പിന്നെ അതൊരു പതിവായി, രണ്ട് ദിവസം കൂടുമ്പോള്‍ കത്തെഴുതും.  പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും ഉണ്ടാവില്ല. പിന്നീടൊരിക്കലും അങ്ങനെ അടുപ്പിച്ചു ആര്‍ക്കും കത്തെഴുതിയിട്ടില്ല.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

മുവാറ്റുപുഴയാണ് അമ്മയുടെ നാട്. കുട്ടിക്കാലത്തെ ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മകള്‍ വെക്കേഷനിലെ മുവാറ്റുപുഴയാത്രകളും അവിടത്തെ താമസവുമാണ്. അമ്മ അദ്ധ്യാപിക ആയിരുന്നത് കൊണ്ട് കൊല്ലപ്പരീക്ഷയുടെ പേപ്പര്‍ നോട്ടവും, പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കലും പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടാം വാരത്തില്‍ ആവും മിക്കവാറും യാത്ര. ഫാമിലി ടൂറുകളൊന്നും ഇന്നത്തെ പോലെ സാര്‍വത്രികമല്ലാത്ത തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഈ യാത്ര വലിയ ആഘോഷമായിരുന്നു. ബാഗ് പാക്ക് ചെയ്യലും, വായിക്കാന്‍ ബാല മാസികകള്‍, ഇടക്ക് കഴിക്കാന്‍ സ്‌നാക്ക്‌സ് ഇതൊക്കെ എടുത്ത് വയ്ക്കല്‍ തുടങ്ങി ഗംഭീര ഒരുക്കങ്ങള്‍.

പുലര്‍ച്ചെ മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് ആറു മണിക്ക് കല്ലടിക്കോടെത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ആണ് യാത്ര. സീറ്റുണ്ടാവുമോ, എല്ലാവര്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ പറ്റുമോ എന്നിങ്ങനെ പല ആധികളാവും ബസ്സില്‍ കയറും വരെ. യാത്ര തുടങ്ങിയാല്‍ പിന്നെ പരിചയമുള്ള സ്ഥലങ്ങള്‍ നോക്കിവയ്ക്കല്‍ ആണ്. കുതിരാന്‍ പിന്നിട്ടാല്‍ ഏതാണ്ട് പകുതി ദൂരം കഴിഞ്ഞു എന്ന ആശ്വാസം. പെരിയാര്‍ മുറിച്ചു കടക്കുന്നതോടെ ഇതാ എത്താറായി എന്ന പ്രതീക്ഷ. രണ്ടു പാലങ്ങളുള്ള മുവാറ്റുപുഴയാര്‍ മുറിച്ച് കടന്ന് മുവാറ്റുപുഴ നഗരത്തിലെത്തുമ്പോള്‍ ഉള്ളില്‍ സന്തോഷത്തിന്റെ സൈറണ്‍ മുഴങ്ങും. ടൗണില്‍ നിന്നും പിന്നെ എട്ട് കിലോമീറ്റര്‍ കൂടെ പോണം അമ്മയുടെ വീട്ടിലേക്ക്.

ബസ് കുറവുള്ള ആ റൂട്ടിലെ ബസില്‍ കേറിപ്പറ്റുക അന്നൊരു സാഹസം തന്നെയായിരുന്നു. അതുകൊണ്ട് ടൗണില്‍ നിന്ന് തന്നെ ചിലപ്പോള്‍ ഓട്ടോ വിളിക്കും. അത്ര ദൂരമുള്ള ഓട്ടോ യാത്ര ഞങ്ങള്‍ക്ക്  വലിയ ഇഷ്ടമായിരുന്നു. ഞങ്ങളുടെ വരവ് കാത്തിരിക്കുന്ന അമ്മമ്മയും അമ്മാവന്‍മാരും, പാലക്കാടന്‍മാരുടെ വരവു കാത്തിരിക്കുന്ന സുഹൃത്തുക്കളും. ഒരു കാറ്റടിച്ചാല്‍ മാമ്പഴം പൊഴിക്കുന്ന മാവുകളും പഴുത്തു നില്‍ക്കുന്ന പൈനാപ്പിളും ചെമ്മീനും മാങ്ങയും കൂട്ടാനും കുട്ടിയും കോലും കളിയും ഭരതമാണോ ഫരതമാണോ ശരിയെന്ന തര്‍ക്കവും കാളിയാറിലെ കുളിയുമൊക്കെയായി ഞങ്ങള്‍ പാലക്കാടന്‍മാര്‍ മോറ്റൂഴക്കാരായി മാറുമ്പോഴേക്കും തിരിച്ചു പോരാറായിട്ടുണ്ടാവും.

വെക്കേഷന്‍ രണ്ടു മാസമാണെങ്കിലും, രണ്ടാഴ്ച്ചയൊക്കെയാണ് സാധാരണ അമ്മയുടെ വീട്ടില്‍ നില്‍ക്കാറ്. 

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വെക്കേഷന്‍ കഴിയുന്നത് വരെ ഞാന്‍ അവിടെ നില്‍ക്കട്ടെ എന്നൊരു നിര്‍ദേശം വരുന്നത്. അര മനസ്സോടെ ഞാന്‍ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ അമ്മയും അനിയനും തിരിച്ചു പോകുന്ന ദിവസം എത്തിയതോടെ വല്ലാത്ത സങ്കടം. അത് വരെ അമ്മയെ വിട്ട് മാറി നിന്നിട്ടില്ല. എന്തായാലും തീരുമാനം മാറ്റിയില്ല, ഏതാണ്ട് ഒരുമാസക്കാലം ഞാന്‍ അവിടെ താമസിച്ചു. വീട്ടില്‍ ഞാന്‍ അല്ലാതെ മറ്റ് കുട്ടികള്‍ ഒന്നും ഇല്ല. 

എങ്ങനെയെങ്കിലും വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചു പോകാന്‍ പറ്റിയാല്‍ മതി എന്നായിരുന്നു ആദ്യമൊക്കെ ആഗ്രഹം എന്നാല്‍ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പതുക്കെ വിഷമം കുറഞ്ഞു. ചന്ദ്രന്‍ എന്നൊരു ചങ്ങാതിയെ കിട്ടി. തൊടിയില്‍ മാടം (കളിപ്പന്തല്‍) കെട്ടിയും, ഉയരം കുറഞ്ഞ മരക്കൊമ്പുകളില്‍ ഇരുന്നു മാസിക കള്‍ വായിച്ചും കൊതിതീരും വരെ മാങ്ങയും പൈനാപ്പിളും കഴിച്ചും ദിവസങ്ങള്‍ നീക്കി. 

അതിനിടെയാണ് വീട്ടില്‍ നിന്നും ഒരു കത്ത് വരുന്നത്. അമ്മയും അനിയനും പോയി ഒരാഴച കഴിഞ്ഞിരുന്നു അപ്പോഴേക്കും. വീട്ടിലെ വിശേഷങ്ങള്‍ വായിച്ച ഉടനെ മറുപടി എഴുതണം എന്നായി. പിന്നെ അതൊരു പതിവായി, രണ്ട് ദിവസം കൂടുമ്പോള്‍ കത്തെഴുതും.  പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും ഉണ്ടാവില്ല. (റോഡ് സൈഡില്‍ നിന്നും അച്ഛന്‍ വാങ്ങിച്ചു കൊണ്ടുവന്ന കളര്‍ മുക്കിയ രണ്ട് കോഴിക്കുഞ്ഞുങ്ങളെക്കുറിച്ച് ആയിരുന്നു ഒരു കത്ത്.) പിന്നീടൊരിക്കലും അങ്ങനെ അടുപ്പിച്ചു ആര്‍ക്കും കത്തെഴുതിയിട്ടില്ല.

വേഗം പോകണം എന്നാഗ്രഹിച്ച വെക്കേഷന്‍, കഴിയാറായപ്പോഴേക്കും ആഗ്രഹം തിരിച്ചായി. അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. അമ്മയുടെ കുട്ടിക്കാലത്ത് പുഴക്കരയിലെ കാവിലും അതിന് ചുറ്റുമുള്ള പാടത്തും ഒക്കെ വെള്ളം കേറുന്നതിനെക്കുറിച്ച് അമ്മ പറഞ്ഞതോര്‍ത്തു അതൊക്കെ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ മഴ കനക്കുന്നതിന് മുന്‍പ് തിരിച്ചു പോരേണ്ടി വന്നിരുന്നു.

മഴ പെയ്തു തോര്‍ന്ന ഒരു മെയ് മാസപ്പുലരിയില്‍ അമ്മാവന്റെ കൈപിടിച്ച് പടികടന്നു പോരുമ്പോള്‍ പുറകില്‍ അമ്മമ്മയുടെ വിതുമ്പല്‍ കേള്‍ക്കാമായിരുന്നു. പിന്നീട് പല വെക്കേഷനുകളിലും ഞാന്‍ അവിടെ ഒറ്റക്ക് നിന്നിട്ടുണ്ടെങ്കിലും ആ കുറച്ചു ദിവസങ്ങള്‍ മനസ്സില്‍ മായാതെ കിടക്കുന്നു. മറ്റൊരു വേനലാവധിക്കാലത്ത് ഇതൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അതൊന്നും പങ്ക് വയ്ക്കാന്‍ അമ്മയും അമ്മമ്മയും ഒന്നും കൂടെയില്ലെന്ന നൊമ്പരം ബാക്കിയാവുന്നു.

 

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം