Asianet News MalayalamAsianet News Malayalam

ഓർക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ്

''മക്കൾക്ക് പണവും സ്വത്തും മാത്രം മതി. എന്നെ വേണ്ട...'' എന്ന് 76 വയസുള്ള തെലമ്മാൾ വേദനയോടെ പറയുന്നു. ഇത്തരത്തിലുള്ള ഓരോ സങ്കടങ്ങളും പരിഭവങ്ങളും പറയുന്ന ഒരുപാട് അമ്മമാരാണ് ഈ വൃദ്ധസദനത്തിലുള്ളത്. ദൈവത്തിന് തുല്യം കാണേണ്ട, പ്രായമായ ഈ അമ്മമാരെ എങ്ങനെയാണ് ഉപേക്ഷിക്കാനാവുന്നത്? 
 

pennenna nilayil womens day article reshmi sreekumar
Author
Thiruvananthapuram, First Published Mar 8, 2019, 11:04 AM IST

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..
 

പറഞ്ഞു തീരുമ്പോഴേക്കും ആ അമ്മയുടെ കണ്ണുനീർ എന്‍റെ കൈകളിൽ വീഴുന്നുണ്ടാവും

മാർച്ച് 8... വനിതാ ദിനം... ഈ വനിത ദിനത്തിലും മനസ്സില്‍ വേദനയായി കിടക്കുന്നത് ഒറ്റപ്പെട്ട കുറേ അമ്മമാരാണ്. എവിടെ നിന്ന് വന്നുവെന്നോ, പേര് എന്താണെന്നോ പോലും ശരിക്ക് ഓര്‍മ്മയില്ലാത്ത കുറേ അമ്മമാര്‍. അവരെല്ലാം ചേര്‍ന്ന് താമസിക്കുന്ന ഒരു വൃദ്ധസദനം. റോഡിലും റെയിൽവേ ട്രാക്കുകളിലും ഉപേക്ഷിക്കപ്പെട്ട അമ്മമാരാണ് ഇവിടെയെത്തിച്ചേര്‍ന്നത്. കുറെ സിസ്റ്റർമാർ ചേർന്നാണ് ഈ വൃദ്ധസദനം നടത്തുന്നത്. അവിടെ സ്വന്തം ഓര്‍മ്മകളുടെ വേദനിപ്പിക്കുന്ന ഭാണ്ഡവും പേറി അവര്‍ കഴിയുന്നു. 

ആരോരുമില്ലാത്ത അമ്മമാരെ മാത്രമേ ഇവിടെ താമസിപ്പിക്കുകയുള്ളൂ. ഓരോ അമ്മമാർക്കും പറയാൻ ഓരോ സങ്കടങ്ങൾ...  84 വയസുള്ള കമലമ്മ എന്ന ഒരു അമ്മയുണ്ട് അവിടെ. അവിടുത്തെ ഓരോ അമ്മമാരുടെയും പ്രതിനിധിയാണ് ഈ കമലമ്മ. ഞാൻ അവിടെ പോകുമ്പോഴെല്ലാം അവർ എന്‍റെ കൈ പിടിച്ച് ചോദിക്കുന്ന ചോദ്യം ഒന്ന് മാത്രമായിരുന്നു. ''എന്റെ മകൻ എന്നെ കാണാൻ വരുമോ മോളേ...'' എന്ന്. പറഞ്ഞു തീരുമ്പോഴേക്കും ആ അമ്മയുടെ കണ്ണുനീർ എന്‍റെ കൈകളിൽ വീഴുന്നുണ്ടാവും. 

ആ അമ്മയെ ആശ്വസിപ്പിക്കാൻ‌ തോളിൽ തട്ടി ഞാൻ പറയും, ''അമ്മയുടെ മോൻ എന്നെ വിളിച്ചിരുന്നു. അമ്മയെ തിരക്കിയിരുന്നു, മോന് ജോലിത്തിരക്കാണ്, അമ്മയെ കാണാൻ ഉടൻ വരും..'' ഇത്രയും കേൾക്കുമ്പോഴേക്കും ആ അമ്മ കരച്ചിൽ നിർത്തും. പറയുന്നത് കള്ളമാണെന്ന് എനിക്കറിയാം. ഒരുപക്ഷെ, ആ അമ്മയും അറിയുന്നുണ്ടാകും. പക്ഷെ, ജീവിതത്തിന്‍റെ ഈ അവസാനകാലത്ത്, അവരുടെ പ്രിയപ്പെട്ട മകന്‍ നല്‍കിയ ഈ കരച്ചില്‍ മാറ്റാന്‍ മറ്റെന്താണ് ഞാനവരോട് പറയുക. 

അവരുടെ കൈ പിടിച്ചാണ് നാമെല്ലാം നടക്കാന്‍ പഠിച്ചത്, വളര്‍ന്നത്

''മക്കൾക്ക് പണവും സ്വത്തും മാത്രം മതി. എന്നെ വേണ്ട...'' എന്ന് 76 വയസുള്ള തെലമ്മാൾ വേദനയോടെ പറയുന്നു. ഇത്തരത്തിലുള്ള ഓരോ സങ്കടങ്ങളും പരിഭവങ്ങളും പറയുന്ന ഒരുപാട് അമ്മമാരാണ് ഈ വൃദ്ധസദനത്തിലുള്ളത്. ദൈവത്തിന് തുല്യം കാണേണ്ട, പ്രായമായ ഈ അമ്മമാരെ എങ്ങനെയാണ് ഉപേക്ഷിക്കാനാവുന്നത്? 

അവരല്ലേ നമ്മളെ ഇതുവരെ വളർത്തി വലുതാക്കിയത്. അവരുടെ കൈ പിടിച്ചാണ് നാമെല്ലാം നടക്കാന്‍ പഠിച്ചത്, വളര്‍ന്നത്...  ഓർക്കുക അവരാണ് ശരിക്കും സ്വത്ത്... ഇന്ന് നമ്മള്‍ അവരെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ മക്കള്‍ നാളെ നമ്മളെ ഉപേക്ഷിച്ചേക്കും.. എനിക്കും ഒരു മകനാണ്, ഞാന്‍ എന്‍റെ അമ്മയ്ക്ക് നല്‍കുന്നതല്ലേ അവനില്‍ നിന്ന് എനിക്കും പ്രതീക്ഷിക്കാനാവൂ.. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

 

Follow Us:
Download App:
  • android
  • ios