'സര്‍ ഇവിടെ വന്നു കാണാന്‍ പറഞ്ഞു'

'എന്തേ ?'

'എനിക്ക് പ്രോജെക്റ്റില്‍ കുറച്ചു സംശയങ്ങളുണ്ട്'. മുന്നില്‍ മൊബൈലില്‍ എന്തോ കുത്തിപ്പിടിച്ചു നില്‍ക്കുകയാണ് സംശയക്കാരന്‍ .

ഞാന്‍ കസേര നീക്കിയിട്ട് ഇരുന്നോളാന്‍ പറഞ്ഞു . 

'എന്താണ് ഈ പറയുന്ന പ്രൊജക്റ്റ് ? അതെനിക്ക് അറിയില്ലാലോ'-ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു .

'അത് എനിക്കുമറിയില്ല'. പ്രത്യേകിച്ചു ഭാവമാറ്റങ്ങളൊന്നുമില്ലാതെ അവന്‍ കൂട്ടിച്ചേര്‍ത്തു .

'പിന്നെ ? സംശയംന്നൊക്കെ പറഞ്ഞത് ? 

'ഞാനവനെ ഗൗരവത്തോടെ നോക്കി . ഇവനെന്താ ആളെ കളിയാക്കാന്‍ ഇറങ്ങിപുറപ്പെട്ടതാണോ ? 

'ഞാന്‍ കാര്യാണ് പറഞ്ഞത്. എനിക്കൊന്നുമറിയില്ല. സാര്‍ എന്തൊക്കെയോ ചോദ്യങ്ങള്‍ തരും. ഞാനത് MIT ലെക്ചര്‍സ് കണ്ടു സോള്‍വ് ചെയ്യും'.

അപ്പൊ ആള് പുലിയാണ്. MIT ലെക്ചര്‍സ് ഒക്കെ കാണും. ഒരു വലിയ വീഡിയോ കഌസുകളുടെ ലൈബ്രറി തന്നെ മാസച്ചുസറ്റ്‌സ് യൂണിവേഴ്‌സിറ്റി പബ്ലിക്കിനായി തുറന്നു വെച്ചിട്ടുണ്ട്, ഇന്റര്‍നെറ്റ് ലോകത്തില്‍. അറിവ് നേടാനാഗ്രഹിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ കണ്ടും, വായിച്ചും കേട്ടും പഠിക്കാവുന്ന കഌസ് മുറികളാണത്. 

'അങ്ങനെ കണ്ടും കേട്ടും പഠിക്കുന്ന ആള്‍ക്ക് ഇതെന്തു പറ്റി ?'. ഞാന്‍ ഒന്നുകൂടെ ചോദിച്ചു ,

'എന്താണ് പ്രോജെക്ടില്‍ ചെയ്യുന്നത് ?'

അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. 'ഞാന്‍ നാളെ നോക്കിയിട്ട് വരാം'.. അവന്‍ പോയിക്കഴിഞ്ഞപ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായിട്ടുണ്ടായിരുന്നില്ല. 

'ഇവനെ എങ്ങനെ കിട്ടി ? ബിടെക് ആറാം കൊല്ലമാണ്. പ്രൊജക്ടുമായി രണ്ടു കൊല്ലമായി നടക്കുന്നു'. 

എന്റെയടുത്തിരിക്കുന്ന ജിതിനാണ് ആ ചോദ്യം ചോദിച്ചത്. ഞാന്‍ ചിരിക്കുക മാത്രം ചെയ്തു . 

'അവനു ഇതിലൊന്നും താല്പര്യമില്ല . അവന്റെ ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ വര്‍ക്കുകള്‍ കാണണം. അത്രയ്ക്കും സൂപ്പറാണ്. മാസം ഓണ്‍ലൈന്‍ ആയി വര്‍ക്ക് ചെയ്തു മാത്രം ഇരുപത്തയ്യായിരത്തിനു മേലെ സമ്പാദിക്കുന്നുമുണ്ട്'. 

മൊബൈലില്‍ കുത്തിപ്പിടിച്ചു നില്‍ക്കുന്ന ആ പയ്യന്റെ മുഖം വീണ്ടും ഓര്‍മയിലേക്ക് വന്നു

മൊബൈലില്‍ കുത്തിപ്പിടിച്ചു നില്‍ക്കുന്ന ആ പയ്യന്റെ മുഖം വീണ്ടും ഓര്‍മയിലേക്ക് വന്നു. ഒരു തരം നിസ്സംഗതയായിരുന്നു അവനെന്നു ഞാന്‍ വായിച്ചെടുത്തത് ശരിയായിരുന്നു .

'MIT കഌസുകള്‍ കേള്‍ക്കാറുണ്ടെന്നൊക്കെ അവന്‍ പറഞ്ഞത് ?'

'ഐ ബെറ്റ് യു. ഒന്നു പോലും അജയ് കണ്ടിട്ടുണ്ടാവില്ല. അവനെ കൊണ്ട് ബിടെക് മുഴുവനാക്കിക്കണം. അതാണ് അവന്റെ അച്ഛന്റെയും അമ്മയുടെയും ടാര്‍ഗറ്റ്. ഇവിടെ ഒരു കുട്ടി എന്താകണമെന്നതിന് അവന്റെ താല്പര്യങ്ങളാണല്ലോ മെയിന്‍. നിങ്ങളത്രയും സഹായിച്ചാല്‍ ചിലപ്പോഴവന്‍ അത് മുഴുവനാക്കിയേക്കും'. ജിതിന്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞു തിരിച്ചു കമ്പ്യൂട്ടറിലേക്ക് മുഖം താഴ്ത്തി .

വീണ്ടുമൊരിക്കല്‍ കൂടെ ആ പയ്യന്‍ കാണാന്‍ വന്നു. മൊബൈല്‍ പോക്കറ്റിലേക്ക് തിരുകി എന്റെയടുത്തേക്ക് കസേര നീക്കിയിട്ട് ഇരുന്നു .

'സത്യം പറയാമല്ലോ, ഞാന്‍ പ്രൊജക്റ്റ് എന്നും പറഞ്ഞു ഒന്നും ചെയ്തിട്ടില്ല . ഇത് എന്നെ കൊണ്ട് കഴിയുന്നതുമല്ല'.


ഞാന്‍ മറുപടിയൊന്നും പറയാതെ ചിരിച്ചു .

'ഒരു ഡിഗ്രി വേണമെങ്കില്‍ നമുക്ക് ഈ പ്രൊജക്റ്റ് തീര്‍ക്കാവുന്നതേയുള്ളു. ഇനി ഡ്രോപ്പ് ചെയ്യാനാണ് തീരുമാനമെങ്കില്‍ അതും. ആറു വര്‍ഷങ്ങള്‍ ഇതിനു വേണ്ടി ചിലവാക്കി ഈയൊരൊറ്റ കാരണം കൊണ്ട് മാത്രം ഡിഗ്രി ഇല്ലാതെ പോകുന്നത, എന്തോ ശരിയാണെന്നു തോന്നുന്നില്ല'.

'ഒന്നുമറിയാതെ ഞാനെന്തു ചെയ്യും?'

'പ്രൊജക്റ്റ് ഒരു കോണ്‍സെപ്റ്റിന്റെ, പ്രശ്‌നത്തിനുള്ള സൊല്യൂഷന്റെ വര്‍ക്കിംഗ് മോഡലാണ്. ഇത്രയും താല്‍പര്യമുള്ള ഗ്രാഫിക് ഡിസൈനുമായി ബന്ധപ്പെടുത്തി അങ്ങനെയൊരു സാധ്യത ഉണ്ടോയെന്നാലോചിച്ചൂടെ ? ഞാന്‍ നിര്ബന്ധിക്കുന്നൊന്നുമില്ല. താല്പര്യമില്ലാത്ത ഒരു കോഴ്‌സ് പഠിച്ചിറങ്ങുന്നതിന്റെ ഫ്രസ്‌ട്രേഷന്‍ എനിക്കൂഹിക്കാം'.

കരിയര്‍ സെലക്ഷന്‍ പലയിടത്തും നടത്തുന്നത് മാതാപിതാക്കളാണ്.

അവന്‍ ലാബില്‍ നിന്ന് പുറത്തിറങ്ങി. എന്തോ മറന്നുവെച്ച പോലെ പിന്നിലേക്ക് തിരിഞ്ഞിട്ട് പറഞ്ഞു ,

'നാളെ ഉച്ചയ്ക്ക് ഞാന്‍ വരാം'.

ഇവിടെ അജയ് ഒരു ഉദാഹരണമോ, ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധിയെ മാത്രമാണ്. 

കരിയര്‍ സെലക്ഷന്‍ പലയിടത്തും നടത്തുന്നത് മാതാപിതാക്കളാണ്. പതിനേഴു വയസ്സായ ഒരു കുട്ടിക്ക് ഏതു കോഴ്‌സ് പഠിക്കണമെന്ന് തീരുമാനിക്കാനുള്ള പക്വത കാണുകയില്ലെന്നതാണ് അതിനുള്ള ന്യായീകരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത. പ്ലസ് ടു വിനു ശേഷം കുട്ടികളെ വിവിധ കോഴ്‌സുകളെയും അവയുടെ സാധ്യതകളെയും പറ്റി പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് തന്നെ തങ്ങള്‍ക്ക് പഠിക്കേണ്ട മേഖല കണ്ടെത്താനാകും. 

വിദേശങ്ങളില്‍ കുട്ടികള്‍ തങ്ങള്‍ക്ക് പഠിക്കേണ്ടുന്ന കോഴ്‌സ് സ്വയം കണ്ടെത്താനുള്ള അവസരമുണ്ട്. പഠിച്ചുതുടങ്ങിയാണ് താല്‍പര്യമില്ലെന്ന് കണ്ടെത്തുന്നതെങ്കില്‍ ഇക്ടമുള്ള കോഴ്‌സിലേക്ക് മാറാനും പറ്റും. മുന്‍പ് പഠിച്ചു നേടിയ ക്രെഡിറ്റ് ഇപ്പോഴത്തേതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാനും അവസരമൊരുക്കുന്ന യൂണിവേഴ്‌സിറ്റികളുണ്ടെന്നോര്‍ക്കുക .

സ്വന്തം മക്കളെ തീര്‍ത്തും താല്പര്യമില്ലാത്ത വിഷയം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ നിര്‍ബന്ധപൂര്‍വം വളര്‍ച്ച മുരടിപ്പിക്കുന്ന ബോണ്‍സായ് മരങ്ങളാക്കി അവരെ മാറ്റുകയാണെന്നോര്‍ക്കുക. അവര്‍ക്ക് ലഭിക്കേണ്ടുന്ന ബൗദ്ധിക വളര്‍ച്ച തടസ്സപ്പെടുത്തുന്നത, പടര്‍ന്നുപന്തലിക്കേണ്ടുന്ന വന്‍വൃക്ഷങ്ങളെ ശിഖരങ്ങള്‍ മുറിച്ചു അലങ്കാരത്തിനായി നിര്‍ത്തുന്നത് പോലെത്തന്നെയാണ്. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ക്ക് ലഭിക്കേണ്ടുന്ന സന്തോഷവും, സംതൃപ്തിയുമാണ് ഇങ്ങനെ ഇല്ലാതാവുന്നത് .

നമ്മള്‍ നമ്മളായിരിക്കുക! അവരെ അവരാവാനും വിടുക!