ഹൗറ: മരിച്ചെന്ന് കരുതിയാള്‍ തിരിച്ചുവരുക, വീട്ടുകാര്‍ നോക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നു. സിനിമയിലെ തമാശ രംഗമാണെന്ന് കരുതരുത്, ബംഗാളിലെ ഹൗറയില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. ചൊവ്വാഴ്ച ഹൗറയിലെ ആശുപത്രിയിലാണ് ഈ സംഭവം അരങ്ങേറിയത്.

സംഭവം ഇങ്ങനെയാണ്: കടുത്ത ക്ഷയരോഗവും ആസ്മയും ബാധിച്ച് ജയ്‌നാരായണ്‍ പാണ്ഡെ (56) എന്നയാളെ ഒരാഴ്ച മുന്‍പ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബെഡ് നമ്പര്‍ 72ലാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. രോഗം ഭേദമായതോടെ ചൊവ്വാഴ്ച പാണ്ഡെയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സൗജന്യ ഭക്ഷണവും മറ്റും ലഭിച്ചിരുന്ന ആശുപത്രി ജീവിതം ഉപേക്ഷിച്ച് പോകാന്‍ പാണ്ഡെയ്ക്ക് മനസ്സുവന്നില്ല. ആശുപത്രി പരിസരത്ത് ചുറ്റിത്തിരിഞ്ഞ് കിട്ടിയ ഭക്ഷണവും കഴിച്ച് അയാള്‍ ഒരു പകല്‍ ചെലവഴിച്ചു. 

അതിനിടെ, അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഒരു രോഗിയെ കിടത്താന്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ നിലത്ത് കിടത്തിയിരുന്നു. ഇത് കണ്ട പാണ്ഡെ ഈ രോഗിയെ എടുത്ത് താന്‍ ഒഴിഞ്ഞ ബെഡില്‍ കിടത്തി. ഇയാളുടെ പേരോ വിലാസമോ ഒന്നും ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നു. 

അജ്ഞാതനായ വ്യക്തി എന്ന നിലയില്‍ ഇയാളുടെ നെറ്റിയില്‍ 'എക്‌സ്-16' എന്ന് സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഈ രോഗി ചൊവ്വാഴ്ച വൈകിട്ടോടെ മരണമടഞ്ഞു. പാണ്ഡെയുടെ ബെഡില്‍ കിടന്നതിനാല്‍ മരിച്ചത് പാണ്ഡെ തന്നെയാണെന്ന് ആശുപത്രി അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. 

ആശുപത്രിയില്‍ നിന്ന് അറിയച്ചതനുസരിച്ച് വീട്ടുകാര്‍ എത്തുമ്പോള്‍ പാണ്ഡെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്. ഇടയ്ക്ക് അടുത്ത ബെഡില്‍ കിടക്കുന്ന ആളോട് കുശലവും പറയുന്നുണ്ട്. മാലയും റീത്തുമായി ബന്ധുക്കളെ കണ്ടപാടെ പാണ്ഡെ എഴുന്നേറ്റ് ഓടി. പിന്നാലെ വീട്ടുകാരും. ഡോക്ടര്‍മാരും നഴ്‌സുമാരും. എന്തിനേറെ ആശുപത്രി മുഴുവന്‍ പാണ്ഡെയ്ക്ക് പിന്നാലെ ഓട്ടം തുടങ്ങി. അവസാനം ഓടിത്തളര്‍ന്ന പാണ്ഡെയെ വീട്ടുകാര്‍ പിടികൂടി. 

തന്നെ തിരിച്ചുകൊണ്ടുപോകരുതെന്നും ഒന്നും തിന്നാനില്ലാത്ത വീട്ടിലേക്ക് താനില്ലെന്നും പാണ്ഡെ തറപ്പിച്ചു പറഞ്ഞു. ഭാര്യ നേരത്തെ മരിച്ചുപോയ പാണ്ഡെ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയുടെയും പാണ്ഡെയുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെങ്കിലും മനുഷ്യത്തപരമായ പരിഗണനവച്ച് അയാളെ വെറുതെ വിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

വീട്ടില്‍ പോകാന്‍ അയാള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ കഴിയാന്‍ അനുവദിച്ചു. നിരവധി രോഗികളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഒരാളെ കൂടി നോക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം.