കണ്ടന്‍റ് ക്രിയേറ്ററായ സൈദ് മെഹ്ദി ഒരു സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോയി സർപ്രൈസ് നൽകി. ഹോട്ടലിൽ വെച്ച് ഇരുവരും മിൽക്ക് ഷേക്ക് കുടിക്കുകയും റൈഡർ തന്‍റെ ജീവിതത്തിലെ ഒരു അപകടത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ദിവസവും വീട്ടുപടിക്കൽ സാധനങ്ങളുമായി എത്തുന്ന ഡെലിവറി ജീവനക്കാരന് അപ്രതീക്ഷിതമായൊരു സർപ്രൈസ് ഒരുക്കി കണ്ടന്‍റ് ക്രിയേറ്റർ സൈദ് മെഹ്ദി. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഡെലിവറി റൈഡറെ ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി മിൽക്ക് ഷേക്ക് വാങ്ങിക്കൊടുത്ത സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇതിന്‍റെ വീഡിയോ സൈദ് മെഹ്ദി, തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു.
ജ്യൂസ് കുടിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ
‘ഫൈവ് സ്റ്റാർ ഹോട്ടലിൽ ജ്യൂസ് കുടിക്കാൻ എന്‍റെ കൂടെ വരുമോ?’ എന്നായിരുന്നു റൈഡറോടുള്ള സൈദിന്‍റെ ചോദ്യം. ആദ്യം അമ്പരന്ന റൈഡർ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ ചൂണ്ടിക്കാണിച്ച് അവിടേയ്ക്കെന്ന് സൈദ് വ്യക്തമാക്കിയതോടെ ഇരുവരും ഒരുമിച്ച് ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ഇതുവരെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയിട്ടില്ലെന്നും കുട്ടിക്കാലത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥലത്തെത്തുന്നതെന്നും റൈഡർ പറയുന്നതായി വീഡിയോയിൽ കാണാം.
ഹോട്ടലിലെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ ഇരുവരെയും തടഞ്ഞു. റൈഡർ തന്‍റെ‘അമ്മാവനാ'ണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. പിന്നാലെ പരിശോധനയ്ക്ക് ശേഷം ഇരുവരും അകത്ത് കയറി. ഹോട്ടലിനെക്കുറിച്ചുള്ള ആദ്യ പ്രതികരണം ചോദിച്ചപ്പോൾ റൈഡർ, സ്ഥലം വിശാലവും മനോഹരവുമാണെന്ന് മറുപടി പറയുന്നു. സംഭാഷണത്തിനിടെ റൈഡർ തന്‍റെ ജീവിതത്തിലെ പ്രയാസകരമായൊരു അനുഭവവും പങ്കുവെച്ചു. മുമ്പ് ഒരു വാഹനാപകടത്തിൽപ്പെട്ട് ഏറെക്കാലം കിടപ്പിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.. ‘ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു’ എന്നായിരുന്നു അപകടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തുടർന്ന് ഇരുവരും മിൽക്ക് ഷേക്ക് കഴിക്കുകയും സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. പാനീയം രുചിച്ച ശേഷം ‘വളരെ നല്ലതാണ്’ എന്നും റൈഡർ അഭിപ്രായപ്പെടുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. റൈർഡർ തന്‍റെ അമ്മാവനാണെന്ന് പറഞ്ഞത് ഏറെ പേരുടെ അഭിനന്ദനം നേടി.


