രെ നിന്നേ കാണാം പുകച്ചുരുളുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഓടു വീട്. കോലായില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന മൊന്തയും കിണ്ടിയും. പഞ്ചാരമണല്‍ വിരിച്ച, അടിച്ചു വൃത്തിയാക്കിയ മുറ്റം.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

എന്നെ തീവ്രമായി തളച്ചിടുന്ന ഓര്‍മ്മകളിലൊന്ന് വടക്കുമ്പുറത്തെ വീട്ടിലെ ഒഴിവുകാലമാണ്. 

പരീക്ഷ കഴിയുന്ന ദിവസം തന്നെ എന്നെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവാന്‍ അപ്പൂപ്പന്‍ എത്തിയിട്ടുണ്ടാവും വീട്ടില്‍. അന്ന് ഇതുപോലെ ഒരുപാട് ബസ്സൊന്നുമില്ല. 

ഒരു കയ്യില്‍ ഞാന്‍. മറുകയ്യില്‍ എന്റെ ഉടുപ്പുകള്‍ നിറച്ച ബാഗ്. അപ്പൂപ്പന്‍ ധൃതിയില്‍ നടക്കും. വഴിയില്‍ കാണുന്നവരോടൊക്കെ ചിരിച്ചും സംസാരിച്ചും ഗോതുരുത്ത് കടവിലെത്തും. വഞ്ചി അക്കരെയാണെങ്കില്‍ ഇങ്ങോട്ടെത്തും വരെ ഞാന്‍, മുന്‍പെങ്ങോ താഴെ വീണ് ജീര്‍ണ്ണിച്ചു തുടങ്ങുന്ന തെങ്ങിന്‍ തടിയില്‍ ഇരുന്ന് ആകാശം മുട്ടെ പറക്കുന്ന കുഞ്ഞു കിളികളെയെണ്ണും. അപ്പോഴേക്കും മാനം നിറയെ സന്ധ്യയുടെ ചുവപ്പ് പടരുന്നുണ്ടാകും.

അക്കരെ കടന്നാലുടന്‍ അതുവരെയുള്ള സങ്കടമെല്ലാം ഞാന്‍ മറക്കും. മനസ്സ് തുടി കൊട്ടും. തോട്ടും വക്കിലൂടെ കൂവച്ചെടികളെയും മുളക് ചെമ്പരത്തികളെയും വകഞ്ഞു മാറ്റി നടക്കുമ്പോള്‍ പരിചയക്കാരോട് അവര്‍ ചോദിക്കാതെ തന്നെ അപ്പൂപ്പന്‍ പറയും. 'കൊച്ചുമോളാ, നന്ദനന്റെ മകള്‍. പരീക്ഷ കഴിഞ്ഞു. ഇനിയിപ്പോ രണ്ടു മാസത്തേക്ക് തറവാട്ടിലേക്ക് കൊണ്ടു പോവുകയാ.' 

അവര്‍ ചിരിച്ചിട്ട് നടന്നു മറയും. തോട്ടിലൂടെ ചെറുവള്ളത്തില്‍ കക്കയും മീനുമായി വരുന്നവരുടെ കൂവല്‍.  മീന്‍ വാങ്ങാന്‍ ചട്ടിയും കലവുമൊക്കെയായി വീട്ടില്‍ നിന്ന് ഇറങ്ങി വരുന്ന അമ്മമാര്‍. ഇതെല്ലാം സ്ഥിരം കാഴ്ചകളാണ്. തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് പിങ്ക് നിറമുള്ള കപ്പലണ്ടി മിഠായിയും നാരങ്ങാ മിഠായിയും അപ്പൂപ്പന്‍ വാങ്ങിത്തരും. പിന്നെ തിടുക്കം കൂട്ടി നടക്കും. അടുത്താണ് ബോബി സിനിമാ തീയറ്റര്‍. ഇടക്കൊക്കെ ഞങ്ങള്‍ അവിടെ സിനിമക്ക് പോകാറുണ്ട്.


വടക്കുംപുറം കവലയില്‍ എത്തുമ്പോള്‍ വൈദ്യശാലയിലെ മരുന്നുകളുടെയും കഷായങ്ങളുടെയും അരിഷ്ടങ്ങളുടെയും മണം മൂക്കിലേക്ക് തുളച്ചു കയറും. അവിടെയാണ് ബേബി ഡോക്ടറുടെ ഡിസ്പെന്‍സറി. ഒരുവിധം അസുഖങ്ങള്‍ക്കൊക്കെ ആ പ്രദേശത്തുള്ളവര്‍ ചികിത്സ തേടുന്നത് അവിടെയാണ്. ചെറുകിട കര്‍ഷകര്‍ വഴിയോരങ്ങളില്‍ നടത്തുന്ന കച്ചവടങ്ങളും അവിടത്തെ തിരക്കുമൊക്കെ കണ്ട് നടന്ന് ചെല്ലുന്നത് കൊച്ചങ്ങാടിയിലാണ്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും വലിയ മാറ്റങ്ങള്‍ സംഭവിക്കാത്ത ഇടം. 

ചായക്കടകളും ചെറിയ സ്റ്റേഷനറി കടകളും സലൂണുകളും ഒരു മാറ്റവുമില്ലാതെ ഇപ്പോഴുമുണ്ട്. പിന്നെ ഒരു കപ്പേള. അവിടെ മെയ് മാസം മുഴുവന്‍ നൊവേനയുണ്ടാകും. അതുകഴിയുമ്പോള്‍ കിട്ടുന്നൊരു പാച്ചോറുണ്ട്. അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. മിക്കവാറും അപ്പൂപ്പന്‍ പരുത്തിയിലയില്‍ പൊതിഞ്ഞു കൊണ്ടു വരുന്ന പാച്ചോറ് കഴിക്കാന്‍ ഞങ്ങള്‍ കുറേ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാകും.

അങ്ങാടിയില്‍ നിന്ന് ഇടത്തേക്കു തിരിയുമ്പോള്‍ ഒരു ഐ എം ഇ ട്യൂഷന്‍ സെന്റര്‍ ഉണ്ട്. അതിന്റെയിടയിലൂടെ ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയിലുള്ള വഴി അവസാനിക്കുന്നത് തറവാട്ടിലാണ്. വഴിയിലെ ആദ്യത്തെ വീട് ഉഷച്ചേച്ചിയുടേതാണ്. കാണുമ്പോഴേ ഓടിയെത്തും ചേച്ചി. ശരിക്കും ചെവി കേള്‍ക്കില്ല. വിശേഷങ്ങള്‍ ചോദിക്കും. ഉറക്കെ പറയേണ്ടി വരും. പിന്നെ സീനച്ചേച്ചിയുടെ വീട്. അതും കടന്നെത്തുമ്പോഴേക്കും തറവാടായി. 

ദൂരെ നിന്നേ കാണാം പുകച്ചുരുളുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഓടു വീട്. കോലായില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന മൊന്തയും കിണ്ടിയും. പഞ്ചാരമണല്‍ വിരിച്ച, അടിച്ചു വൃത്തിയാക്കിയ മുറ്റം. വീടിനു ചുറ്റും സന്ധ്യയില്‍ കൂമ്പിയ മുളക് ചെമ്പരത്തികളും ഗന്ധകരാജന്‍ പൂക്കളും. പഞ്ചാരമണലിലേക്ക് പൊഴിഞ്ഞ ലാങ്കി ലാങ്കികള്‍. എന്തൊരു വാസനയാണവയ്ക്ക്. 

മുട്ടപ്പഴങ്ങള്‍ പഴുത്തു വീണിട്ടുണ്ടാകും. ആ മരങ്ങള്‍ക്കപ്പുറം ഒരു കുളമുണ്ട്. കുളക്കരക്ക് ചുറ്റും റോസും പിച്ചിയും പൂവിട്ടു നില്‍ക്കുന്നുണ്ടാകും. അതിന്റെ അറ്റത്തായി പനിക്കൂര്‍ക്കയും തുളസിയും.

ശ്രീദേവി അമ്മായി ഓടി വന്ന് കെട്ടിപ്പിടിക്കും. അംബിക അമ്മായി ഉള്ളിലുദിച്ച ചിരി ഒളിപ്പിക്കാന്‍ ശ്രമിക്കും. രണ്ടു പേരും ജന്മനാ സുഖമില്ലാത്തവരാണ്. സരള അമ്മായി മുറ്റവും ഇറയവും അകവുമെല്ലാം വെള്ളം തളിക്കുന്നുണ്ടാവും. സന്ധ്യക്ക് വിളക്ക് വെക്കാനുള്ള ഒരുക്കത്തിലാവും അമ്മായി. ഞങ്ങളെ കാണുമ്പോള്‍ മിക്കവാറും പറയും. 'അപ്പാ, സന്ധ്യക്ക് മുന്നേ വീട്ടിലേക്കെത്തിക്കൂടെ, കൊച്ചിനേം കൊണ്ട് വരികയല്ലേ, ഇരുട്ട് വീണല്ലോ...'

ഇനിയുമുണ്ടൊരാള്‍, എന്റെ അമ്മൂമ്മ. പൊന്നി എന്നാണ് പേര്. ഒരിക്കലും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. ആരൊക്കെ എത്രയൊക്കെ പ്രകോപിപ്പിച്ചാലും ആ മുഖത്തെ സൗമ്യഭാവം മായില്ല. ആരെയെങ്കിലും മാതൃകയാക്കണമെന്ന് തോന്നിയാല്‍ വേഗം മനസ്സില്‍ വരുന്ന മുഖം അമ്മൂമ്മയുടേതാണ്. അന്നൊക്കെ തറവാട്ടില്‍ എപ്പോഴും വിരുന്നുകാരുണ്ടാവും. പണ്ടത്തെ നാളുകള്‍ പട്ടിണിയുടെയും ദുരിതങ്ങളുടെയും ആണെന്നിരിക്കെ തന്നെ വീട്ടിലുള്ളവരെയും വിരുന്നു വരുന്നവരെയും അമ്മൂമ്മ നിറച്ചൂട്ടിയിരുന്നു. 

വലിയ വട്ടമുള്ള പാത്രങ്ങള്‍ നിരത്തി വെച്ച് ചിരട്ടത്തവി കൊണ്ട് ചോറ് വിളമ്പി അതിന് മുകളില്‍ കറി കോരിയൊഴിക്കും. മുളകും ഉള്ളിയും പുളിയും ഉപ്പും ചേര്‍ത്ത് ഉരലില്‍ ഇടിച്ച ചമ്മന്തിയില്‍ വെളിച്ചെണ്ണയൊഴിച്ചു മയപ്പെടുത്തി, ചോറിന്റെ ഒരു വശത്ത് അടുപ്പില്‍ ചുട്ട ഓരോ പപ്പടവും കൂടെ വിളമ്പും. അവസാനം ഒരു ചെറിയ ലോട്ട നിറയെ അത്യാവശ്യം ചൂടുള്ള ഉപ്പിട്ട കഞ്ഞിവെള്ളം കൂടി. 'കഞ്ഞി വെള്ളം മുഴുവനും കുടിക്കണം എന്നാലേ ശരീരത്തിന് ഉണര്‍വ്വുണ്ടാകൂ'-അമ്മൂമ്മ പറയും. 

നിറഞ്ഞ മനസ്സോടെ എല്ലാവരെയും ഊട്ടുന്ന അമ്മൂമ്മയുടെ ചിത്രം എപ്പോഴും മനസ്സിലുണ്ട്. അമ്മൂമ്മയും അപ്പൂപ്പനും സരള അമ്മായിയും അംബിക അമ്മായിയും ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല.

ഞങ്ങളുടെ അവധിക്കാലം കാത്തിരിക്കുന്നവരായിരുന്നു അപ്പൂപ്പനും അമ്മൂമ്മയും. ചേച്ചി വെക്കേഷന് കൂടുതലും നില്‍ക്കാറുള്ളത് അമ്മയുടെ വീട്ടിലാണ്. അനിയനും ചിലപ്പോഴൊക്കെ മാത്രമേ തറവാട്ടില്‍ നില്‍ക്കാന്‍ വരൂ. അവന് അച്ഛനും അമ്മയും എപ്പോഴും കൂടെ വേണം. എന്നാലും ചേച്ചിയും അനിയനും ചിലപ്പോഴൊക്കെ എനിക്കൊപ്പം തറവാട്ടില്‍ നില്‍ക്കാന്‍ വരാറുണ്ട്. 

എന്റെ കൂട്ടുകാര്‍ തറവാടിന് കുറച്ച് അടുത്ത് തന്നെ താമസിക്കുന്ന വല്യച്ഛന്റെ മക്കളാണ്. അപ്പൂപ്പന്‍ ഇടക്കൊക്കെ എന്നെ അവിടേക്കും കൊണ്ടു പോകും. അങ്ങോട്ടുള്ള വഴിയിലെ ചെറിയ കുളങ്ങളും അവയില്‍ മെടയാനായി കുതിര്‍ത്തി ഇട്ടിരിക്കുന്ന ഓലകളുടെയും, കയറുണ്ടാക്കാനായി തല്ലി പതം വരുത്തിയ മടലിന്റെയും മണം ഗൃഹാതുരത്വം ഉണര്‍ത്തും. ചകിരിച്ചോറുകള്‍ കുന്നുകൂടിയ മലകള്‍ എന്നില്‍ കൗതുകം നിറക്കും. അവിടെ ചെല്ലുമ്പോള്‍ വല്യച്ഛന്റെ മക്കള്‍ അടുത്തുള്ള വീനസ് സിനിമാ തീയേറ്ററില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോകാറുണ്ട്.

ഷാജിപ്പാപ്പനും കൃഷ്ണപ്പാപ്പനും ചിറ്റമാരും പിന്നെ ഷൈനിയും ഷൈബിയും ഹര്‍ഷയും കുക്കുവുമെല്ലാം തറവാടിനെ കൂടുതല്‍ സുന്ദരമാക്കുന്ന ഘടകങ്ങളായിരുന്നു. എല്ലാവരും വീട് വെച്ച് മാറിയതില്‍ പിന്നെ ഞങ്ങളെല്ലാവരും തറവാട്ടില്‍ വെക്കേഷന് മാത്രം എത്തുന്ന വിരുന്നുകാരായി. 

മൂത്തകുന്നത്തും ചക്കമരശ്ശേരിയിലും ഉത്സവം കാണാന്‍ ഞങ്ങളെല്ലാവരും കൂടെ പോകുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

സങ്കടം തോന്നുമ്പോള്‍ കണ്ണുകളടച്ച് ഈ ഓര്‍മ്മകളിലൂടെയൊക്കെ കടന്നു പോകാറുണ്ട് ഇപ്പോഴും ഞാന്‍. 

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം