മീര, അതായിരുന്നു അവളുടെ പേര്. പഠനത്തിന്റെ ഭാഗമായി ഒരു ഹൃസ്വകാലകോഴ്‌സിന് ചേര്‍ന്നപ്പോഴാണ് അവള്‍ ഞാനറിയാതെ എന്റെ ജീവിതത്തിലേക്ക് ചിരിച്ചു കൊണ്ട് കയറി വന്നത്. ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു ആ ക്ലാസില്‍. പല പ്രായക്കാര്‍, പല കോഴ്‌സുകള്‍ പഠിച്ചവര്‍. മീരയെ ഞാന്‍ എന്നാണു ആദ്യമായി കണ്ടെതെന്നു ഇക്കാലമത്രയും ഞാന്‍ ഓര്‍മ്മയില്‍ ചികഞ്ഞു നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ആ ചിന്തകള്‍ മുടക്കി അവളുടെ പുഞ്ചിരിക്കുന്ന മുഖം എന്നെ തടയിടാറാണ് പതിവ്. അല്ലെങ്കില്‍ തന്നെ എന്തിനു ഞാന്‍ അതോര്‍ക്കണം. ഒരു ആയുസ്സിലേക്ക് വേണ്ടത്ര ഓര്‍മ്മകള്‍ പിന്നെ നീയെനിക്ക് നല്‍കിയിട്ട് പോയിട്ടുണ്ടല്ലോ .

സത്യത്തില്‍ ക്ലാസ് മുറിയില്‍ വെച്ചു ഞാന്‍ അവളെ വേണ്ടത്ര ഗൗനിച്ചിരുന്നോ എന്ന് സംശയമാണ്. സദാ ഒരു പുഞ്ചിരിയാണ് അവളുടെ മുഖത്ത്. കലപില സംസാരം, നീളം കുറഞ്ഞ ഇരുനിറമുള്ള ചന്തമുള്ളൊരു കൊച്ചു കുട്ടി. എഞ്ചിനീയറിംഗ് കഴിഞ്ഞതാണ്. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സ് ഇളപ്പം അവള്‍ക്കുണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരു മഴയുള്ള പകലില്‍ തിരക്ക് പിടിച്ചൊരു ബസ്സിലാണ് സത്യത്തില്‍ അവള്‍ എന്റെ ഹൃദയത്തിലുടക്കിയത്. അത് വരെ അവള്‍ എനിക്ക് ആള്‍ക്കൂട്ടത്തില്‍ ആരോ ആയിരുന്നു.

തിരക്ക്പിടിച്ച ആ ബസ് യാത്രയില്‍ അവള്‍, അവള്‍ക്കു അടുത്തിരുന്ന ആള്‍ എഴുന്നേറ്റ ഉടന്‍ എന്റെ കൈപിടിച്ചു അടുത്തിരുത്തി. ഒഴിഞ്ഞ സീറ്റിലേക്ക് തള്ളിക്കയറാന്‍ കാത്തുനിന്ന യാത്രക്കാരുടെ രൂക്ഷമായ നോട്ടം കണ്ടു ഞാന്‍ വേണ്ടായിരുന്നു എന്ന ഭാവത്തില്‍ അവളെ നോക്കിയപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.

'നീ എവിടെക്കാണ്, ഇന്ന് ക്ലാസ്സ് ഇല്ലല്ലോ? 

എന്റെ ചോദ്യം മുഴുവന്‍ കേള്‍ക്കും മുമ്പേ, അവളുടെ ഉത്തരമെത്തി. സത്യത്തില്‍ ഈ പെണ്‍കുട്ടി ഇത്രയും നിഷ്‌കളങ്കയാണല്ലോയെന്നു ആദ്യമായി ഞാന്‍ ചിന്തിച്ചത് അന്നാണ്. പറയാന്‍ കാത്തുനിന്ന പോലെ അവള്‍ എന്നോട് പലതും സംസാരിച്ചു തുടങ്ങി. അതിനപ്പുറം അവള്‍ പറഞ്ഞ ഓരോ വാക്കും എനിക്ക് വിശ്വസിക്കാന്‍ തന്നെ പ്രയാസമായി. മീര ഒരു ഹൃദ്രോഗിയാണ്. അന്ന് അച്ഛനൊപ്പം അവള്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്. അച്ഛന്‍ പിന്നിലെ സീറ്റിലുണ്ട്. അവള്‍ക്കു അഞ്ചു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു പോയി. അവള്‍ ജന്മനാ ഹൃദ്രോഗിയും. എല്ലാം ഒരേയൊഴുക്കില്‍ പറഞ്ഞിട്ട് അവള്‍ ചെറുതായി കഴുത്തൊട്ടി കിടന്ന ഷാള്‍ നീക്കി കഴുത്തിനു താഴെ മുതല്‍ നെടുനീളെ പിളര്‍ന്നൊരു വടു കാട്ടിതന്നു. ഹൃദയത്തില്‍ എവിടെയോ ഒരു കൊള്ളിയാന്‍ മിന്നിയ പോലെയാണ് അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.

മീര ഒരു ഹൃദ്രോഗിയാണ്. അന്ന് അച്ഛനൊപ്പം അവള്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്.

പക്ഷെ ഇതെല്ലം പറഞ്ഞു തീരുമ്പോഴും അവളുടെ മുഖത്തെ ആ ചിരി,അത് മാഞ്ഞിരുന്നില്ല. മറ്റാരുടെയോ കഥ അവള്‍ പറയുകയാണോ? എല്ലാം പറഞ്ഞിട്ട് ഒടുവിലവള്‍ പറഞ്ഞു, 'ചേച്ചി എന്റെ കാര്യം എന്താണെന്ന് അറിയില്ല എന്നാലും ഒരു ജോലി കിട്ടിയിട്ട് പോകണേ എന്നാണ് എന്റെ ആഗ്രഹം, ഇല്ലേല്‍ പിന്നെ എനിക്ക് അതൊരു സങ്കടമാകും'

സത്യത്തില്‍ അവളോട് അപ്പോള്‍ എന്താ പറയേണ്ടിയിരുന്നതെന്ന് സത്യമായും എനിക്ക് അറിയില്ലാരുന്നു, ഇന്നും അറിയില്ല .ഒന്നും പറയാതെ അവളുടെ കവിളില്‍ ഒന്ന് തൊട്ടിട്ടു ഞാന്‍ ഏതോ സ്‌റ്റോപ്പില്‍ ഇറങ്ങി. മരണത്തെ ഭയക്കുന്ന, മരണവീടുകളില്‍ പോലും പോകാന്‍ ഭയപ്പെടുന്ന എന്നോട് സ്വന്തം മരണത്തെക്കുറിച്ചു അത്രയും നിസ്സാരമായി സംസാരിച്ച അവള്‍ക്കു മുന്നില്‍ ഈ എന്നെ വെറുമൊരു ഭീരുവെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.

വീട്ടില്‍ വന്നിട്ടും അവളുടെ ആ മുഖം വേദനിപ്പിച്ചു നീറ്റികൊണ്ടേയിരുന്നു. അടുത്ത ദിവസം തന്നെ ഞാന്‍ അവളുടെ നമ്പര്‍ വാങ്ങി വെച്ചു.പിന്നെയുള്ള എല്ലാ ദിവസവും ഞാന്‍ അവള്‍ക്കൊപ്പമാണ് ക്ലാസ്സില്‍ പോയത്, തിരികെ വന്നതും. എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കുന്ന അവള്‍ക്കു എല്ലാം പറയാന്‍ ഒരു കൂട്ടുകാരിയില്ലായിരുന്നു എന്ന സത്യം ഞാന്‍ പതിയെ മനസ്സിലാക്കി. ആ ആശ്രയം അവള്‍ എപ്പോഴോ എന്നില്‍ കണ്ടെത്തിയെന്നാണ് ഇന്നും എന്റെ വിശ്വാസം. ഒരു തുറന്ന പുസ്തകം പോലെയായിരുന്നു അവള്‍. നഷ്ടപ്പെട്ട് പോയ അമ്മയുടെ സ്‌നേഹത്തെകുറിച്ചു, പലപ്പോഴും വില്ലനായെത്തുന്ന രോഗത്തെ കുറിച്ചു, അച്ഛന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്ന കഷ്ടതകളെ പറ്റി, കോളേജില്‍ സീനിയര്‍ ചേട്ടനോട് പറയാതെ മനസ്സില്‍ സൂക്ഷിച്ച പ്രണയത്തെക്കുറിച്ചു ഓരോ ദിവസവും എന്നോട് പറയാന്‍ അവള്‍ക്കോരോ വിഷയങ്ങളുണ്ടായിരുന്നു.അവള്‍ക്കു പറഞ്ഞു മതിയാവോളം ഞാന്‍ എല്ലാം കേട്ടിരുന്നു..

മാസങ്ങള്‍ കടന്നു പോയി. ക്ലാസ്സ് അവസാനിച്ചു. അവസാനദിവസം യാത്ര പറഞ്ഞു പോകുമ്പോഴും ഞാന്‍ അവളുടെ കൈപിടിച്ചു പറഞ്ഞു ഒരു ഫോണ്‍ വിളിക്കപ്പുറ0 നിനക്ക് എന്താവശ്യത്തിനും ഞാനുണ്ടെന്ന്. ദിവസങ്ങളും മാസങ്ങളും കടന്നു പോയിക്കൊണ്ടേയിരുന്നു.. മീരയുടെ ഒരു മെസേജ് അല്ലെങ്കില്‍ ഒരുവിളി വരാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. മീരയ്ക്ക് നിന്റെ ശബ്ദം കേട്ടാലെ ഉറക്കം വരുള്ളൂ എന്ന് ഭര്‍ത്താവ് കളിയാക്കി പറയുമായിരുന്നു. അങ്ങനെ ദിവസങ്ങള്‍ പോകുമ്പോഴാണ് അവളുടെ ആഗ്രഹം പോലെ അവള്‍ക്ക് ബാങ്കില്‍ ജോലിയ്ക്കുള്ള ഓര്‍ഡര്‍ വന്നത്..ആ സന്തോഷം പങ്കുവെയ്ക്കാന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഒരായിരം പൂത്തിരികള്‍ ഒന്നിച്ചു കത്തിച്ച പ്രഭാവമായിരുന്നു അവളുടെ മുഖത്ത്.സ്വന്തം ശാരീരികാവസ്ഥകള്‍ അവഗണിച്ചു ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ആ കുട്ടിയുടെ നിശ്ചയധാര്‍ഢ്യം എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു.

അവള്‍ പോലുമറിയാതെ അവള്‍ എന്നോട് യാത്ര പറയുകയായിരുന്നോ?

പക്ഷെ അന്ന് ഞങ്ങളുടെ മനസ്സുകളില്‍ സന്തോഷം നിറഞ്ഞുകവിഞ്ഞ ആ ദിവസമായിരുന്നു, അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയെന്നു ഞാന്‍ അറിഞ്ഞതേയില്ലായിരുന്നു. പിന്നെ ഞാന്‍ അവളെ കണ്ടിട്ടില്ല. അതിനു അടുത്ത രാത്രി അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു എങ്ങോട്ടോ പോയി.

'ചേച്ചി, ഇന്ന് ഞാന്‍ സുഖമായി ഉറങ്ങും' അവള്‍ അവസാനമായി എനിക്ക് അയച്ച ആ സന്ദേശത്തിലൂടെ അവള്‍ പോലുമറിയാതെ അവള്‍ എന്നോട് യാത്ര പറയുകയായിരുന്നോ?

ഒരുപക്ഷെ അവള്‍ അന്ന് സന്തോഷത്തോടെ കണ്ണുകള്‍ പൂട്ടുമ്പോള്‍ മരണത്തിനു പോലും അവളെ കൊണ്ടുപോകാന്‍ മടിയായി കാണും. അവള്‍ പോയിട്ട് അഞ്ചു വര്‍ഷങ്ങള്‍ കൊഴിഞ്ഞെന്നു ഞാനിന്നും വിശ്വസിക്കുന്നില്ല. അവളുടെ ഫോണിലേക്ക് ഇടക്ക് ഞാന്‍ സന്ദേശങ്ങള്‍ അയക്കും, ഫേസ്ബുക്ക് പേജിലെ പുഞ്ചിരി തുളുമ്പുന്ന ചിത്രങ്ങള്‍, ഓരോ വര്‍ഷവും ഉടമയില്ലെന്നു അറിയാതെ വരുന്ന പിറന്നാള്‍ അറിയിപ്പുകള്‍ എല്ലാം എന്നോട് പറയാതെ പറയുന്നു നീ എനിക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നു എന്ന്. 

നീ എവിടെയാണ? ഏതോ നാട്ടില്‍ അല്ലെങ്കില്‍ അകലെയെവിടെയോ ഒരിടത്ത് നീ എന്നെ അറിയിക്കാതെ ജോലി ചെയ്യുന്നുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിദൂരതയില്‍ എവിടെയോ മറഞ്ഞുപോയൊരു ഓര്‍മ്മ മാത്രമല്ല നീ, മരണം തൊട്ടടുത്തു വന്നു നില്‍ക്കുന്നു എന്ന തിരിച്ചറിവിലും ചിറകുകള്‍ വിടര്‍ത്തി പറക്കനാഗ്രഹിച്ച ഒരു ചിത്രശലഭം, മീര നീ അതായിരുന്നു.