അമേരിക്കൻ സർക്കാർ ഭാഗികമായി സ്തംഭിച്ചു, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള ബജറ്റ് തർക്കമാണ് ഇതിന് കാരണം. അടച്ചുപൂട്ടലിനെ ട്രംപ് സർക്കാർ ഒരവസരമായി കാണുമ്പോൾ ചരിത്രപരമായി ഇത് അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു വിലപേശൽ തന്ത്രം മാത്രമാണ്. 

മേരിക്കൻ സർക്കാർ ഭാഗികമായി സ്തംഭിച്ചു പിന്നെയും. ഡമോക്രാറ്റിക് പാർട്ടിയംഗങ്ങളും റിപബ്ലിക്കൻ അംഗങ്ങളും തമ്മിലെ ബജറ്റ് തർക്കം തന്നെയാണ് കാരണ്. സർക്കാരിന്‍റെ ഏതാണ്ട് 40 ശതമാനം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയെത്തി കാര്യങ്ങൾ. ആരോഗ്യ ഇൻഷുറൻസിലെ സബ്സിഡികളിലാണ് ഡമോക്രാറ്റുകളുടെ വിലപേശൽ. സത്യത്തിൽ ട്രംപാണ് ലക്ഷ്യമെങ്കിലും. കോൺഗ്രസ് അംഗീകരിച്ച പദ്ധതികൾക്കുള്ള പണം പിൻവലിക്കുന്ന ട്രംപിന്‍റെ രീതി അവസാനിപ്പിക്കാമെന്നും ഡമോക്രാറ്റുകൾ വിചാരിക്കുന്നു.

അവസരമായി കണ്ട് ട്രംപ്

റിപബ്ലിക്കൻ പാർട്ടിക്കും ട്രംപിനും ഇതൊരു അവസരമാണ്. ഡമോക്രാറ്റ് ഭൂരിപക്ഷ സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകൾ ട്രംപിന്‍റെ ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തു. റിപബ്ലിക്കൻ പാർട്ടിക്കാണ് കോൺഗ്രസിൽ ഭൂരിപക്ഷം. പക്ഷേ, സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ട് വേണം. അതില്ല, അവശ്യ സർവീസുകൾ തുടരും. ആശുപത്രി സേവനങ്ങൾ, എയർട്രാഫിക് കൺട്രോൾ, അതിർത്തി സേന, നിയമപാലകർ, ഇമിഗ്രേഷൻ, കസ്റ്റംസ് ഇതൊക്കെ അതിൽപ്പെടും. സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾക്കും തടസമുണ്ടാവില്ല.

പക്ഷേ, ഇതിലൊന്നും പെടാത്ത അവശ്യമല്ലാത്ത സർവീസുകളിലെ ജീവനക്കാരാണ് പെട്ടുപോവുക. കരാറുകാരും ഇതിന് പുറത്താണ്. ഭക്ഷ്യപദ്ധതി, പ്രത്യേകിച്ച് പ്രീസ്കൂൾ പദ്ധതികൾ ചിലപ്പോൾ നിലയ്ക്കും. സ്കൂളുകളുടെ നടത്തിപ്പ് സംസ്ഥാനങ്ങൾക്കാണെങ്കിലും ഗ്രാന്‍റുകളും വിദ്യാർത്ഥികൾക്കുള്ള വായ്പകളും ഫെഡറൽ സർക്കാരിന്‍റെതാണ്. അതും നിലയ്ക്കും. പക്ഷേ, കോൺഗ്രസ് അംഗങ്ങൾക്ക് ശമ്പളം കിട്ടും. അത് വിമർശിക്കപ്പെട്ടിട്ടുണ്ട് മുമ്പും. ഒരു സർക്കാരും അതിനെതിരെ വാളെടുത്തിട്ടില്ല.

മുമ്പും സർക്കാരുകൾ സ്തംഭിച്ചിട്ടുണ്ട്. പക്ഷേ അത് കഴിയുമ്പോൾ എല്ലാം പഴയ പോലെയാകും. ഇത്തവണത്തെ വ്യത്യാസം ട്രംപ് സർക്കാരിന് ഈ അടച്ചുപൂട്ടലിൽ സന്തോഷമാണ്. ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗമായി കാണുന്നു. അവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരെ സ്ഥിരമായി പിരിച്ചുവിടുമെന്നാണ് ട്രംപ് സർക്കാർ ഭീഷണി മുഴക്കിയത്. പക്ഷേ, ഡമോക്രാറ്റുകൾ വിട്ടുകൊടുക്കാൻ തയ്യാറല്ല. ട്രംപിന്‍റെ താരിഫുകൾ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥക്ക് തന്നെ കനത്ത അടിയാണ്. അടച്ചുപൂട്ടൽ അതിരട്ടിയാക്കി എന്നതിൽ സംശയമില്ല.

അടച്ചുപൂട്ടി വിലപേശൽ

മറ്റ് രാജ്യങ്ങളിൽ അടച്ചുപൂട്ടൽ എന്നാൽ, അടിയന്തര സാഹചര്യമാണ്. യുദ്ധമോ, അധിനിവേശമോ അട്ടിമറിയോ പോലെ. പക്ഷേ, അമരിക്കയിൽ അത് വിലപേശലിനുള്ള സമയമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലെ വിലപേശൽ. പ്രതിപക്ഷത്തിന്‍റെ ശക്തിതെളിയിക്കൽ. രാജ്യത്തിന്‍റെ സ്ഥാപക നേതാക്കൾ ഈ രീതി ഏ‍ർപ്പെടുത്തിയത് സമവായത്തിനും പുനരാലോചനകൾക്കും വഴിതെളിക്കാനാണ്. പക്ഷേ, ഇപ്പോഴതിന് പകരം വിലപേശലാണ് നടക്കുന്നതെന്ന് മാത്രം. അതിന് കാരണമായത് ജിമ്മി കാർട്ടറിന്‍റെ കാലത്ത് നിയമത്തിലുണ്ടായ പുനർവായനയാണ്. ബജറ്റില്ലെങ്കിൽ ചെലവാക്കാൻ പണമില്ലെന്ന രീതി അന്ന് നടപ്പായി.

അടച്ചുപൂട്ടൽ ഇതിനുമുമ്പുണ്ടായത് 2018-ലാണ്. ട്രംപിന്‍റെ ആദ്യ ഊഴത്തിൽ. അത് 35 ദിവസം നീണ്ടു. ചരിത്രത്തിലേറ്റവും നീണ്ടത്. മെക്സിക്കൻ അതിർത്തിയിലെ മതിലായിരുന്നു അന്നത്തെ തർക്കവിഷയം. ഒരുമാസം ശമ്പളമില്ലാതെ പണിയെടുത്ത എയർ ട്രാഫിക് കൺട്രോളർമാർ അവധിയെടുക്കാൻ തുടങ്ങിയതോടെ നടപടിയുണ്ടായി. അന്ന് 11 ബില്യനാണ് വരുമാന നഷ്ടമുണ്ടായത്. 1995-ൽ ബിൽ ക്ലിന്‍റന്‍റെ കാലത്താണ് 21 ദിവസം സർക്കാർ സ്തംഭിച്ചത്. ഒബാമയുടെ കാലത്ത് 16 ദിവസം. റീഗന്‍റെ കാലത്ത് 8 പ്രാവശ്യം സർക്കാർ സ്തംഭിച്ചു. ഒന്നും പക്ഷേ, അധിക കാലം നീണ്ടില്ല.