താങ്കളെ ഞങ്ങളില്‍ നിന്നകറ്റിയ ഭീരുക്കള്‍ക്കുമുമ്പില്‍ ഞങ്ങള്‍ ഭയക്കില്ല. സത്യം, അതെത്ര അപ്രിയമാണെങ്കില്‍ പോലും തുറന്നു പറയണമെന്ന താങ്കളുടെ തത്വം ഞങ്ങള്‍ പിന്തുടരും. റെസ്റ്റ് ഇന്‍ പീസ്

സമയം വൈകുന്നേരം 7.25. ഇഫ്താര്‍ വളരെ അടുത്തെത്തിയിരുന്നു. ന്യൂസ്മുറിയുടെ ജനാലകള്‍ പെട്ടെന്ന് കുലുങ്ങി. ലാല്‍ ചൗക്കിലെ പ്രസ് കോളനിയിലായിരുന്നു ആ പത്രം ഓഫീസ്. വെടിശബ്ദം കേട്ടിരുന്നെങ്കിലും റംസാന്‍ പിറ കണ്ടെന്നുള്ള അറിയിപ്പാണതെന്ന് തെറ്റിദ്ധരിക്കുകയാണുണ്ടായത്. 

രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ തന്നെ, യാസീന് പക്ഷെ, അപകടം മണത്തു. തന്‍റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയുടെ കാറിന്‍റെ ചില്ലുകള്‍ നാല് വശത്തുനിന്നും വെടിയേറ്റ് തകര്‍ന്നിരിക്കുന്നതാണ് ജനാലയിലൂടെ നോക്കിയ യാസിന്‍ കണ്ടത്. ഉടനെ തന്നെ യാസീന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്ക് ഓടി. സഹപ്രവര്‍ത്തകന്‍ ഇര്‍ഷാദ് അഹമ്മദിന്‍റെ അടുത്തെത്തിയാണ് നിന്നത്. അപ്പോഴേക്കും കാറിന് ചുറ്റും കൂടിനിന്ന ജനങ്ങളെ പിരിച്ചുവിടുന്നതിനായി പോലീസ് വെടിവെപ്പ് തുടങ്ങിയിരുന്നു. 

റോഡിന്‍റെ ഒരു വശത്ത് നിന്ന് ഞാനതു കണ്ടു. എഡിറ്റര്‍ കാറില്‍ വെടിയേറ്റ് കിടക്കുന്നത്. അദ്ദേഹം രക്തത്തില്‍ കുളിച്ച് അനങ്ങാന്‍ വയ്യാതെ കിടക്കുകയായിരുന്നു. ജനാലയ്ക്കുള്ളിലൂടെ താഴെ എന്താണ് നടക്കുന്നതെന്ന് മുകള്‍നിലയിലെ ജനലില്‍ക്കൂടി കാണാമായിരുന്നു. അപ്പോഴേക്കും കാര്യം മനസിലാക്കിയ സഹപ്രവര്‍ത്തകര്‍ കരഞ്ഞുതുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ അവര്‍ സംഘങ്ങളായി. ചിലര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങി. ചിലര്‍ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇതിനു മുമ്പും ബുഖാരിക്കുനേരെ വധശ്രമമുണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹം അതിനെ അതിജീവിച്ചു. അതുകൊണ്ട് ഇത്തവണയും അദ്ദേഹം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ, എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അദ്ദേഹം മരണത്തിന് കീഴടങ്ങി. അദ്ദേഹം മരിച്ചുകഴിഞ്ഞുവെന്ന് ഡോക്ടര്‍ ഉറപ്പിച്ചു.

ബുഖാരി കൊല്ലപ്പെട്ടതിന്‍റെ പിറ്റേദിവസമിറങ്ങിയ 
'റൈസിങ്ങ് കാശ്മീരി'ന്‍റെ ഒന്നാംപേജ്

ബുഖാരിയുടെ കുടുംബം അദ്ദേഹത്തിന്‍റെ മൃതദേഹം, ശ്രീനഗറില്‍ നിന്ന് 41 കിലോമീറ്റര്‍ ദൂരത്തുള്ള ബാരമുള്ളയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചതിനു പിന്നാലെ, കുറച്ച് എഡിറ്റര്‍മാര്‍ ഓഫീസിലേക്ക് തന്നെ മടങ്ങി. അവര്‍ വേദനയിലും വിഷമത്തിലും മുങ്ങിയിരുന്നു. പക്ഷെ, അപ്പോഴേക്കും വേദനകളെയെല്ലാം അതിജീവിച്ചുകൊണ്ട് പിറ്റേന്നത്തെ 'റൈസിങ് കാശ്മീര്‍' ഇറക്കണമെന്ന് അവര്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. 

അവര്‍ പരസ്പരം സംസാരിച്ചു. അതിലൊരാള്‍ പറഞ്ഞു, ''ഷുജാത്ത് പറഞ്ഞത് നമ്മള്‍ പ്രവര്‍ത്തിക്കണം. 2015-ല്‍ ഒരു സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് തളര്‍ന്നിരിക്കുന്ന സമയത്ത് പോലും അദ്ദേഹം പറഞ്ഞത്, 'ഞാന്‍ വീണുപോയാലും റൈസിങ് കാശ്മീര്‍ വീണുപോവരുത്. അതിറങ്ങണം' എന്നാണ്. എന്തൊക്കെ പ്രശ്നങ്ങളുണ്ടാലും പത്രമിറങ്ങിക്കാണണം, അതാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.''

രണ്ട് ചോദ്യങ്ങളാണ് ആ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഷുജാത്ത് ആയിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ ആ സമയത്ത് എങ്ങനെ പ്രവര്‍ത്തിച്ചിരുന്നേനെ, രണ്ട്, അദ്ദേഹത്തിന്‍റെ കൊലയാളിക്ക് നല്‍കാവുന്ന ഏറ്റവും വലിയ മറുപടി എന്താണ്. രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം വളരെ വ്യക്തമായിരുന്നു. പിറ്റേന്നത്തെ പത്രം അച്ചടിക്കുന്നതിനായി പ്രസ്സിലേക്കയക്കുക. 

പിറ്റേ ദിവസത്തെ പ്രധാന വാര്‍ത്തകളെല്ലാം ബുഖാരി നേരത്തെ തീരുമാനിച്ചിരുന്നു. കാശ്മീരിനെ സംബന്ധിച്ച യുണൈറ്റഡ് നാഷന്‍റെ റിപ്പോര്‍ട്ട് പ്രധാന വാര്‍ത്തായായും, റംസാനെ സംബന്ധിക്കുന്നത് രണ്ടാമത്തെ പ്രധാന വാര്‍ത്തയായും നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അപ്പോഴേക്കും സമയം രാത്രി ഒമ്പത് മണിയായിരുന്നു. 10.30 ആണ് പത്രം അച്ചടിക്കാന്‍ വിടുന്നതിനുള്ള സമയം (deadline). അന്നുരാത്രി പക്ഷെ, ഒരു മണിയായി ശേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ പത്രം അച്ചടിക്കാന്‍ അയച്ചപ്പോള്‍. 

നേരത്തെ റൈസിങ് കാശ്മീരില്‍ ജോലി ചെയ്തിരുന്ന ചിലര്‍ ആ സമയത്ത് ഓഫീസിലേക്ക് വരികയും, പത്രമിറക്കുന്നതിന് സഹകരിക്കാന്‍ മനസ് കാണിക്കുകയും ചെയ്തിരുന്നു. അതിലൊരാള്‍ ഒന്നാം പേജ് ഡിസൈന്‍ ചെയ്യാമെന്ന് പറഞ്ഞു. ഒന്നാം പേജില്‍ ബുഖാരിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ നല്‍കി. അതിന് താഴെ എഴുതി. 'താങ്കള്‍ നിനച്ചിരിക്കാത്ത നേരത്ത്, വളരെ പെട്ടെന്ന് ഞങ്ങളെവിട്ട് പിരിഞ്ഞുപോയി. പക്ഷെ, ജോലിയോടുള്ള അര്‍പ്പണമനോഭാവം കൊണ്ടും, മാതൃകാപരമായ ധൈര്യം കൊണ്ടും നീ ഞങ്ങളെ നയിക്കുന്ന വെളിച്ചമായി തന്നെ തുടരും. താങ്കളെ ഞങ്ങളില്‍ നിന്നകറ്റിയ ഭീരുക്കള്‍ക്കുമുമ്പില്‍ ഞങ്ങള്‍ ഭയക്കില്ല. സത്യം, അതെത്ര അപ്രിയമാണെങ്കില്‍ പോലും തുറന്നു പറയണമെന്ന താങ്കളുടെ തത്വം ഞങ്ങള്‍ പിന്തുടരും. റെസ്റ്റ് ഇന്‍ പീസ് '

പ്രധാന പേജിന്‍റെ ബാനര്‍ തലക്കെട്ട് ഇങ്ങനെയായിരുന്നു. ഷുജാത്തിനെ നിശബ്ദനാക്കിയിരിക്കുന്നു (SHUJATH SILENCED)

എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു. സബ് എഡിറ്റര്‍മാര്‍ റിപ്പോര്‍ട്ടര്‍മാര്‍ കൂടിയായി. പുതുതായി എട്ട് വാര്‍ത്തകള്‍ (news stories) കൂടി എഡിറ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പേജിലേക്ക് തയ്യാറാക്കി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒരു പോലീസുകാരന്‍ നോമ്പ് മുറിക്കാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് പോകാനൊരുങ്ങിയിരുന്നവരാണ് അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും കഴിച്ചിരുന്നില്ല. ജോലി ചെയ്തുതീരും വരെ ഒന്നും കഴിക്കില്ലെന്ന് അവര്‍ ശപഥം ചെയ്തതു പോലെയായിരുന്നു. 

സാധാരണ പതിനാറ് പേജിലാണ് പത്രമിറങ്ങുന്നത്. അന്ന് പക്ഷെ, എട്ട് പേജാണ് ചെയ്തത്. അത് പ്രിന്‍റിങിന് പോയി. നാല് പേജ് ബുഖാരിക്ക് വേണ്ടി സമര്‍പ്പിച്ചതായിരുന്നു. ഒരു പേജ് എഡിറ്റര്‍മാരുടെ കോളവും സമാധാനത്തെ കുറിച്ചും മറ്റുമെഴുതിയതായിരുന്നു.

എങ്ങനെ ധീരനായൊരു എഡിറ്ററോട് ആദരവ് കാണിക്കാം, അങ്ങനെ തന്നെ അതവര്‍ കാണിച്ചു. മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തില്‍ മതിപ്പ് തോന്നിയ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്‍റുമായിരുന്ന ഒമര്‍ അബ്ദുള്ള പറഞ്ഞത് ''ആ ആര്‍ജ്ജവം തുടരണം. ഷുജാത്ത് ഇതാണ് ആഗ്രഹിച്ചത്. കൊടിയ വിഷാദവും വേദനയും മറികടന്നുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നതിലൂടെ നിങ്ങള്‍ കാണിച്ചിരിക്കുന്നത് ജോലിയോടുള്ള ആത്മാര്‍ത്ഥയും മരിച്ചുപോയ എഡിറ്ററോടുള്ള ആദരവുമാണ്.'' എന്നാണ്. 

കടപ്പാട്:ദ ഹിന്ദു