അങ്ങനെ ഒരു ദിവസമാണ് ചിഞ്ചു അവള്‍ക്ക് അറിയാമായിരുന്ന ഒരു വിചിത്രമായ വിശ്വാസം എനിക്ക് പറഞ്ഞു തന്നത്. ആറ്റില്‍ ഒഴുകിവരുന്ന ആഫ്രിക്കന്‍ പായലിന്റെ ഒരു ഇതള്‍ എടുത്ത് മനസ്സില്‍ ഒരു ആഗ്രഹം ചൊല്ലി ഒഴുക്കി വിട്ടാല്‍ അത് സാധിക്കും!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

ബാല്യത്തിലേക്ക് ഒരു ബസ് ടിക്കറ്റ്! ചിലപ്പോഴൊക്കെ മനസ്സിലേക്ക് വന്നു കയറുന്ന ഒരാഗ്രഹമാണത്.  പ്രധാനമായും വേനലവധിക്കാലം ആസ്വദിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍. ഒരു തിരിച്ചുപോക്ക് അസാധ്യമാണെങ്കിലും എന്റെ മനസ്സ് ഇടയ്ക്കിടെ ആ പഴയ മാമ്പഴക്കാലത്തിലേക്ക് യാത്ര പോയിവരാറുണ്ട്. അന്നത്തേതു പോലെ കളികളും കൂട്ടും കുസൃതിയുമൊക്കെ ഇന്നുണ്ടോ ആവോ!

ഏറെ കൊതിയോടെ ഞാന്‍ കാത്തിരുന്നിരുന്നത് നവോദയ സ്‌കൂളില്‍ പഠിച്ചിരുന്ന എന്റെ ചേച്ചിയുടെ വരവിനായാണ്. അവള്‍ എത്തിയാല്‍ പിന്നെ എന്തിനും ഇരട്ടി ആവേശമാണ്. കുരുത്തക്കേടിനും കുസൃതിക്കും ഒരു കൂട്ടുപ്രതി ഉണ്ടല്ലോ!

വാകപ്പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന വീടിനടുത്തുള്ള ചെറിയ വഴിയൊന്നുണരുന്നത് അപ്പോഴാണ്. 'സ്വപ്നക്കൂട്' സിനിമയിലെ മീരാജാസ്മിനും ഭാവനയും പോലത്തെ സഹോദരികള്‍ എന്ന് സ്വയം പ്രസ്താവിച്ച് വിവിധതരം ഡ്രസ്സുകള്‍ മാറിമാറിയിട്ട് അതുവഴി സൈക്കിള്‍ ചവിട്ടുക, വഴിയില്‍ കാണുന്ന കാട്ടുപൂക്കളൊക്കെ സൈക്കിളിന്റെ ബാസ്‌കറ്റില്‍ വെച്ച് അലങ്കരിക്കുക, മറ്റു കൂട്ടുകാര്‍ക്കൊക്കെ പൂക്കൂട വില്‍ക്കുക, ആഹാ എന്ത് രസം!

അച്ഛന്റെ ഒപ്പം നാട് ചുറ്റാന്‍ ഇറങ്ങുന്നതും, ബദാം കാ പൊട്ടിക്കുന്നതും, വിഷുക്കണി ഒരുക്കുന്നതും, മീന്‍ പിടിക്കുന്നതും, നീന്താന്‍ ഇറങ്ങുന്നതുമൊക്കെ ഓര്‍മ്മയിലുണ്ട്. എത്ര വിളിച്ചാലും സന്ധ്യ മയങ്ങുവോളം പല കളികളും വിശേഷങ്ങളുമായി വെള്ളത്തില്‍ തുടരും. ഒടുവില്‍ അച്ഛന്റെ കയ്യില്‍ നിന്നും തല്ല് കിട്ടിയാേല വീട്ടിലേക്ക് ഓടൂ. 

അവധിക്കാലങ്ങള്‍ക്ക് കുറച്ചുകൂടി മധുരം പകര്‍ന്ന മറ്റൊരാള്‍  ഉണ്ടായിരുന്നു- ചിഞ്ചു. സമപ്രായക്കാരി കൂടിയായിരുന്ന കളിക്കൂട്ടുകാരി. നാടന്‍ കളികള്‍ ഒക്കെയും പഠിപ്പിച്ചത് അവള്‍ ആയിരുന്നു. വടിസ്റ്റോപ്പ്, തീപ്പെട്ടിപട്ടാമ്പി, സാറ്റ്, ചെക്ക്, വള്ളിചാട്ടം, കൈകറക്കി ഓട്ടം, തെങ്ങില്‍കേറ്റ മത്സരം എന്നിങ്ങനെ നീളും കളികളുടെ ലിസ്റ്റ്. എണ്ണിയാല്‍ തീരാത്ത കളികള്‍ക്കിടയിലെ വിശ്രമവേളകളില്‍ ഞങ്ങള്‍ ഒരുമിച്ച് കല്ലടയാറിന്റെ തീരത്ത് പോയി, വെള്ളത്തിലേക്ക് കാലിട്ട് വര്‍ത്തമാനം പറഞ്ഞിരിക്കും. 

അങ്ങനെ ഒരു ദിവസമാണ് ചിഞ്ചു അവള്‍ക്ക് അറിയാമായിരുന്ന ഒരു വിചിത്രമായ വിശ്വാസം എനിക്ക് പറഞ്ഞു തന്നത്. ആറ്റില്‍ ഒഴുകിവരുന്ന ആഫ്രിക്കന്‍ പായലിന്റെ ഒരു ഇതള്‍ എടുത്ത് മനസ്സില്‍ ഒരു ആഗ്രഹം ചൊല്ലി ഒഴുക്കി വിട്ടാല്‍ അത് സാധിക്കും! പിന്നീട് ഒരുപിടി മോഹങ്ങളും പേറി അകലുന്ന പായല്‍ ഇതളുകളെ നോക്കിയിരിക്കുന്ന സന്ധ്യകള്‍ ഞങ്ങള്‍ക്ക് സ്വന്തമായി.

ഏറ്റവും ആസ്വദിച്ചിരുന്നത് മെയ്മാസപകുതിയില്‍ തുടങ്ങുന്ന ഇടവപ്പാതിയുടെ സമയമായിരുന്നു. മഴക്കാലം! അല്ല മാമ്പഴക്കാലം!

വീടിനു കുറച്ച് അകലെ കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പുണ്ട്, വലിയ പ്രമാണിമാരുടെ സ്ഥലം ആയിരുന്നു അത്. അവിടെയാണ് നാട്ടിലെ കുട്ടികള്‍ക്കൊക്കെ പ്രിയങ്കരമായ ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കരടി മാവിന്റെ സ്ഥാനം.  കല്ലടയാറിന്റെ തീരത്തുള്ള, തെങ്ങും കവുങ്ങും കാട്ടുവള്ളിപടര്‍പ്പുകളും പൊതിഞ്ഞു നില്‍ക്കുന്ന, സൂര്യരശ്മികള്‍ക്ക്  പോലും അപരിചിതമായ ഒരു ചെറു വീഥിയിലൂടെ വേണം അവിടേക്ക് എത്താന്‍. മഴ വീണു തുടങ്ങിയാല്‍ പിന്നെ തലങ്ങും വിലങ്ങും മാമ്പഴം വീഴും. അത് ശേഖരിക്കാന്‍ ഒരു ഓട്ടം ഉണ്ട്. അവിടെ എത്തിയാല്‍ പിന്നെ മത്സരമാണ്, മാമ്പഴം പെറുക്കാന്‍. 

കവര്‍ പോലും എടുക്കാതെയാണ് മിക്കപ്പോഴും പോയിരുന്നത്, ഒടുവില്‍ കയ്യിലുള്ള കുട മലര്‍ത്തി അതില്‍ ശേഖരിക്കും. പിന്നീട് ചേച്ചിയുമായി  മാമ്പഴം പകുത്ത്, ഊറി ഊറി കഴിക്കും. മഴ നനഞ്ഞതിന് വഴക്ക് കേട്ടാലും മാമ്പഴത്തിന്റെ രുചിയില്‍ അതൊക്കെ മറക്കുമായിരുന്നു. അതിനിടയില്‍ ഒരിക്കല്‍ തൊട്ടടുത്ത വീട്ടിലെ ചെക്കന്‍ ഒരു കുട്ടയും കൊണ്ട് മാമ്പഴം പെറുക്കാന്‍ എത്തി. ഇടയ്‌ക്കെപ്പൊഴോ ഞങ്ങളെ അവന്‍ കളിയാക്കി. കൂട്ടത്തില്‍ വഴക്കാളിയായിരുന്ന ഞാന്‍  അവന്റെ അടുത്തേക്ക് ചെന്ന് ഒരു ചെറിയ ചിരി പാസാക്കീട്ട് അവന്റെ കുട്ടയില്‍ നിന്നു മാമ്പഴവും വാരി എടുത്തു തിരിഞ്ഞ് വീട്ടിലേക്ക് ഓടി.

ഇന്ന് അവിടെ ആ മാവില്ല! കാടും മേടും ഒക്കെ കാലത്തിനൊപ്പം മാഞ്ഞു പോയ്‌ക്കൊണ്ടിരിയ്ക്കുന്നു. എന്നാലും, ഒന്നിനും മായ്ക്കാന്‍ കഴിയാത്ത ഒന്നുണ്ട്. ആ ഓര്‍മ്മപ്പൂക്കള്‍. 

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം