Asianet News MalayalamAsianet News Malayalam

കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

രാമചന്ദ്രന്റെ അഭിപ്രായത്തില്‍ കണ്ണാടി ന്യൂറോണുകളുടെ ഉരുത്തിരിയല്‍ ആണ് മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന അനുകമ്പ, ദയ എന്നീ വികാരങ്ങള്‍ക്ക് കാരണം. ഭാഷയുടെ വികാസത്തിന് കാരണവും ഇത് തന്നെ. കാരണം ഫിക്ഷന്‍ വായിക്കുമ്പോള്‍ നാം ചെയ്യന്നത്, മറ്റുള്ളവരുടെ അനുഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടില്‍ നോക്കിക്കാണല്‍ ആണല്ലോ. ചില പരീക്ഷണങ്ങളില്‍ മറ്റുള്ളവരുടെ ദേഹത്തു സ്പര്‍ശിക്കുന്നത് സ്വന്തം ദേഹത്തു അനുഭവിപ്പിക്കാന്‍ വരെ കഴിയുന്നുണ്ട്. മറ്റുള്ളവരോട് ഒരു ദയയും ഇല്ലാതെ അക്രമം നടത്തുന്ന കുറ്റവാളികള്‍ ഒരു പക്ഷെ ഈ ന്യൂറോണ്‍സിന്റെ കുറവ് അനുഭവിക്കുന്നവര്‍ ആവാം എന്ന് ഒരു കാഴ്ചപ്പാടും രാമചന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

Nazeer Hussain Kizhakedathu column on mirror neurons
Author
Thiruvananthapuram, First Published Mar 25, 2017, 6:59 AM IST
  • Facebook
  • Twitter
  • Whatsapp

Nazeer Hussain Kizhakedathu column on mirror neurons

വര്‍ഷങ്ങള്‍ക്കു  മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിവസം. വീട്ടില്‍ കോഴി ബിരിയാണി ആണ്. പക്ഷെ ഞങ്ങള്‍ക്കു ആര്‍ക്കും കഴിക്കാന്‍ തോന്നുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും വലിയ സങ്കടത്തോടെ ഇരിക്കുന്നു. കാരണം ഞങ്ങളുടെ വീട്ടിലെ തന്നെ ഒരു കോഴിയെ ആണ് കൊന്നു ബിരിയാണി വച്ചിരിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ ആണെങ്കില്‍ ആടിനും കോഴിക്കും പൂച്ചക്കുമെല്ലാം ഓരോ പേരുകള്‍  ഉള്ളതാണ്. അമ്മിണി എന്ന് വിളിച്ചാല്‍ ആട് അടുത്ത് വരും. കോഴികളോടും ഏതാണ്ട് മനുഷ്യരോട് സംസാരിക്കുന്ന പോലെ ആണ് ഉമ്മ സംസാരിക്കുന്നത്. 'നിനക്ക് ഇന്ന് വിശക്കുന്നില്ലെങ്കില്‍ വേണ്ട, കഴിച്ചില്ലേല്‍ ഞാന്‍ ഇത് വേറേ ആര്‍ക്കെങ്കിലും കൊടുക്കും' എന്നെല്ലാം അടുക്കളയുടെ പുറകില്‍ നിന്ന് കേട്ടാല്‍ ഉമ്മ ആടിനോ കോഴിക്കോ ഭക്ഷണം കൊടുക്കുകയാണെന്നു മനസിലാക്കാം. അങ്ങിനെ ഞങ്ങളുടെ വീട്ടില്‍ വളര്‍ത്തിയ കോഴിയെ കൊന്നു കറി വച്ചാല്‍ എങ്ങിനെയാണ് കഴിക്കാന്‍ തോന്നുക? അതിനു ശേഷം ഒരിക്കലും വീട്ടിലെ കോഴിയെ കൊന്നു തിന്നിട്ടില്ല. പക്ഷെ പുറത്തു നിന്ന് മീനും ഇറച്ചിയും വാങ്ങിക്കുമ്പോള്‍ ഞങ്ങള്‍ക്കു ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. 

 

Nazeer Hussain Kizhakedathu column on mirror neurons

വി എസ് രാമചന്ദ്രന്‍

ദയയും അനുകമ്പയും ഉണ്ടാവുന്നതെങ്ങനെ?
വര്‍ഷങ്ങള്‍ കഴിഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ റിസര്‍ച്ച് ചെയ്യുന്ന ഇന്ത്യക്കാരനായ വി എസ് രാമചന്ദ്രന്റെ ടെല്‍ ടെയില്‍ ബ്രെയിന്‍ എന്ന പുസ്തകം വായിച്ചപ്പോള്‍ ആണ് ഇതിന്റെ ശാസ്ത്രീയ വശം മനസിലായത്. കണ്ണാടി ന്യൂറോണുകള്‍ (Mirror neurons) എന്നാണ് നമ്മുടെ തലച്ചോറില്‍ ഇതിനു ഇതിനു കാരണക്കാരായ ന്യൂറോണുകളെ പറയുക. സാധാരണ ന്യൂറോണുകള്‍ നമ്മള്‍ എന്തെങ്കിലും സ്പര്‍ശിച്ചാലോ, നമ്മളും ആയി ബന്ധപ്പെട്ട എന്തെങ്കിലും വികാരങ്ങളുമായോ ബന്ധപ്പെട്ടു ഉത്തേജിക്കപ്പെടുമ്പോള്‍, കണ്ണാടി ന്യൂറോണുകള്‍ മറ്റുള്ളവരിലോ മറ്റു ജീവികളിലോ ഉള്ള അനുഭവത്തിലാണ് ഉത്തേജിക്കപ്പെടുന്നത്.

ഉദാഹരണത്തിന്, ഒരാള്‍ പട്ടിണി കിടക്കുന്നതു കണ്ടാല്‍, ഒരാള്‍ അപകടത്തില്‍ പെടുന്നത് കണ്ടാല്‍ നമുക്ക് വേദന തോന്നുന്നത് ഈ ന്യൂറോണുകള്‍ ഉത്തേജിക്കപ്പെടുന്നത് കൊണ്ടാണ്. രാമചന്ദ്രന്റെ അഭിപ്രായത്തില്‍ കണ്ണാടി ന്യൂറോണുകളുടെ ഉരുത്തിരിയല്‍ ആണ് മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന അനുകമ്പ, ദയ എന്നീ വികാരങ്ങള്‍ക്ക് കാരണം. ഭാഷയുടെ വികാസത്തിന് കാരണവും ഇത് തന്നെ. കാരണം ഫിക്ഷന്‍ വായിക്കുമ്പോള്‍ നാം ചെയ്യന്നത്, മറ്റുള്ളവരുടെ അനുഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടില്‍ നോക്കിക്കാണല്‍ ആണല്ലോ. ചില പരീക്ഷണങ്ങളില്‍ മറ്റുള്ളവരുടെ ദേഹത്തു സ്പര്‍ശിക്കുന്നത് സ്വന്തം ദേഹത്തു അനുഭവിപ്പിക്കാന്‍ വരെ കഴിയുന്നുണ്ട്. മറ്റുള്ളവരോട് ഒരു ദയയും ഇല്ലാതെ അക്രമം നടത്തുന്ന കുറ്റവാളികള്‍ ഒരു പക്ഷെ ഈ ന്യൂറോണ്‍സിന്റെ കുറവ് അനുഭവിക്കുന്നവര്‍ ആവാം എന്ന് ഒരു കാഴ്ചപ്പാടും രാമചന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

 

വി.എസ് രാമചന്ദ്രന്റെ പ്രഭാഷണത്തിന്റെ വീഡിയോ ഇദ്ദേഹം അപകടങ്ങളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വരുന്ന ഫാന്റം വേദന (അപകടത്തില്‍ നഷ്ടപ്പെട്ട കയ്യിലോ കാലിലോ വേദന വരുന്ന പ്രതിഭാസം) വെറും ഒരു കണ്ണാടി ഉപയോഗിച്ച് ചികില്‍സിച്ചു ഭേദമാക്കിയതിന് പ്രശസ്തനാണ്. 

 

'മറ്റുള്ളവരുടെ ജീവിതങ്ങള്‍'
കഴിഞ്ഞ ആഴ്ച ആണ് 'മറ്റുള്ളവരുടെ ജീവിതങ്ങള്‍'  (The Lives of Others) എന്ന ജര്‍മന്‍ സിനിമ കണ്ടത്. 2006 ല്‍ ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ചിത്രം ആണിത്. ബെര്‍ലിന്‍ മതില്‍ തകരുന്നതിനു അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1984 ല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഉള്ള ഈസ്റ്റ് ജര്‍മനിയില്‍ ആണ് കഥ നടക്കുന്നത്. ഈസ്റ്റ് ജര്‍മനിയുടെ രഹസ്യപൊലീസായ സ്റ്റാസി ഏജന്റ് കാപ്റ്റന്‍ ഗെര്‍ഡ് വിസ്‌ലെര്‍, ഒരു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രശസ്ത നാടക കൃത്തായ ജോര്‍ജ് ഡ്രെയ്മാന്റെ സ്വകാര്യ ജീവിതം നിരീക്ഷിക്കാന്‍ തുടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഈ നാടകകൃത്ത് തങ്ങളുടെ ശത്രു പക്ഷത്തു നില്‍ക്കുന്ന വെസ്റ്റ് ജര്‍മനിയുടെ ചാരന്‍ ആണോ എന്നാണ് കണ്ടുപിടിക്കേണ്ടത്.

ഗെര്‍ഡ് ആദ്യം ചെയ്യുന്നത് നാടക കൃത്തായ ജോര്‍ജിന്റെ അപ്പാര്‍ട്‌മെന്റില്‍ രഹസ്യ ക്യാമറകളും മൈക്രോഫോണുകളും സ്ഥാപിക്കുകയാണ്. അങ്ങിനെ ഇയാള്‍ ജോര്‍ജിന്റെയും കാമുകിയായ ക്രിസ്റ്റ് മരിയയുടെയും ജീവിതം അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ തുടങ്ങുന്നു. ഈ നിരീക്ഷണം തുടങ്ങി കുറച്ചു നാളുകള്‍ കൊണ്ട് തന്നെ ഗെര്‍ഡിനു ഒരു കാര്യം മനസ്സിലാവുന്നു. തന്നെ ഈ പണി മന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് ചില തെളിവുകള്‍ ഉണ്ടാക്കി ജോര്‍ജിനെ കുരുക്കാനാണ്, കാരണം ജോര്‍ജിന്റെ കാമുകിയായ ക്രിസ്റ്റ മരിയയെ എങ്ങിനെ എങ്കിലും സ്വന്തമാക്കാന്‍ മന്ത്രി ആഗ്രഹിക്കുന്നു. മന്ത്രി ക്രിസ്റ്റ മരിയയെ ബ്ലാക്ക് മെയില്‍ ചെയ്തു ലൈംഗികമായി പീഡിപ്പിക്കുന്നതും അത് ക്രിസ്റ്റ മരിയയും  ജോര്‍ജും ആയുള്ള ബന്ധത്തെ ബാധിക്കുന്നതും മറ്റും നീക്കങ്ങള്‍ രഹസ്യമായി അവരുടെ ജീവിതം നോക്കിക്കാണുന്ന ഗെര്‍ഡ് അറിയുന്നു. വെസ്റ്റ് ജര്‍മനിയും ആയി ഒരു തരത്തിലുള്ള ബന്ധവും ജോര്‍ജിന് ഇല്ല എന്ന് ഗെര്‍ഡ് ഉറപ്പിക്കുന്നു.

 

 

രഹസ്യപൊലീസുകാരന്റെ 
പ്രതിസന്ധികള്‍

ഈ അനുഭവം ജോര്‍ജിനോടും ക്രിസ്റ്റ മരിയയോടും ഗെര്‍ഡിനു അനുകമ്പ ഉളവാക്കുന്നു. പല സന്ദര്‍ഭങ്ങളിലും മന്ത്രിയെയും തന്റെ രഹസ്യ പോലീസ്  മേധാവിയെയും വഴി തെറ്റിച്ചു കൊണ്ട് ജോര്‍ജിനെയും ക്രിസ്റ്റ  മരിയയെയും ഗെര്‍ഡ് സഹായിക്കാന്‍ തുടങ്ങുന്നു.  ഈസ്റ്റ് ജര്‍മനിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അതിന്റെ ചാരപ്രവര്‍ത്തന രീതികളോടും ശക്തമായ വിയോജിപ്പുള്ള ഒരാളായി മാറുന്ന ഗെര്‍ഡ് ജോര്‍ജ് ഈസ്റ്റ് ജര്‍മനിക്കെതിരെ പാശ്ചാത്യ മാധ്യമങ്ങളില്‍ എഴുതി രഹസ്യമായി പുറത്തു കൊണ്ട് പോകുന്ന ചില കുറിപ്പുകള്‍ കണ്ടില്ലെന്നു നടിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തിയായി വാദിക്കുന്ന ഒരാളായി രഹസ്യപൊലീസുകാരന്‍ തന്നെ മാറുന്ന ചിത്രം ആണിത്. പലപ്പോഴും രഹസ്യ പോലീസിന്റെ കയ്യില്‍ നിന്ന് ജോര്‍ജിനെ ഗെര്‍ഡ് രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

ഈസ്റ്റ് വെസ്റ്റ് ജെര്‍മനികള്‍ ഒന്നായ ശേഷം സ്റ്റാസിയുടെ എല്ലാ രഹസ്യ രേഖകളും എല്ലാവര്‍ക്കും പരിശോധിക്കാന്‍ അവസരം നല്‍കിയപ്പോഴാണ്, തന്നെ ഇങ്ങിനെ ഒരാള്‍ നിരീക്ഷിച്ചിരുന്നു കാര്യവും, തന്നെ പലപ്പോഴായി രക്ഷപ്പെടുത്തുകയും ചെയ്ത കാര്യം ജോര്‍ജ് അറിയുന്നത് തന്നെ.

ഈ ചിത്രത്തിലെ നായകന്‍ ആയി അഭിനയിച്ച ഉള്‍റിഷ് മുഹെയുടെ ജീവിതവും ആയി ഈ സിനിമയ്ക്ക് സാമ്യം ഉണ്ട്. ഈസ്റ്റ് ജര്‍മനിയില്‍ ആയിരുന്ന കാലത്തു രഹസ്യപോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു ഇദ്ദേഹവും. ഇദ്ദേഹത്തിന്റെ ഒരു ഭാര്യ തന്നെ രഹസ്യമായി വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഈ ചിത്രം കണ്ടപ്പോള്‍ കണ്ണാടി ന്യൂറോണുകളുടെ കഥയാണ് ഓര്‍മ വന്നത്. മറ്റൊരാളുടെ ജീവിതം കണ്ടു തന്റെ തന്നെ രാഷ്ട്രീയ/ധാര്‍മിക വീക്ഷണങ്ങള്‍ മാറ്റുന്ന ഒരാള്‍. പക്ഷെ ഒന്നോര്‍ത്താല്‍ ഏതു സിനിമയിലെ കഥാപാത്രങ്ങളുടെ കാര്യം എടുത്താലും അവരെ ഓര്‍ത്തു നാം സന്തോഷിക്കുകയും ദുഃഖിക്കുകയും മറ്റും ചെയ്യുന്നത്  ഇത് കൊണ്ട് തന്നെയല്ലേ.  

 

  • സിനിമ പരിചയപ്പെടുത്തിയതിനു സുഹൃത്ത് പാര്‍വതിക്ക് നന്ദി.

 

ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

Follow Us:
Download App:
  • android
  • ios