കൊച്ചി: കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയ സംസ്ഥാന സര്‍ക്കാറിന്‍റെയും, കൊച്ചി മെട്രോ അധികൃതരുടെയും തീരുമാനത്തെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമം. ബ്രിട്ടീഷ് പത്രം ഗാര്‍ഡിയനിലാണ് കേരള സര്‍ക്കാറിന്‍റെ നീക്കം വാര്‍ത്തയായിരിക്കുന്നത്.മെട്രോയില്‍ ആദ്യമായി നിയമനം ലഭിച്ചത് ഭിന്നലംഗക്കാര്‍ക്കാണ് എന്നതിനെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നത്. രാജ്യത്ത് ആദ്യമായി ഭിന്നലംഗക്കാര്‍ക്കായി നയം പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യയിലെ ഈ ട്രെയിന്‍ നെറ്റ്വര്‍ക്ക് ഭിന്നലിഗക്കാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഗാര്‍ഡിയന്‍റെ വാര്‍ത്തയുടെ തലക്കെട്ട്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നലിംഗക്കാരെക്കുറിച്ചുള്ള മുന്‍വിധികളെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ഗാര്‍ഡിയന്‍ പറയുന്നു. 

വികസിത വാര്‍ത്തകളില്‍, വനിതാവകാശങ്ങളും ലിംഗസമത്വവും എന്ന വിഭാഗത്തിലാണ് ഗാര്‍ഡിയന്‍ വാര്‍ത്ത ഇടംപിടിച്ചിരിക്കുന്നത്. മൂന്നാംലിംഗ പദവി 2014ല്‍ സുപ്രീംകോടതി വിധിയനുസരിച്ച് ലഭ്യമായെങ്കിലും ഭിന്നലിംഗക്കാര്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആ സാഹചര്യത്തിലുള്ള ഈ നിയമനം പുതു ചരിത്രമാണ് ലഭിക്കുന്നതെന്ന് ഗാര്‍ഡിയന്‍റെ വാര്‍ത്ത സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ട്രെയിനുകളില്‍ പൊതുവെ ഭിക്ഷയെടുക്കുന്നവരായാണ് ഭിന്നലിംഗക്കാരെ കാണാറുള്ളത്. എന്നാലിതാ, ആദ്യമായി ഇതാ അവര്‍ക്ക് ശരിയായ ഒരു ജോലി ലഭിക്കുന്നു ഈ മാസം. ദക്ഷിണേന്ത്യന്‍ നഗരമായ കൊച്ചിയിലെ യാത്രക്കാര്‍ക്ക് സേവനമൊരുക്കാനും ടിക്കറ്റ് നല്‍കാനുമാണ് ഇവരുടെ ജോലി ഇങ്ങനെയാണ് വാര്‍ത്ത ആരംഭിക്കുന്നത്.