മത്സരപ്പാച്ചിലിനിടെ ബസിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന ഗര്‍ഭിണി നാഷിദ മരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മത്സര ഓട്ടത്തിനിടെ ബസ് പെട്ടന്ന് വളവ് തിരിച്ചപ്പോള്‍ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് വീണാണ് നാഷിദ മരിച്ചത്. നാഷിദയെ മറക്കാതിരിക്കാന്‍, ആ വാതിലിലൂടെ ഇനിയൊരു ജീവിതവും പൊലിയാതിരിക്കാന്‍ വായിക്കണം മിലി സാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

നാഷിദയെ നമ്മൾ മറന്നു പോയിട്ടുണ്ടാവും. ആഴ്ച തോറും ചർച്ച ചെയ്യാൻ പുതിയ പുതിയ വിഷയങ്ങൾ ഉണ്ടാവുമ്പോൾ ആരിതൊക്കെ ഓർത്തിരിക്കാൻ. നാഷിദ ഒൻപതു മാസം ഗർഭിണി ആയിരുന്നു. കോട്ടയത്ത് ഒരു ബസിൽ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോൾ പുറത്തേക്കു തെറിച്ചു വീണു മരിച്ചു പോയി. അവൾക്ക് ആരും സീറ്റ് കൊടുത്തില്ല. അതുകൊണ്ട് നിന്ന് യാത്ര ചെയ്യേണ്ടി വന്നു. വാതിലില്ലാത്ത ബസ് ഒരു യു ടേൺ വീശി എടുത്തപ്പോൾ പുറത്തേക്കു തെറിച്ചു പോയി. നാഷിദക്ക് മുൻപും ഒരു പാട് പേർക്ക് ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .

ഇനിയും പലർക്കും ഇത് സംഭവിക്കും. അത് ഞാനോ നിങ്ങളോ നമ്മുടെ കുഞ്ഞുങ്ങളോ, അമ്മമാരോ ആരുവേണമെങ്കിലും ആവാം. കാരണം വാതിലുകൾ ഉണ്ടായിട്ടും അത് അടയ്ക്കാന്‍ മിനക്കെടാതെ ചീറി പായുകയാണ് നമ്മുടെ സ്വകാര്യ ബസുകൾ. ഇന്നലെ മക്കളുമായി തൃപ്പൂണിത്തുറയിൽ നിന്നും എറണാകുളത്തേക്കു ബസിൽ യാത്ര ചെയ്യേണ്ടി വന്നു. ഉച്ച സമയം ആയതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. മുൻവശത്തെ വാതിലിനു നേരെയുള്ള സീറ്റാണ് കിട്ടിയത്‌. ഓരോ വളവിലും സീറ്റിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ വളരെ കരുതലോടെ ഇരിക്കേണ്ടി വന്നു. 

ബസിൽ തിരക്ക് കൂടി കൂടി വന്നു. സീറ്റുകൾ എല്ലാം നിറഞ്ഞു. ആളുകൾ നിന്ന് യാത്ര ചെയ്യാൻ തുടങ്ങി. ആടി ഉലഞ്ഞു തെറിച്ചു പോകാതിരിക്കാൻ പാടുപെട്ട് ബാലൻസ് ചെയ്തു നിൽക്കുന്നവരെ കണ്ടു വിഷമം തോന്നി. ഇതിലൊക്കെ എന്താ ഇത്ര പുതുമ, എന്നും കാണുന്നതല്ലേ എന്ന് ചിലർക്കെങ്കിലും തോന്നുമായിരിക്കാം. നമ്മൾ ഇതൊക്കെ ശീലിച്ചു കഴിഞ്ഞില്ലേ. അടുത്ത അപകടം ഉണ്ടാവുന്നത് വരെ നമുക്കിങ്ങനെ അങ്ങ് പോകാം.

ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ട് കഴിയുമ്പോ രോഷം പ്രകടിപ്പിക്കാം. രണ്ടു ദിവസത്തേക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ ചെക്കിങ്ങും മറ്റുമായി ഉഷാറാവും. അത് കഴിയുമ്പോ വീണ്ടും പഴയ പടി. ഹെൽമെറ്റ്‌ ,മദ്യപിച്ചു വണ്ടി ഓടിക്കൽ, അമിത വേഗം എന്നീ കാര്യങ്ങളിൽ പോലീസ് കർശന നടപടികൾ സ്വീകരിച്ചപ്പോൾ കുറെ മാറ്റം വന്നു. അതുപോലെ ബസ്സിലെ വാതിലുകളുടെ കാര്യത്തിൽക്കൂടി ഒന്നു ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ!. സുരക്ഷിതമായ യാത്ര ഒരു പൗരന്‍റെ അവകാശമാണ്. അത് ഉറപ്പു വരുത്തിയെ മതിയാവു.