Asianet News MalayalamAsianet News Malayalam

പെണ്ണുങ്ങളെ കുറിച്ച് ലോകത്തിനൊരു ചുക്കുമറിയില്ല

ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്‍ എഴുതുന്ന കോളം തുടരുന്നു. 

ulmarangal a column by rini raveendran
Author
Thiruvananthapuram, First Published Jul 20, 2021, 7:16 PM IST

ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  

 

ulmarangal a column by rini raveendran

 

പെണ്ണിന്റെ നിറം പിങ്കാണോ? അഥവാ, പിങ്ക് എന്നത് പെണ്‍നിറമാണോ? അവളുടെ ഏറ്റവും പ്രിയപ്പെട്ട നിറം അതായതിനാലാണോ, പെണ്ണ് എന്നു കേട്ടാലുടന്‍ ലോകം പിങ്ക് നിറവുമായി ചാടിവീഴുന്നത്? 

കുറച്ചുകാലമായി ആലോചിക്കുന്ന കാര്യമാണിത്. സ്ത്രീകളുമായി ബന്ധപ്പെട്ട എന്തു കാര്യം വന്നാലും അപ്പോള്‍ പിങ്ക് നിറം പൂശുകയാണ്. ഉദാഹരണത്തിന്, വനിതാ ദിനം. ആ പേര് കേട്ടാല്‍ മതി സര്‍വ്വതും പിങ്ക്മയം. ഇനി സ്ത്രീകള്‍ക്കു വേണ്ടി ഒരു സര്‍ക്കാര്‍ പദ്ധതി ആലോചിച്ചാലോ, അതിന്റെ പേരില്‍ പിങ്ക് നിര്‍ബന്ധം. കേരളത്തിന്റെ മാത്രം കാര്യമെടുക്കാം. പിങ്ക് ടാക്‌സി, പിങ്ക് പൊലീസ്, ഇപ്പോഴിതാ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടും. 

കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ട് ആരംഭിച്ചത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും കേരള പൊലീസ് ആവിഷ്‌കരിച്ച ഈ പദ്ധതി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതിക്ക് കീഴില്‍ നിരവധി സുരക്ഷാ സജ്ജീകരണങ്ങളുണ്ട്. ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയാന്‍ പിങ്ക് ജനമൈത്രി ബീറ്റ്, സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് ഷാഡോ പൊലീസ്, ബൈക്ക് പട്രോളിംഗിന് പിങ്ക് റോമിയോ സ്‌ക്വാഡ്, സൈബര്‍ സുരക്ഷയ്ക്ക് പിങ്ക് ഡിജിറ്റല്‍ ഡ്രൈവ്, സ്ത്രീകള്‍ക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഇടങ്ങള്‍ പിങ്ക് ഹോട്ട് സ്‌പോട്ട്, പൊതുസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പട്രോളിംഗ്, അടിയന്തര ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യാന്‍ പിങ്ക് കണ്‍ട്രോള്‍ റൂം...ഇങ്ങനെ പോവുന്നു. 

ഗംഭീര പദ്ധതിയാണിത്, ഒരു സംശയവുമില്ല. സ്ത്രീസുരക്ഷയ്ക്ക് ഭരണകൂടം നല്‍കുന്ന പ്രാധാന്യത്തിന്റെ വിളംബരം കൂടിയാണത്. പക്ഷേ, അതിനെന്താണ് ഇങ്ങനെ ഓരോ വാക്കിനുമൊപ്പം പിങ്ക് പൂശുന്നത്? നമ്മുടെ രാജ്യത്തും പാശ്ചാത്യരാജ്യങ്ങളിലും ഒരുപോലെ പെണ്‍നിറമായി അറിയപ്പെടുന്ന പിങ്ക് ശരിക്കുമൊരു പെണ്‍നിറമാണോ? 

വളരെവളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പല രാജ്യങ്ങളിലും പെണ്‍കുഞ്ഞുങ്ങള്‍ക്ക് പിങ്കും ആണ്‍കുഞ്ഞുങ്ങള്‍ക്ക് നീലയും എന്ന് നിറം ചാര്‍ത്തപ്പെട്ടത്. പിന്നെയത് കളിപ്പാട്ടക്കച്ചവടക്കാരും സമൂഹവും മാതാപിതാക്കളും എല്ലാമങ്ങ് ഏറ്റെടുത്തു. പിങ്ക് നിറത്തിലുള്ള ഒരുപാട് പ്രക്ഷോഭങ്ങള്‍ ലോകം കണ്ടു. സ്ത്രീകളുടെ സമരങ്ങളിലെല്ലാം ആവോളം പിങ്കുണ്ടായി. എന്നാല്‍, നമ്മുടെ സ്ത്രീകള്‍ക്ക് ഈ പിങ്കെത്ര ഇഷ്ടമാണ്? സ്ത്രീ എന്നാല്‍ പിങ്ക് ആണെന്ന് ആരാണിങ്ങനെ പറഞ്ഞുറപ്പിക്കുന്നത്? 

പിങ്കിനോടും പിങ്ക് നിറമുള്ള പ്രതിഷേധങ്ങളോടും മുഖം തിരിക്കുന്നവരൊന്നുമല്ല പെണ്ണുങ്ങള്‍. പക്ഷേ, പനിനീരിന്നിതളുപോലെ ലോലവും മൃദുലവും തളരവികാരിതയുമായ പിങ്കിനപ്പുറം, ബഹുനിറങ്ങളോട് ഇഷ്ടമുള്ളവരാണ് പെണ്ണുങ്ങള്‍. ചുവപ്പ്, കറുപ്പ്, പച്ച എന്നൊക്കെ അതങ്ങനെ നീളുന്നു. അതെന്തായാലും പെണ്ണെന്നാല്‍, പിങ്കിലൊതുങ്ങും എന്ന് പറയാനാവില്ല. 

 

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

ulmarangal a column by rini raveendran

Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം 
...............................................

 

പെണ്‍മയുടെ മഴവില്‍ച്ചാരുത

ഒരേ മുറിയിലെ താമസക്കാരായിരുന്നു അവര്‍. രണ്ടിടത്ത്, രണ്ടുതരം ജീവിതം ജീവിച്ച് യാദൃച്ഛികമായി ആ വാടകമുറി പങ്കിടാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍. അവര്‍ സ്‌നേഹം പങ്കുവച്ചു, സൗഹൃദം പങ്കുവച്ചു, ഭക്ഷണം പങ്കുവച്ചു, വസ്ത്രങ്ങള്‍ മാറിമാറിയിട്ടു. കൈമാറാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒന്നുണ്ടായിരുന്നു, കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍. അത് ആര് വാങ്ങിയതായാലും, എവിടെയെങ്കിലും പോകാനിറങ്ങിയാല്‍ രണ്ടുപേരും ഒരുപോലെ പ്രഖ്യാപിക്കും, 'അതേ, ആ കറുപ്പ് ഷര്‍ട്ട് ഞാനിടും കേട്ടോ, നീ വേറെ എന്തെങ്കിലും ഇട്ടോ', സ്ഥിരം ഇര പ്രസ്തുത കറുപ്പ് ഷര്‍ട്ടായിരുന്നു. ആ പെണ്‍കുട്ടികള്‍ക്ക് അന്നും ഇന്നും പ്രേമം കറുപ്പിനോടാണ്. രണ്ട് നഗരങ്ങളിലേക്ക്, മറ്റ് രണ്ട് മുറികളിലേക്ക് പറിച്ചുനട്ടുവെങ്കിലും കറുപ്പ് നിറം കാണുമ്പോഴെല്ലാം അവര്‍ പരസ്പരം ഓര്‍ത്തു.

ഇനി മറ്റൊരു കൂട്ടുകാരി. അവള്‍ക്കിഷ്ടം മഞ്ഞയാണത്രെ! എന്താ കാരണമെന്ന് ചോദിച്ചപ്പോള്‍, പുസ്തകങ്ങളും പെയിന്റിംഗുകളും ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടി പറയുന്നു, 'മഞ്ഞപ്പൂക്കള്‍ക്കെന്ത് ഭംഗിയാണ്' എന്ന്. വസ്ത്രങ്ങളിലിഷ്ടം വെള്ളയാണ്. അത് സമാധാനം തരും പോലും.

'ഡീ നിനക്കിഷ്ട നിറമേതാ?' ഇനി ഒരാളോടു കൂടി ചോദിക്കാം. തിരക്കിനിടയില്‍ ഒട്ടും ആലോചിക്കാതവള്‍ പറയുന്നു, 'അത് വയലറ്റ്, കാണുമ്പോള്‍ സന്തോഷം തരുന്ന നിറമാണെനിക്കത്.' അവളുടെ കുഞ്ഞുമകനുമിഷ്ടം വയലറ്റത്രെ.

'അതേ, നിനക്കേറ്റവും ഇഷ്ടമുള്ള നിറമേതാ?' -റൂംമേറ്റിനോടും ചോദിച്ചു. അവള്‍ക്കിഷ്ടം കറുപ്പ്. 'ഡ്രസാണേല്‍ കറുപ്പിട്ടാല്‍ ഒരഴകാ, അത് ആരാണേലും. പിന്നേ, കുഞ്ഞിലേ ഒരുതവണ എന്നെ കറുപ്പെന്ന് പറഞ്ഞ് കളിയാക്കിയോണ്ട് ആ നിറത്തെ കേറിയങ്ങിഷ്ടപ്പെട്ടു. ഇനി കുറച്ചൂടി താത്വികമായി പറഞ്ഞാല്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ നിറം...' ആളല്‍പം ഗൗരവത്തിലാണ്.

പ്രായമായ ഒരാളോട് ചോദിച്ചപ്പോള്‍ അവര്‍ക്കിഷ്ടം ചുവപ്പ്. 'ഓ, നിങ്ങള് പാര്‍ട്ടിക്കാരിയായോണ്ടാവും' എന്ന് ചിരിച്ചപ്പോള്‍ അവര് പറയ്യാ, *'അതൊന്നുമല്ലണേ, എനക്ക് ചെര്‍തിലേ ചോപ്പിഷ്ടാന്. ചെറുപ്പത്തില് എല്ലാ കുപ്പായൂം ഞാന്‍ ചോപ്പാ വാങ്ങല്. ഉച്ചക്കെല്ലും അതിട്ട് ഏടയെങ്കിലും പോവാന്‍ കീഞ്ഞാല് അമ്മ ചീത്ത പറയും. നട്ടുച്ചക്കാന് ചോപ്പും ഇട്ടിറ്റ് ഓളെ നടത്തം എന്നും പറഞ്ഞാ ചീത്ത.' അവര്‍ ചോപ്പ് പാവാടയും ബ്ലൗസുമിട്ട് ഓര്‍മ്മകളുടെ പുഴയില്‍ നീന്തുന്നു.

'ഡീ കുഞ്ഞേ നിനക്കേത് നിറാ ഇഷ്ടം?' ഫാഷന്‍ ഭ്രാന്തിയായ അവള്‍ തെരഞ്ഞെടുത്തത് നേവി ബ്ലൂ. 'ഓഹ്, അതെന്ത് ബ്ലൂ?'

'അങ്ങനെയൊക്കെ ബ്ലൂവുണ്ട്. ആ നിറമുള്ള ഡ്രസ് പൊളിയാണപ്പാ!'

അവള്‍: എനിക്കിഷ്ടം ഇളം നീലയാണ്. തെളിഞ്ഞ ആകാശത്തിന്റെ നിറമാണത്. തെളിഞ്ഞ മനസിന്റേയും.

മറ്റൊരുവള്‍: പച്ചനിറമാണെനിക്കിഷ്ടം. അത് വസന്തത്തെ ഓര്‍മ്മിപ്പിക്കുന്നു. മഞ്ഞയ്ക്കും പച്ചയ്ക്കും ഇടയിലെ ഇളം പച്ച. മഴ മാറി പകല്‍ തെളിയുമ്പോള്‍ ഇലകളിലുണ്ടാവുന്ന തിളങ്ങുന്ന പച്ച. പിന്നെ, കാടിനകത്ത് കാണുന്ന വന്യതയുടെ കടും പച്ചയും.

ചാറ്റുകള്‍ക്കിടയിലെ പലനിറമുള്ള സ്‌നേഹചിഹ്നങ്ങളെ (love emoji) കണ്ടിട്ടില്ലേ? ഒരുദിവസം വെറുതെയിരിക്കുമ്പോള്‍ അവയ്ക്ക് സ്വന്തമായി ചില അര്‍ത്ഥം നല്‍കി നോക്കി.

ചുവപ്പ് -തീവ്രമാണ്, കരുത്താണ്
ഓറഞ്ച് -തീപോലെ കത്തുന്നത്  
മഞ്ഞ -ഉന്മാദമാവുകയാണ്
പച്ച -പ്രതീക്ഷയുടെ തണുപ്പ്
നീല -വിഷാദത്തിനാഴമാണ്
വയലറ്റ് -ആനന്ദമല്ലാതെന്ത്
കറുപ്പ് -അഗാധതയാണ്
വെള്ള -എന്റെ സമാധാനമേ
ചാരനിറം -ഉരുകുകയാണ്

 

..............................

Read more:

ulmarangal a column by rini raveendran

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.............................

 

അത്ര ലോലമൊന്നുമല്ല, പെണ്‍ലോകം 

ഓരോ നിറങ്ങളും ഓരോരുത്തര്‍ക്കും ഓരോന്നാണല്ലോ. ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളുടെ അച്ഛന്‍ മരിച്ചത് ഒരു ബുധനാഴ്ച വൈകുന്നേരമാണ്. അന്ന് സ്‌കൂളില്‍ യൂണിഫോം വേണ്ടാത്ത ദിവസം. അവളിട്ടത് ഏറെയിഷ്ടമുള്ള കസവുകരയുള്ളൊരു പച്ച ചുരിദാര്‍. ആ ദിവസത്തിന്റെ ഓര്‍മ്മയില്‍ കാലങ്ങളോളം അവള്‍ ആ ചുരിദാറിനെ വെറുത്തു. പച്ചനിറം വെറുത്തു. പയ്യെപ്പയ്യെ മരണത്തെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടപ്പോള്‍ അവള്‍ പച്ചയോട് പൊറുക്കുകയും പച്ചക്കാടുകളെ പ്രണയിക്കുകയും ചെയ്തു. പച്ചക്കാടുകളില്‍ മൂക്കുവിടര്‍ത്തി അവള്‍ പറഞ്ഞുപോലും, 'അച്ഛനെ മണക്ക്ന്ന്...'

കെ ആര്‍ മീരയുടെ നിറങ്ങളുടെ പേരുള്ള കഥകളുണ്ടല്ലോ, കരിനീലയും മോഹമഞ്ഞയും. 'കരിനീല'യില്‍ ഒരുവള്‍ കാത്തിരുന്നത് അവനെയാണ്, 'വിഷപ്പാമ്പിനെ മാലയാക്കുന്ന ഒരാള്‍, എന്റെ ദംശനമേറ്റാല്‍ മരിക്കാത്ത ഒരാള്‍, സ്വയമേ നീലനിറമുള്ളവന്‍, മൂന്ന് കണ്ണുള്ളവന്‍' എന്നാണ് മീര എഴുതുന്നത്. സ്ത്രീകളെല്ലാം കൃഷ്ണനെ പ്രണയിക്കുമെന്ന് ഭൂരിഭാഗം പറയുമ്പോള്‍ നോക്കൂ, പെണ്ണുങ്ങളെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല. അവരില്‍ പലരും പ്രേമിക്കുന്നത് അവനെയാണ്, മൂന്നാം കണ്ണുള്ളവനെ എന്ന് വായിക്കുന്നു. 'എന്റെ ദംശനമേറ്റ് അവന്‍ കരിനീലിക്കും' എന്ന് മീരയെഴുതുമ്പോള്‍ ചില പെണ്ണുങ്ങളെങ്കിലും കുളിരുന്നത് അങ്ങനെയാണ്.

'അവള്‍ക്ക് യഥാര്‍ത്ഥത്തില്‍ മഞ്ഞപ്പിത്തമായിരുന്നു. അതുകൊണ്ടെല്ലാം മഞ്ഞയായിത്തുടങ്ങി...' എന്നാണ് 'മോഹമഞ്ഞ' തുടങ്ങുന്നത് തന്നെ. അതുകൊണ്ടവള്‍, അയാള്‍ ഒരു 'മഞ്ഞ'മനുഷ്യനാണ് എന്ന് കരുതി. അയാള്‍ക്ക് പുതിയൊരുതരം വൈറല്‍ പനിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് കാമബാധിതരായ രണ്ട് മനുഷ്യര്‍ മാത്രമായിരുന്നു അവര്‍. അവളുടെ ചാരനിറമുള്ള മുടിയും പൊട്ടുമെല്ലാം കണ്ട് അയാള്‍ കരുതിയത് അവളൊരു 'ചാര'വനിതയാണ് എന്നാണ്. അന്ന് പിരിഞ്ഞശേഷം, അവളുടെ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നുപോയ ദിനങ്ങളിലെല്ലാം പലവട്ടം അവളയാളെ കണ്ടു -മഞ്ഞമനുഷ്യനായിത്തന്നെ. അസുഖം മാറി ദിവസങ്ങള്‍ കഴിഞ്ഞ് ഒരു പത്രക്കീറില്‍ അവളയാളെ ഒരിക്കല്‍ക്കൂടി കണ്ടു. അതയാളുടെ ചരമവാര്‍ത്തയായിരുന്നു -മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അധ്യാപകന്‍. ആ ചിത്രത്തില്‍ അവളയാളെ കാണുന്നതിനെ 'മഞ്ഞിച്ച് മഞ്ഞിച്ച് മഞ്ഞിച്ച്...' എന്നാണ് മീരയെഴുതുന്നത്. അവളുടെ മോഹമഞ്ഞയേറ്റ് മരിച്ചൊരാളെ അങ്ങനെയല്ലാതെ പിന്നെങ്ങനെ കാണാനാണ്.

അതെ, ഈ ലോകത്തിന് സ്ത്രീകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. സ്ത്രീകള്‍ക്ക് പിങ്ക് ഇഷ്ടമുണ്ടാകും. പിങ്ക് നിറം ഇഷ്ടമുള്ള സ്ത്രീകളും കാണും. ചരിത്രത്തിലേതെങ്കിലും നേരത്ത്, എന്തെങ്കിലും കാരണങ്ങളാല്‍ പിങ്ക് അവരുടേതെന്ന് ആരെങ്കിലും എഴുതിവച്ചും കാണും. 

പക്ഷേ, പെണ്ണുങ്ങളുടെ ലോകം അത്ര ലോലമൊന്നുമല്ല. അതിവൈകാരികതകള്‍ അവരുടെ കരുത്തൊളിപ്പിച്ചിരിക്കുന്ന നിഗൂഢയിടങ്ങളാകുന്നു. വന്യതയുടെ, സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ, കാമത്തിന്റെ, ആനന്ദത്തിന്റെ, സമാധാനത്തിന്റെ പലനിറ ലോകങ്ങള്‍. ഒന്നുകയറിയാല്‍ വഴിതെറ്റിപ്പോയേക്കാവുന്ന നിറം മാറുന്ന കാടുകള്‍. ചുരുക്കിക്കളയരുത്!

* 'അതൊന്നുമല്ലടീ, എനിക്ക് ചെറുപ്പത്തില്‍ തന്നെ ചോപ്പ് നിറം ഇഷ്ടമാണ്. ചെറുപ്പത്തില്‍ എല്ലാം ചുവപ്പ് നിറത്തിലുള്ള ഡ്രസുകളാണ് വാങ്ങിയിരുന്നത്. അതും ധരിച്ച് ഉച്ചയ്ക്ക് എവിടെയെങ്കിലും പോകാനിറങ്ങിയാല്‍ അമ്മ ചീത്ത പറയും. നട്ടുച്ചയ്ക്കാണ് ചുവപ്പും ധരിച്ച് അവളുടെ നടപ്പ് എന്നും പറഞ്ഞാണ് ചീത്ത വിളിക്കുന്നത്.'

 

Read more: ഈ ശാലീനതയ്ക്ക് എന്തൊരു ഭാരമാണ്! 

Follow Us:
Download App:
  • android
  • ios