Asianet News MalayalamAsianet News Malayalam

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

ട്രെയിന്‍ ഇറങ്ങി വന്ന വലിയ മാറിടം ഉള്ള, അത് കുറച്ചു പുറത്തു കാണിക്കുന്ന തരത്തില്‍ ഉടുപ്പിട്ട ഒരു പെണ്‍കുട്ടിയുടെ വായില്‍ നോക്കി ഇരുന്ന എന്നെ ചിരിച്ചു കൊണ്ട് അവള്‍ തന്നെ വന്നു 'ഞാന്‍ കരോലിന' എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോള്‍ എന്റെ മനസ്സില്‍ ലഡു പൊട്ടി.

Nazeer Hussain Kizhakkedathu on male gaze
Author
Thiruvananthapuram, First Published Mar 11, 2017, 6:15 AM IST
  • Facebook
  • Twitter
  • Whatsapp

Nazeer Hussain Kizhakkedathu on male gaze

'നീയെന്താണ് എപ്പോഴും എന്റെ മുലകളില്‍ നോക്കുന്നത്?'

ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ സ്വീഡനിലെ സ്‌റ്റോക്ക് ഹോമില്‍ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാന്‍. പത്തു വരെ ബോയ്‌സ് ഒണ്‍ലി ഹൈ സ്‌കൂളിലും, എറണാകുളത്തെ ഒരേ ഒരു ബോയ്‌സ് ഒണ്‍ലി കോളേജ് ആയ സെയിന്റ് ആല്‍ബര്‍ട്‌സിലും പഠിച്ച എനിക്ക് പെണ്‍കുട്ടികളെ കണ്ടാല്‍ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). 

അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരേ പ്രായത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതു അപൂര്‍വവും, അച്ഛനമ്മമാരുടെ മുമ്പിലല്ലാതെ മിണ്ടിയാല്‍ കുറ്റവും ആയിരുന്നു. ഞങ്ങള്‍ വൈകുന്നേരം പള്ളുരുത്തി വെളി മൈതാനത്തിന് ഇരുന്നു പെണ്‍കുട്ടികളെ കുറിച്ച് വീരവാദങ്ങള്‍ മുഴക്കുമെങ്കിലും നേരെ ചൊവ്വേ പെണ്ണുങ്ങളോട് സംസാരിച്ചിട്ടുള്ളവര്‍ ചുരുക്കം ആയിരുന്നു.അങ്ങിനെ ഉള്ള ഞാന്‍ സ്വീഡനില്‍ ഒരു വെള്ളക്കാരി പെണ്ണിന്റെ ഈ ചോദ്യത്തിന് മുന്നില്‍ പകച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അവള്‍ തന്നെ വന്നു 'ഞാന്‍ കരോലിന' എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി.

കല്യാണത്തിന് മുമ്പ് ഏതു പെണ്ണിനെ കണ്ടാലും ഒന്ന് ലൈന്‍ അടിച്ചു കളയാം എന്ന ചിന്തയും ആയി നടന്ന ഞാന്‍ ഡേറ്റിംഗ്.കോം എന്ന സൈറ്റ് വഴി ആണ് കരോലിനെ പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തായും പിന്നീട് കാമുകിയും ആക്കി ഒരു വെള്ളക്കാരി പെണ്‍കുട്ടിയുമായി കിടക്ക പങ്കിടുന്നത് വരെ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നങ്ങള്‍ കരോളിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നത് മുതല്‍ ഞാന്‍ കാണാന്‍ തുടങ്ങിയതാണ്.

ഞങ്ങള്‍ രണ്ടു പേര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ വലിയ പിടി ഇല്ലായിരുന്നു എന്നത് മാത്രം ആയിരുന്നു ഞങ്ങള്‍ തമ്മിലുള്ള ഒരേ ഒരേ പൊതുവായ കാര്യം. സ്റ്റോക്ക് ഹോം ട്രയിന്‍ സ്റ്റേഷനില്‍ വച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടു മുട്ടിയത്. നഗരത്തിനു പുറത്തു ഒരു മണിക്കൂര്‍ ദൂരെ ആയിരുന്നു അവളുടെ വീട്. സ്റ്റേഷനില്‍ ആകെ ഉണ്ടായിരുന്ന ഇന്ത്യക്കാരന്‍ ഞാന്‍ ആയതു കൊണ്ട് അവള്‍ക്കു ആളെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ എന്റെ കാര്യം അങ്ങിനെ അല്ലല്ലോ. ട്രെയിന്‍ ഇറങ്ങി വന്ന വലിയ മാറിടം ഉള്ള, അത് കുറച്ചു പുറത്തു കാണിക്കുന്ന തരത്തില്‍ ഉടുപ്പിട്ട ഒരു പെണ്‍കുട്ടിയുടെ വായില്‍ നോക്കി ഇരുന്ന എന്നെ ചിരിച്ചു കൊണ്ട് അവള്‍ തന്നെ വന്നു 'ഞാന്‍ കരോലിന' എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോള്‍ എന്റെ മനസ്സില്‍ ലഡു പൊട്ടി.

മദാമ്മമാര്‍ ഇത്ര പെട്ടെന്ന് ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ ദൈവമേ....

ഹസ്തദാനത്തിനു കയ്യും നീട്ടി ചെന്ന എന്നെ രണ്ടു കവിളിലും ചുംബിച്ചു കൊണ്ട് ആണ് അവള്‍ പരിചയപ്പെട്ടത്. കുളിരു കോരി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു വെള്ളക്കാരി ഉമ്മ വയ്ക്കുക; ജീവിതം സഫലമായി. നിറഞ്ഞ മാറിടങ്ങള്‍ നെഞ്ചില്‍ അമര്‍ത്തി ഒരു കെട്ടിപ്പിടുത്തം. മദാമ്മമാര്‍ ഇത്ര പെട്ടെന്ന് ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ ദൈവമേ....

പിന്നീടുള്ള മൂന്നു മാസം കൊണ്ട് എന്റെ ജീവിതം വഴി തിരിച്ചു വിട്ട അവളെ ആദ്യം കണ്ടത് അങ്ങിനെ ആയിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെയും ഭക്ഷണത്തെയും ഇഷ്ടപ്പെട്ട അവളെ ഞാന്‍ സ്റ്റോക്ക് ഹോമില്‍ ഉള്ള ഇന്ത്യന്‍ റെസ്റ്ററന്റില്‍ കൊണ്ട് പോയി. എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങള്‍ കണ്ടു. അവളുടെ ആദ്യത്തെ കാമുകനെ പറ്റി അവള്‍ വാ തോരാതെ സംസാരിച്ചു. ഹാരി എന്ന ഒരു അമേരിക്കന്‍ യുവാവ്. ചെറുപ്പത്തില്‍ കാലുകള്‍ തളര്‍ന്നു പോകുന്ന രോഗം വന്ന ഹാരിയെ വീല്‍ ചെയറില്‍ കരോളിന്‍ കൊണ്ട് നടക്കുന്ന ചിത്രങ്ങള്‍ കാണിച്ചു തന്നു. രണ്ടു വര്‍ഷം മുന്‍പ് രോഗത്തിനു കീഴ്‌പെട്ടു ഹാരി മരിച്ച വിവരം പറഞ്ഞപ്പോള്‍ അവളുടെ നീല കണ്ണുകള്‍ നനഞ്ഞു. നന്നായി വരക്കുമായിരുന്ന അവളുടെ ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു, അതെല്ലാം ഒരു വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്യാന്‍ ഞാന്‍ സഹായിച്ചു.

ജൂണ്‍ രണ്ടാം വാരം സ്‌റ്റോക്ക് ഹോമില്‍ നടക്കുന്ന വാട്ടര്‍ ഫെസ്റ്റിവലില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ഏതോ റോക്ക് ബാന്‍ഡിന്റെ പാട്ടു കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക്, കുറച്ചു പ്രായം ആയ ദമ്പതിമാര്‍ നടന്നു വന്നു. അവരെ കണ്ടപ്പോഴേക്കും അവള്‍ എഴുന്നേറ്റു, കൂടെ ഞാനും. അവരോടു കുറച്ചു സംസാരിച്ചതിന് ശേഷം അവള്‍ അവരെ എനിക്ക് പരിചയപ്പെടുത്തി.

'ഇത് എന്റെ ബയോളജിക്കല്‍ അച്ഛന്‍ ആണ്, അത് രണ്ടാനമ്മയും.....'

നാട്ടില്‍ നിന്നും ആദ്യമായി പുറത്തു ഒരു രാജ്യത്തു വന്ന എനിക്ക് ഇങ്ങിനെ ഉള്ള പരിചയപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പിന്നീട് അവള്‍ ജനിച്ചതിനു ശേഷം പിരിയാന്‍ തീരുമാനിച്ച അവളുടെ മാതാപിതാക്കളെ കുറിച്ചും അമ്മയുടെ പുതിയ ഭര്‍ത്താവ് അവളെ സ്വന്തം മകളെ പോലെ നോക്കുന്നതിനെ കുറിച്ചെല്ലാം പറഞ്ഞു.

ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി.

അങ്ങിനെ ഒരു ദിവസം എന്റെ ഹോട്ടല്‍ മുറിയില്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ടിക്കറ്റ് എടുക്കാന്‍ വന്നപ്പോള്‍ ആണ് അവള്‍ ആ ചോദ്യം എന്നോട് ചോദിച്ചത്.

'നീ എന്ത് കൊണ്ടാണ് ഇപ്പോഴും എന്റെ മുലകളില്‍ നോക്കുന്നത്? നീ എന്റെ കണ്ണുകളില്‍ നോക്കൂ, അവിടെ അല്ലേ എന്നെ കാണുന്നത്? നിനക്ക് വേണമെങ്കില്‍ ഞാന്‍ എന്റെ മാറ് തുറന്നു കാണിച്ചു തരാം, ഇതില്‍ കാണാന്‍ അത്ര മാത്രം ഒന്നുമില്ല' എന്ന് പറഞ്ഞ് അവള്‍ ഉടുപ്പിന്റെ സിപ് തുറക്കാന്‍ തുടങ്ങി..

ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി. അപ്പോഴേക്കും കെട്ടിപിടുത്തവും, കവിളിലെ ഉമ്മ വയ്ക്കലെല്ലാം സ്വീഡനിലെ പൊതു രീതികള്‍ ആണെന്നും ലൈംഗികതയും ആയി ഒരു ബന്ധവും ഇല്ലെന്നും എനിക്ക് മനസ്സിലായിരുന്നു.

അവളുടെ വീട്ടിലേക്കു എന്നെ ക്ഷണിച്ച അന്നു തന്നെ ആണ് എന്റെ പ്രൊജക്റ്റ് അവസാനിച്ചു എനിക്ക് തിരിച്ചു നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് ശരി ആയത്. എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ വന്ന അവള്‍ എന്നോട് പറഞ്ഞു

'ഒരിക്കല്‍ നിനക്ക് ഒരു ഇന്ത്യന്‍ കാമുകി ഉണ്ടാവും. അന്ന് അവളുടെ കണ്ണുകളില്‍ നോക്കുക. പെണ്‍കുട്ടികളുടെ ആത്മാവിലേക്കുള്ള വാതില്‍ അവരുടെ കണ്ണുകളാണ്'

തിരിച്ചു നാട്ടില്‍ വന്നത് ഒരു പുതിയ ഞാന്‍ ആണ്. പെണ്‍ ശരീരത്തിന് അകത്തുള്ള ആത്മാവിലേക്ക് നോക്കാനുള്ള വിദ്യ ഇത്ര ലളിതമാണെന്ന് പറഞ്ഞു തന്ന കരോലിനു നന്ദി പറഞ്ഞ് കൊണ്ട്. 

ഇതെല്ലാം നമ്മുടെ എല്ലാ ആണ്‍കുട്ടികള്‍ക്കും ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കില്‍...

 

ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?
 

Follow Us:
Download App:
  • android
  • ios