ട്രംപിന്‍റെ താരിഫിനെ മറികടക്കാന്‍ ലോകരാജ്യങ്ങളെ ഒപ്പം കൂട്ടാനായി ഷി ജിന്‍പിങ് തന്നെ മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. പക്ഷേ, ചൈനയോടുള്ള അവിശ്വാസം തടസം നില്‍ക്കുന്നു. ഇതിനിടെ വിയറ്റ്നാം ചൈനയിലേക്കുള്ള പാലം വലിക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വായിക്കാം ലോകജാലകം.
ട്രംപിന്‍റെ തീരുവ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ തിരിച്ചടി യുഎസിനും ചെറുതല്ല. ഡോളർ മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണർ വാഷിംഗ്ടണിലേക്ക് വച്ചുപിടിച്ചു. ചൈന പിന്നെയും ലോക വ്യാപാര സംഘടനയിൽ പരാതി നൽകി. ആദ്യമുയർന്ന യൂറോപ്യൻ ഓഹരി വിപണി പിന്നെയും താഴ്ന്നു. വടംവലിയിൽ ആര് ജയിച്ചാലും നഷ്ടം അവർക്ക് മാത്രമല്ല. ലോകം തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീഴുമോയെന്ന ആശങ്ക വ്യാപകമായിരിക്കുന്നു. അമേരിക്കയായിരിക്കും ഒറ്റപ്പെടുക എന്നാണ് ഷീ ജിങ്പിങിന്‍റെ മുന്നറിയിപ്പ്. തീരുവ യുദ്ധത്തിൽ ആദ്യമായാണ് ഷീയുടെ പ്രതികരണം.
കഠിനാധ്വാനവും സ്വാശ്രയശീലവുമാണ് ചൈനയെ വളർത്തിയത്. പുറമേക്ക് നിന്നുള്ള ശക്തികൾക്ക് അത് തകർക്കാനാവില്ലെന്ന ഷീയുടെ പ്രസ്താവന ചൈനയുടെ നിലപാട് വ്യക്തമാക്കുന്നു. പക്ഷേ, അത് ലോകത്തിന് നൽകുന്ന സന്ദേശമാണ് പ്രശ്നം.
കാര്യങ്ങൾ വേഗത്തിലാക്കാന്‍
മുന്നിട്ടിറങ്ങി ഷീ ജിങ്പിങ്
Read More:യുഎസിന്‍റെ കൈ പിടിച്ച് വളര്‍ന്ന ചൈനീസ് സമ്പദ് വ്യവസ്ഥയെ പിടിച്ച് കെട്ടാന്‍ ട്രംപിനാകുമോ?

Read More: വിപണിയിൽ ട്രംപ് ചുങ്കം; പുതിയ വ്യാപാര ശൃംഖലയ്ക്ക് ചൈന, ഇന്ത്യയുടെ സാധ്യതകൾ
ആദ്യം ചൈന ഇങ്ങോട്ട് വരട്ടെ എന്ന് ട്രംപും, അമേരിക്ക ഇങ്ങോട്ട് വരട്ടെ എന്ന ബീജിംഗും ഉറച്ച് നിൽക്കുന്നു എന്നാണ് റിപ്പോർട്ട്. പക്ഷേ, അമേരിക്കയെ തള്ളി, ഷീ മറ്റ് രാജ്യങ്ങളിലേക്ക് സന്ദർശന പദ്ധതികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി ബിജിംഗിലേക്കെത്തി. വിയറ്റ്നാം, മലേഷ്യ, കംബോഡിയ എന്നിവയാണ് ഷീയുടെ പട്ടികയിൽ. മാസങ്ങളെടുക്കുന്ന യാത്രാ പദ്ധതി തയ്യാറാക്കൽ ഇത്തവണ ദിവസങ്ങൾക്കകം നടന്നു. 'അയൽ രാജ്യങ്ങളുമായി സഹകരണത്തിലൂന്നിയ ഭാവി' എന്നാണ് ഷീയുടെ ഇപ്പോഴത്തെ ആപ്തവാക്യം. വ്യാവസായിക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം പരസ്യമായി തന്നെ പറയുന്നുമുണ്ട്. അമേരിക്കയോടുള്ള വെല്ലുവിളി എന്ന് വായിക്കണം ഇതിനെയെല്ലാം.
അകലുന്ന യുഎസില്‍ നിന്നും,
യൂറോപ്പിനെ കൂട്ടുപിടിക്കാൻ ചൈന
പക്ഷേ, ചൈനയുമായി അങ്ങനെയൊരു സഹകരണത്തിന് എല്ലാവരും തയ്യാറാകുമോ എന്ന സംശയം അവശേഷിക്കുന്നു. ഓസ്ട്രേലിയ ആദ്യമേ തള്ളി. നയതന്ത്രത്തിൽ പലതരം ആയുധങ്ങൾ പയറ്റിയിട്ടുള്ള ചൈനയുടെ യഥാർത്ഥ ലക്ഷ്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് സംശയമാണ്. കൊവിഡ് കാലത്ത് ചൈന ഒറ്റപ്പെട്ടിരുന്നു. വൈറസ് ചൈനയിൽ തുടങ്ങിയതെന്ന സംശയവും, ട്രംപിന്‍റെ 'വുഹാൻ വൈറസ്' (Wuhan virus) ആരോപണവും ചൈന തന്നെ അതിൽ പുലർത്തിയ രഹസ്യസ്വഭാവവും ഒക്കെ തിരിച്ചടിയായി. പിന്നെ, അവശ്യസാധനങ്ങളുടെ കയറ്റുമതികളിലൂടെ രാജ്യങ്ങളെ കൈയിലെടുക്കാൻ ചൈന ശ്രമിച്ചു. പലതിനും നിലവാരമില്ലാത്തത് കൊണ്ട് രാജ്യങ്ങൾ അവ തിരിച്ചയച്ചു.
Read More: അധികാര പരിധി ലംഘിച്ചു; എലൺ മസ്കിന് വഴി പുറത്തേക്കെന്ന് ഡോണൾഡ് ട്രംപ്

Read More: യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ
ബെൽറ്റും റോഡും സംരംഭത്തിലൂടെ (Belt and Road Initiative) ഇറ്റലിയെ കൂട്ടുപിടിച്ച ചൈന, 2019 -ൽ ധാരണയും ഒപ്പിട്ടു. ജി 7 അംഗമായ ഇറ്റലിയുമായുള്ള ധാരണ വലിയ വിജയമായിരുന്നു ചൈനയ്ക്ക്. പക്ഷേ, ഇറ്റലിക്കെന്ത് ലാഭമെന്ന് വ്യക്തവുമായിരുന്നില്ല. റോമിൽ ധാരണയൊപ്പിട്ട ചൈനീസ് പ്രസിഡന്‍റ് പിന്നെപ്പോയത് ഫ്രാൻസിലേക്കും ജർമ്മനിയിലേക്കുമാണ്. അവിടെയെല്ലാം ബില്യൻ കണക്കിന് ഡോളറിന്‍റെ വ്യാപാര കരാറിലുമൊപ്പിട്ടു. ഇറ്റലിയുമായി ഒപ്പിട്ടതിന്‍റെ ഇരട്ടി. ബെൽറ്റ് റോഡ് പദ്ധതിയിൽ ഒപ്പിട്ടതിന്‍റെ പഴി മാത്രം ബാക്കിയായി ഇറ്റലിക്ക്. അമേരിക്കൻ വിരുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന പഴിയും കേട്ടു. ഒടുവിൽ, നാല് വർഷത്തിന് ശേഷം ഇറ്റലി പിൻമാറി. പക്ഷേ, 2024 -ൽ ഉഭയകക്ഷി സഹകരണം വീണ്ടെടുത്തു. കരാറും ഒപ്പിട്ടു.
പക്ഷേ, അവിശ്വാസം ബാക്കി
ചൈനയോടുള്ള അകൽച്ച അമേരിക്കയോടുള്ള അടുപ്പത്തിന്‍റെ പ്രതിഫലനമായിരുന്നു ഇത്രനാളും. ഇപ്പോൾ അമേരിക്ക സ്വയം അകലുന്നുവെന്ന സത്യം ബോധ്യപ്പെട്ടതോടെ ചൈനയോട് അടുക്കും എന്നാവണം ഷീയുടെ കണക്കുകൂട്ടൽ. പെട്ടെന്നൊരു നയം മാറ്റം ഉണ്ടാവില്ല. ചൈനയുടെ വളർച്ചയിലെ വളവുതിരിവുകളിലും യുവാന്‍റെ മൂല്യം പിടിച്ച് നിർത്താന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളിലും യൂറോപ്പിനും എതിർപ്പുണ്ട്. വളർച്ചക്കുള്ള ചവിട്ടുപടിയായേ ചൈന എന്തിനെയും കാണൂ എന്ന വിശ്വാസവും.
വൈദ്യുത വാഹനങ്ങൾക്കും, ബാറ്ററികൾക്കും സ്റ്റീലിനും അലൂമിനിയത്തിനും ചൈന നൽകുന്ന സബ്സിഡി ആഗോള വിപണിയ്ക്ക് ദോഷം ചെയ്യുന്നുവെന്ന കാരണം പറഞ്ഞ്, ഇലക്ട്രിക് വാഹനങ്ങൾക്ക് തീരുവ ചുമത്തിയിരുന്നു യുയു. അതിനുപകരം പോർക്ക്, ബ്രാൻഡി കയറ്റുമതിയിലും പാലുൽപ്പന്നങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു ബീജിംഗ്. ഇനി ഇതിനെല്ലാം പുറമേ അടിസ്ഥാനപരമായ ഭിന്നതകളുമുണ്ട്. അവിശ്വാസത്തിലൂന്നിയ ഭിന്നതകൾ. ചൈനയുടെ മനുഷ്യാവകാശലംഘനങ്ങൾ, റഷ്യക്കും ഇറാനും വടക്കൻ കൊറിയക്കും നൽകുന്ന പിന്തുണ അങ്ങനെ പലതും നിലനിൽക്കുന്നു. അതുകൊണ്ട് ഷീ ഉദ്ദേശിക്കുന്ന പ്രതികരണം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കിട്ടില്ല. പക്ഷേ, സഹകരണം വിപുലമായേക്കാം. അതിന്‍റെ തെളിവുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ചൈനയ്ക്ക് വിയറ്റ്നാം കടിഞ്ഞാണിടുമോ?

Read More: പ്രശ്നത്തിലാകുന്ന അമേരിക്കന്‍ വിദ്യാഭ്യാസം; ട്രംപിന്‍റെ കണ്ണ് വോട്ട് ബാങ്കിൽ
ഇനി വിയറ്റ്നാമിൽ നിന്നുള്ള റിപ്പോർട്ടിലേക്കാണ്. ചൈനയുടെ വിതരണശൃംഖലയിൽ ഉൾപ്പെട്ടിരുന്ന വിയറ്റ്നാം ചൈനയക്ക് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ 46 ശതമാനം തീരുവ ശിക്ഷാ പ്രഖ്യാപനം നീട്ടിവച്ചെങ്കിലും ഇനി അമേരിക്കയെ പ്രകോപിപ്പിക്കാനില്ലെന്ന് വിയറ്റ്നാം തീരുമാനിച്ച് കഴിഞ്ഞു. തങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കയിലേക്കുള്ള ചൈനീസ് ഉൽപ്പന്നകയറ്റുമതിക്കും ചൈനയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം വന്നേക്കും.
വ്യാപാരത്തട്ടിപ്പ് അനുവദിക്കില്ലെന്നാണ് ഔദ്യോഗിക പോർട്ടലിലെ പ്രസ്താവന. അമേരിക്കയുമായി ചർച്ചകൾ തുടങ്ങുന്നുവെന്നും പോർട്ടലിൽ പ്രഖ്യാപനമുണ്ട്. കയറ്റുമതിയെ ഒരുപാട് ആശ്രയിക്കുന്ന വിയറ്റ്നാം തങ്ങൾക്കുമേലുള്ള തീരുവ 22 ഓ 28 ഓ വരെയാക്കിക്കിട്ടാനാണ് ശ്രമിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈനയെ ശത്രുപക്ഷത്താക്കില്ലെങ്കിലും നിയന്ത്രണം പ്രതീക്ഷിക്കണം. വേറെയും പല രാജ്യങ്ങൾക്കും വിയറ്റ്നാമിൽ ഫാക്ടറികളുണ്ട്. അത് ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനാണ്. അത് വാൽക്കഷ്ണം.
നഷ്ടം ഇരുകൂട്ടര്‍ക്കും
ചൈന - യുഎസ് ബന്ധം ഇരുകൂട്ടർക്കും ലാഭമായിരുന്നു. ചൈനയിൽ നിന്നെത്തുന്ന വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ, അമേരിക്കയിലെ ഇടത്തരക്കാർക്ക് അനുഗ്രഹമായി. ഐ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഷൂസ് അങ്ങനെ പലത്. മറുവശത്ത് ചൈനയുടെ നിർമ്മാണരംഗത്ത് വൻവികസനം, ജനത്തിന് തൊഴിൽ, ലാഭം സർക്കാരിന്, അത് വ്യവസായത്തിനും സൈന്യത്തിനും.
പക്ഷേ, അതേസമയം വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അമേരിക്കയുടെ സ്വന്തം ഉൽപ്പന്നങ്ങൾക്കും വ്യവസായങ്ങൾക്കും തിരിച്ചടിയായി. അമേരിക്ക സ്വന്തം വിപണി തുറന്ന് കൊടുത്തപ്പോൾ മറ്റൊരു കണക്കുകൂട്ടലുണ്ടായിരുന്നു എന്നാണ് അരമന രഹസ്യം. സാമ്പത്തിക വികസനം ബീജിംഗിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഉരുക്കുമുഷ്ടി തള്ളിക്കളയാൻ ജനത്തെ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടൽ. കമ്മ്യൂണിസമേ ഇല്ലാതാകുമെന്ന കണക്കുകൂട്ടൽ. പക്ഷേ, അത് മാത്രം ഉണ്ടായില്ല. പകരം, അമേരിക്ക സ്വന്തം ശത്രുവിനെ പനപോലെ വളർത്തി, തന്നെയും വെല്ലുന്ന സമ്പത്തിക ശക്തിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു ചൈനീസ് വിരുദ്ധർ.എന്തായാലും ഇപ്പോഴത്തെ വ്യാപാര യുദ്ധത്തിന്‍റെ പ്രത്യാഘാതം ഇരുരാജ്യങ്ങളിലെയും ജനം അനുഭവിക്കും. തൊഴിലില്ലായ്മയിൽ നിന്നുണ്ടാകുന്ന അസന്തുഷ്ടി ബീജിംഗിനും താൽപര്യമില്ലാത്തതാണ്. അടിച്ചമർത്താൻ പ്രയാസവും. വിലക്കയറ്റമാണ് അമേരിക്ക നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി.
