അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന മഹാമാരി നമ്മെ കുറച്ചൊന്നുമല്ല ചുറ്റിക്കുന്നത്. പലരുടെയും ജീവിതത്തെ തന്നെ ഇത് തകിടം മറിക്കുന്നു. ജോലി പോയി, ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ച് പകച്ച് നിൽക്കുന്നവരാണ് അധികവും. സാമ്പത്തിക സാമൂഹിക പ്രശ്‍നങ്ങൾ കാരണം അത്മഹത്യ ചെയ്യുന്നവരും കുറവല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുപോലെ ലോക്ക്ഡൗൺ സമയത്ത് ജോലി നഷ്ടപെട്ട ഒരു വ്യക്തിയാണ് മഹാരാഷ്ട്രകാരനായ മുഹമ്മദ് ഹാരൂൺ. ഇന്ന് അദ്ദേഹവും ഭാര്യയും കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി അരി വാങ്ങുകയാണ്. എന്നാൽ, അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് അവർക്കും അറിയില്ല. അദ്ദേഹത്തിന്‍റെ ദുരിതം പിടിഐ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് ഇങ്ങനെയാണ്. 

Motikaranja നിവാസിയായ അദ്ദേഹത്തിന് ജോലികിട്ടിയതോടെയാണ്  ജീവിതം ഒന്ന് മെച്ചപ്പെട്ടത്. അതുവരെ കഷ്ടപ്പാടുകളും നിരാശയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ, ഈ മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മറ്റ് വരുമാനമാർഗ്ഗങ്ങളില്ലാതായപ്പോൾ, അരി വാങ്ങാനായി അദ്ദേഹം വീട്ടിലുള്ളതെല്ലാം പെറുക്കി വിൽക്കാൻ തുടങ്ങി. 

ഷെന്ദ്ര വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ സഹായിയായി ജോലി ചെയ്‍തിരുന്ന ആ 37 -കാരന് ലോക്ക്ഡൗൺ സമയത്താണ് ജോലി നഷ്‍ടമായത്. അധികമൊന്നും സമ്പാദ്യമായില്ലാത്ത അദ്ദേഹം കൈയിലുള്ള പൈസ മുടക്കി നാലുമാസത്തെ പലചരക്ക് സാധനങ്ങൾ വാങ്ങി. അതിനുശേഷം ചില ബന്ധുക്കൾ അദ്ദേഹത്തെ സഹായിച്ചു. "ഞങ്ങളുടെ കൈയിലുള്ള റേഷൻ ഇപ്പോൾ തീർന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് ജീവിക്കാൻ മറ്റ് വഴികൾ ഇല്ല" ഹാരൂൺ പറഞ്ഞു.

മുൻപ് പന്ത്രണ്ടാം ക്ലാസ് പാസ്സായ ഹാരൂണിന്റെ ഭാര്യ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. എന്നാൽ, മഹാമാരി പടർന്ന് പിടിച്ചപ്പോൾ കുട്ടികൾ വരാതായി, അങ്ങനെ ആ വരുമാനവും നിന്നു. ലോക്ക്ഡൗണിന് മുൻപ്,  ഞങ്ങൾ പ്രതിമാസം 15,000 രൂപ വരെ സമ്പാദിച്ചിരുന്നു, എന്നാൽ, ഇപ്പോൾ ഞങ്ങൾക്ക് വരുമാനമൊന്നുമില്ല” രണ്ട് കുട്ടികളുടെ അച്ഛനായ അദ്ദേഹം പറഞ്ഞു.

വാടകവീട്ടിൽ താമസിക്കുന്ന അവർക്ക് വീട്ടുവാടക കൊടുക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ ഭാര്യയുടെ ആഭരണങ്ങൾ വരെ വിൽക്കേണ്ടി വന്നു. കൈയിൽ ആകെ ബാക്കിയുണ്ടായിരുന്നത് വിലപിടിപ്പുള്ള ഒരു ഇൻഡക്ഷൻ കുക്ക്ടോപ്പ് മാത്രമാണ്. മാസങ്ങളോളം മിച്ചം പിടിച്ച് വാങ്ങിയതാണ് അത്. എന്നാൽ, ഇപ്പോൾ ആകെ ബാക്കിയുള്ള അതും വിൽക്കേണ്ട അവസ്ഥയാണ്. "ഞങ്ങളുടെ കൈയിൽ ആകെ ബാക്കിയുണ്ടായിരുന്ന ഒരേയൊരു വിലപ്പെട്ട സ്വത്ത് അതായിരുന്നു. അതും ഇപ്പോൾ വിൽക്കേണ്ടി വരുന്നു. ഇനി വിൽക്കാൻ ഒന്നും ബാക്കിയില്ല. ഇതുകൊണ്ട് രണ്ട് മാസം തള്ളി നീക്കാം. എന്നാൽ, അത് കഴിഞ്ഞാൽ എന്ത് ചെയ്യും എന്നറിയില്ല. കുടുംബത്തെ പോറ്റാൻ എനിക്കായില്ലെങ്കിൽ... അറിയില്ല” അദ്ദേഹം പറഞ്ഞു. 

ഉടനെയൊന്നും ഈ മഹാമാരിയെ പിടിച്ച് കെട്ടാനായില്ലെങ്കിൽ ഹാരൂണിനെ പോലെ അനേകര്‍ എന്ത് ചെയ്യുമെന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.  

(ചിത്രം പ്രതീകാത്മകം)