അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഏതറ്റം വരെയും പോകാൻ മനുഷ്യൻ തയ്യാറാകുമല്ലോ. അത്തരത്തിലുള്ള നിരവധി അതിജീവനത്തിന്റെ കഥകളും നാം കേട്ടിട്ടുണ്ട്. പലപല സിനിമകളിലും നോവലുകളിലുമെല്ലാം അതിജീവനം പ്രധാന പ്രമേയമായി വന്നിട്ടുമുണ്ട്. ഏതു നിമിഷം വേണമെങ്കിലും ജീവൻ നഷ്ടപ്പെടാമെന്ന് വരുമ്പോഴാണ് മനുഷ്യൻ അതുവരെ പരീക്ഷിക്കാത്ത പലതും പരീക്ഷിക്കാൻ തയ്യാറാവുന്നത്. അങ്ങനെയൊരാളുടെ കഥയാണിത്. അവിശ്വസനീയമെന്ന് തോന്നാവുന്ന അനുഭവം എന്നും വേണമെങ്കിൽ പറയാം. 

ആ സംഭവമിങ്ങനെ: അടുത്തിടെ ഒരു ഓസ്‌ട്രേലിയക്കാരന് 18 ദിവസത്തോളം വെറും കൂൺ മാത്രം കഴിച്ച് ജീവൻ നിലനിർത്തേണ്ടി വന്നു. 58 -കാരനായ റോബർട്ട് വെബർ എന്നയാളാണ് മൂന്നാഴ്ചയോളം ആരോരുമില്ലാത്ത ഒരു കുറ്റിക്കാട്ടിൽ  അകപ്പെട്ടത്. ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാന്റിൽ നിന്നാണ് വെബറിനെ കാണാതായത്. അതേ തുടർന്ന് തെരച്ചിലും ആരംഭിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും ആളുടെ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവിൽ, 18 ദിവസത്തോളം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ഒരു ഡാമിന് സമീപത്ത് നിന്നാണ് വെബറിനെ പൊലീസ് കണ്ടെത്തിയത്.  

വെബർ ജനുവരി ആറിന് ഓസ്‌ട്രേലിയൻ പട്ടണമായ കിൽകിവാനിലെ ഒരു ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. യാത്രയിൽ അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ നായയും ഉണ്ടായിരുന്നു. എന്നാൽ, വഴിയിൽ വച്ച് അദ്ദേഹത്തിന്റെ കാർ അഴുക്കുചാലിൽ കുടുങ്ങി. എന്തുചെയ്യാനാണ്? ഒടുവിൽ, രക്ഷപ്പെടാനൊരു വഴി തെളിയുമെന്ന് കരുതി പുറത്തിറങ്ങാതെ വെബർ മൂന്ന് ദിവസവും തന്റെ കാറിൽ തന്നെ ചെലവഴിച്ചു. ആ മൂന്ന് ദിവസവും അദ്ദേഹം വെള്ളം മാത്രം കുടിച്ചാണ് വിശപ്പടക്കിയത്. ഒടുവിൽ അതും തീർന്നപ്പോൾ ലക്ഷ്യമില്ലാതെ അദ്ദേഹം ഇറങ്ങി നടന്നു. ഒടുവിൽ ഒരു ഡാമിനടുത്ത് ആ യാത്ര അവസാനിച്ചു. അവിടെ എങ്ങോട്ടുപോകണമെന്നറിയാതെ അകപ്പെട്ട അദ്ദേഹത്തിന് അവിടെ നിന്നും കിട്ടിയ കൂണും, ഡാമിലെ വെള്ളവും കുടിച്ച് വിശപ്പടക്കേണ്ടി വന്നു. രാത്രി വെറും നിലത്ത് ഉറങ്ങുകയും ചെയ്തു. ഒടുവിൽ 18 ദിവസത്തിന് ശേഷം ഞായറാഴ്ച വെബറിനെ അവിടുത്തെ പ്രാദേശിക പാർലമെന്റ് അംഗമായ ടോണി പെരറ്റ് കണ്ടെത്തുകയായിരുന്നു. കാർ കണ്ടെത്തിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു അപ്പോൾ അദ്ദേഹം.

വെബർ ഒരു ഡാമിനടുത്തുള്ള മരത്തിനടിയിൽ ഇരിക്കുകയായിരുന്നുവെന്നും, അവരെ നോക്കി കൈവീശി കാണിച്ചുവെന്നും പെരെറ്റ് എബിസിയോട് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി പലതവണ അന്വേഷണസംഘം അവിടെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലായിരുന്നു. ഒടുവിൽ തെരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, പെരറ്റിന് എന്തുകൊണ്ടോ അന്വേഷണം അവസാനിപ്പിക്കാൻ തോന്നിയില്ല. അങ്ങനെ, അതിന് ശേഷവും പെരെറ്റ് വെബറിനെ തിരയുന്നത് തുടർരുകയായിരുന്നു. അങ്ങനെയാണ് വെബറിനെ പിന്നീട് കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി പെട്ടെന്ന് തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു. ആ കൂണും വെള്ളവും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുകയായിരുന്നു. എന്നാൽ, വെബറിനൊപ്പം യാത്രയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ നായയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 

അവിശ്വാസത്തോടെയാണ് ചുറ്റുമുള്ളവർ വെബറിന്റെ കഥ കേട്ടത്. കൂണും വെള്ളവും മാത്രം കഴിച്ച് ഒരു അമ്പത്തിയെട്ടുകാരൻ 18 ദിവസത്തോളം ജീവിച്ചുവെന്നത് പലരെയും അമ്പരപ്പിക്കുന്നു. എന്നാൽ, ഒരു മനുഷ്യന് ചിലപ്പോൾ ജീവൻ നിലനിർത്താൻ ഇതൊക്കെ മതിയാകും എന്നാണ് വെബറിന്റെ അനുഭവം കാണിച്ചു തരുന്നത്. ഏതായാലും വെബറിന്റെ അനുഭവം അദ്ദേഹത്തിന്റെ സ്ഥലത്ത് വലിയ വാർത്തയായിരിക്കുകയാണ്.