അതിനു മുമ്പ് ആന്റിബയോട്ടിക്കിനെ കുറിച്ച് രണ്ടു വാക്ക്. നിങ്ങള്‍ വിചാരിക്കുന്നതു പോലെ കാണുന്ന അസുഖത്തിന് മുഴുവന്‍ എടുത്തു വിഴുങ്ങാനുള്ളതല്ല ആന്റിബയോട്ടിക് ഗുളികകള്‍. ഒരു രോഗം കണ്ടാല്‍, അത് ബാക്റ്റീരിയ ഉണ്ടാക്കിയാണെന്ന് ഡോക്ടര്‍ക്ക് വ്യക്തമായി കഴിഞ്ഞാല്‍, അസുഖം ഉണ്ടാക്കിയിരിക്കാന്‍ സാധ്യതയുള്ള ബാക്റ്റീരിയക്ക് ഉചിതമായ മരുന്ന് ഡോക്ടര്‍ തെരഞ്ഞെടുത്ത് എഴുതിത്തരണം. കഴിക്കുന്ന രോഗിയുടെ രോഗതീവ്രത, പ്രായം, അസുഖം കിട്ടിയിരിക്കാന്‍ സാധ്യതയുള്ള ഉറവിടം (ആശുപത്രിയില്‍ നിന്നും പകരുന്ന അസുഖങ്ങള്‍ക്ക് അല്‍പം തീവ്രത കൂടിയ ചികിത്സ വേണ്ടി വന്നേക്കാം) എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചാണ് മരുന്ന് തീരുമാനിക്കുന്നത്. ഓരോ മരുന്നിനും ഒരു പ്രത്യേക അളവുണ്ട്, അത് ഇത്ര നേരം, ഇത്ര ദിവസം കഴിക്കണമെന്നും പഠനങ്ങള്‍ വഴി തീരുമാനിച്ചിട്ടുണ്ട്.

പിന്നെ നമ്മള്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ അവര് നമ്മളെ നോക്കി പുച്ഛം സ്‌മൈലി ഇടും...

പുച്ഛം സ്‌മൈലി 
ഇത്തരത്തില്‍ മരുന്ന് കഴിക്കുമ്പോള്‍ ഒരു വിധം സൂക്ഷ്മജീവികളൊക്കെ മൃതിയടയും. പ്രശ്‌നം അതല്ല. ഓരോ മരുന്നും കഴിക്കേണ്ട രീതിയില്‍, ആവശ്യമുള്ള ഡോസില്‍ കഴിച്ചില്ലെങ്കില്‍, ബാക്റ്റീരിയ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും. മാത്രവുമല്ല, അവയ്ക്ക് ഈ മരുന്നിനെ അതിജീവിക്കാനുള്ള ശക്തി ലഭിക്കും. അത് തലമുറകള്‍ കൈമാറും. മണിക്കൂര്‍ വെച്ച് വംശവര്‍ധനവ് സംഭവിക്കുന്ന ബാക്റ്റീരിയകളുടെ പല തലമുറകള്‍ തമ്മില്‍ ഈ ജീന്‍ കൈമാറാന്‍ വലിയ കാലതാമസം ഇല്ല. മാത്രമല്ല, ആ വഴിയിലൂടെ നടക്കുന്ന സകല ബാക്റ്റീരിയകള്‍ക്കും ഒരു സാമൂഹ്യസേവനം എന്ന രീതിയില്‍ ഈ റസിസ്റ്റന്റ് ജീന്‍ അങ്ങ് പകരും. ഫലം അഞ്ചു ദിവസം രണ്ടു നേരം കഴിക്കേണ്ട മരുന്ന് നേരെ ചൊവ്വേ കഴിക്കാത്തത് കൊണ്ട് ആ പരിസരത്തുള്ള സകല ബാക്റ്റീരിയകളും ഈ മരുന്നിനെ അതിജീവിക്കും. പിന്നെ നമ്മള്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ അവര് നമ്മളെ നോക്കി പുച്ഛം സ്‌മൈലി ഇടും...

ഇനി സൂപ്പര്‍ബഗുകളെ കുറിച്ച്. ആന്റിബയോട്ടിക് കൊണ്ട് യമപുരി പൂകാത്ത ഈ ദുഷ്ടന്മാര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം രണ്ടു വിഭാഗമാണ്. ഡോക്ടര്‍മാരും രോഗികളും. ഒരു കാരണവശാലും കാടടച്ചു വെടി വെക്കുന്ന രീതിയില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതാന്‍ പാടില്ല. (വൈറല്‍ പനിക്ക് ആന്റിബയോട്ടിക് കിട്ടിയില്ലെന്ന് പറഞ്ഞു ഡോക്ടറെ ചീത്ത വിളിക്കുന്ന രോഗികളും ഉണ്ട്. ഇവര്‍ക്കും തുല്യ പങ്കാളിത്തം) എത്രയൊക്കെ ശ്രദ്ധിച്ചാലും 'survival of the fittest' എന്നും മന്ത്രിച്ചു ബാക്റ്റീരിയ മരുന്നുകളെ അതിജീവിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അവരെ അതിജീവിക്കാന്‍ വിവേകശാലിയായ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. നമ്മുടെ ഭാഗത്ത് നിന്നുള്ള ശ്രദ്ധ അല്‍പം കൂടിയാല്‍ വലിയൊരു പരിധി വരെ ബാക്റ്റീരിയ ഭീകരജീവി ആകുന്നത് തടയാം.

പിന്നെ, ഒരു വിധം മരുന്നുകളോട് 'ഇതൊക്കെ എന്ത്!' എന്ന സമീപനമാണ് ബാക്റ്റീരിയ എടുക്കുക.

ഇതൊക്കെ എന്ത്!' 
മരുന്ന് മുഴുവന്‍ ഡോസും കഴിക്കാതിരിക്കുമ്പോള്‍ ചെറിയ അളവില്‍ ചെല്ലുന്ന മരുന്നിനെ അതിജീവിക്കാന്‍ ഉള്ള ടെക്‌നിക് ബാക്റ്റീരിയക്ക് കിട്ടും. പിന്നെ, ആ വര്‍ഗത്തില്‍ പെട്ട ഒരു വിധം മരുന്നുകളോട് 'ഇതൊക്കെ എന്ത്!' എന്ന സമീപനമാണ് ബാക്റ്റീരിയ എടുക്കുക. മെഡിക്കല്‍ ഷോപ്പില്‍ പോയി രണ്ടു ദിവസത്തിനും ഒരു നേരത്തിനുമൊക്കെ മരുന്ന് തോന്നിയത് പോലെ വാങ്ങി കഴിക്കുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ശരീരത്തിലെ അണുവിനും ചുറ്റുമുള്ള ബാക്റ്റീരിയകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാതെ ഉറക്കം തൂങ്ങി ചുമ്മാ നടക്കും. വീട്ടില്‍ ആര്‍ക്കെങ്കിലും എഴുതിയ ആന്റിബയോട്ടിക് സ്വന്തം ഇഷ്ടത്തിന് വാങ്ങി കഴിക്കുന്നതും വിപരീതഫലം ചെയ്യും. സ്വയം ചികിത്സ ഒരിക്കലും ഗുണം ചെയ്യില്ല. 

നേരത്തെ പറഞ്ഞത് പോലെ, ഈ മരുന്നിനെ എതിര്‍ക്കാന്‍ ജനിതകമായി നേടിയ കഴിവ്, അവ സ്വന്തം തലമുറകള്‍ക്കും അപ്പുറത്ത് വെറുതെ നില്‍ക്കുന്ന മറ്റു ബാക്റ്റീരിയകള്‍ക്കും അങ്ങ് കൊടുക്കും. ചുരുക്കി പറഞ്ഞാല്‍ ആന്റിബയോട്ടിക് ഏല്‍ക്കാത്ത ഒരു ബാക്റ്റീരിയ 'ജനസമൂഹം' പിറന്നു കഴിഞ്ഞു. കാരണക്കാര്‍ ഡോക്ടറോ രോഗിയോ ആയിക്കോട്ടെ, പണി കിട്ടുന്നത് സമൂഹത്തിന് മൊത്തത്തില്‍ ആയിരിക്കും.

എന്തിന് സിസേറിയന്‍ പോലുള്ള സാധാരണ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് പോലും പണികിട്ടാം

ഒരായുധവും ഏശാത്ത ഗുണ്ടകള്‍
ഒരു മരുന്ന് ഏല്‍ക്കാതാവുമ്പോള്‍ ബാക്റ്റീരിയക്ക് നേരെ വീശാന്‍ നമ്മുടെ കൈയില്‍ അടുത്ത മരുന്നുണ്ട്. ഇങ്ങനെ ഒരു പാട് ഘട്ടങ്ങളായി നല്‍കാനുള്ള മരുന്നുകള്‍ നമ്മുടെ കൈയില്‍ ഉണ്ടെന്നത് സൂപ്പര്‍ ബഗുകള്‍ ഉണ്ടാകും വരെ സമാധാനപരമായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പത്ത് ബാക്റ്റീരിയ കുടുംബക്കാരെയാണ് പ്രശ്‌നക്കാരായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരിക്കുന്നത്. കുഴപ്പം എന്താണെന്ന് വെച്ചാല്‍, ഇവയില്‍ മിക്കതും തന്നെ നമ്മുടെ ചുറ്റുവട്ടത്തുള്ള ആള്‍ക്കാര്‍ ആണ് എന്നതാണ്. ഇവയെ തന്നെ മൂന്നു വിഭാഗമായി വീണ്ടും തിരിച്ചിട്ടുണ്ട്. കൊടുംഭീകരര്‍, വല്യ ഭീകരര്‍, ഇടത്തരം ഭീകരര്‍ (critical, high and medium) എന്നീ വിഭാഗങ്ങള്‍. വളരെ സങ്കീര്‍ണമായ അളവുകോലുകള്‍ വെച്ചാണ് ഈ തരംതിരിക്കല്‍. ഇവയില്‍ ഓരോന്നും ആളെ കൊല്ലാന്‍ കെല്‍പ്പുള്ളവര്‍ ആണെന്നത് വ്യക്തം. ഒന്നിലേറെ മരുന്നുകള്‍ ഏല്‍ക്കാത്ത ബാക്റ്റീരിയകള്‍ പണ്ടേ ഉണ്ടെങ്കിലും ഒന്നും ഏല്‍ക്കാത്തവര്‍ വലിയ ഭീഷണിയാണ് കൊണ്ട് വരാന്‍ പോകുന്നത്.

ഇവ ഏറ്റവും കൂടുതല്‍ ഭീഷണി വരുത്താന്‍ പോകുന്നത് സ്വാഭാവികമായും പ്രതിരോധശേഷി കുറഞ്ഞ പ്രമേഹരോഗികള്‍, എയിഡ്‌സ് പോലുള്ള അസുഖം ബാധിച്ചവര്‍, കീമോ തെറാപ്പി കഴിഞ്ഞവര്‍ എന്നിവരെയായിരിക്കും. എന്തിന് സിസേറിയന്‍ പോലുള്ള സാധാരണ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് പോലും പണികിട്ടാം. ഇതിനെ പ്രതിരോധിക്കുക എന്നത് എളുപ്പമല്ല. ചികിത്സ ചെലവേറിയതാവും എന്നു മാത്രമല്ല, കീഴടക്കാന്‍ കഴിയാതെ പോയാല്‍ രോഗിയുടെ ജീവനോളം തന്നെ വില കൊടുക്കേണ്ടിയും വരും. 

ഇനി മുന്നോട്ടുള്ളത് കൂടുതല്‍ പഠനങ്ങളാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള G20 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ ഈ ആഴ്ചയില്‍ ബെര്‍ലിനില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നതായി WHO മീഡിയ സെന്റര്‍ വ്യക്തമാക്കുന്നു. ഈ ആരോഗ്യഭീഷണിയെ നേരിടാന്‍ പ്രാപ്തമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.

ചെയ്യാനാവുന്നത് 
നമുക്ക് ലഭിക്കുന്ന ആന്റിബയോട്ടിക് ഗുളികകള്‍ കൃത്യമായി കോഴ്‌സ് പൂര്‍ത്തിയാക്കി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. മൃഗഡോക്ടര്‍മാര്‍ അവരുടെ രോഗികള്‍ക്ക് മരുന്നെഴുതുമ്പോഴും ഇതേ രീതി പിന്തുടരേണ്ടതുണ്ട്. ആന്റിബയോട്ടിക് റസിസ്റ്റന്‍സ് എന്ന പ്രതിഭാസത്തില്‍ ചെറുതല്ലാത്ത പങ്ക് അവര്‍ക്കും മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കും ഉണ്ട്. ആവശ്യമില്ലാതെ മരുന്നുകള്‍ എഴുതരുത്, ആവശ്യമെങ്കില്‍ എഴുതാതെയും ഇരിക്കരുത്. അണുക്കള്‍ ശക്തി പ്രാപിക്കുന്നത് എല്ലാ ജീവജാലങ്ങളിലൂടെയുമാണ്.

വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കേണ്ട രോഗങ്ങള്‍ അങ്ങനെ തന്നെ തടയണം. പ്രതിരോധം തന്നെയാണ് പ്രതിവിധിയെക്കാള്‍ നല്ലത്. സൂപ്പര്‍ബഗ് എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന പേരുള്ള, ശക്തിയുള്ള രോഗാണു കൊണ്ടു വരാന്‍ പോകുന്നത് ചെറിയ വെല്ലുവിളികള്‍ ആയിരിക്കില്ലെന്ന് ഒട്ടും കാല്‍പ്പനികമല്ലാതെ തന്നെ, പറയട്ടെ.