യുഎസ് പ്രസിഡന്റ് ആജീവനാന്ത ചെയർമാനായി രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' പുതിയ ലോകക്രമത്തിന് വഴിവെക്കുമോ എന്ന ആശങ്ക ഉയരുന്നു. ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും വിട്ടുനിൽക്കുന്ന ഈ സംഘടന യുഎന്നിന് പകരമാകുമെന്ന സൂചനകൾ ആശങ്ക വർദ്ധിപ്പിക്കുന്നു.

മേരിക്കൻ പ്രസിഡന്‍റ് ആജീവനാന്ത ചെയർമാനായി 'ബോർഡ് ഓഫ് പീസ്'(Board of Peace) രൂപീകരിച്ചു കഴിഞ്ഞു. ഒരുപാട് നേതാക്കൾക്ക് ക്ഷണം കിട്ടി. പക്ഷേ, കിട്ടിയവരെല്ലാം അംഗത്വം സ്വീകരിക്കുന്നില്ല. ഇന്ത്യയടക്കം. ആഫ്രിക്ക, പശ്ചിമേഷ്യ, ഗൾഫ്, എന്നിവിടങ്ങളിലെ ചില രാജ്യങ്ങളേ തൽകാലം ഒപ്പിട്ടിട്ടുള്ളൂ. യൂറോപ്യൻ നേതാക്കൾ ചടങ്ങിനെത്തിയതേയില്ല. ലോകക്രമത്തിന് തന്നെ ഭീഷണി എന്ന വിലയിരുത്തൽ അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സൂചനയാണ്. ആദ്യത്തെ 3 വർഷം അംഗത്വം സൗജന്യമാണ്. പിന്നെ സ്ഥിരാംഗത്വത്തിന് 1 ബില്യൻ ‍ഡോളറാണ് ഫീസ്. അത് ഗാസയുടെ പുനർനിർമ്മാണത്തിനെന്നാണ് വാഗ്ദാനം.

ഗാസയുടെ സമാധാനം, പക്ഷേ...

ഗാസയുടെ സമാധാനം എന്നായിരുന്നു ആദ്യത്തെ പ്രഖ്യാപിത ലക്ഷ്യം. പക്ഷേ, ചാർട്ടറിൽ ഗാസ എന്നൊരു വാക്കേയില്ല. സംഘർഷ മേഖലകളിലെല്ലാം സമാധാനം എന്നാണിപ്പോഴത്തെ പ്രഖ്യാപനം. റഷ്യക്കും ചൈനക്കും പുടിന്‍റെ അടുത്ത സുഹൃത്തായ ബെലാറൂസ് പ്രസിഡന്‍റ് ലുകാഷെങ്കോയ്ക്കും മുൻ സോവിയറ്റ് റിപബ്ലിക്കുകൾക്കെല്ലാം ക്ഷണമുണ്ട്. മാർപാപ്പയ്ക്കുമുണ്ട് ക്ഷണം. പക്ഷേ, ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദിയിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ യൂറോപ്പ് എത്തിയതേയില്ല. ഹംഗറി മാത്രമാണ് അക്കൂട്ടത്തിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ. കസാക്കിസ്ഥാൻ (Kazakhstan), കൊസോവോ (Kosovo), പാകിസ്ഥാൻ (Pakistan), പരാഗ്വേ (Paraguay), തുർക്കി (Turkey), യുഎഇ (UAE), മാൻഗോളിയ (Mongolia), സൗദി (Saudi Arabia), ജോർദാൻ (Jordan), അർജൻ്റീന (Argentina), അർമേനിയ (Armenia), അസർബൈജാൻ (Azerbaijan), ബൾഗേറിയ (Bulgaria), ഹംഗറി (Hungary), ഇന്തോനേഷ്യ (Indonesia), കൊസോവോ (Kosovo), പരാഗ്വേ (Paraguay), ഖത്തർ (Qatar), ഉസ്ബെക്കിസ്ഥാൻ (Uzbekistan)... അങ്ങനെയാണ് അംഗങ്ങളുടെ നിര. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ബോ‍ർഡിലുണ്ട്. പക്ഷേ, ചടങ്ങിനെത്തിയില്ല.

ആജീവാനന്ത ചെയർമാൻ

യുഎൻ സുരക്ഷാ സമിതി നവംബറിൽ ബോർഡ് ഓഫ് പീസിന്‍റെ രൂപീകരണത്തെ പിന്തുണച്ചിരുന്നു. അതോടെ അന്താരാഷ്ട്രതലത്തിൽ നിയമസാധുതയായി. പക്ഷേ, അതിനുശേഷം ബോർഡ് ഓഫ് പീസിന്‍റെ രൂപവും ഭാവവും മാറി. ചാർട്ടറിൽ ഗാസ ഇല്ല എന്നത് മാത്രമല്ല, അന്താരാഷ്ട്ര സംഘടന എന്നാണ് വിശേഷണം. ട്രംപിന്‍റെ ചെയർമാൻ സ്ഥാനം എക്കാലത്തേക്കുമുള്ളതാണ്. പ്രസിഡന്‍റല്ലാതായാലും ബോർഡ് ഓഫ് പീസിന്‍റെ ചെയർമാൻ ട്രംപ് തന്നെയായിരിക്കും. സ്ഥാപകാംഗങ്ങളുടെ എക്സിക്യൂട്ടീവ്, ബോർഡുണ്ട്. അതിൽ മരുമകൻ ജാരെഡ് കുഷ്നെർ, വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരാണ്. കുഷ്നെറുടെ വാക്കുകളനുസരിച്ച് ഗാസയിൽ സമാധാനം വരും. ഹമാസിനെ നിരായുധീകരിക്കും. പ്രദേശം അപ്പാടെ മാറ്റിയെടുക്കും. ആകാശം മുട്ടെയുള്ള കെട്ടിയങ്ങളും പുതിയ റോഡുകളും ഒക്കെയുള്ളൊരു ഗാസയാണ് ചിത്രങ്ങളിൽ കാണുന്നത്.

(യുഎന്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറെസ്)

ഉയരുന്ന ആശങ്ക

അന്താരാഷ്ട്ര സംഘടനയെന്ന് വിശേഷണത്തിലാണ് അപകടം. സംഘടന, യുഎന്നിന് പകരമാകുമെന്നാണ് ട്രംപിന്‍റെ സ്വപ്നം. അത് പരസ്യമായി പറയാനും മടികാണിച്ചിട്ടില്ല ട്രംപ്. അതിലെ ആശങ്ക ഉറക്കെപ്പറഞ്ഞത് സ്ലൊവേനിയ (Slovenia) ആണ്. ലോകക്രമത്തിലെ അപകടകരമായ ഇടപെടലെന്ന് പ്രധാനമന്ത്രി റോബർട്ട് ഗോൾബ് (Robert Golob) പറഞ്ഞു. റഷ്യയുടെ പങ്ക് കാരണം, തങ്ങളില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. ആശങ്കകൾ അറിയിച്ച് ഫ്രാൻസും നോർവേയും ക്ഷണം നിരസിച്ചു. ചൈന സമയം ചോദിച്ചിരിക്കുകയാണ്. റഷ്യ എങ്ങനെ ഉൾപ്പെട്ടുവെന്ന് ചോദിച്ച് അമ്പരന്നു യുക്രൈയ്ൻ പ്രസിഡന്‍റ്. റഷ്യയും പക്ഷേ, ചിന്തിക്കുന്നു എന്നാണറിയിച്ചത്.

യുഎന്നിന് പകരമെന്ന് ട്രംപ്

യുഎന്നിന് പ്രസക്തി നഷ്ടപ്പെട്ടെന്ന കാഴ്ചപ്പാട് നേരത്തെയുണ്ട്. യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല യുഎന്നിന്. ഗാസ, യുക്രൈയ്ൻ, ആഫ്രിക്കൻ, യുദ്ധങ്ങളിൽ ഫലപ്രദമായി ഇടപെടാനായിട്ടില്ല. 8 യുദ്ധങ്ങൾ നിർത്തിയെന്ന് അവകാശപ്പെടുന്ന ട്രംപിനും വെടിനിർത്താനെ സാധിച്ചിട്ടുള്ളൂവെന്ന് യുഎൻ സെക്രട്ടറി ജനറൽ പറയുന്നു. അതും ഗാസയിലെ നിലനിൽക്കുന്നുമുള്ളൂ. ബാക്കിയെല്ലാം തകർന്നു. റുവാണ്ട - കോംഗോ, കംബോഡിയ - തായ്‍ലൻഡ്, പിന്നെ ഇന്ത്യാ - പാക് യുദ്ധത്തിലെ അവകാശവാദം അംഗീകരിക്കപ്പെട്ടിട്ടുപോലുമില്ല. യുക്രൈയ്നിൽ ചർച്ചകളെ നടന്നിട്ടുള്ളൂ. ഗാസയിൽ നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കി ട്രംപിന്, ധാരണക്ക് സമ്മതിപ്പിക്കാനായി.

ചാർട്ടറിൽ ഗാസയില്ലെങ്കിലും ബോർഡ് ഓഫ് പീസിന് മൂന്ന് തട്ടുണ്ട്, എക്സിക്യൂട്ടീവ് ബോർഡ്, ഗാസ എക്സി. ബോർഡ്, പിന്നെ ഗാസ ഭരണത്തിന് നാഷണൽ കമ്മിറ്റി. അതിൽ അമേരിക്കൻ ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും ബിസിനസുകാരും രഹസ്യാന്വേഷണ മേധാവികളുമുണ്ട്. ഗാസയിലെ സമാധാനം ആഗ്രഹിക്കുന്നെങ്കിലും ട്രംപിന്‍റെ ആജീവനാന്ത നേതൃത്വത്തിൽ ഒരു സംഘടന, അതും അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടാൻ അധികാരമുള്ള സംഘടന വരുന്നതിൽ യൂറോപ്പിന് ആശങ്ക ചെറുതല്ല.

യുഎന്നിന് പകരമാകുമെന്ന ട്രംപിന്‍റെ പ്രസ്താവന കൂടിയാകുമ്പോൾ ആശങ്കയും കൂടുകയാണ്. ഫ്രാൻസും നോർവേയും ക്ഷണം തള്ളി. അതൃപ്തി പ്രകടമാക്കി ട്രംപ്. കാനഡ അംഗമാകാൻ തയ്യാറായതാണ്, പണം നൽകില്ലെന്നു വ്യക്തമാക്കി. പക്ഷേ, പ്രസിഡന്‍റ് ട്രംപ് ആ ക്ഷണം തിരിച്ചെടുത്തു. ലോകക്രമം അട്ടിമറിക്കപ്പെടുകയാണെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ പ്രസ്താവനയാകാം ഒരു പക്ഷേ, കാരണം.