ലണ്ടനിലെത്തിയ ആദ്യദിവസം തന്നെ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിഇഒ കൗശിക് മുദ്ദയ്ക്ക് നേരെ മോഷണശ്രമം നടന്നു. യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്തുവെച്ച് നടന്ന തട്ടിപ്പ് തിരിച്ചറിഞ്ഞ അദ്ദേഹം മോഷ്ടാക്കളെ നേരിട്ട് തന്‍റെ ബാഗ് തിരികെ എടുത്തു. ഇതിന് പിന്നാലെ ഇന്ത്യ ലണ്ടനേക്കാൾ ആയിരം മടങ്ങ് സുരക്ഷിതമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ലണ്ടനിലെത്തിയ ആദ്യദിവസം തന്നെ ബാഗ് മോഷണശ്രമം നേരിട്ട ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിഇഒയുടെ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഈതറിയൽ മെഷീൻസ് സഹസ്ഥാപകനും സിഇഒയുമായ കൗശിക് മുദ്ദയാണ് ലണ്ടനിൽ തനിക്കുണ്ടായ അനുഭവം എക്ലിൽ പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ ഇന്ത്യ ലണ്ടനേക്കാൾ '1000 മടങ്ങ് സുരക്ഷിതമാണെന്ന്' അദ്ദേഹം പ്രതികരിച്ചു.

ആദ്യ ദിവസം തന്നെ മോഷണ ശ്രമം

സെൻട്രൽ ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്ത് നിന്നാണ് മോഷണം നടന്നത്. ടാക്സിയിൽ കയറുന്നതിന് മുമ്പ് കൗശിക് മുദ്ദ തന്‍റെ ലഗേജ് കാറിന്‍റെ ബൂട്ടിൽ വെച്ചു. തുടർന്ന് കാറിനുള്ളിൽ ഇരുന്നപ്പോൾ ഒരാൾ അദ്ദേഹത്തിന്‍റെ ജനലിനരികിലെത്തി ടയറിന് പഞ്ചറാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെന്നാണ് കൗശിക് മുദ്ദയുടെ പറയുന്നു. ടയർ പരിശോധിക്കാനായി അദ്ദേഹം കാറിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരാൾ ബൂട്ടിനുള്ളിലേക്ക് കൈയിട്ട് ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തട്ടിപ്പിന്‍റെ രീതി മനസ്സിലാക്കിയ കൗശിക് ഉടൻ ഇടപെട്ടു. മോഷ്ടാവിനെ തള്ളിയിട്ട ശേഷം സ്വന്തം ബാഗ് അദ്ദേഹം എടുത്തു. പിന്നാലെ മോഷ്ടാക്കൾ ഇരുവരും അവിടെനിന്ന് ഓടിപ്പോയെന്നും അദ്ദേഹം എക്സിൽ പോസ്റ്റിൽ വ്യക്തമാക്കി.

Scroll to load tweet…

'ഇന്ത്യ ലണ്ടനേക്കാൾ 1000 മടങ്ങ് സുരക്ഷിതം'

“ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചയാളെ തള്ളിയിട്ട് ബാഗ് തിരിച്ചെടുത്തു. അവർ ഓടിപ്പോയി,” എന്നായിരുന്നു കൗശിക് മുദ്ദ തന്‍റെ എക്സിൽ കുറിച്ചത്. സംഭവത്തെ തുടർന്ന് ഇന്ത്യയിലെ സുരക്ഷയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായവും അദ്ദേഹം എക്സിൽ പങ്കുവെച്ചു. 'ഇന്ത്യ ലണ്ടനേക്കാൾ 1000 മടങ്ങ് സുരക്ഷിതമാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിപരമായ വിലയിരുത്തൽ. കുറിപ്പ് വൈറലായതിന് പിന്നാലെ ലണ്ടൻ നഗരത്തിലെ കുടിയേറ്റവും വർദ്ധിക്കുന്ന മോഷണത്തെയും കുറിച്ച് നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ മോഷണം പോകുന്ന നഗരങ്ങളിലൊന്നാണെന്ന ഖ്യാതി ലണ്ടൻ നഗരത്തിന് നേരത്തെയുണ്ട്. ലണ്ടനിൽ സമാനമായ മോഷണശ്രമങ്ങൾ നേരിട്ടതായി നിരവധി പേരാണ് കുറിപ്പെഴുതിയത്. അതേസമയം ഒരു അനുഭവം കൊണ്ട് മാത്രം വിലയിരുത്തൽ സാധ്യമല്ലെന്നും ഇന്ത്യയിൽ ഒരോ ദിവസവും നടക്കുന്ന കുറ്റകൃത്യങ്ങൾ കാണുന്നില്ലേയെന്നുള്ള ചോദ്യങ്ങളും ഉയർന്നു.