ഇന്തോനേഷ്യക്കാർക്ക് വേണ്ടി നിങ്ങൾ അല്ലെങ്കിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല. അതിനാൽ, നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സഹായവും സൗഹാർദ്ദവും ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കും.
എല്ലാ വർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാവും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണനെയാണ് ഇപ്രാവശ്യം ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ, ജനിതകമാറ്റം വന്ന കൊറോണ വൈറസ് യുകെ -യിൽ വ്യാപകമായ സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ നിരവധി വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ വളരെ ഉയരത്തിൽ നിൽക്കുന്ന ഒരാളുണ്ട്, ഇന്തോനേഷ്യൻ പ്രസിഡന്റ് സുകർനോ.
1950 ജനുവരി 26 -ന് ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്തോനേഷ്യയുടെ പ്രസിഡന്റ് സുകർനോയെ ക്ഷണിക്കുകയുണ്ടായി. 1950 ജനുവരി 25 -ന് ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്ന സുകർനോ ദില്ലിയിൽ വന്നിറങ്ങി. വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ അടുത്ത സുഹൃത്തുകളായ നെഹ്റുവും സി. രാജഗോപാലാചാരിയും സ്വീകരിച്ചു. എന്നാൽ, റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ ഇന്ത്യ ഈ കൊളോണിയൽ വിരുദ്ധ ശക്തിയെ ക്ഷണിക്കാൻ ഒരു കാരണമുണ്ട്. അതിന് ഒരുമാസം മുമ്പാണ് ഇന്തോനേഷ്യയ്ക്ക് സമ്പൂർണ്ണ പരമാധികാരം കൈമാറാൻ ഡച്ച് കോളനിക്കാരെ സുകർനോ പ്രേരിപ്പിച്ചത്.
ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധമുണ്ടായിരുന്നു. അതോടൊപ്പം സുകർനോയും നെഹ്‌റുവും സാമ്രാജ്യത്വ വിരുദ്ധതയുടെയും മതേതരത്വത്തിന്റെയും സമാന ആശയങ്ങൾ പങ്കിട്ടു. എല്ലാത്തിനുമുപരി, ഇരുവരും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചവരായിരുന്നു. മാത്രമല്ല, 1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുതന്നെ, ഡച്ചുകാർക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടങ്ങളിൽ ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ നെഹ്‌റു ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ഇന്തോനേഷ്യ ഒരു ഡച്ച് കോളനിയായിരുന്നു. എന്നിരുന്നാലും, യുദ്ധസമയത്ത് ജാപ്പനീസ്, ഇന്തോനേഷ്യയെ അനായാസം പിടിച്ചെടുത്തു. ഡച്ചുകാർക്ക് അവിടെ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. ജാപ്പനീസ് അധിനിവേശത്തിൽ, ഡച്ച് സ്ഥാപിച്ച രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെങ്കിലും, ഇന്തോനേഷ്യൻ ദേശീയ വികാരം പ്രചരിപ്പിക്കുന്നതിനെ ജപ്പാൻ രസകരമായി പ്രോത്സാഹിപ്പിച്ചു. എന്നാൽ, യുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി. പ്രധാനമന്ത്രി കുനിയാക്കി കൊയ്‌സോ ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. ജാപ്പനീസ് കീഴടങ്ങി രണ്ട് ദിവസത്തിന് ശേഷം, 1945 ഓഗസ്റ്റ് 17 -ന് ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. അടുത്ത ദിവസം ഓഗസ്റ്റ് 18 -ന് സുകർനോ പ്രസിഡന്റായും ഹട്ട വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് വഴിമാറിയതോടെ ഡച്ചുകാർ അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ വീണ്ടെടുക്കാൻ ആഗ്രഹിച്ചു.
ഡച്ചുകാർ രഹസ്യമായി തങ്ങളുടെ സൈന്യത്തെ ഇന്തോനേഷ്യയിലേക്ക് അയയ്ക്കാൻ തുടങ്ങി. അതേസമയം, പുതിയ റിപ്പബ്ലിക്കിനെ അടിച്ചമർത്താൻ വരുന്ന ഡച്ച് സേനയെ സഹായിക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ സൈനികരെ ബ്രിട്ടീഷുകാർ ഇന്തോനേഷ്യയിലേക്ക് അയച്ചു. ഇന്തോനേഷ്യ ഡച്ച് സാമ്രാജ്യത്തിന് നേരെ പടപൊരുതി. ഇന്തോനേഷ്യയിൽ നിന്ന് ബ്രിട്ടീഷ് സൈന്യത്തെ പിൻവലിക്കാനുള്ള നെഹ്‌റുവിന്റെ അശ്രാന്തമായ ശ്രമം ബ്രിട്ടീഷുകാരെ അസ്വസ്ഥരാക്കി. 1946 ഓഗസ്റ്റ് 17 -ന് നടന്ന ഒന്നാം വാർഷികത്തിൽ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നെഹ്‌റു അഭിനന്ദിച്ചു. ഇതിന് മറുപടിയായി, ജക്കാർത്തയിൽ നടന്ന വാർഷികാഘോഷങ്ങളിൽ ഇന്തോനേഷ്യയുടെ പതാകക്കൊപ്പം ഇന്ത്യയുടെ പതാകയും സുകർനോ ഉയർത്തി. 1946 ഓഗസ്റ്റ് 19 -ന് സുകർനോ നെഹ്റുവിന് കത്തെഴുതി, “നിങ്ങളുടെ രാജ്യവും നിങ്ങളുടെ ജനങ്ങളും രക്തവും സംസ്കാരവും വഴി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ചരിത്രത്തിന്റെ ആരംഭം മുതലുള്ളതാണ്. ‘ഇന്ത്യ’ എന്ന വാക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കാരണം ഇത് നമ്മുടെ ഭൂമിക്കും വംശത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങളാണ്, ഇത് ഇന്തോനേഷ്യയിലെ ‘ഇന്തോ’ ആണ്. ”
“ഇന്തോനേഷ്യക്കാർക്ക് വേണ്ടി നിങ്ങൾ അല്ലെങ്കിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല. അതിനാൽ, നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സഹായവും സൗഹാർദ്ദവും ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കും, കൂടാതെ നിലവിലുള്ള എല്ലാ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുമായുള്ള സൗഹൃദവും ഫലപ്രദമായ സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു” അദ്ദേഹം എഴുതി.
പിന്നീട് ഡച്ചുകാർ പുതിയ റിപ്പബ്ലിക്കിനെതിരെ വൻ സൈനിക ആക്രമണം നടത്തിയപ്പോൾ, നെഹ്‌റു ഇന്തോനേഷ്യയുടെ കേസ് ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയി. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും ഇന്തോനേഷ്യയെ പ്രതിനിധീകരിച്ച് നെഹ്‌റു അവർക്കായി പോരാടി. പുതിയ റിപ്പബ്ലിക്കിന്റെ ചെറുത്തുനിൽപ്പിന്റെയും അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെയും പിന്തുണയോടെ ഡച്ചുകാർ ഒടുവിൽ ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. 1949 ഡിസംബർ 27 -ന് രാജ്യത്തിന് പരമാധികാരം ഔദ്യോഗികമായി കൈമാറുകയും ചെയ്തു. അതിനായി അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യ വളരെ വലിയ പങ്കാണ് വഹിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും, കൊളോണിയൽ ശക്തിക്കെതിരെയുള്ള പോരാട്ടത്തിന്റെയും ഓർമ്മപുതുക്കലായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ആ ക്ഷണം. നെഹ്‌റുവിനും, ഇന്ത്യയ്ക്കും തീർത്തും വിശിഷ്ടമായ ഒരു അതിഥി തന്നെയായിരുന്നു ഇന്തോനേഷ്യൻ പ്രസിഡന്റ് സുകർനോ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 26, 2021, 12:10 PM IST
Post your Comments