Asianet News MalayalamAsianet News Malayalam

വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

Nee Evideyaanu Deepa praveen
Author
Thiruvananthapuram, First Published Jul 17, 2017, 1:39 PM IST

Nee Evideyaanu Deepa praveen

പ്രീഡിഗ്രി കഴിഞ്ഞ് ദൂരെയുള്ള നഗരത്തില്‍ നിയമം പഠിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍, ഒപ്പം പേടിയുമുണ്ടായിരുന്നു. എന്റെ കിഴക്കന്‍ ഗ്രാമത്തില്‍ നിന്ന് നഗരത്തിലേയ്ക്ക് ഒരു മണിക്കൂര്‍ നീളുന്ന ബസ്സ് യാത്രയായിരുന്നു പേടിക്കു കാരണം. എസ് റ്റി പൈസയും കൈയില്‍ മുറുക്കിപിടിച്ചു കയറുന്ന സ്‌കൂള്‍, കോളജ് കുട്ടികളോട് അന്നും ചിറ്റമ്മനയം തന്നെയായിരുന്നു ബസ് ജീവനക്കാര്‍ക്ക്. 

രാവിലത്തെയും വൈകിട്ടത്തെയും തിരക്കില്‍ തടിച്ച നിയമ പുസ്തകങ്ങളും താങ്ങി നില്‍ക്കുമ്പോള്‍, ചുമട്ടു തൊഴിലാളിയാണല്ലെ എന്ന് പറഞ്ഞ് കളിയാക്കുന്ന കണ്ടക്ടറും കിളിയും. അതിനിടയില്‍ ടിക്കറ്റ് കൊടുക്കാന്‍ എന്ന ഭാവേന, തിരക്കിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന്, പെണ്‍ശരീരങ്ങളിലേക്ക് കൈ നീട്ടുന്ന ചില കണ്ടക്ടര്‍മാര്‍. അവരെ നേരിടാന്‍ കൈയില്‍ ഒതുക്കിപിടിച്ച പിന്നോ സ്ലൈഡോ.

ശൈശവദിശയിലുള്ള സ്വാശ്രയ കോളേജ് ആയിരുന്നതുകൊണ്ടും, നഗരത്തിലെ ഒരു ഒരു ചായക്കടയുടെയും, റെയില്‍വെ കോളനിയുടെയും മുകളില്‍ ആയിരുന്നതു കോളേജ് എന്നത് കൊണ്ടും പലപ്പോഴും അവിടെ ബസ്സ് ഇറങ്ങുമ്പോള്‍ ഒരു സന്മാര്‍ഗ നോട്ടം കാണാം, ബസ്സ്‌കാരുടെയും സ്ഥിരം യാത്രക്കാരുടെയും 'വഹ'. കാരണം അവരുടെ കണ്ണില്‍, നാട്ടിലെ പ്രശസ്തമായ കോളജുകള്‍ എല്ലാം ഉള്ള ടൗണിലിറങ്ങാതെ ഈ പെണ്ണെന്തിനാണ് കുപ്രസിദ്ധമായ 'നാഗമ്പടം' സ്റ്റാന്‍ഡില്‍ ഇറങ്ങുന്നത്? ഈ സന്ദേഹം പലരും എന്റെ അച്ഛനോടും പങ്കു വെയ്ക്കാന്‍ മടിച്ചിരുന്നില്ല.

അങ്ങനെ ജീവിതം 'ബസ് ജീവനക്കാരുടെയും സ്ഥിരം സഹയാത്രക്കാരുടെയും 'സൂക്ഷ്മ നിരീക്ഷണത്തിലൂടെ' കലാലയ ജീവിതം പിച്ച തുടങ്ങുന്ന കാലം.

അന്ന് രണ്ടു രൂപയാണ് എസ് റ്റി പൈസ. എത്ര കെഞ്ചിയാലും അമ്മ ഒരു ദിവസം അഞ്ച് രൂപയില്‍ കൂടുതല്‍ തരില്ല. 

രാവിലത്തെ യാത്ര കഴിയുമ്പോള്‍ ബാക്കിയുള്ളത് മൂന്നു രൂപ. പകല്‍ ക്ലാസ്സില്‍ ഇരിക്കുമ്പോഴും ഒരു നൂറു വട്ടം ബാഗ് തുറന്നു നോക്കും ആ ഒറ്റ രൂപാ തുട്ടുകള്‍ അവിടെ തന്നെ ഉണ്ടല്ലോയെന്ന്. അത് പോലെ പ്രാര്‍ത്ഥയ്ക്കും ദൈവമേ ഒരു മിന്നല്‍ പണിമുടക്കും, ബസ്സ് സമരവും ഒന്നും വരല്ലേ...

നിധികാക്കുന്ന ഭൂതം പോലെ ആ ചില്ലറകളും കാത്തു ഞാന്‍ പകലിരിക്കും.

അങ്ങനെ ഒരു മഴയുള്ള ദിവസം പതിവ് പോലെയുള്ള മടക്കയാത്ര. ബസ്സില്‍ സൂചി കുത്താനിടമില്ല. അതിനിടയിലും കണ്ടക്ടര്‍ വിളിച്ചു പറയുന്നുണ്ട് 'ഫുട്‌ബോള്‍' കളിക്കാനുള്ള ഇടയുണ്ടല്ലോ അങ്ങ് നീങ്ങി നില്‍ക്ക്, നീങ്ങിനില്‍ക്ക്' എന്ന്. അതും പറഞ്ഞു അയാള്‍ കൈയിലുള്ള പണസഞ്ചി വെച്ച് യാത്രക്കാര്‍ക്കിട്ട് ഒരു കുത്തുണ്ട് പിന്നേ ആ തിരക്കിനിടയില്‍ കൂടി രണ്ടു നടപ്പ് അങ്ങോട്ടും ഇങ്ങോട്ടും. അപ്പോ നമുക്ക് ഒരുതരം നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പെട്ട അവസ്ഥ വരും.

അന്നും അതുപോലെ ഉള്ള ഒരു ദിവസമായിരുന്നു.

എന്തായാലും അന്നും അതുപോലെ ഉള്ള ഒരു ദിവസമായിരുന്നു. കണ്ടക്റ്റര്‍ സാറിന്റെ ഒരു ഉന്തില്‍ ഏതോ ദൂരെ യാത്ര കഴിഞ്ഞുവരുന്ന ഒരു കുടുംബത്തിലെ രണ്ടു ചേച്ചിമാര്‍ എന്റെ മേലേയ്ക്ക് ആഞ്ഞു വന്നു വീണു. പരുക്ക് ഒന്നും പറ്റാതെ തട്ടി പിടഞ്ഞ് എണീറ്റ് ആരുടെയൊക്കെയൊ മേല്‍ വീണുകിടന്ന പുസ്തകങ്ങളും ബാഗും വീണ്ടു എടുത്ത് നിന്നപ്പോഴാണ് അറിയുന്നത്, ആ ബഹളത്തിനിടയില്‍ എന്റെ കൈയിലെ ചില്ലറ എവിടെയോ പോയിരിക്കുന്നു.

അപ്പോഴേയ്ക്കും കണ്ടക്റ്റര്‍ വീണ്ടും പറന്നെത്തി പൈസ എടുക്ക് എന്ന് ആജ്ഞാപിക്കുന്നു. 

കുറേ ദിവസമായി യാത്ര ചെയ്യുന്നത് കൊണ്ട് എസ് റ്റി ആണ് എന്നറിയാം. അതിന്റെ സകല വെറുപ്പുമുണ്ട് അയാളുടെ മുഖത്ത്. 'പ്രയാസപ്പെട്ടാണ് പൈസ പോയി' എന്ന് പറഞ്ഞു ഒപ്പിച്ചത്. അത് കേട്ടതും അയാള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. 'പൈസയില്ലാതെ ഒരുങ്ങി കെട്ടി ഇറങ്ങിക്കോളും' എന്ന് തുടങ്ങി അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിക്കോണം എന്ന അന്ത്യശാസനവരെ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

സഹയാത്രക്കാര്‍ എന്റെയും കണ്ടക്ടറുടെയും ഈ ആട്ടക്കഥ കണ്ടു എന്നാല്‍ കാണാത്ത ഭാവത്തില്‍ ഇരുന്നു രസിക്കുകയാണ്. 

കരച്ചിലിനിടയ്ക്ക് നാട്ടില്‍ ബസ് എത്തിയാല്‍ പൈസ തരാമെന്ന് ഞാന്‍ പറയുന്നുണ്ട്. അയാള്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല.

പെട്ടന്നാണ് ഒരു തണുത്ത കൈ എന്റെ കൈയില്‍ പിടിക്കുന്നത്. മുഖമുയര്‍ത്തിയപ്പോള്‍ കണ്ടത് തിരക്കില്‍ ഒന്ന് രണ്ടു സ്ത്രീ മുഖങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന കുങ്കുമം തൊട്ട ഒരു ചെറു ചിരിയുള്ള മുഖമാണ്, ആ കുങ്കുമക്കൈ ആയിരുന്നു എന്റെ കൈ പിടിച്ചത്. 

അവര്‍ കൈ വലിക്കുന്നത് ഞാന്‍ അറിഞ്ഞു. ഒപ്പം എന്റെ കൈക്കുള്ളില്‍ ഒരു പേപ്പര്‍ കഷ്ണവും. അല്ല അത് ഒരു ഇരുപതു രൂപ നോട്ടാണ്. 

എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു, ആ പൈസ തിരിച്ചു കൊടുക്കാന്‍ ശ്രമിച്ച് ഞാന്‍ പറഞ്ഞു, എനിക്ക് മൂന്ന് രൂപ മതി. എസ് റ്റിയാണ്. 

അപ്പൊ അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, 'സാരമില്ല, ബാക്കി മോള് മുട്ടായി വാങ്ങിച്ചോ'. അപ്പോഴേക്കും ബസ് ഏതോ സ്‌റ്റോപ്പില്‍ എത്തി. തന്റെ ബാഗും കുടയും മാറോടടുക്കി ധൃതിയില്‍ തിരക്കിലൂടെ ബസ്സിറങ്ങും മുമ്പ്, എന്തോ കനപ്പെട്ടത് അവര് ആ കണ്ടക്ടറോട് പറഞ്ഞിരിക്കണം, അവരുടെ ഐശ്വര്യം കൈവിടാതെതന്നെ. 

പെട്ടന്നാണ് ഒരു തണുത്ത കൈ എന്റെ കൈയില്‍ പിടിക്കുന്നത്

കണ്ടക്ടര്‍ ഇളിഭ്യനായി ഒരു നോട്ടമയച്ചു. പിന്നെ, അതീവ വിനയാന്വിതനായി എന്റെ അടുത്ത് വന്നു ടിക്കറ്റ് തന്നു. എല്ലാം ആ അമ്മയുടെ വാക്കിന്റെ മാന്ത്രികതകൊണ്ട് തന്നെയാണ്. ഒരു നന്ദി പോലും കേള്‍ക്കാതെ അവര്‍ ആ മഴയിലൂടെ എങ്ങോട്ടോ നടന്നു പോയി.

പിന്നിട് വര്‍ഷങ്ങളോളം അതേ വഴിയില്‍ ഞാന്‍ സഞ്ചരിച്ചു. ബാഗില്‍ ഒരു 20 രൂപ നോട്ട് ഭദ്രമായി സൂക്ഷിച്ചു. എന്നെങ്കിലും അവരെ കണ്ടാല്‍ തിരിച്ചു കൊടുക്കാന്‍, ഒന്ന് നന്ദി പറയാന്‍. 

ഒരിക്കലും പിന്നീട്, ആ കുങ്കുമ പൊട്ട് ഞാന്‍ കണ്ടിട്ടില്ല. എങ്കിലും, ഇപ്പോഴും എന്റെ മനസ്സില്‍ അവരുണ്ട്, സ്‌നേഹം നിറഞ്ഞു തൂവിയ ഒരു 20 രൂപാ നോട്ടും.

എന്റെ കണ്ണും മനസ്സും തിരയുന്നുണ്ട്, വിയര്‍പ്പു പടര്‍ന്നിറങ്ങുന്ന ഒരു സിന്ദൂരപ്പൊട്ടിനെ. 

..........................................................

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

Follow Us:
Download App:
  • android
  • ios