1983 കാലത്താണ്. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ ജയിച്ചപ്പോള്‍ പ്രീഡിഗ്രിക്ക് കോഴിക്കോട് ഫറോക്ക് കോളേജില്‍ ചേര്‍ക്കാമെന്നായിരുന്നു ബാപ്പ ആദ്യം തീരുമാനിച്ചിരുന്നത്. പ്രോവിഡന്‍സ് കോളേജില്‍ ചേര്‍ക്കാം എന്നത് ബാപ്പയുടെ  അനിയന്റെ തീരുമാനമായിരുന്നു. നിലമ്പൂരിലെ കുഗ്രാമത്തില്‍ നിന്നു വന്ന എനിക്ക് അവിടെ കണ്ട  കാഴ്ചകളെല്ലാം പുതുമയുള്ളതായിരുന്നു. ക്ലാസ്സ് മുറികളില്‍ ഡസ്‌ക്കും ബെഞ്ചും മാത്രം കണ്ട എനിക്ക് പുസ്തകം വെക്കാന്‍ കൈകളില്‍ വീതിയുള്ള പലക പിടിപ്പിച്ച   പോളീഷ് ചെയ്ത തടി കസേരകള്‍ ഇട്ട വലിയ ക്ലാസ് മുറികള്‍ പോലും പുതുമയുള്ളതായിരുന്നു.  

ഫാഷന്റെ വലിയൊരു ലോകം. ഇംഗ്ലിഷ് മാത്രം സംസാരിക്കുന്ന അധ്യാപകര്‍. ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍  നിന്നും സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും വന്ന കുട്ടികളും      ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കുന്നത് കേട്ട്  ഒന്നും മനസിലാവാതെ തലയും കുമ്പിട്ടിരുന്ന എന്നോട് ആരും അടുപ്പമൊന്നും കാണിച്ചതുമില്ല. ഹോസ്റ്റലിലെ റാഗിങ്ങും ഹോം സിക്ക്‌നസും എല്ലാമായി സങ്കടപ്പെട്ട ഒഴിവു സമയത്തെല്ലാം ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഇരിക്കുന്ന കാലത്താണ് വൈകി അഡ്മിഷന്‍ എടുത്ത് അവള്‍ ഞങ്ങളുടെ ക്ലാസിലേക്ക് കയറിവന്നത്. വിടര്‍ന്ന കണ്ണുകള്‍ കറുപ്പിച്ചെഴുതി പുസ്തക സഞ്ചി തോളില്‍ തൂക്കി ഒരു തരം നിസ്സംഗ  ഭാവത്തില്‍ കയറി വന്ന അവള്‍ എന്റെ അരികില്‍ ഒഴിഞ്ഞു കിടന്ന കസേരയില്‍ വന്നിരുന്നു. പുതുതായി വന്ന കുട്ടി ആയതിനാല്‍ ആരും അവളോട് അടുപ്പമൊന്നും   കാണിച്ചില്ല. 

എന്നാല്‍, ഞങ്ങള്‍ പരിചയപ്പെടാന്‍ അത് മതിയായിരുന്നു. 'രോഷ്‌നി', അവള്‍ പേരു പറഞ്ഞു. 

കോഴിക്കോട്ടെ മലാപ്പറമ്പ് ഹൗസിങ് കോളനിക്കപ്പുറത്തായിരുന്നു അവളുടെ വീട്. അച്ഛന്‍ രാഘവന്‍ റെയില്‍വേയില്‍ എഞ്ചിനീയറായിരുന്നു. ചേച്ചിയും അനിയനുമുണ്ട്. അവനെ ഞങ്ങള്‍ വാല്‍സല്യത്തോടെ, ഡൂഡു എന്നായിരുന്നു വിളിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അച്ഛന്‍ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് വന്നതാണ്. എങ്കിലും അവര്‍ കോഴിക്കോട് തന്നെ താമസം ഉറപ്പിച്ചു. സ്വന്തം വീട് വെച്ചാണ് അവര്‍ അവിടെ താമസിച്ചിരുന്നത്. 

പതുക്കെപ്പതുക്കെ ഞങ്ങള്‍ രണ്ടാളും വലിയ കൂട്ടായി. ഒരു വലിയ ലോകം തന്നെ എനിക്ക് മുമ്പില്‍ അവള്‍ തുറന്നു വെച്ചു. വൈകുന്നേരം എട്ടു മണിക്ക് മാത്രം കയറി  വരുന്ന സിസ്റ്റര്‍  ബ്രിജറ്റ് എത്തുന്നതിനു മുന്‍പ് ഞങ്ങളുടെ പേടി സ്വപ്നമായിരുന്ന നൂറ്റി നാലാം റൂമിലേക്ക് ഓരോരുത്തരെയായി വിളിപ്പിക്കുമ്പോള്‍ അതൊക്കെ തമാശയായി എടുക്കാന്‍ പഠിപ്പിച്ചതും  അവളായിരുന്നു. പതുക്കെപപ്പതുക്കെ ഹോസ്റ്റലില്‍ എന്റെ ചങ്ങാത്തക്കൂട്ടം വലുതായപ്പോള്‍ ഇടക്കിടെ അതിന്റെ പേരില്‍   അവളെന്നോട് പിണങ്ങി. അലസമായി മുടി മാത്രം ചീകി ഒരു ഒരുക്കവുമില്ലാതെ നടന്ന അന്നത്തെ പതിനഞ്ചുകാരിയെ നന്നായി ഡ്രസ് ചെയ്യണം, കണ്ണെഴുതണം എന്നൊക്കെ പറഞ്ഞു പാടെ മാറ്റികളഞ്ഞു അവള്‍. മലയാറ്റൂരിന്റെ യന്ത്രവും അന്നത്തെ കാലത്ത് മാതൃഭൂമിയില്‍ വന്ന പുനത്തിലിന്റെ മരുന്നും നഹുഷപുരാണവുമൊക്കെ  വായിക്കുന്നതിനിടെ എം  ടിയുടെ പുസ്തകങ്ങള്‍  വായിച്ചു. കാലത്തിലെ സേതുവിനോട് പ്രണയം  തോന്നിയപ്പോഴാണ് ലൈബ്രറിയുടെ    മൂലയിലെ  ഒഴിഞ്ഞ മേശക്കരുകില്‍ പോയിരുന്ന് ഞങ്ങള്‍ എം ടിക്ക് കത്തെഴുതിയത് .വായിച്ചു നോക്കിയിട്ട് അതൊരു പ്രണയലേഖനമാണെന്ന് പറഞ്ഞു ചിരിച്ചപ്പോള്‍   ലൈബ്രറിയിലെ മിസ് കണ്ണുരുട്ടി. മറുപടിക്ക് വേണ്ടി എത്ര  ദിവസങ്ങളാണ് അന്ന് കാത്തിരുന്നത്. മറുപടി വന്നതേ ഇല്ല. 

ഒരു വലിയ ലോകം തന്നെ എനിക്ക് മുമ്പില്‍ അവള്‍ തുറന്നു വെച്ചു.

ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന എനിക്ക് പഫ്‌സോ ചപ്പാത്തിയും മുട്ടക്കറിയോ ഒക്കെയാണവള്‍ വരിക. വാരാന്ത്യത്തിലെ ഒഴിവു ദിനങ്ങളില്‍ അവളുടെ വീട്ടില്‍ ചിലവിടുന്ന ദിനങ്ങളിലാണ്  ജോണ്‍  ഡെന്‍വറിന്റെ  ലിവിങ്  ഓണ്‍ എ ജെറ്റ് പ്ലെയിനും ബോബ്  മാര്‍ലിയുടെ ബഫലോ സോല്‍ജറും ഒക്കെ  ആദ്യമായി കേള്‍ക്കുന്നത്. റെയിന്‍ ഡ്രോപ്‌സ് ഫാളിങ്  ഓവര്‍ മൈ ഹെഡ് എന്ന് പതിഞ്ഞ ശബ്ദത്തില്‍ പാടുന്ന അവരുടെ ടേപ്പ്  റിക്കാര്‍ഡില്‍ നിന്ന് ആദ്യമായി കേട്ട ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. 

അന്നത്തെ ഫിസിക്‌സ് പ്രാക്റ്റിക്കല്‍ റെക്കോര്‍ഡ് ബുക്ക് സൈന്‍ വാങ്ങുക എന്നതായിരുന്നു ഞങ്ങളുടെയെല്ലാം പേടിസ്വപ്നം. റെക്കോര്‍ഡ് ബുക്കിലേക്ക് എഴുതുന്നതിനുമുന്‍പ്  പ്രാക്റ്റിക്കല്‍ റഫ് ബുക്കില്‍ സൈന്‍  വാങ്ങണമായിരുന്നു. എങ്കിലേ റെക്കോര്‍ഡ് ബുക്കിലേക്ക് എഴുതാനാവു. ഇരുപത് മാര്‍ക്ക് റെക്കോര്‍ഡ് ബുക്കിനും   മുപ്പതു മാര്‍ക്ക് പ്രാക്റ്റിക്കലിനുമായിരുന്നു മാര്‍ക്ക്. എത്ര സൂക്ഷ്മതയോടെ ചെയ്താലും റീഡിങ് കറക്റ്റ് അല്ലെന്നു പറഞ്ഞു റിപ്പീറ്റ് എന്നെഴുതി പ്രഭ മിസ് മടക്കി അയക്കും.  മാര്‍ച്ച് അവസാനമായപ്പോഴേക്കും റെക്കാര്‍ഡ്  ബുക്ക് സൈന്‍  വാങ്ങാനാവാതെ എക്‌സ്പിരിമന്റുകള്‍ ബാക്കിയായപ്പോള്‍ പ്രഭ മിസ് പുസ്തകം   മുഖത്തേക്ക് വലിച്ചെറിഞ്ഞ ദിവസം കൂടെയുണ്ടായിരുന്ന പ്രീത  പൊട്ടിക്കരഞ്ഞപ്പോഴും പിടിച്ചു നിന്നത് അവള്‍ കൂടെയുള്ളത് കൊണ്ടായിരുന്നു. രണ്ടു മാസത്തെ   സ്റ്റഡി ലീവിനു എല്ലാവരും തിരക്കിട്ടു  പഠിക്കുമ്പോള്‍ ഞാന്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനു മുന്‍പില്‍ റെക്കാര്‍ഡ് ബുക്ക് സൈന്‍ ചെയ്തു കിട്ടാന്‍ കാവല്‍   നില്‍ക്കുകയായിരുന്നു.
        
റീഡിങ് ശരിയല്ല  എന്നു  പറഞ്ഞ് മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ ടീച്ചര്‍ ഇറങ്ങിപ്പോയ ദിവസം റിക്കാര്‍ഡ് പുസ്തകം അറ്റസ്റ്റ് ചെയ്തില്ലെങ്കില്‍   പരീക്ഷ എഴുതാനാവില്ല എന്നോര്‍ത്ത് ഹോസ്റ്റലിലേക്ക്  പോവാതെ  മരച്ചുവട്ടിലെ സിമന്റ്  ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എങ്ങിനെയാണ് ആത്മഹത്യ ചെയ്യേണ്ടത് എന്നു   മാത്രമായിരുന്നു എന്റെ ചിന്ത. എത്ര   സമയമായി ആ ഇരിപ്പ് തുടങ്ങിയിട്ട് എന്നു  പോലും ഓര്‍ക്കുന്നുണ്ടായിരുന്നില്ല. തല  കുമ്പിട്ടിരിക്കുന്ന ഞാന്‍, സ്റ്റഡി ലീവ് കാലമായിട്ടും കോളേജിലേക്കുള്ള കുന്നു കയറി വിയര്‍ത്തൊലിച്ചു വന്ന അവളെ ഞാന്‍ ശ്രദ്ധിച്ചത്, എന്റെ കയ്യില്‍ അവള്‍ മുറുകെ പിടിച്ചപ്പോഴാണ്. കയ്യില്‍ കരുതിയ   പൊതി അഴിച്ച് ചപ്പാത്തിയും കറിയും പങ്കിട്ട്  കഴിക്കുമ്പോള്‍ പരീക്ഷക്കാലത്ത് വീട്ടില്‍ ഇരുന്നു പഠിക്കേണ്ടതല്ലേ, വരേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു വെറുതെ   ചിരിച്ചത് അവള്‍  എന്റെ മനസ്സ് കാണാതിരിക്കാനായിരുന്നു. പോവുമ്പോള്‍ കയ്യില്‍ മുറുകെ പിടിച്ചു പ്രാക്റ്റിക്കല്‍ എക്‌സാമിന്റെ അന്ന് രാവിലെ നീ വരണം   നമുക്ക് എക്‌സാമിനറെ പോയി കാണാം നീ വേണ്ടാത്തതൊന്നും ആലോചിക്കരുത് എന്നൊക്കെ  പറഞ്ഞ് തിരിഞ്ഞു നോക്കി പോവുമ്പോള്‍ അവള്‍ കരയുന്നുണ്ടായിരുന്നു.  അവസാനം പ്രാക്റ്റിക്കല്‍ പരീക്ഷ ദിവസം അവള്‍ പറഞ്ഞ പോലെ വേറെ ഏതോ കോളേജില്‍ നിന്ന് വന്ന ആ എക്‌സാമിനര്‍, എന്തിനാണ് ടീച്ചറെ ചെറിയ പോയന്റിന്റെ വ്യാത്യാസത്തിന് ഇങ്ങിനെ ചെയ്യുന്നതെന്ന് പറഞ്ഞ് ലാബില്‍  കയറാന്‍ പറഞ്ഞപ്പോള്‍ ആശ്വാസത്തോടെ എന്നെ നോക്കി ചിരിച്ച എന്റെ   കൂട്ടുകാരി   എനിക്കെങ്ങിനെ നിന്നെ മറക്കാനാവും.

റിക്കാര്‍ഡ് ബുക്ക് അറ്റസ്റ്റ് ചെയ്തു കിട്ടാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍പില്‍ കണ്ടിരുന്ന പ്രീതയെ അവിടെയെങ്ങും കണ്ടതേ ഇല്ല. പിന്നീട് പ്രീത കിണറ്റില്‍ ചാടി   ആത്മഹത്യ ചെയ്തു എന്നു കേട്ടപ്പോള്‍ ഓടി വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞ എന്റെ പ്രിയകൂട്ടുകാരിയെ കുറിച്ച് പറഞ്ഞു കേട്ട  ദിവസം തൊട്ട് മക്കള്‍ പറയാറുണ്ട്   നമുക്ക് അവരെ തിരഞ്ഞു  പോവണമെന്ന്. പത്താം ക്ലാസ്സിലെ മിടുക്കി കുട്ടിയെ പ്രിഡിഗ്രിക്ക് മാര്‍ക്ക് കുറഞ്ഞു പോയതിന്റെ പേരില്‍ ബാപ്പയും വീട്ടിലുള്ളവരെല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍ ഞാനെന്തെങ്കിലും അവിവേകം ചെയ്യുമെന്ന് പേടിച്ചു കൂടെ ഇരുന്ന കൂട്ടുകാരിയെ ഓര്‍ത്താണ് ഞാന്‍ കരയുന്നതെന്ന് ആര്‍ക്കും   അറിയില്ലായിരുന്നു.

മക്കള്‍ പറയാറുണ്ട്   നമുക്ക് അവരെ തിരഞ്ഞു  പോവണമെന്ന്

ഇനി ഹോസ്റ്റലില്‍ നിന്നു  പഠിക്കേണ്ട എന്നു പറഞ്ഞു വീടിനടുത്തുള്ള കോളേജില്‍ ചേര്‍ന്നിട്ടും ഞങ്ങള്‍ മുടങ്ങാതെ കത്തുകള്‍ എഴുതിയിരുന്നു. അഛനു സ്ഥലം     മാറ്റമാണ് പുതിയ അഡ്രസ്സ്  അറിയിക്കാം,  ഞാന്‍ നിലമ്പൂര്‍ കാട് കാണാന്‍ ഒരിക്കല്‍ വരുന്നുണ്ട് എന്നു പറഞ്ഞ് അവസാനമായി അവള്‍ അയച്ച കത്തിനു ശേഷം   ഒരുപാടു കാലം  ഞാനവളെ  കാത്തിരുന്നിരുന്നു. കാലന്‍ കുടയുമായി ഗേറ്റ് കടന്നു ഒതുക്കുകല്ലുകള്‍ കയറി വന്ന പോസ്റ്റ്മാന്‍ അവളുടെ കത്ത് മാത്രം തന്നില്ല.  

എഫ് ബി യില്‍ അക്കൌണ്ട് തുടങ്ങിയപ്പോള്‍ ഞാനാദ്യം തിരഞ്ഞത് അവളെയായിരുന്നു. എത്ര തിരഞ്ഞിട്ടും എനിക്കാ പേര്‍ കണ്ടെത്താനായില്ല.പിന്നീടൊരു ദിവസം ഒരു കോഴിക്കോടന്‍ യാത്രയില്‍ അവളെ തിരഞ്ഞു പോയ ഞാന്‍ ആകെ മാറി പോയ ഹൗസിങ് കോളനി കണ്ട് പകച്ചു പോയി. അവിടെ അവളുടെ വീടുണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള    വഴിയും   കാണാനില്ലായിരുന്നു.  

ഇപ്പോഴും നിറമുള്ള ഒരു സ്വപ്നമുണ്ടെന്റെ ഉള്ളില്‍. ജീവിത വഴിയില്‍ എപ്പോഴോ ഞാന്‍ നഷ്ടപ്പെടുത്തിയ വിടര്‍ന്ന കണ്ണുകളുള്ള ആ കൂട്ടുകാരി ഒരു ദിവസം  വരും. മിഠായി തെരുവിന്റെ തിരക്കില്‍ നിന്ന് പൊടുന്നനെ അവളെന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. കൈത്തണ്ടയില്‍ വന്ന് തൊട്ട്  അവളെന്നെ കെട്ടിപ്പിടിക്കും. മക്കളെ   കുറിച്ച് അവര്‍ വിവാഹിതരായതിനെ കുറിച്ച്, ചിലപ്പോള്‍ അവരുടെ പ്രണയത്തെ  കുറിച്ചെല്ലാം അവളെന്നോട്   പറയും. സ്‌നേഹത്തിന്റെ ചെപ്പുമായി ഒരിക്കല്‍   അവളെന്നെ  തേടി വരും. അന്ന് സമാഗമത്തിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ കരയുമായിരിക്കും. കാത്തിരിപ്പുകള്‍ ഓരോ  പ്രത്യാശയാണ്. ജീവന്റെ പ്രേരകങ്ങള്‍   കൂടിയാണവ.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?