Asianet News MalayalamAsianet News Malayalam

ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം....

ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ അയല്പക്കകാര്‍ക്ക് ഇങ്ങിനെ ഒരു പ്ലേറ്റ് കൊടുക്കാന്‍ പറ്റുമോ? അടുത്തുളള ഫ്‌ളാറ്റിലെ ആളുകള്‍ ആവാം, അയല്പക്കത്തു ഉള്ള വീട്ടുകാര്‍ ആവാം. മുന്‍പ് നിങ്ങള്‍ കൊടുത്തിരുന്ന, ഇടക്കാലത്തു നിന്ന് പോയത് ആവാം...

Eid column Nazeer
Author
Thiruvananthapuram, First Published Jun 26, 2017, 10:26 AM IST

Eid column Nazeer

ചെറുപ്പത്തില്‍ നോമ്പ് പിടിക്കാത്ത, പള്ളിയില്‍ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്‌ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കില്‍ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തില്‍ വെറുതെ നടക്കുന്നതും അന്നായിരുന്നു.

പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓര്‍മ്മകള്‍ രാത്രി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയില്‍ ശര്‍ക്കര ഇട്ടു ഉണ്ടാക്കുന്ന കടിച്ചാല്‍ പൊട്ടാത്ത അവലോസ് ഉണ്ട, അച്ചപ്പം തുടങ്ങിയവ തലേന്ന് രാത്രി തന്നെ ഉണ്ടാക്കും. രാത്രി കുറെ ആവുമ്പോഴേക്കും ഞാന്‍ ഉറങ്ങി പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും വെള്ളയപ്പം, ഇടിയപ്പം, ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ കറി എല്ലാം റെഡി. ഞങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് മൂന്നോ നാലോ പ്ലേറ്റ് എടുത്തു തലേന്ന് ഉണ്ടാക്കിയ പലഹാരങ്ങളും അന്ന് രാവിലെ ഉണ്ടാക്കിയ അപ്പവും ഇറച്ചി കറിയെല്ലാം വച്ച് അയല്‍പക്കത്തുള്ള ഓരോ വീടുകളിലേക്കും ഞങ്ങളെ പറഞ്ഞയക്കും.

ദേവകി പണിക്കത്തിയുടെയും കുമാരപ്പണിക്കന്റെയും വീട്ടിലേക്കും , പുഷ്ക്കരന്‍ ചേട്ടന്റെയും മണി ചേച്ചിയുടെയും വീട്ടിലേക്കും, പടിഞ്ഞാറു വശത്തുള്ള ഗംഗന്‍ ചേട്ടന്റെയും ശാന്ത ചേച്ചിയുടെ വീട്ടിലേക്കും എല്ലാം ഓരോ പ്ലേറ്റ് ഇങ്ങിനെ പോകുന്നത് എനിക്ക് ഓര്‍മ വച്ചതു മുതല്‍ ഇരുപത്തി രണ്ടാം വയസില്‍ പഠിക്കാന്‍ ആയി വീട്ടില്‍ നിന്ന് മാറി നിക്കുന്ന വരെ മുടങ്ങി കണ്ടിട്ടില്ല. ഉച്ചയ്‌ക്ക് ഈ വീടുകളിലെ ഞങ്ങളുടെ കൂട്ടുകാരുടെ കൂടെ ആണ് പെരുന്നാളിന്റെ ബിരിയാണിയോ ഇറച്ചി ചോറോ കഴിക്കുന്നത്. ഷാജിയും, സന്തോഷും, അശോകനും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും.

ഓണത്തിന് ഇത് പോലെ തന്നെ ഓരോ പ്ലേറ്റ് കായ വറുത്തതും ഉപ്പേരിയും പായസവും എല്ലാം ഞങ്ങളുടെ വീട്ടിലേക്കും വന്നു. ഉച്ചയ്‌ക്ക് പല വീടുകളില്‍ പോയി ഞങ്ങള്‍ സദ്യ ഉണ്ടു. വലുതായപ്പോള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടായപ്പോള്‍ ക്രിസ്തുമസിന് ജോസഫ് സോളിയുടെ വീട്ടിലോ, ജോഷിയുടെ വീട്ടിലോ പോയി, ഓണത്തിന് ഗോപകുമാറിന്റെ വീട്ടില്‍. നോമ്പ് തുറക്കാന്‍ എന്റെ വീട്ടില്‍ ഗോപനും, ജോസഫ് സോളിയും ജെന്‍സണും തുടങ്ങി ഇരുപതോളം കൂട്ടുകാര്‍ വരുമായിരുന്നു.

ഈ ആചാരം എങ്ങിനെ തുടങ്ങി എന്നെനിക്കറിയില്ല. 1974 ല്‍ എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് മട്ടാഞ്ചേരിയില്‍ നിന്ന് ഞങ്ങള്‍ പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്നത്. പതിനാല് വയസില്‍ കല്യാണം കഴിഞ്ഞ എന്റെ ഉമ്മയ്‌ക്ക് 20 വയസ് ഉള്ളപ്പോഴാണത്. വെറും മണല്‍ തറ ഉള്ള ഒരു ഓലപ്പുര ആയിരുന്നു ആദ്യത്തെ വീട്. ആ പ്രദേശത്തെ ആദ്യത്തെ മുസ്ലിം കുടുംബം ആയിരുന്നു ഞങ്ങളുടേത്. നമ്പ്യാപുരത്തും , തങ്ങള്‍ നഗറിലും മുസ്ലിങ്ങള്‍ കൂടുതല്‍ ആയി വന്നു താമസിക്കുന്നതിനും വളരെ മുന്‍പ്.

പള്ളുരുത്തി അന്നൊരു ഗ്രാമം ആയിരുന്നു. ആളുകള്‍ തമ്മിലുള്ള പരസ്‌പര സഹായങ്ങള്‍ ഗ്രാമങ്ങളുടെ പ്രത്യേകത ആണ്. എല്ലാവരുടെയും കുട്ടികള്‍ ഗ്രാമത്തിന്റെ കുട്ടികള്‍ ആയിരുന്നു. ഏതെങ്കിലും കുട്ടി കുറ്റം ചെയ്താല്‍ വഴക്കു പറയാന്‍ എല്ലാ മുതിര്‍ന്നവര്‍ക്കും അവകാശം ഉണ്ടായിരുന്നു. ഓണത്തിന് ഞങ്ങള്‍ വട്ടക്കളി എന്ന് വിളിക്കുന്ന ഒരു നിലവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടി കളിക്കുന്ന കളിക്ക് പാട്ടുകള്‍ പാടിയിരുന്നത്, ഞങ്ങള്‍ക്ക് എല്ലാ കാര്യത്തിനും ഓടിയെത്തുന്ന കമ്മ്യൂണിസ്റ്കാരന്‍ മാത്യു ചേട്ടന്റെ അനിയന്‍ ജോസഫ് ആയിരുന്നു. പെണ്ണുങ്ങളും ആണുങ്ങളും ഒരേ താളത്തില്‍ പാട്ടിനു ചുവടു വച്ചു

"നിങ്ങളുടെ നാട്ടിലൊക്കെ എന്ത് കൃഷി ആണെടോ...
ഞങ്ങളുടെ നാട്ടിലൊക്കെ കപ്പ കൃഷി ആണെടോ.."

എന്റെ ഉമ്മയെ തേങ്ങ അരച്ചു മീന്‍ കറി വയ്‌ക്കാന്‍ പഠിപ്പിച്ചത് കുമാരപ്പണിക്കന്റെ ഭാര്യ ദേവകി പണിക്കത്തി ആയിരുന്നു. ഞങ്ങളുടെ ഓലപ്പുര കത്തിപോയപ്പോള്‍ തീ അണക്കാന്‍ ആളുകള്‍ ഓടുന്നതും മറ്റും ദേവകി പണിക്കത്തിയുടെ മടിയില്‍ ഇരുന്നാണ് ഞാന്‍ കണ്ടത്. പുതിയ വീടിനു മണലില്‍ ഒരു വടി കൊണ്ട് ആദ്യത്തെ പ്ലാന്‍ വരച്ചത് ഞങ്ങള്‍ എല്ലാവരും അപ്പൂപ്പന്‍ എന്ന് വിളിക്കുന്ന കുമാരപ്പണിക്കന്റെ അച്ഛന്‍ ആയിരുന്നു.

വിശ്വാസങ്ങള്‍ മാത്രം അല്ല അന്ധ വിശ്വാസങ്ങളും ആളുകള്‍ പരസ്‌പരം കൈ മാറി. അഞ്ചാം വേദം എന്നാണ് അവിടുള്ള ചിലര്‍ ഖുറാനെ വിളിച്ചിരുന്നത്. പനി പോലുള്ള ചില രോഗങ്ങള്‍ക്ക് അയല്പക്കക്കാര്‍ ഉമ്മയുടെ അടുത്ത് വരും.ഉമ്മ കുറച്ചു ഉപ്പും മുളകും എടുത്തു യാസീന്‍ ഓതി തലയ്‌ക്ക് ചുറ്റും ചുഴറ്റി എറിഞ്ഞു കളയും. ബാപ്പ വേറെ കല്യാണം കഴിച്ചു പോയപ്പോള്‍ അയല്പക്കത്തെ സ്‌ത്രീകള്‍ ഏതോ ഭസ്മം ഉമ്മാക്ക് കഴിക്കാന്‍ കൊടുത്ത കഥയും കേട്ടിട്ടുണ്ട്. ഒരു തരം അന്ധ വിശ്വാസ സഹകരണ സംഘം.

ഒരു പ്രശനവും ഉണ്ടായിരുന്നില്ല എന്നല്ല മിക്ക വീടുകള്‍ക്ക് ഇടയിലും വേലിയോ മതിലോ ഉണ്ടായിരുന്നില്ല, ഉള്ളവ തന്നെ ശീമക്കൊന്ന കൊണ്ട് കുറച്ചു ഓല മറച്ച വേലികള്‍ ആയിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങളും കള്ളു കുടിയന്മാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാം ഉള്ള ഒരു ഗ്രാമം, പക്ഷെ മതം ഒരു പ്രശ്നം ആയിരുന്നില്ല.

ഇതിനിടയിലേക്കാണ് 1990 ല്‍ അദ്വാനിയുടെ രഥയാത്ര കടന്നു വന്നത്. ഓരോ വീട്ടില്‍ നിന്നും ഓരോ ഇഷ്‌ടിക എന്നായിരുന്നു പ്രചാരണം. പക്ഷെ ഓരോ വീടുകളിലും സംശയത്തിന്റെയും വെറുപ്പിന്റെയും വിത്ത് വിതക്കാന്‍ ആയിരുന്നു ലക്‌ഷ്യം.

ഞങ്ങളുടെ അമ്പലം പണിയാന്‍ നിങ്ങള്‍ സമ്മതിക്കുന്നില്ല എന്ന് ഒരിക്കല്‍ മാധവി പണിക്കത്തി പറയുന്നത് കേട്ടിട്ട്, എവിടെയെങ്കിലും നടക്കുന്ന കാര്യത്തിന് നമ്മള്‍ എന്ത് ചെയ്യാന്‍ ആണെന്ന് ഉമ്മ മറുപടി പറയുന്നത് എനിക്കോര്‍മയുണ്ട്. പക്ഷെ അത് പോലും പെരുന്നാളിനും ഓണത്തിനും ഉള്ള പലഹാര കൈമാറ്റത്തെ ബാധിച്ചില്ല.

രണ്ടു വര്‍ഷം മുന്‍പ് പെരുന്നാള്‍ സമയത്ത് ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. പെരുന്നാളിന്റെ അന്ന് രാവിലെ പ്ലേറ്റ് കൈമാറ്റവും കാത്തിരുന്ന എനിക്ക് നിരാശ ആയിരുന്നു ഫലം."ആ കാലമൊക്കെ പോയി മോനെ, ഇപ്പൊ ആരും അതൊന്നും ചെയ്യുന്നില്ല. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന കാലം ആയി.." ഉമ്മ പറഞ്ഞു.

എപ്പോഴാണ് ആ നല്ല കാര്യങ്ങള്‍ നിന്ന് പോയത് എന്നെനിക്കറിയില്ല. ഒരു പക്ഷെ പള്ളുരുത്തി ഒരു ഗ്രാമത്തില്‍ നിന്ന് പട്ടണം ആയി മറിയത്തിന്റെ ആവാം, അല്ലെങ്കില്‍ രാഷ്‌ട്രീയക്കാര്‍ മതത്തെ ആളുകളെ അകറ്റാന്‍ വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയതിന്റെ ഫലം ആവാം. പക്ഷെ വലിയ നഷ്‌ടബോധം തോന്നി.

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന അമേരിക്കയില്‍ എല്ലാ മതസ്ഥരും കൂട്ടുകാര്‍ ആയിട്ടുണ്ട്. ഓണത്തിന് ബ്രിഡ്ജ് വാട്ടര്‍ അമ്പലത്തിലും , വിഷുവിന് മനോജിന്റെ വീട്ടിലും, പെരുന്നാളിന് ഖുര്‍ഷിദിന്റെ വീട്ടിലും, ക്രിസ്തുമസിന് മൈക്കിളിന്റെയോ സുനില്‍ ജോസിന്റേയോ വീട്ടിലും എല്ലാവരും കൂടും. എല്ലാവരും അവരവരുടെ വീടുകളില്‍ നിന്ന് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരും, ഒരുമിച്ചിരുന്നു കഴിക്കും. തമാശയും പാട്ടും എല്ലാം ആയി സമയം പോകുന്നത് അറിയില്ല. പണ്ടത്തെ നാട്ടിലെ ഓര്‍മ വരും. ഒരു പക്ഷെ പ്രവാസികള്‍ക്ക് നാടിന്റെ ഓര്‍മ അവര്‍ നാട് വിട്ട സമയത്തു ഫ്രീസ് ആയി പോയത് കൊണ്ടായിരിക്കാം.

ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ അയല്പക്കകാര്‍ക്ക് ഇങ്ങിനെ ഒരു പ്ലേറ്റ് കൊടുക്കാന്‍ പറ്റുമോ? അടുത്തുളള ഫ്‌ളാറ്റിലെ ആളുകള്‍ ആവാം, അയല്പക്കത്തു ഉള്ള വീട്ടുകാര്‍ ആവാം. മുന്‍പ് നിങ്ങള്‍ കൊടുത്തിരുന്ന, ഇടക്കാലത്തു നിന്ന് പോയത് ആവാം...

കൈമാറുന്നത് ഒരു പ്ലേറ്റ് ആണെങ്കിലും കൈപ്പറ്റുന്നത് ഹൃദയം നിറയെ സ്നേഹം ആയിരിക്കും...ഇപ്പോഴും ഇങ്ങിനെ ഉള്ള ആചാരങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എന്റെ കൂപ്പുകൈ. ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഡിങ്കോയിസ്റ്റിന്റെയും കുടുംബത്തിന്റെയും ആശംസകള്‍.
 

Follow Us:
Download App:
  • android
  • ios