ഇറാൻ തങ്ങളുടെ രാജ്യത്തെ തുറുപ്പുചീട്ടാക്കുന്നുവെന്ന് ചരിത്രത്തിലാദ്യമായി ലെബനൻ തുറന്നടിച്ചു. ഇസ്രയേലുമായുള്ള ഹെസ്ബുള്ളയുടെ പോരാട്ടത്തിൽ ബലിയാടാകാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ലബനീസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്ക-ഇറാൻ ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, ലെബനന്റെ ആഭ്യന്തര സംഘർഷങ്ങളുടെയും ഹെസ്ബുള്ളയുടെ വളർച്ചയുടെയും ചരിത്രം ലേഖനം വിശദീകരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേരിക്കയും ഇറാനും തമ്മിലെ ചർച്ചകൾ പിന്നെയും വഴിമുട്ടി. ആക്രമണങ്ങളും തുടങ്ങി. അമേരിക്ക ഇറാനിൽ. ഇറാൻ ബഹ്റൈനിലും കുവൈത്തിലും. ഇറാന്‍റെ ആസ്തികളിൽ തട്ടിയാണ് ചർച്ചകൾ മുടങ്ങിയതെന്നാണ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് ബിബിസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചത്. 24 ബില്യന്‍റെ ആസ്തിയാണ് മരവിപ്പിച്ചിരിക്കുന്നത്. 12 ബില്യൻ ആദ്യം വിട്ടുകിട്ടണമെന്നാണ് ഇറാന്‍റെ ആവശ്യം. ട്രംപിന്‍റെ ബോളിലാണ് കോർട്ടെന്നാണ് മൊഹ്സെൻ റെസാഇയുടെ ആരോപണം. പക്ഷേ, അത് വിട്ടുകൊടുത്താൽ പിന്നെ ഇറാൻ ചർച്ചകൾക്ക് വഴങ്ങില്ലെന്നാണ് അമേരിക്കയുടെ സംശയം. 

2015 -ലെ ആണവധാരണയേക്കാൾ ശക്തമായ ധാരണയ്ക്ക് തയ്യാറാകാതെ ആസ്തി വിട്ടുകൊടുക്കില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. അങ്ങനെ യുദ്ധം തുടരുകയാണ്. വില കൊടുക്കുന്നത് ഗൾഫ് രാജ്യങ്ങളും. ഇറാൻ - അമേരിക്ക - ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിനെ പരമാവധി ഉപദ്രവിക്കുകയാണ് ലബനീസ് സംഘടനയായ ഹെസ്ബുള്ളയുടെ ദൗത്യം. ഹെസ്ബുള്ള - ഇസ്രയേൽ സംഘർഷം കാരണം ലെബനൺ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയിട്ടുള്ളത്. ഇപ്പോൾ, ചരിത്രത്തിൽ ആദ്യമായി ഇറാനെ നേരിട്ട് കുറ്റപ്പെടുത്തിയിരിക്കുന്നു ലബനൺ. ചെറിയ കാര്യമല്ല. ലബനീസ് പ്രസിഡന്‍റ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 'തന്‍റെ രാജ്യത്തെ തുറുപ്പു ചീട്ടാക്കുന്നു, ജനതാൽപര്യത്തിന് വിരുദ്ധമായി' എന്ന് ജോസഫ് അയൊൻ പറഞ്ഞത് സിഎൻഎൻ അഭിമുഖത്തിലാണ്. ചെറുതായി കാണേണ്ട കാര്യമല്ല അത്. ഇത്രയും നാൾ ലബനൺ ഇറാനെതിരെ ശബ്ദമുയർത്തിയിട്ടില്ല. പക്ഷേ, അടുത്ത കാലത്ത് ഹെസ്ബുള്ളയെ കുറ്റപ്പെടുത്തിയിരുന്നു. പരോക്ഷമായി ഇറാനെയും. നേരിട്ട് ഇത് ആദ്യമായാണ് ലബനന്‍റെ പ്രതികരണം.

ഞങ്ങളെന്തിന് ബലിയാടാകണം

ലബനണിലെ ജനങ്ങൾക്ക് മടുത്തിരിക്കുന്നു. ഇസ്രയേലും - ഹെസ്ബുള്ളയും തമ്മിലെ യുദ്ധത്തിൽ ലബനൺ എന്തിന് ബലിയാടാകണം? എന്നാണ് പ്രസിഡന്‍റിന്‍റെ ചോദ്യം. അഞ്ചോ, പത്തോ വർഷം കൂടുമ്പോൾ തങ്ങളുടെ സ്വത്തും സ്വപ്നങ്ങളും തകരുന്നതിന് എന്തിന് ലബനീസ് ജനത ദൃക്സാക്ഷിയാവണമെന്ന് അയൊൻ ചോദിക്കുന്നു. മടുത്തിരിക്കുന്നു തങ്ങൾക്ക്. സമാധാനത്തോടെ, അഭിമാനത്തോടെ ജീവിക്കാനാകണം. ഇറാൻ ഇതെത്രമാത്രം ഗൗരവമായി എടുക്കുമെന്ന് വ്യക്തമല്ല. ലബനണെ വിട്ടുകളയുക എന്നാൽ ഹെസ്ബുള്ളയെ വിട്ടുകളയുക എന്നാണർത്ഥം. അത് ഇറാന് തിരിച്ചടിയാണ്. ഇസ്രയേലിനെതിരെ പോറ്റി വളർത്തിയ സംഘടനയാണ് ഹെസ്ബുള്ള. ഇസ്രയേലിനെതിരെയുള്ള നിഴൽയുദ്ധത്തിലെ പ്രധാന കരു, ആയുധം.

നഷ്ടം മുഴുവനും ലെബനണ്

ഈ നിഴൽയുദ്ധത്തിൽ തക‍ർന്നിട്ടുള്ളതെല്ലാം ലബനണാണ്. അവിടത്തെ ജനങ്ങൾക്കാണ് ജീവനും സ്വത്തും സ്വപ്നങ്ങളും നഷ്ടമായിട്ടുള്ളത്. ഹമാസിനെപ്പോലെ ഹെസ്ബുള്ള സാധാരണക്കാരെ കവചമാക്കുന്നുവെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. മടുത്തുയെന്ന് ലബനണിന്‍റെ നേതാവ് പറയുന്നത് ആദ്യമായിട്ടാണെന്ന് മാത്രം. ഹെസ്ബുള്ളയെ നേരത്തെതന്നെ ലബനൺ തള്ളിപ്പറഞ്ഞിരുന്നു. ലബനണെ കരുവാക്കരുത്, പുറത്ത് നിന്നുള്ള കളിക്കാർ ലബനണിൽ ഇടപെടേണ്ടയെന്നും പറഞ്ഞിട്ടുണ്ട്. അത് ഇറാനെ ഉദ്ദേശിച്ചായിരുന്നെങ്കിലും പേര് പറഞ്ഞില്ല. ആദ്യമായി പേര് എടുത്ത് പറ‍ഞ്ഞ് തന്നെ ഇറാനെ തള്ളിപ്പറഞ്ഞിരിക്കുന്നു ലബനൺ. കുറ്റം പറയാനാവില്ല. 1980 -ൽ ഹെസ്ബുള്ള രൂപീകരിക്കപ്പെട്ടത് മുതൽ ഇസ്രയേലുമായി ഏറ്റുമുട്ടലും തുടങ്ങിയതാണ്.

ലിബറലിസം തകർത്ത ലെബനൺ

മേഖലയിലെ താരതമ്യേന ലിബറൽ ആയിട്ടുള്ള രാജ്യമാണ് ലബനൺ. രാഷ്ട്രീയമായും സാമൂഹ്യമായും. അറബ് ആധുനികതയുടെ തലസ്ഥാനം എന്നറിയിപ്പെട്ടിരുന്നു ഒരുകാലത്ത്. കവികളും കലാകാരൻമാരും ലബനണനിലെ അന്തരീക്ഷം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, എല്ലാവരെയും ഉൾക്കൊള്ളാൻ പഠിച്ചത് ലബനണിന്‍റെ ശാപവുമായി മാറി എന്നാണ് വിലയിരുത്തൽ. ജനാധിപത്യ സംവിധാനത്തിലെക്കും ലബനൺ എല്ലാവരെയും ആവാഹിച്ചു. അങ്ങനെയാണ് ഹെസ്ബുള്ളയും അതിൽ കയറിപ്പറ്റിയത്. അതുകൊണ്ടൊക്കെത്തന്നെ സർക്കാ‍രിന് കരുത്തുണ്ടായില്ല. മതങ്ങളുൾപ്പടെ പല ശക്തികളുടെ പല ദിക്കിലേക്കുള്ള വടംവലിയിൽ സ‍ർക്കാരുകൾ വീണുകൊണ്ടേയിരുന്നു.

ആഭ്യന്തരയുദ്ധം

1975 മുതൽ 1990 വരെ നീണ്ട ആഭ്യന്തരയുദ്ധം ഈ വടംവലിയുടെ പാരമ്യമായിരുന്നു. പലസ്തീൻ ലിബറേഷൻ ഓ‍ർഗനൈസേഷൻ മുതൽ മരോണൈറ്റ് ക്രൈസ്തവ, ഇസ്ലാമിക സംഘടനകളും വരെ ഉൾപ്പെട്ട യുദ്ധം. ലബനണിലെ പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി എന്ന പേരിൽ പിഎൽഒ (Palestine Liberation Organization), സുന്നി മുസ്ലിങ്ങൾക്കായി എൽഎൻഎം (Lebanese National Movement), ഷിയാകൾക്കായി അമാൽ (Amal Movement - Lebanese political party and militia ), അങ്ങനെ എല്ലാവരും രംഗത്തിറങ്ങി പടവെട്ടി. പിഎൽഒയുടെ സാന്നിധ്യം കാരണം ഇസ്രയേൽ നേരത്തെ ആക്രമണം തുടങ്ങിയിരുന്നു. സ‍ർക്കാരുകളുടെ അഴിമതിയും തീ ആളിക്കത്തിച്ചു.

ക്രൈസ്തവ വിഭാഗമായ മരോണൈറ്റുകൾ പിഎൽഒയെ എതിരിടാൻ തീരുമാനിച്ചതോടെ രാജ്യം യുദ്ധത്തിലേക്ക് വഴുതിവീണു. ക്രൈസ്തവരുടെ ആധിപത്യം ചെറുക്കാൻ സിറിയ ഇടപെട്ടു. അത് ചെറുക്കാൻ ഇസ്രയേലും. പിഎൽഒയുടെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കെതിരായി ഇസ്രയേൽ തിരിച്ചടിച്ചു. ലിറ്റനി നദിവരെ ഇസ്രയേൽ സൈന്യം കടന്നുകയറി. 1978 -ലെ അധിനിവേശമാണ് വഴിത്തിരിവായത്. ബെയ്റൂത്ത് ഇസ്രയേലി സൈന്യം വളഞ്ഞു. അതിനൊടുവിലാണ് അന്താരാഷ്ട്ര സമാധാന സൈന്യം ലബനണിൽ നിലയുറപ്പിച്ചത്. ലബനണിലെ പിഎൽഒ ആസ്ഥാനം ടുണിസിലേക്ക് മാറ്റിയതും സംഘർഷത്തിന് അയവുവരുത്തി. സിറിയൻ സൈന്യം പിൻവാങ്ങി.

ഹെസ്ബുള്ള

പക്ഷേ, ഈ ഇസ്രയേൽ അധിനിവേശത്തിന്‍റെ ഫലമായി മറ്റൊരു ഷിയാ സംഘടന രൂപമെടുത്തു. അതാണ് ഹെസ്ബുള്ള. 1982 -ൽ തെരഞ്ഞെടുക്കപ്പെട്ട ക്രൈസ്തവ പ്രസിഡന്‍റ് വധിക്കപ്പെട്ടു. ഷിയാ ഡ്രൂസുകളും ക്രൈസ്തവരുമായുള്ള സംഘ‍ർഷം അതിന്‍റെ തുടർച്ചയായി. ലബനണിലെ യുഎൻ സമാധാനസേനയും ആക്രമിക്കപ്പെട്ടു. അമേരിക്കൻ എംബസി ആക്രമണം, സൈനിക ആസ്ഥാന ആക്രമണം... എല്ലാം കൂടിയായപ്പോൾ സമാധാനസേന പിൻവാങ്ങി. '89 -വരെ സായുധ സംഘടനകളുടെ ഭരണത്തിലായിരുന്നു ലബനന്‍റെ പല ഭാഗങ്ങളും. '89 -ൽ വെടിനിർത്തൽ. അത് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ. തെരഞ്ഞെടുപ്പ്. ക്രൈസ്തവരെയും മുസ്ലിങ്ങളെയും ഉൾപ്പെടുത്തിയുള്ള സ‍ർക്കാർ രൂപികരിച്ചു. പക്ഷേ, ആദ്യത്തെ പ്രസിഡന്‍റ് വധിക്കപ്പെട്ടു. താൽകാലിക പ്രധാനമന്ത്രിയും സായുധ സൈനിക മേധാവിയുമായിരുന്ന ജനറൽ മൈക്കൽ ഔൺ തെരഞ്ഞെടുപ്പുകൾ അംഗീകരിച്ചിരുന്നില്ല. സിറിയൻ സൈന്യത്തെ തുടരാൻ സമ്മതിച്ച ധാരണയെയും എതി‍ർത്തു. ഏറ്റുമുട്ടലുകളും തുടർന്നു. ഒടുവിൽ സിറിയൻ സൈന്യം ജനറൽ മൈക്കൽ ഔണിനെതിരെ സംയുക്ത ആക്രമണം നടത്തി.

അമ്പിനും വില്ലിനും അടുക്കാതെ

നാടുവിടാൻ നി‍‍ർ‍ബന്ധിതനായി, ഔൺ. രണ്ടാം റിപബ്ലിക്ക് സ്ഥാപിതമായി. പക്ഷേ, അതിന് ശേഷം ലബനണിന്‍റെ സമാധാനം കെടുത്തിയത് ഇറാന്‍റെ ഹെസ്ബുള്ള സ്വാധീനമാണ്. ഇറാന്‍റെ പ്രോക്സിയായ ഹെസ്ബുള്ള, പലസ്തീന് വേണ്ടി എന്ന പേരിൽ ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടി. ഇസ്രയേലും വെറുതേ വിട്ടില്ല. 2006 -ലെ യുദ്ധത്തിൽ ലബനൺ തകർന്നടി‍ഞ്ഞു. 2025 ഒക്ടോബർ ഏഴിന്‍റെ ഹമാസ് ആക്രമണമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ലബനണും ഇസ്രയേലും തമ്മിലെ വെടിനിർത്തൽ ധാരണ ഹെസ്ബുള്ള തള്ളിക്കളഞ്ഞതാണ് ലബനീസ് പ്രസിഡന്‍റിന്‍റെ അഭിമുഖത്തിലെ ആരോപണങ്ങൾക്ക് അടിസ്ഥാനം. അയോൻ ഇസ്രയേലിനെയും വിമർശിച്ചു. ഹെസ്ബുള്ളയെ ഇല്ലാതാക്കാൻ ഇസ്രയേലിന് കഴിയില്ല. ചർച്ചകളാണ് വഴി. അത് ലബനണ് വിട്ടേക്കൂവെന്നായിരുന്നു ആ വാക്കുകൾ. ഹെസ്ബുള്ള ആയൂധം താഴെവയ്ക്കണമെന്നത് ധാരണയിലെ വ്യവസ്ഥയാണ്. പക്ഷേ, അതിനവ‍‍ർ തയ്യാറാകില്ലെന്നതും വ്യക്തം.