മലയാളി പ്രവാസി സ്വിറ്റ്‌സര്‍ലന്റിലിരുന്നാലും ശരാശരി കരയോഗം നായരായിരിക്കും. അവിടെ ഭാഷാ സ്വത്വബോധമല്ല. ചെവീപ്പൂട ബോധമാണ്  സ്പഷ്ടമാവുക.  ശരാശരി മലയാളി  കൃസ്തുമത വിശ്വാസിയുടെ പ്രാഥമിക സ്വത്വബോധം റോമിനോടുളള വിധേയത്വമാണ്. ശരാശരി മലയാളി ഇസ്ലാം വിശ്വാസിയുടെ പ്രാഥമിക സ്വത്വബോധം അറേബ്യയോടുളള താദത്മ്യമാണ്. അടിതിരിപ്പാടും അക്കിത്തിരിപ്പാടും മുതല്‍ നായാടി വരെ ഒരു നൂറു ശൈഥില്യങ്ങള്‍ ഹൈന്ദവവിശേഷണമുളള മലയാളിയുടെ ഭാഷാ സ്വത്വബോധത്തിനുണ്ട്. ശരാശരി മലയാളിക്ക് ഭാഷയെന്ന ആദിമ സ്വത്വത്തേക്കാള്‍ പ്രസക്തം ചെവിയില്‍ പൂടയാണ്. വര്‍ണ്ണങ്ങളിലും വര്‍ഗ്ഗങ്ങളിലുമുളള അഭിമാനബോധങ്ങള്‍  ഭാഷസ്വത്വഅഭിമാനങ്ങളെ മറികടക്കുന്നു.  അതു കൊണ്ടു തന്നെ കാറ്റലോണിയന്‍ സ്വത്വബോധം ശരാശരി മലയാളിക്കു പിടിതരാതെ പോവും.

നാട്ടിലെ വിളക്ക്  പോലെയാണ് പാശ്ചാത്യന് മെഴുകുതിരി.  വൈദ്യുതി കണ്ടു പിടിച്ച കാലത്തിനു ശേഷം  മെഴുകുതിരി മുഖ്യധാരയില്‍ നിന്നകന്നു.  ടബ്ബില്‍ ചൂടുവെളളം നിറ!ച്ച് കുളിക്കുമ്പോഴരികില്‍ പല  ഗന്ധങ്ങളുതിര്‍ക്കുന്ന മെഴുകുതിരികള്‍, പ്രാഥമിക കൃത്യനിര്‍വഹണങ്ങളിലും ഗന്ധങ്ങളെ  നിര്‍ജ്ജീവമാക്കുന്ന  അധിനിവേശ ഗന്ധം.  കഴിഞ്ഞു  നിത്യജീവിതത്തിലെ മെഴുകുതിരി. പിന്നെ മെഴുകുതിരി കാണുന്നത് ആളൊഴിഞ്ഞ ദേവാലയങ്ങളിലാണ്. കല്ലറകളിലും. അല്ലെങ്കില്‍ തെരുവോരത്ത്  മരിച്ചവരുടെ  ഓര്‍മമകള്‍ക്കു മുന്നില്‍.  ഡയാനയുടെ  മരണഘോഷയാത്രയില്‍  എല്‍ട്ടണ്  ജോണ് പാടിയത് 'കാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ്' എന്നാണ്. കാറ്റത്തുലഞ്ഞ ഒരു മെഴുകുതിരിനാളം. കുറച്ച് ആഴ്ചകള്‍ക്കു മുന്‍പ് ഒരു  ഗിന്നസ്സ് റിക്കോര്‍ഡ് പിറന്നിരുന്നു. 82000 മെഴുകുതിരികളുടെ ദീപാവലി. ദുഃഖത്തിന്റെയും ഓര്‍മ്മകളുടെയും വിലാപത്തിന്റെയുമല്ലാതെ പ്രത്യാശയുടെ 82000 മെഴുകുതിരി നാളങ്ങള്‍.

കറ്റലോണിയയുടെ സ്വാതന്ത്രപ്രഖ്യാപനത്തിന്റെ  ജനവിധിക്കു തൊട്ടുമുന്‍പ് ഭൂമിശാസ്ത്രപരമായി  ഫ്രാന്‍സിലകപ്പെട്ട ലിവന്‍ എന്ന ചെറുനഗരത്തിലെ  ജനതയുടെ പ്രത്യാശയാണ് എണ്‍പത്തിരണ്ടായിരം മെഴുകുതിരിയായി എരിഞ്ഞത്.  സ്‌പെയിനിന്റെ ആഭ്യന്തര പ്രതിസന്ധിയില്‍ ഫ്രാന്‍സിന്റെ ഭൂമി ശാസ്ത്രത്തിനും മെഴുകുതിരിക്കുമെന്തു ബന്ധം?  വിശദവിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിലുണ്ട്. പത്രവും മെഴുകുതിരിയുമുപേക്ഷിച്ച് നാലു ചുറ്റും ഫ്രാന്‍സിനാല്‍ വലയം ചെയ്ത  ആ ചെറിയ ന്യൂനപക്ഷ ഭാഷ തുരുത്താണ്  വിഷയത്തിന്റെ കാതല്‍. കറ്റലോണിയയുടെ മാത്രമല്ല  എല്ലാ സ്വത്വപ്രതിസന്ധികളുടെയും  കാതല്‍. 

എല്ലാ സങ്കല്പ അനുമാനങ്ങള്‍ക്കും സോദാഹരണ ദൃഷ്ടാന്തങ്ങള്‍ വേണം. ദേശീയതകള്‍, സംസ്‌കാരങ്ങള്‍ , പാരമ്പര്യം ഇതെല്ലാം  സ്റ്റേറ്റ് എന്ന രൂപത്തിനു വേണ്ടി  ഇഴചേര്‍ക്കപ്പെടുന്നതാണ്. വടക്കന്‍ അയര്‍ലന്റുകാരന് അവന്റെ സ്വന്തം സ്വത്വമുണ്ട്.  ഇംപീരിയലിസത്തിന്റെ അധിനിവേശത്തില്‍ നിത്യോപയോഗത്തില്‍  പ്രകടമല്ലെങ്കില്‍ പോലും  അതവന്റെ സ്വത്വമാണ്.  മനസ്സുകൊണ്ടോ ആത്മാവുകൊണ്ടോ അവനൊരിക്കലും  കോക്‌നി എന്ന ലണ്ടറാവാന്‍ സാധിക്കില്ല. സ്‌കോട്ട്‌ലന്റും വെയില്‍സുമെല്ലാം തനതു സ്വത്വങ്ങളും ദേശീയതകളുമാണ് .  അതുകൊണ്ടാണ്  സ്‌കോട്ട്‌ലന്റിലും  സ്വാതന്ത്ര്യത്തെക്കുറിച്ചു ജനവിധി തേടിയത്. കുറച്ചു ദിവസമെങ്കിലും അനിശ്ചിതത്വം  പഴയ  സാമ്രാജ്യത്തെ വിഴുങ്ങിയത്.

വിശ്വസിക്കുന്നവര്‍ക്ക് മാത്രമല്ല. ചിന്തിക്കുന്നവര്‍ക്കും ദൃഷ്ടാന്തമുണ്ട്.  പഴയ സോവിയറ്റ് യൂണിയന്‍. പല ഭാഷാപൈതൃകങ്ങളില്‍ നൂറിലധികം  മൊഴികള്‍.  ഉച്ചാരണ ഭേദങ്ങള്‍. സാമ്പിളിന് ചിലത്   റഷ്യന്‍, ബലോറഷ്യന്‍ , ഉക്രേനിയന്‍, ലിത്വാനിയന്‍, ലാത്!വിയന്‍, എസ്റ്റോണിയന്‍, മോള്‍ഡോവന്‍, അര്‍മേനിയന്‍, അസേരി, ജോര്‍ജിയന്‍. ഉദ്ദിഷ്ട  കാര്യത്തിനുളള സാമ്പിളായി. സോവിയറ്റ് യൂണിയനിലെ  ഭാഷകളുടെ പട്ടികയില്‍ മിക്കതും ഇന്ന് സ്വതന്ത്ര രാജ്യങ്ങളാണ്. അതാണ് ദേശീയത.  പ്രത്യയശാസ്ത്രഇരുമ്പു മറയിലെ ഫെഡറേഷനില്‍ നിന്നും  തനതു രാജ്യങ്ങളിലേക്കുളള പരിണതിയാണ്  സ്വത്വബോധം.  വര്‍ഗ്ഗസമരം കൊണ്ടടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്വത്വസമരങ്ങള്‍. 

ആഫ്രിക്കയിലെവിടോ ഉരുവപ്പെട്ട് പല നിറത്തിലും ഭാഷകളിലും പലയിടത്തായി വ്യാപിച്ച വലിയ ആ പുറപ്പാടിലെവിടെയോ ജനിതകത്തിലിഴപിരിഞ്ഞതാണ് ഭാഷയും. ഭാഷ ഒരു ജനിതകസ്മൃതിയാണ്.  അവിടെ രണ്ടാമത് ദൃഷ്ടാന്തം വരുന്നു. ശ്രീലങ്കന്‍ വംശീയ സ്വത്വപ്രതിസന്ധി. ഏറ്റവും ലളിതമായ ഭാഗം സിംഹളര്‍ തദ്ദേശീയ വാസികളും  തമിഴര്‍ കുടിയേറിയവരും എന്നതാണ്.  കുമാരികാണ്ഡം കടലെടുത്തു പോകുന്നതിനു മുന്‍പ് എല്ലാം ഒരേ ഭൂപാളിയിലെ നിമ്‌നോന്നതങ്ങള്‍ മാത്രമായിരുന്നതു കൊണ്ട് സിംഹള ദേശീയതയും  പിന്നീടെന്നോ പിരിഞ്ഞു  പോയ ഒരു ചാര്‍ച്ചയാവണം. അല്ലെങ്കില്‍ ആര്യഅധിനിവേശത്തില്‍ രൂപഭേദം വരാത്ത സിംഹളത്തുരുത്ത്.  അവിടെയും ഭാഷയാണ് സ്വത്വബോധത്തെ നിര്‍വചിക്കുന്നത്. നിര്‍വചിച്ചത്. 

തമിഴ് എന്നത് ഭാഷ മാത്രമല്ല, സ്വത്വവും വംശവും കുലവുമാണ്. വ്യത്യസ്ത ഗോത്രപ്പിരിവുകളിലുളളവര്‍ തമിഴ്  പേച്ചുമ്പോള്‍  സിംഹളഭാഷ ഒരേയൊരു ഗോത്രമാണ്. ഒരേയൊരു  പിരിവാണ്. അധിനിവേശപ്പെടാത്ത  ഒറ്റയാണ്.  ഒരേ ഭൂപ്രദേശത്തിലെ  ഭാഷാജനിതകത്തിന്റെ  സ്വത്വപ്രതിസന്ധിയായിരുന്നു  ഒറ്റവാക്കില്‍ ശ്രീലങ്കന്‍ വംശീയത.  ഓരേ  രാഷ്ട്ര രൂപത്തിലെ രണ്ടു ഭാഷാ ജനിതകങ്ങളുടെ കുടിയിരിപ്പിലെ സംഘര്‍ഷങ്ങള്‍. ഏറിയും കുറഞ്ഞും  അതിന്റെ രക്തരൂക്ഷിതമോ  അല്ലാത്തതോ ആയ  പതിപ്പുകളാണ്  സോവിയറ്റനന്തര യൂറോപ്പിലും സംഭവിച്ചത്.  വംശഹത്യയുടെ സെര്‍ബിയന്‍ നാള്‍ വഴികള്‍ മുതല്‍ എണ്‍പത്തിരണ്ടായിരം മെഴുകുതിരികളുടെ ജ്വലനം വരെ സംഭവിക്കുന്നത് ഭാഷാ ജനിതകത്തിന്റെ സ്വത്വസമരങ്ങളാണ്.

മതം ഓവര്‍ലാപ്പ് ചെയ്യാത്ത ദേശീയതകളില്‍ ഭാഷ തിളയ്ക്കുന്ന വികാരമാണ്. ആദി ജനിതകമായതുകൊണ്ട് തീവ്രത കൂടുന്ന ഒന്ന്.  അന്റാാര്‍ട്ടിക്ക മുതലെവിടെയും കുടിയേറിയ മലയാളിയുടെ  ദാസ്യഭാവങ്ങള്‍ ഭാഷാ സ്വത്വത്തെ മറികടക്കാനും മാത്രം വലുതായതു കൊണ്ടു മാത്രം  വിശദീകരണം ആവശ്യപ്പെടുന്ന  ഒന്ന്. മലയാളി പ്രവാസി സ്വിറ്റ്‌സര്‍ലന്റിലിരുന്നാലും ശരാശരി കരയോഗം നായരായിരിക്കും. അവിടെ ഭാഷാ സ്വത്വബോധമല്ല. ചെവീപ്പൂട ബോധമാണ്  സ്പഷ്ടമാവുക.  ശരാശരി മലയാളി  കൃസ്തുമത വിശ്വാസിയുടെ പ്രാഥമിക സ്വത്വബോധം റോമിനോടുളള വിധേയത്വമാണ്. ശരാശരി മലയാളി ഇസ്ലാം വിശ്വാസിയുടെ പ്രാഥമിക സ്വത്വബോധം അറേബ്യയോടുളള താദത്മ്യമാണ്. അടിതിരിപ്പാടും അക്കിത്തിരിപ്പാടും മുതല്‍ നായാടി വരെ ഒരു നൂറു ശൈഥില്യങ്ങള്‍ ഹൈന്ദവവിശേഷണമുളള മലയാളിയുടെ ഭാഷാ സ്വത്വബോധത്തിനുണ്ട്. ശരാശരി മലയാളിക്ക് ഭാഷയെന്ന ആദിമ സ്വത്വത്തേക്കാള്‍ പ്രസക്തം ചെവിയില്‍ പൂടയാണ്. വര്‍ണ്ണങ്ങളിലും വര്‍ഗ്ഗങ്ങളിലുമുളള അഭിമാനബോധങ്ങള്‍  ഭാഷസ്വത്വഅഭിമാനങ്ങളെ മറികടക്കുന്നു.  അതു കൊണ്ടു തന്നെ കാറ്റലോണിയന്‍ സ്വത്വബോധം ശരാശരി മലയാളിക്കു പിടിതരാതെ പോവും.

മനസ്സിലായാലും ഇല്ലെങ്കിലും അത് കാറ്റലോണിയന്‍ ആത്മബോധമാണ്. സ്വത്വം. അതിനു ജാതിയുടെയും മതത്തിന്റെയും ശൈഥില്യങ്ങളില്ല.  അത് വൈകാരിക വൈവശ്യമല്ല.  സ്വത്വം വികാര തരളിതമാക്കുന്ന സെന്‍സേഷണല്‍ പള്‍പ്പല്ല. വാര്‍ത്തയും.  പക്ഷെ ഉയിരിലും ഉയിരായത്.പത്തു വര്‍ഷം മദിരാശിയില്‍ തമിഴനേക്കാള്‍ തമിഴനായി  ജീവിച്ചതാണ്. പ്രവാസത്തില്‍ പോലും പ്രാദേശിക  ഛായകളുളള ജീവിതരീതിയാണ്. പോക്കറ്റനുവദിക്കുവോളം. പക്ഷെ പടിഞ്ഞാറന്‍  സ്വത്വബോധം  മലയാളിക്കു പിടിതരാത്ത ഒന്നാണ്. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവാത്തത്ര കടുത്തതും രൂഢമൂലവുമാണ്  ഭാഷാ സംസ്‌കാരദേശീയതകള്‍. 

സോവിയറ്റ് യൂണിയന്റെ അഴിയലിനു ശേഷം സംഭവിച്ചത് ഭാഷാസംസ്‌കാര ആദിമൂലത്തിലേക്കുളള  തിരിച്ചുപോക്കാണ്. സ്‌റ്റേറ്റ് എന്ന രാഷ്ട്ര രൂപത്തെ വെല്ലുവിളിച്ച്.  ചങ്ങലകളില്‍ കോര്‍ത്തിണക്കുന്ന  രാഷ്ട്രസങ്കല്പത്തോടുളള റെബലിയന്‍.സോവിയറ്റനന്തര സ്വത്വരാഷ്ട്രീയ രൂപീകരണം ഭാവിലോകത്തിന്റെ പ്രവണതയാണ്. ജനത സ്വത്വം വീണ്ടെടുക്കുന്നതിന്റെ സ്വയമറിയുന്നതിന്റെ സ്വയം കാണുന്നതിന്റെ ഞെട്ടലിലാണ്. ആ  ഞെട്ടലാണ് സ്വത്വരാഷ്ട്രങ്ങളുണ്ടാക്കുന്നത്, അഭയാര്‍ത്ഥികളുണ്ടാക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളില്‍  സഹജമര്യാദകള്‍ മറന്ന് അസ്വസ്ഥരാവുന്നത്.

രാഷ്ട്രരൂപങ്ങള്‍ക്ക് സ്വത്വരൂപങ്ങള്‍ സാമ്പത്തികമായും അല്ലാതെയും  സ്വീകാര്യമാവണമെന്നില്ലാത്തതു കൊണ്ടു തന്നെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ  കാറ്റലോണിയക്കില്ല.  സ്പാനിങ്ങ് ഇംഗ്ലീഷ് മുതല്‍ കുടിയേറ്റക്കാരുടെ മിശ്രിതസ്വത്വമാണ്  തദ്ദേശീയ സ്വത്വങ്ങളുടെ കൂട്ടക്കൊലയില്‍ രൂപപ്പെട്ട അമേരിക്ക എന്ന രാഷ്ട്രരൂപം.  യൂറോപ്യന്‍ യൂണിയനും സ്വന്തം താല്‍പര്യങ്ങളേറെയാണ്.  പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ക്യാമറകള്‍  പ്രസക്തമാവുന്ന ഒന്നാവും കാറ്റലോണിയന്‍ പ്രതിസന്ധി. വോട്ടെടുപ്പിനു മുന്‍പ്  ആദ്യം പറഞ്ഞ ചെറുപട്ടണത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാവാതിരുന്നത്  ദൃശ്യങ്ങളുടെയും വാര്‍ത്തകളുടെയും ഭാവിഫലസൂചനകളാണ്. ശരാശരി പാശ്ചാത്യന്റെ, സാധാരണക്കാരന്റെ നീതിബോധമുണരാതിരിക്കാനുളള മുന്‍കരുതല്‍.

ഭൂഗോളത്തിന്റെ പടിഞ്ഞാറ്  സ്‌പെയിനിനും  കിഴക്ക് പോര്‍ച്ചുഗലിനും വീതം വെച്ചപ്പോള്‍ മുതല്‍  കോളനികളിലെ  ചോരച്ചാലുകളുടെയും ക്രൂരതയുടെയും വഴുക്കുനിലങ്ങള്‍ സ്‌പെയിനിന്റെ  ചരിത്രത്തിലുണ്ട്.  അമേരിക്കന്‍ ചരിത്രത്തില്‍ നിണമണിഞ്ഞ സ്പാനിഷ് നിഴല്‍പാടുകളേറെയുണ്ട്.   കാറ്റലോണിയയിലെ മെഴുകുതിരി ഒരു പക്ഷെ പ്രത്യാശയുടെതിനു പകരം വിലാപത്തിന്റെയുമാവാം. പാശ്ചാത്യസാധാരണക്കാരന്റെ നീതിബോധം  ഐക്യധാര്‍ഢ്യത്തില്‍ മെഴുകുതിരി കത്തിച്ചില്ലെങ്കില്‍. കാറ്റലോണിയ ഒരു ഭാഷയും ദേശവും മാത്രമല്ല, സ്വത്വമാണ്. മെഴുകുതിരിയായെരിയുന്ന സ്വത്വം.