പെട്ടെന്ന് ഒരാള്‍ വന്ന് അവളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു തലയ്ക്ക് നേരെ തോക്ക് ചൂണ്ടി  പേഴ്സ് ആവശ്യപ്പെട്ടു. പേഴ്സ് നല്‍കിയെങ്കിലും അയാളവളെ വെടിവെച്ചിട്ടു

ടെക്സാസിലാണ്... ഭര്‍ത്താവും മൂന്നു കുഞ്ഞുങ്ങളുമായി സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിക്കുകയായിരുന്നു നാന്‍സി ഷോര്‍. അമ്പത്തിയേഴ് വയസായി നാന്‍സിക്ക്. 1983 ലാണ് നാന്‍സി, ഫ്രാങ്ക് ഹവാര്‍ഡിനെ വിവാഹം കഴിക്കുന്നത്. നാന്‍സിയോടും കുഞ്ഞുങ്ങളോടും വളരെ സ്നേഹമായിരുന്നു ഫ്രാങ്കിന്. അടുത്തുള്ള പള്ളികളില്‍ പാടാന്‍ പോകുമായിരുന്നു നാന്‍സിയും ഫ്രാങ്കും. ഫ്രാങ്ക് ഫുട്ബോള്‍ പരിശീലനവും നല്‍കും. എന്നാല്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നതോടെ ആ ജോലി കൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്നായി. ഫ്രാങ്ക് അക്കൌണ്ടന്‍റായി ജോലി നോക്കി. പലയിടത്തും യാത്ര ചെയ്യേണ്ടി വന്നു. നാന്‍സിക്ക് വല്ലാതെ ഒറ്റപ്പെട്ടത് പോലെ തോന്നി. വീട്ടിലെ ജോലികളും പള്ളിയിലെ പാട്ടുമായി അവളുടെ ജീവിതം മുന്നോട്ട് പോയി. 

2012 ആഗസ്ത് 18, ബിസിനസ് ട്രിപ്പിനെന്ന് പറഞ്ഞ് ഫ്രാങ്ക് ദൂരെ പോയിരിക്കുകയാണ്. ഒരു മാമോദീസയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു നാന്‍സി. അതിനിടയില്‍ ഒരു കൊറിയറും വരാനുണ്ടായിരുന്നു. പെട്ടെന്ന് ഒരാള്‍ വന്ന് അവളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. പേഴ്സ് ആവശ്യപ്പെട്ടു. പേഴ്സ് നല്‍കിയെങ്കിലും അയാളവളെ വെടിവെച്ചിട്ടു. കണ്ണിനാണ് വെടിയേറ്റത്. ചുറ്റുമാരുമില്ലായിരുന്നു രക്ഷിക്കാന്‍. അവസാനം അവള്‍ തന്നെ പാരാമെഡിക്കല്‍ ടീമിനെ വിളിച്ചു. അവരെത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷനും കഴിഞ്ഞു. ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു നാന്‍സിക്ക്. അവളെ കാണാനെത്തിയ ഫ്രാങ്ക് ആകട്ടെ പൊട്ടിക്കരയുകയും തളര്‍ന്നു വീഴുകയുമായിരുന്നുവെന്ന് മക്കള്‍ പറഞ്ഞ് നാന്‍സി അറിഞ്ഞിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. അതിനിടയിലാണ് ഫ്രാങ്കിന്‍റെ ഫോണില്‍ നിന്ന് മറ്റൊരു സ്ത്രീക്ക് നിരന്തരമായി (നാന്‍സിക്ക് വെടിയേറ്റ ദിവസവും) പല മെസ്സേജുകളും കോളുകളും പോകുന്നുണ്ടെന്ന് പോലീസിന് മനസിലായത്. ബിസിനസ് ട്രിപ്പിലായിരുന്നില്ല ഈ സ്ത്രീക്കൊപ്പമായിരുന്നു നാന്‍സിക്ക് വെടിയേറ്റപ്പോള്‍ ഫ്രാങ്കെന്നും മനസിലായി. ഫ്രാങ്കും ആ സ്ത്രീയും തമ്മില്‍ മൂന്നു വര്‍ഷമായി അടുപ്പമുണ്ടായിരുന്നു. അതോടെ അന്വേഷണം വഴിത്തിരിവിലെത്തി. പ്രതി ഫ്രാങ്കായിരുന്നു. ഭാര്യയെ വധിക്കുന്നതിനായി ഫ്രാങ്ക് ക്രിമിനലുകളുടെ ഒരു സംഘത്തിന് പണവും കൈമാറിയിരുന്നു. 

ഏതായാലും ഫ്രാങ്കിനെ അറസ്റ്റ് ചെയ്തു. ജീവപര്യന്തം ശിക്ഷയും വിധിച്ചു. സംഭവമറിഞ്ഞതും നാന്‍സി പൊട്ടിക്കരഞ്ഞുപോയി. നാന്‍സി പറഞ്ഞത്, താന്‍ ഡിവോഴ്സ് കൊടുക്കില്ലെന്ന് കരുതിയാകണം ഫ്രാങ്ക് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ്. പിന്നീട് വിവാഹ മോചനവും നടന്നു. നാന്‍സി പറയുന്നത് അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായാല്‍, ബോധ്യപ്പെട്ടാല്‍ വീണ്ടും അയാളെത്തന്നെ വിവാഹം കഴിക്കുമെന്നാണ്. 

അയാളോട് താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നും ബൈബിള്‍ തന്നെ പഠിപ്പിച്ചത് ക്ഷമിക്കാനാണ് എന്നും നാന്‍സി പറയുന്നുണ്ട്. ഞാനയാളെ സ്നേഹിക്കുന്നുണ്ട്. അത് പ്രണയമൊന്നുമല്ല. തന്‍റെ കുട്ടികളുടെ അച്ഛനോടുള്ള ഇഷ്ടമാണെന്നും നാന്‍സി പറയുന്നു.