Asianet News MalayalamAsianet News Malayalam

ആകാംക്ഷയുടെ ദ്വീപില്‍ ഒരുവള്‍ തനിച്ചായ നാള്‍

  • എന്റെ പുസ്തകം
  • ബെന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍
  • അലീഷ അബ്ദുല്ല എഴുതുന്നു
My Book Benyamin Manjaveyil Maranangal by Aleesha Abdulla
Author
First Published Jul 24, 2018, 5:25 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

My Book Benyamin Manjaveyil Maranangal by Aleesha Abdulla

ബെന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍' സസ്‌പെന്‍സ് ത്രില്ലറാണോ? ആണെങ്കിലും അല്ലെങ്കിലും അത് ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണെന്നു പറയാനാണ് എനിക്കിഷ്ടം. അതുമല്ലെങ്കില്‍, ചരിത്രത്തെയും സാമൂഹ്യാവസ്ഥകളെയും ബുദ്ധിപരമായി ഒരു ത്രില്ലറിന്റെ ചാരുതയിലേക്ക് സമന്വയിപ്പിച്ച നോവല്‍ എന്ന് വിളിക്കാം. 

ഒറ്റ ഇരുപ്പിലാണ് ഞാന്‍ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായിച്ചത്. അന്ന് ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ല. വായന തീരുമ്പോള്‍ ചെന്നെത്തിയത് ഒരു രാവണന്‍ കോട്ടയിലാണ്. സത്യവും മിഥ്യയും മുഖാമുഖം നില്‍ക്കുന്ന ഒരിടം. ജീവിതവും ഫിക്ഷനും പരസ്പരം അഭിമുഖീകരിക്കുന്ന വേള. ആ ശൂന്യത എന്നെ ഉറക്കത്തിലും പിന്തുടര്‍ന്നു. നോവലിനെ മനസ്സില്‍ നിന്നും പിഴുതെടുക്കാന്‍ കഴിയാതെ, ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിന്നാലെ ഒരുപാട് അലഞ്ഞു. ഭ്രാന്തുപിടിപ്പിച്ച ആ വായനാനുഭവത്തെക്കുറിച്ചു അന്ന് എവിടെയൊക്കെയോ കുറിച്ചിട്ടു. പിന്നെപ്പോഴോ ഫിക്ഷനുമാത്രം സാദ്ധ്യമാവുന്ന ഏതോ ഉന്‍മാദത്തിന്റെ ചോട്ടില്‍ ഉറങ്ങി.

അങ്ങനെയൊരു വായനാനുഭവം എനിക്ക് സാധാരണമല്ല. അങ്ങനെ സംഭവിക്കണമെങ്കില്‍, ആ പുസ്തകം ഉള്ളില്‍ വിതയ്‌ക്കേണ്ടത് ചെറിയ ആകാംക്ഷയൊന്നുമാവില്ല. ഓരോ പേജും കടന്നു പോയത് ആകാംക്ഷാഭരിതമായ നെഞ്ചിടിപ്പുകളോടെയാണ്. എന്നാല്‍, അതൊരു ത്രില്ലറിന്റെ പതിവ് ഉദ്വേഗവഴികളിലായിരുന്നില്ല സഞ്ചരിച്ചത്. മനസ്സിനെ ആഴത്തില്‍ തൊടുന്ന ദാര്‍ശനിക ചിന്തകള്‍, ചരിത്രത്തിന്റെ ഗൂഢമായ ഖനികളില്‍ ഒളിഞ്ഞിരിക്കുന്ന അറിയാക്കഥകള്‍, അധികാരത്തെയും ഭരണകൂടത്തെയും അടിച്ചമര്‍ത്തലുകളെയും കുറിച്ചുള്ള രാഷ്ട്രീയ അന്വേഷണങ്ങള്‍.  ഇങ്ങനെ പല അടരുകളാണ് ഈ നോവലിന്റെ യാത്രാപഥങ്ങള്‍.  

My Book Benyamin Manjaveyil Maranangal by Aleesha Abdulla ബെന്യാമിന്‍,  'മഞ്ഞവെയില്‍ മരണങ്ങള്‍'

ആഖ്യാനത്തിനുള്ളിലെ ആഖ്യാന ഘടനയാണ് നോവലിന്.

ആഖ്യാനത്തിനുള്ളിലെ ആഖ്യാന ഘടനയാണ് നോവലിന്. ഉള്‍നോവലും പുറം നോവലും. രണ്ടും വ്യത്യസ്തമായ അന്വേഷണങ്ങളാണ്. ആരോ എഴുതിവെച്ച ജീവിത കഥയുടെ അധ്യായങ്ങള്‍ തേടിയുള്ള നടപ്പുകള്‍. അവിചാരിതമായി ലഭിക്കുന്ന അധ്യായങ്ങളില്‍നിന്നും പുതിയതിലേക്ക് അന്വേഷണമാരംഭിക്കാന്‍ പ്രേരണയേകുന്ന എഴുത്തുകാരന്റെ കൂട്ടം-വ്യാഴച്ചന്ത. അതിലൊരാളായി മാറിയല്ലാതെ നമുക്കീ നോവലിലൂടെ ഉദ്വേഗഭരിതമായി നടന്നുപോകാനാവില്ല. നമ്മള്‍ ഒരു നോവലിനകത്തല്ല, ഒരു ഞെട്ടിക്കുന്ന സത്യത്തിനകത്താണ് എന്നു മാത്രമേ വായനയിലുടനീളം തോന്നൂ. 

നോവലിന്റെ പ്രമേയം ഇവിടെ വിവരിക്കുന്നതില്‍ കാര്യമില്ല. അത് വായിച്ചു തന്നെ അനുഭവിക്കണം. വായിച്ചിരിക്കുമ്പോള്‍ നമ്മളിലേക്ക് ഒഴുകിയെത്തുന്നു, കായലുകളുടെ രാജ്യമായ ഡീഗോ ഗാര്‍ഷ്യ. അന്ത്രപ്പേര്‍ കുടുംബം, അവിടത്തെ പുതുമുറക്കാരന്‍ ക്രിസ്റ്റി അന്ത്രപ്പേര്‍, വല്യപപ്പ, സെന്തിലും, അന്‍പും ഒക്കെ നമ്മെ ജിജ്ഞാസയുടെ ഏതേതോ അറകളില്‍ ചെന്ന് പൂട്ടുന്നു. അവിടെനിന്നും വഴിയറിയാതെ, ക്രിസ്റ്റിക്കൊപ്പം നടന്നു തുടങ്ങുന്നു. ചെറുസൂചനകളുടെ അടയാളപ്പലകകള്‍ക്കരികെ പമ്മി നില്‍ക്കുന്നു. അവിടെ നിന്നും പുതിയൊരു കണ്ടെത്തലിലേക്ക് ചിതറി വീഴുന്നു. 

സന്ദേഹമാണ് നോവല്‍വായന നല്‍കുന്ന ഭൂകമ്പത്തില്‍നിന്നും നമ്മെ ഭൂമിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

നോവലിനുള്ളിലെ മറ്റൊരു നോവലായ ഇതിലെ ഒരു കഥാപാത്രം എഴുത്തുകാരന്‍ തന്നെയാണ്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഇ മെയില്‍ സന്ദേശം, നെടുമ്പാശേരി നോവല്‍, ജീവിതത്തിലെ സങ്കീര്‍ണതകള്‍-ഇങ്ങനെയാണ് കഥ മുന്നോട്ട് പോവുന്നത്. ഡീഗോ ഗാര്‍ഷ്യ എന്ന പുറംരാജ്യത്തെ കേരളത്തിന്റെ പുരാതന ചരിത്രവുമായി വിളക്കിച്ചേര്‍ത്താണ് കഥ സാദ്ധ്യമാവുന്നത്. അതിലേക്കുള്ള മാര്‍ഗം അവിചാരിതമായ ഒരു മരണവും. 

അവിടെനിന്നും നടത്തുന്ന യാത്രകള്‍ നമ്മളില്‍ ശേഷിപ്പിക്കുന്നത് എന്തൊക്കെയാണ്? 

മനുഷ്യന്‍ എന്ന അസ്തിത്വം, ജീവിതത്തിന്റെ അര്‍ത്ഥം, നിസ്സംഗത, സമഗ്രാധികാരത്തിന്റെ ഹിംസാത്മകത, സത്യത്തെ മറയ്ക്കുന്ന അധികാരശക്തികള്‍, പണം, പദവി, പ്രതാപം- ഇത്തരം അനേകം ഘടകങ്ങളിലൂടെയുള്ള മാനസിക സഞ്ചാരം തന്നെയാണ്  ബാക്കിയാവുന്നത്. ഉത്തരങ്ങളുടെ സമതലങ്ങള്‍ പിന്നിടുമ്പോഴും ബാക്കിയാവുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള സന്ദേഹമാണ് നോവല്‍വായന നല്‍കുന്ന ഭൂകമ്പത്തില്‍നിന്നും നമ്മെ ഭൂമിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍​

ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!

മനോജ് കുറൂര്‍: തൊട്ടാല്‍ മുറിയുന്ന പുസ്തകങ്ങള്‍...

ദുര്‍ഗ അരവിന്ദ്: ഏതിരുട്ടിലും വെളിച്ചം കാട്ടുന്ന പുസ്തകം

സിമ്മി കുറ്റിക്കാട്ട് ​: 'മരണത്തിന് കുരുമുളകിട്ട താറാവുകറിയുടെ ചൂരാണ്'

ബാലന്‍ തളിയില്‍: ജീവിതത്തേക്കാള്‍ ആഴമുള്ള പുസ്തകം

സന്ധ്യ ചൂരിയില്‍: അവള്‍ യക്ഷിയായിരുന്നോ?​

Follow Us:
Download App:
  • android
  • ios