പതിവ് പോലെ ട്യൂഷന് പോകുമ്പോള്‍ അമ്പലത്തിന്റെ തുറന്നിട്ട ഗെയ്റ്റിനുള്ളിലൂടെ ഞാനാ കാഴ്ച കണ്ടു. കാട് പിടിച്ച ഭാഗത്തൊരു മനുഷ്യന്‍ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. കാണാന്‍ ഒരു ഭംഗിയുമില്ലാത്തത് കൊണ്ട് ഞാനയാളെ പിന്നെ നോക്കിയില്ല. പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല.  പക്ഷെ പിന്നെയുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ വെറുതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.  ഇയാളെന്താ ഇങ്ങനെ വടി പോലെ നിക്കണത്?

 

 

തോല്‍ക്കുമെന്നുറപ്പായത് കൊണ്ട് റിസള്‍ട്ട് കണ്ടപ്പോള്‍ ഞെട്ടിയൊന്നുമില്ല. 

'ദൈവമേ, ഞാനിനി വീട്ടില്‍ എന്ത് പറയും! നിങ്ങളീ ചതി എന്നോട് ചെയ്യുമെന്ന്  സ്വപ്നത്തില്‍ വിചാരിച്ചില്ല തെണ്ടികളെ'- ഞാന്‍ നിന്ന് ചീറി.

'എടി, അതിനു ഞങ്ങളെന്ത് ചെയ്‌തെന്നാ, നീ കാര്യം പറയ്.' 

'നിങ്ങളല്ലേ പറഞ്ഞത് എന്തായാലും പൊട്ടുംന്ന്. എന്നിട്ടിപ്പോള്‍ റിസള്‍ട്ട് വന്നപ്പോള്‍  ഒറ്റയെണ്ണം പൊട്ടിയിട്ടില്ല. നിങ്ങളെയൊക്കെ വിശ്വസിച്ച ഞാന്‍ മണ്ടി.'

ബെയ്‌സി, കിരണ്‍, ജിഷ, അമ്പിളി എല്ലാവരും ചിരി അടക്കിപ്പിടിക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടി.

'വാക്ക് പറഞ്ഞാല് വാക്കാവണമെടീ'- അവരോടെനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ല.

തിരിച്ച് വീടെത്താറായപ്പോള്‍ ചെറുതായി മുട്ടിടിക്കാന്‍ തുടങ്ങി.
                                                                        
'ആഹ്, വന്നാ? എന്തായി റിസള്‍ട്ട്?'- അമ്മ എന്നെ കണ്ടതും ചോദിച്ചു.

'എല്ലാവര്‍ക്കും ഭയങ്കര കുറവാ അമ്മേ മാര്‍ക്ക്. ബെയ്‌സീം കിരണുമൊക്കെ ജസ്റ്റ് പാസ്സ്.'- ഒരു ഗ്യാപ്പിട്ട് നിന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.

'നീയോ?'- ചോദ്യത്തിലൊരു വശപ്പിശകുണ്ട്.

'അത് പിന്നെ നമ്മുടെ ജിഷക്ക് പോലും വിചാരിച്ച മാര്‍ക്ക് കിട്ടീട്ടില്ല.'- ഞാന്‍ പിന്നേയും ജാഗരൂകയായി. എപ്പോള്‍ അടി വീഴുമെന്ന് പറയാന്‍ പറ്റില്ല.

'അപ്പൊ ചുരുക്കിപ്പറഞ്ഞാല്‍ എല്ലാരും ജയിച്ചു, നീ മാത്രം തോറ്റു അല്ലേ? നന്നായി മോളേ, നന്നായി.' 

അമ്മക്കും വിഷമം ആയി അവരൊക്കെ ജയിച്ചതില്‍. ശ്ശോ പാവം! 

ചതിച്ചതാ, എന്നെ ചതിച്ചതാ..!

പ്രതീക്ഷിച്ചത് പോലെ നുള്ളും മാന്തും ഒന്നും കിട്ടാതെ അവിടെ നിന്നും ഞാന്‍ രക്ഷപ്പെട്ടു.

 

.............................

Read more: പ്രസവിക്കാന്‍ വന്നതാണെന്ന് ഒരു നിമിഷം ഞാന്‍ മറന്നു!
.............................

 

പക്ഷേ, രക്ഷപ്പെടല്‍ താല്‍ക്കാലികം ആണ്, അപ്പച്ചന്‍ വരുന്നത് വരെ മാത്രം!

അപ്പച്ചന്‍ വന്ന് കഴിഞ്ഞും എന്നെ വിളിച്ചൊന്നുമില്ല.

പാവം അപ്പച്ചന്‍! ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. 

ഞാന്‍ തോറ്റു എന്നറിഞ്ഞപ്പോള്‍ ഒരു സിഗററ്റ് കൂടെ എടുത്ത് കത്തിച്ചു. എന്നെ ഒരു നോട്ടം കൊണ്ട് പോലും വിഷമിപ്പിച്ചില്ല.

അല്ലെങ്കിലും അമ്മയാണ് ഇവിടെ പ്രശ്‌നം! 

ഈ അപ്പച്ചന് ഡിവോഴ്‌സ് ചെയ്തൂടെ? അല്ലെങ്കിലും നല്ല ബുദ്ധിയൊന്നും തോന്നില്ലല്ലോ.

കുറച്ച് നാളുകള്‍ കഴിഞ്ഞ് പതിവ് പോലെ സപ്ലി അനൗണ്‍സ് ചെയ്തപ്പോഴാണ് ഞാന്‍ തോറ്റ് തൊപ്പിയിട്ടവള്‍ ആണല്ലോ എന്നോര്‍ത്തത്.

'അപ്പച്ചാ, അടുത്ത മാസം സപ്ലി ഉണ്ട്, ഫീസ് അടക്കണം.''- അമ്മ എന്റെ പുറകില്‍ നില്‍ക്കുന്നുണ്ട് എന്ന ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.

'ഉം' - കടുപ്പിച്ചൊരു മൂളല് മാത്രം കേട്ടു. 

ഇതിപ്പോ തരുമെന്നോ തരില്ലാന്നോ!

ഇതാണ് അപ്പച്ചന്റെ കുഴപ്പം. ആവശ്യത്തിനും അനാവശ്യത്തിനും മൂളും. അമ്മയെ സമ്മതിക്കണം. 

'അമ്മേ, അമ്മ പറയ് അപ്പച്ചനോട്.'- ഞാന്‍ അമ്മയെ മുറിയിലേക്ക് കൊണ്ട് പോയി മെല്ലെ പറഞ്ഞു.

'ഞാന്‍ പറയില്ല.നീ പഠിക്കില്ല എനിക്കറിയാം.ഫീസ് അടക്കുന്നത് വരെയേ കാണൂ നിന്റെ ഈ ഉഷാറൊക്കെ. പിന്നെ ഒക്കെ കണക്കാ.' - അമ്മക്ക് പുല്ല് വില.

പ്രീഡിഗ്രി തോറ്റ പെണ്ണിനെ ആരും കല്യാണം കഴിക്കാന്‍ വന്നില്ലെങ്കിലോ..! 

ഇവരെന്നെ പിടിച്ച് വല്ല ഇറച്ചിവെട്ടുകാരനും കെട്ടിച്ച് കൊടുക്കാനാണോ പ്ലാന്‍!?

കോപ്പിയടിച്ചിട്ടാണെങ്കിലും സപ്ലി പാസ്സായേ പറ്റൂ. ഞാനുറപ്പിച്ചു.

 

..................................

Read more: എലിയും മനുഷ്യരും സ്‌നേഹത്തോടെ കഴിയുന്ന  വീട്; അതായിരുന്നു എന്റെ സ്വപ്നം!

..................................

 

എന്തായാലും എനിക്ക് വേണ്ടി അമ്മ അപ്പച്ചനോട് സംസാരിച്ച് ശരിയാക്കി.

പകരം ഒറ്റ ഡിമാന്‍ഡ്! ട്യൂഷന് പോണം! 

ജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറായിരുന്ന ഞാന്‍ സമ്മതിച്ചു.

ഒരു ദിവസം ബാഗൊക്കെ എടുത്ത് ഞാന്‍ അപ്പച്ചന്റെ കൂടെ പോയി.

കൊല്ലാന്‍ കൊണ്ട് പോകുവാണെങ്കിലും ഞാന്‍ സഹിക്കും, ജയിച്ചേ പറ്റൂ.

ഏതോ വീട്ടിലേക്ക് ഞങ്ങള്‍ കയറി ചെന്നു. അവിടെയുണ്ടായിരുന്ന ഒരു ഉണങ്ങിയ ആശാന്‍ ഞങ്ങളെ നോക്കി.
                 
'ഇതാണെന്റെ മോള്‍, ഇവള്‍ക്ക് അക്കൗണ്ടന്‍സി ട്യൂഷന്‍ വേണം. നിന്റെ മോള്‍ എം.കോം കഴിഞ്ഞിരിക്കല്ലേടാ.ഒന്നിവളെ സഹായിക്കാന്‍ പറയെടാ.'- അപ്പച്ചന്‍ പറഞ്ഞു.

ഈ അപ്പച്ചന് ബോധമില്ലേ, ചുമ്മാ ഒരു വീട്ടില്‍ കയറി ചെന്നിട്ട് ഓര്‍ഡര്‍ ഇടുന്നോ! 

ശ്ശെ! അവരെന്ത് വിചാരിക്കും!?

ആകെ കണ്‍ഫ്യൂഷനടിച്ച എന്നെ നോക്കി ആശാന്‍ പറഞ്ഞു. 

'ശരീടാ ടോണീ. മോളകത്തേക്ക് കേറിക്കോ. ടീച്ചര്‍ അകത്തുണ്ട്.'

ഓ! അപ്പോള്‍ ഇവര്‍ തമ്മില്‍ പരിചയം ഉണ്ട്. 

എന്നെ പറ്റി എന്തൊക്കെ പറഞ്ഞിട്ടുണ്ടോ എന്തോ!

അകത്തേക്ക് കയറി ഞാന്‍ ടീച്ചറിനെ കണ്ടു.അടുത്ത ആഴ്ച മുതല്‍ വരാനും പറഞ്ഞു.
            
ഒല്ലൂര് അങ്ങാടിയില്‍ ബസ്സിറങ്ങി പോലീസ് സ്റ്റേഷന് മുന്നിലൂടെ നടന്നാല്‍ നേരെ  ഒരു അമ്പലമുണ്ട്. അതിന്റെ വലത് വശത്തുള്ള ഒരു ചെറിയ റോഡിലൂടെ 5 മിനിട്ട് നടന്നാല്‍ ടീച്ചറുടെ വീട് ആയി.

ട്യൂഷന്‍ തുടങ്ങിയതോടെ ടീച്ചറിനെയും ടീച്ചറുടെ ട്യൂഷനും എല്ലാം ഇഷ്ടമായി. അക്കൗണ്ടന്‍സിയും തലയില്‍ കയറാന്‍ തുടങ്ങി.

ഇത്ര സിംബ്ലായിരുന്നോ ഇത്!?

അങ്ങനെ ദിവസവും ട്യൂഷന് മുടങ്ങാതെ പോയിത്തുടങ്ങി.

ഒരു ദിവസം പതിവ് പോലെ ട്യൂഷന് പോകുമ്പോള്‍ അമ്പലത്തിന്റെ തുറന്നിട്ട ഗെയ്റ്റിനുള്ളിലൂടെ ഞാനാ കാഴ്ച കണ്ടു.

കാട് പിടിച്ച ഭാഗത്തൊരു മനുഷ്യന്‍ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു.

കാണാന്‍ ഒരു ഭംഗിയുമില്ലാത്തത് കൊണ്ട് ഞാനയാളെ പിന്നെ നോക്കിയില്ല. പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. 

പക്ഷെ പിന്നെയുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ വെറുതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 

ഇയാളെന്താ ഇങ്ങനെ വടി പോലെ നിക്കണത്?

ഇനി കണ്ണ് കാണാത്ത ആളാണോ?

അന്ന്, അമ്പലവഴിയില്‍ എത്തി തിരിയുന്നതിനോടൊപ്പം വിശദമായി അയാളെ ഒന്ന് നോക്കി. 

ഒരു 40-45 വയസ്സിനോട് അടുത്ത് പ്രായം വരുന്ന ഒരാള്‍. 

നീല കളം വരച്ച ഒരു ലുങ്കി മാത്രം ആണ് വേഷം. ആള്‍ നല്ല കറുപ്പായത്‌കൊണ്ട് നീല ലുങ്കി വെയിലത്തിങ്ങനെ തിളങ്ങുന്നുണ്ട്.

എന്റെ ആകാംക്ഷ കൂടിയപ്പോള്‍ ഞാനൊന്ന് കൂടെ സൂക്ഷിച്ച് നോക്കി.

എന്തോ അയാളുടെ കൈയിലുണ്ടല്ലോ. 

എന്താദ്!?

ദൈവമേ! ഇത് അത് അല്ലേ? 

ഈശോയേ... 

ഞാനിപ്പോ എന്താ കണ്ടേ?

എന്റെ കാല് വിറച്ചിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയായി. 

കാരണം, അയാള്‍ എന്നെ കാണിക്കാന്‍ ആ നീല ലുങ്കിയും പൊക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു.

ലളിതമായി പറഞ്ഞാല്‍ സ്വന്തം രഹസ്യാവയവം മറ്റുള്ളവരെ കാണിച്ചു സ്വയം നിര്‍വൃതിയടയുന്ന ഒരു മാനസിക രോഗിയെ ആയിരുന്നു ഞാനീ കണ്ടുകൊണ്ടിരുന്നത്. 

 

.....................................

Read more: ഐ മിച് യൂ മൈ ഡിയര്‍ പപ്പീ
.....................................

 

അന്നത്തെ ദിവസം എനിക്ക് ട്യൂഷന്‍ ശ്രദ്ധിക്കാനൊന്നും പറ്റിയില്ല. 

ക്ലാസ്സ് കഴിഞ്ഞ് വീടെത്തിയപ്പോള്‍ അമ്മയോട് പറഞ്ഞു.

'അമ്മെ, ഞാനിനി ഒറ്റക്കതിലേ പോവില്ല. അപ്പച്ചനോട് കൊണ്ടാക്കാന്‍ പറയ്.'

'നീയേയ്, ആ വശത്തേക്ക് നോക്കുകയേ വേണ്ട. കഴിഞ്ഞില്ലേ കാര്യം. ചോറുണ്ണാന്‍ നോക്ക്.' - അമ്മ അതൊരു സില്ലി കാര്യമായി കണ്ടു.

അല്ലെങ്കിലും ആദ്യമായി കാണുന്നവര്‍ക്കല്ലേ അതിന്റെ ദെണ്ണം മനസ്സിലാകൂ.

'ശര്‍ദ്ധിക്കാനാ വരണത്. എനിക്കൊന്നും വേണ്ട ചോറ്.' - ഞാന്‍ പാത്രം നീക്കി വെച്ചു.

'അതേയ്, സാധാരണ ഇങ്ങനെ കാണിക്കുന്നവര്‍ക്ക് ധൈര്യം കുറവായിരിക്കും. അതുകൊണ്ട് നീ പേടിക്കണ്ട. അങ്ങോട്ട് നോക്കാതെ നടന്നു പോയാല്‍ മതി.' - അപ്പച്ചന്‍ വന്ന് കസേര നീക്കിയിട്ടിരുന്നു കഴിക്കാന്‍.

പിറ്റേന്ന് മുതല്‍ കൈയില്‍ കുട പിടിക്കാന്‍ തുടങ്ങി. 

അയാളെന്നും അവിടെ തന്നെയുണ്ടെന്ന് നടന്ന് വരുമ്പോഴേ എനിക്ക് കാണാം.

ബസ്സിറങ്ങി പോലീസ് സ്റ്റേഷന്‍ എത്തുമ്പോഴേക്കും വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും കുട നിവര്‍ത്തും. 

അമ്പലത്തിന്റെ വഴിയിലൂടെ തിരിയുമ്പോള്‍ അയാള്‍ക്കെന്നെയും എനിക്കയാളേയും കാണാത്ത വിധത്തില്‍ കുട കൊണ്ട് മറച്ച് നടക്കാന്‍ തുടങ്ങി. 

ഹാവൂ! ഒന്നും കാണണ്ടല്ലോ. 

ഒരാഴ്ച കുഴപ്പമൊന്നും ഇല്ലാതെപോയി.

അയാള്‍ ഒരു പേടിത്തൂറനാണെന്ന് എനിക്കും തോന്നി. കുറച്ച് ധൈര്യം ഒക്കെ വന്നു.

ഈ അപ്പച്ചനാള് കൊള്ളാലോ. പറഞ്ഞത് കറക്ടയല്ലോ.

ഒരാഴ്ചക്ക് ശേഷം പതിവ് സ്ഥലത്ത് എത്തിയപ്പോള്‍ കുടയും ചെരിച്ച് പിടിച്ച് ഞാന്‍ വളവ് തിരിഞ്ഞു.

പിന്നിലൊരു അനക്കം തോന്നി തിരിഞ്ഞപ്പോള്‍ അയാള്‍ കൈയുംനീട്ടി എന്നെ തോളില്‍ കയറിപ്പിടിക്കാനുള്ള വരവായിരുന്നു.

'ഹമ്മേ'എന്നും വിളിച്ച് കാറി കൂവി കുട കൊണ്ട് അയാളുടെ കൈക്കിട്ടു ആഞ്ഞൊരു തട്ടുംകൊടുത്തു തിരിഞ്ഞു നോക്കാതെ ടീച്ചറുടെ വീട്ടിലേക്കോടി.

അന്നൊക്കെ അപാര ധൈര്യമായിരുന്നു എനിക്ക്! അതല്ലേ ഓടിയത്...!

ടീച്ചറുടെ വീട്ടിലെത്തി, കരഞ്ഞ് കൊണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. അവരൊക്കെ അയാളെ നോക്കാനിറങ്ങിയപ്പോഴേക്കും അയാള്‍ അവിടുന്ന് പോയിരുന്നു.

പിറ്റേന്ന് മുതല്‍ എല്ലാ ദിവസവും അപ്പച്ചന്‍ എന്റെ കൂടെ വരും. ഒരു സി.ഐ.ഡിയെ പോലെ മണത്ത് നടക്കും, ഞാനുമായി ഒരു ബന്ധവുമില്ലാത്തത് പോലെ!

കാഞ്ഞ ബുദ്ധി തന്നെ!

അയാളെന്താ പൊട്ടനാണല്ലോ 'എന്നെ പിടിച്ചോ' എന്ന് പറഞ്ഞ് നില്‍ക്കാന്‍. 

ഹോ! ഈ ലോകമേ ശരിയല്ല.

എത്ര ദിവസമാണ് ഞാന്‍ ചര്‍ദ്ധിച്ചത് ആ മനുഷ്യന്‍ കാരണം! 

ഇപ്പോഴായിരുന്നു അങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെങ്കില്‍, ഞാന്‍ പൊളിച്ചേനെ!

നേരെ പോയി ഒരു വീഡിയോ എടുത്ത് യൂ ട്യൂബിലിട്ട് അയാളെ ഞാന്‍ വൈറലാക്കിയേനേ.

അയാള്‍ക്ക് യോഗം ഇല്ല.

എന്നെങ്കിലും അയാളെ ഒരിക്കല്‍ കൂടി കണ്ടാല്‍, അയാളോട് ചോദിക്കാന്‍ ഞാനൊരു ചോദ്യം മനസ്സില്‍ വെച്ചിട്ടുണ്ട്.

'ഒരു ജെട്ടി ഇട്ടൂട്‌റോ തനിക്ക്!'

NB: ഈ സമൂഹം നന്നായീന്ന് തോന്നണൂ. ഇപ്പോള്‍ ഇങ്ങനത്തെ രോഗികള്‍ കുറവാണോ എന്തോ!

 

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം