേറിപ്പറ്റി. ബില്ലിംഗ് സെക്ഷനില്‍ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ വന്നു ടാലിയില്‍ അക്കൗണ്ട്‌സ് ചെയ്തിരുന്ന ശര്‍മ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനില്‍പ്പ് ഓര്‍ത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല.  മൂന്ന് വര്‍ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോള്‍ ക്യാഷ് ബുക്ക്, സ്‌റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്‌സ് സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായ ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. പേപ്പറില്‍ കണ്ട അക്കൗണ്ട്‌സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തില്‍ അപേക്ഷിക്കുമ്പോള്‍ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു. ഇന്റര്‍വ്യൂ നടത്തിയവരില്‍ തൃശ്ശൂര്‍കാരന്‍ ആയ ഒരു നായര്‍സാര്‍  ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയുന്നതും കൊണ്ട് മാര്‍വാടി കമ്പനി ആയ സുന്ദര്‍ ഇസ്പാറ്റില്‍ ജോലി കിട്ടി . ജോലിക്ക് ചേര്‍ന്ന ദിവസം തന്നെ നായര്‍ സാര്‍ എന്നോട് പറഞ്ഞു 'നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ്, ഇടയ്ക്ക് ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ. നല്ലതു പോലെ അവന്റെ അടുത്ത് നിന്നാല്‍ അവന്‍ നിനക്ക് അക്കൗണ്ട്‌സ് പഠിപ്പിച്ചു തരും. അത്ര പെട്ടെന്നൊന്നും അവന്‍ അതിനു തയ്യാറാവില്ല. എങ്കിലും നീ ശ്രമിച്ചു നോക്ക്'.

പുരുഷോത്തം ജി. തികച്ചും ഒരു മാര്‍വാഡി. പാന്‍ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും പാനിന്റെ അവശിഷ്ടങ്ങള്‍ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം. പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാല്‍ ചീത്ത വിളി, എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാല്‍ 'മേം ടെന്‍ത് ഫെയില്‍ ഹൂം മാം, ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം' എന്നൊരു പറച്ചിലും. 

ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി. പച്ചവെള്ളം പോലെ അക്കൗണ്ട്‌സ് വര്‍ക്ക് പഠിക്കണം എന്നും ചെയ്യണം എന്നും ഒക്കെയുണ്ട്. പക്ഷെ Debt what comes in, Credit what goes out എന്ന അക്കൗണ്ടന്‍സിയുടെ ഗോള്‍ഡന്‍ റൂള്‍ പോലും അറിയാത്ത ഞാന്‍ എങ്ങനെ പഠിക്കും? 

കുറെ ആലോചനകള്‍ക്കു ശേഷം നായര്‍ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി. നായര്‍ സാര്‍, പറഞ്ഞു കൊടുക്കൂ, പഠിപ്പിച്ചു കൊടുക്കൂ എന്നൊക്കെ പറയുമ്പോള്‍ അങ്ങേര്‍ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസില്‍ വരിക. അഞ്ചര വരെ ഓഫീസില്‍. അതിനിടയില്‍ ഓഫീസിലെ കൊടുക്കല്‍ വാങ്ങല്‍ എല്ലാം ചെയ്യണം. കൊച്ചു തുണ്ടു കടലാസ്സില്‍ എഴുതി കൂട്ടിയ കണക്കുകള്‍ എന്‍ട്രി ഇടാനായി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കും. ഇതിനിടയില്‍ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ്. എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു  ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ  ഇഥര്‍ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു. ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേള്‍ക്കാനായി ഞാന്‍ പോകുന്നു. മുന്നിലെ ചെയറില്‍ ഇരിക്കാന്‍ പറയുന്നു. ചീത്ത കേള്‍ക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' 'ശരിക്കും അക്കൗണ്ടന്‍സി പഠിക്കണം എന്നുണ്ടോ?'  കണ്ണില്‍ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു. 

ചെയറില്‍ പിന്നോക്കം ഇരുന്നു- 'ഞാന്‍ അങ്ങനെ ആര്‍ക്കും ഒന്നും പറഞ്ഞു കൊടുക്കാറോ  പഠിപ്പിക്കാറോയില്ല, പക്ഷെ നിന്റെ കണ്ണില്‍ പഠിക്കാനുള്ള ഒരു ത്വര ഞാന്‍ കാണുന്നുണ്ട്. അത് കൊണ്ട് നാളെ മുതല്‍  എല്ലാം പറഞ്ഞു തരാം'.

സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല. ഗുരുദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും. പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങള്‍. ലെഡ്ജര്‍ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട്. നല്ല മാര്‍വാടി ഹിന്ദിയില്‍ പുളിച്ച ചീത്ത. എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങള്‍. അക്കൗണ്ട്‌സ് ഫൈനലൈസേഷന്‍ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ- 'മേം...., എനിക്കിത്രയേ അറിയുള്ളൂ, അത് ഞാന്‍ പഠിപ്പിച്ചു തന്നു'. ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോള്‍ നിങ്ങളെ ആരാ അക്കൗണ്ടന്‍സ് വര്‍ക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട  വരുത്തരുത് എന്ന ഉപദേശം. 

ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോള്‍ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളുടെയത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു, സര്ടിഫിക്കറ്റുകളെക്കാള്‍ വലുതാണ് പ്രവര്‍ത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണ്‍ ചെയ്തപ്പോള്‍ 'മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ' എന്ന തമാശ ചോദ്യം.

ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്തയാക്കിയ, ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി, എന്റെ തൊട്ടപ്പന്‍ അല്ലാതെ മറ്റാരാണ്? 

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!

റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!

Follow Us:
Download App:
  • android
  • ios