ഏറ്റവും വലിയ എണ്ണശേഖരമുണ്ടായിട്ടും വെനിസ്വേല കടുത്ത ദാരിദ്ര്യത്തിൽ മുങ്ങിപ്പോയതിന്‍റെ കാരണങ്ങൾ 'ഡച്ച് ഡിസീസ്' എന്ന സാമ്പത്തിക പ്രതിഭാസത്തിൽ തുടങ്ങി രാഷ്ട്രീയ കെടുകാര്യസ്ഥതയിലും അഴിമതിയിലും എത്തുന്നു.  

വെനിസ്വേല. തെക്കൻ അമേരിക്കയിലെ വടക്കേ അറ്റത്തുള്ള രാജ്യം. രാജ്യത്തിന് വടക്ക് കരീബിയൻ കടലും അറ്റ്ലാന്‍റിക് സമുദ്രവും. കിഴക്ക് ഗയാനയും തെക്ക് ബ്രസീലും പടിഞ്ഞാറും തെക്ക് പടിഞ്ഞാറുമായി കൊളംബിയയും. കാരക്കാസാണ് തലസ്ഥാനം. എണ്ണസമ്പത്തിന്‍റെ കാര്യത്തിൽ വെനിസ്വേലയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. എന്നിട്ടും എന്തുകൊണ്ട് രാജ്യം ഇത്ര കണ്ട് ദരിദ്രമായി? 'ഡച്ച് ഡിസീസ്' എന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.

ഡച്ച് ഡിസീസ്

വെനിസ്വേലയെ തോൽപ്പിച്ചത് സാമ്പത്തിക ചരിത്രമാണ്. 303 ബില്യൻ ബാരലോളം വരുന്ന എണ്ണശേഖരം. 1920 -കളിലാണ് അത് കണ്ടെത്തുന്നത്. അതിനുശേഷം എണ്ണ മാത്രമായി ആശ്രയം. പൂർണമായും പെട്രോസ്റ്റേറ്റ് ആയി വെനിസ്വേല. ജനറൽ ജുവാൻ വിസെന്റ് ഗോമസിന് (Gen. Juan Vicente Gómez) കീഴിൽ ഉത്പാദനവും കയറ്റുമതിയും പൊടിപൊടിച്ചു. പക്ഷേ, ഗോമസ് മരിക്കുമ്പോഴേക്ക് വെനിസ്വേയിൽ 'ഡച്ച് ഡിസീസ്' പിടിപെട്ടിരുന്നു.

എണ്ണ കണ്ടെത്തുന്ന രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപം ധാരാളമെത്തും. പ്രാദേശിക കറൻസി മൂല്യം ഉയരും. ഇറക്കുമതി കൂടും. പക്ഷേ, മറ്റ് മേഖലകളിൽ തൊഴിലവസരം കുറയും. കാർഷിക, നിർമ്മാണ മേഖലകൾ ഇടിയും. തൊഴിലില്ലായ്മ കൂടും. എണ്ണയെ കൂടുതൽ ആശ്രയിക്കേണ്ടി വരും. അതുതന്നെയാണ് വെനിസ്വേലയിലും സംഭവിച്ചത്. ആദ്യകാലത്ത് വൻ വളർച്ച.

ജനാധിപത്യവും അട്ടിമറികളും

ഏകാധിപത്യം മാറി ജനാധിപത്യം വന്നത് 1958 -ൽ. പിന്നെയാണ് OPEC (Organization of the Petroleum Exporting Countries) രൂപീകരിച്ചത്. സ്ഥാപകാംഗമായി വെനിസ്വേല. സ്വന്തം എണ്ണക്കമ്പനി രാജ്യത്ത് സ്ഥാപിച്ചു, PDVSA (Petroleum of Venezuela). 1970 -കളിലെ യോം കിപ്പൂർ യുദ്ധവും ഉപരോധവും എണ്ണവില പിന്നെയും കൂട്ടി. ലാറ്റിൻ അമേരിക്കയിലെ തന്നെ ആളോഹരി വരുമാനം ഏറ്റവും കൂടിയ രാജ്യമായി വെനിസ്വേല. വൻതോതിലെ അഴിമതിയും തെറ്റായ നടപടികളും അന്നാണ് തുടങ്ങിയതെന്ന് നിരീക്ഷക പക്ഷം.

1976 -ൽ പ്രസിഡന്‍റ് കാർലോസ് ആൻഡ്രസ് പെരെസ് (Carlos Andres Perez) എണ്ണവ്യവസായം ദേശസാൽക്കരിച്ചു. PDVSA -യെ വിദേശ കമ്പനികളുടെ പങ്കാളിയാക്കി. പക്ഷേ, 1980 -കളിൽ കഥ മാറി. ആഗോള എണ്ണവില ഇടിഞ്ഞു. അതിന്‍റെ കൂടെ നടപടിക്രമങ്ങളിലെ പിഴവുകളും അറ്റകുറ്റ പണികളില്ലാതെ പോയതും തിരിച്ചടിച്ചു. കരകയറാൻ, പെരസ് സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ചു.

പ്രക്ഷോഭമായി മറുപടി. അത് മുതലെടുത്താണ് ഹ്യൂഗോ ഷാവേസ് അട്ടിമറി ശ്രമം നടത്തിയത്. '98 -ൽ പ്രസിഡന്‍റായി. പക്ഷേ, എടുത്ത നടപടികൾ തെറ്റി. എണ്ണയുത്പാദനം കുറഞ്ഞു. ആഭ്യന്തരോത്പാദനം കുത്തനെ ഇടിഞ്ഞു. പിന്നെ മദൂറോയെത്തി. നടപടികൾ പിന്നെയും പിഴച്ചു. എണ്ണവില പിന്നെയും കുറ‍ഞ്ഞു. 2014 -ലെ എണ്ണവില ഇടിവും പിന്നെയെത്തിയ കൊവിഡും കൂടിയായപ്പോൾ മാനുഷിക പ്രതിസന്ധി കടുത്തു.

മറൂദോയുടെ ഏകാധിപത്യം

ജനാധിപത്യരീതി വിട്ട് നിക്കോളാസ് മദൂറോ ഏകാധിപത്യത്തിലേക്ക് വഴുതിവീണു. അധികാരം നിലനിർത്തുക മാത്രമായി ലക്ഷ്യം. 2017 -ലെ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നുവെന്നാണ് ആരോപണം. പക്ഷേ, തെര.കമ്മീഷൻ അത് സമ്മതിച്ചില്ല. പ്രതിപക്ഷ സഖ്യം എതിർത്തെങ്കിലും അവരുടെ നാല് സ്ഥാനാർത്ഥികൾ മദൂറോയെ പിന്തുണച്ചു. അതോടെ സഖ്യനേതാവ് കാപ്രിൽസ് (Henrique Capriles) സഖ്യം വിട്ടു. 2018 -ഓടെ സമ്പദ്‍രംഗം തകർന്നിരുന്നു.

ഭക്ഷണമില്ല, മരുന്നില്ല, നാണ്യപ്പെരുപ്പം. മദൂറോ, പുതിയ കറൻസിയായ പെട്രോ കൊണ്ടുവന്നു. ക്രിപ്റ്റോ കറൻസി. ഫലമുണ്ടായില്ലെങ്കിലും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലും മദൂറോ ജയിച്ചു. അധികാരമേറ്റത് 2019 തുടക്കത്തിൽ. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വയ്ദോ (Juan Guaido) പ്രസിഡന്‍റായി സ്വയം പ്രഖ്യാപിച്ചു. അമേരിക്കയും മറ്റ് ചില നേതാക്കളും ഗ്വയ്ദോയെ അംഗീകരിച്ചു. റഷ്യയും മറ്റ് ചിലരും നിരാകരിച്ചു.

സന്നദ്ധ സംഘടനകൾ കൊണ്ടുവന്ന ഭക്ഷണം അടക്കമുള്ള സഹായം അട്ടിമറി ശ്രമമെന്നാരോപിച്ച് മദൂറോ സർക്കാർ അതിർത്തിയിൽ തടഞ്ഞിരിക്കുകയായിരുന്നു. അത് കടത്തി വിടാൻ ഗ്വയ്ദോയും സഹായികളും ശ്രമിച്ചു. മദൂറോയുടെ പൊലീ്സ് സമ്മതിച്ചില്ല. മാനുഷിക പ്രതിസന്ധി പൂർണമായും അവഗണിക്കുകയായിരുന്നു മദൂറോ.

ഉപരോധം, സാമ്പത്തിക പ്രതിസന്ധി

2014 -ന് ശേഷം 80 ലക്ഷം വെനിസ്വേലക്കാർ അയൽരാജ്യങ്ങളിലേക്കും അതിനുമപ്പുറത്തേക്കും പലായനം ചെയ്തുവെന്നാണ് കണക്ക്. രാജ്യത്തെ 28 മില്യൻ ജനങ്ങളും ദാരിദ്ര്യത്തിലാണ്. ആളോഹരി വരുമാനം കൂടിനിന്ന രാജ്യത്തിന് കടബാധ്യതയായി സമ്പാദ്യം. നാണ്യപ്പെരുപ്പം ആകാശം തൊട്ടു. 2023 -ൽ അത് 190 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറികളും മനുഷ്യാവകാശ ലംഘനവും കാരണം അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആഘാതം ഇരട്ടിയായി. ഉപരോധത്തിന് ഇടക്ക് ചില ഇളവുകൾ നൽകിയിരുന്നു അമേരിക്ക. പക്ഷേ, തെരഞ്ഞെടുപ്പ് അട്ടിമറി കാരണം അത് പിൻവലിച്ചു.

ഗ്വയ്ദോയും സംഘവും ഇതിനിടെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു. പക്ഷേ, സുരക്ഷാ സംവിധാനങ്ങൾ മദൂറോയ്ക്കൊപ്പമായിരുന്നു. ശ്രമം പരാജയപ്പെട്ടു. നോർവേയുടെ മധ്യസ്ഥതയിൽ മദൂറോയും പ്രതിപക്ഷവും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഫലം കണ്ടില്ല. പ്രതിപക്ഷം ബഹിഷ്കരിച്ച 2020 -ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലും മദൂറോയുടെ പാർട്ടി തന്നെയാണ് വിജയിച്ചത്. പക്ഷേ, രാജ്യത്ത് ദാരിദ്ര്യം രൂക്ഷമായി. സർക്കാർ നൽകുന്ന ഭക്ഷണപ്പൊതികളായി ജനത്തിന്‍റെ ആശ്രയം. കൊവിഡും കൂടിയെത്തിയപ്പോൾ കാര്യങ്ങൾ ഗുരുതരമായി. അതാവണം മദൂറോ, വീണ്ടും ചർച്ചകൾക്ക് തയ്യാറെന്നറിയിച്ചു. പക്ഷേ, 2022 -ൽ ദേശീയ അസംബ്ലി ഗ്വയ്ദോയെ പുറത്താക്കി. ഗ്വയ്ദോ രൂപീകരിച്ചിരുന്ന സർക്കാരിനെയും പിരിച്ചുവിട്ടു. പകരം മൂന്നംഗ സംഘം രൂപീകരിച്ചു. ഒന്നും സംഭവിച്ചില്ല. പ്രതിസന്ധിയിൽ നിന്ന് വെനിസ്വേലക്ക് കരകയറാനായില്ല. ഇപ്പോഴെത്തി നിൽക്കുന്നത് അമേരിക്കൻ അധിനിവേശത്തിലും.

പ്രഖ്യാപനം വന്നു, പക്ഷേ...

രണ്ടാമതൊരു ആക്രമണം ഒഴിവാക്കിയത് ഇപ്പോഴത്തെ സർക്കാർ സഹകരിച്ചതോടെയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ്. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് പ്രഖ്യാപനം. രാഷ്ട്രീയ കുറ്റവാളികളെ വിട്ടയക്കാമുള്ള സർക്കാർ തീരുമാനത്തെയും ട്രംപ് പ്രശംസിക്കുന്നു. എണ്ണവ്യവസായ മേഖലയിൽ 100 ബില്യൻ ഡോളർ നിക്ഷേപിക്കും അമേരിക്കൻ കമ്പനി എന്നാണ് പ്രസിഡന്‍റിന്‍റെ അറിയിപ്പ്. പക്ഷേ, എണ്ണയുത്പാദനത്തിന് ആദ്യം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നുള്ളപ്പോൾ അത്രയും നിക്ഷേപത്തിന് തയ്യാറാകുമോ കമ്പനികളെന്ന് സാമ്പത്തിക വിദഗ്ധർക്ക് സംശയമുണ്ട്. എന്തായാലും അന്താരാഷ്ട്ര വിപണിയിൽ വെനിസ്വേലൻ എണ്ണയ്ക്ക് കൽപ്പിച്ചിരുന്ന ഉപരോധം പിൻവലിക്കുകയാണ് അമേരിക്ക.