ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷകണക്കിന് പേര്‍ തങ്ങളുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്ഥാപനം. ഇതാ ഇന്ത്യന്‍ റെയില്‍വയേക്കുറിച്ച് അറിയപ്പെടാത്ത 10 വസ്തുതകള്‍

ഏറ്റവും വേഗത ഏറിയ ട്രെയിനും, സ്പീഡ് കുറഞ്ഞ ട്രെയിനും

ദില്ലി -ഭോപ്പാല്‍ ശദാബ്തി ഏക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍. ഈ ട്രെയിന്‍റെ ശരാശരി സ്പീഡ് 91 കിലമീറ്റര്‍/മണിക്കൂറാണ്. ദില്ലി- ആഗ്രാ റൂട്ടില്‍ ഈ ട്രെയിന്‍ ചിലപ്പോള്‍ 150 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയിലും ഓടാറുണ്ട്. എന്നാല്‍ നീലഗിരി എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ 10 കിലോമീറ്റര്‍/മണിക്കൂറാണ് ഈ ട്രെയിന്‍റെ വേഗത.

ഏറ്റവും ദൂരം ഓടുന്ന വണ്ടിയും, കുറഞ്ഞ ദൂരം ഓടുന്ന വണ്ടിയും

ദിബ്രൂഗഡ്- കന്യാകുമാരി റൂട്ടില്‍ ഓടുന്ന വിവേക് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ 4,273 കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ നാഗ്പൂരില്‍ നിന്നും സമീപ പ്രദേശമായ അജ്നിയിലേക്കുള്ള ട്രെയിനാണ് ഏറ്റവും ദൂരം കുറഞ്ഞ സര്‍വ്വീസ് വെറും മൂന്ന് കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം. റെയില്‍വേ വര്‍ക്ക് ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് അജ്നി.

ഏറ്റവും ദൂരം സഞ്ചരിക്കുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിന്‍, ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍

തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ ദൂരം സ്റ്റോപ്പില്ലാതെ ഓടുന്നത്. ഗുജറാത്തിലെ വഡോദരയ്ക്കും, രാജസ്ഥാനിലെ കോട്ടയ്ക്കും ഇടയിലാണ് ഈ ദൂരം, 528 കിലോമീറ്റര്‍. ഹൗറ അമൃതസര്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍ 115 സ്റ്റേഷനുകളില്‍ ഈ ട്രെയിന്‍ നിര്‍ത്തും.

രണ്ട് സ്റ്റേഷനുകള്‍ ഒരേ സ്ഥലത്ത്

ഒരു സ്റ്റേഷന് രണ്ട് പ്ലാറ്റ്ഫോം ഉണ്ടാകും, എന്നാല്‍ രണ്ട് ഭാഗത്തേയും പ്ലാറ്റ്ഫോമുകള്‍ രണ്ട് സ്റ്റേഷനുകളാണെങ്കിലോ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍, ബേല്‍പ്പൂര്‍ സ്റ്റേഷനുകള്‍ ഒരേ സ്ഥലത്ത് റെയില്‍വേ ലൈനിന്‍റെ അപ്പുറവും ഇപ്പുറവുമാണ് സ്ഥിതി ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ വൈകിയോടുന്ന ട്രെയിന്‍

ഗുവഹത്തി- തിരുവനന്തപുരം എക്സ്പ്രസാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ വൈകി ഓടിയ ട്രെയിന്‍. ഈ ട്രെയിന്‍റെ ശരാശരി വൈകുന്ന സമയം 10 മുതല്‍ 12 മണിക്കൂര്‍വരെയാണ്. ശരിക്കും ഓടിയെത്തേണ്ട സമയം 65 മണിക്കൂറും,5 മിനുട്ടും.

ഏറ്റവും നീളം കൂടിയ സ്റ്റേഷന്‍ പേരും, നീളം കുറഞ്ഞ പേരും

ചെന്നൈയ്ക്ക് അടുത്തുള്ള ആറക്കോണം റെനിഗുണ്ടാ സെക്ഷനില്‍ പെടുന്ന Venkatanarasimharajuvaripeta യാണ് ഏറ്റവും നീളം കൂടി സ്റ്റേഷന്‍ പേര്. ഒഡീസയിലെ ജര്‍സുന്‍ഗുഡയിലെ Ib, ഗുജറാത്തിലെ ആനന്ദിന് അടുത്തുള്ള od എന്നിവയാണ് ഏറ്റവും ചെറിയ സ്റ്റേഷന്‍ പേരുകള്‍.

ഏറ്റവും പഴക്കം ചെന്ന ലോക്കോ


ഫെയറി ക്യൂന്‍ എന്ന 1855 ല്‍ നിര്‍മ്മിച്ച ലോക്കോയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പഴക്കം ചെന്ന ലോക്കോ. ലോകത്തിലെയും ഏറ്റവും പഴക്കം ചെന്നത് ഇതുതന്നെ.

ഏറ്റവും വലിയ തുരങ്കം

ജമ്മുകാശ്മീരില്‍ 2012ല്‍ പണി കഴിപ്പിച്ച പീര്‍ പച്ചാല്‍ ടണലാണ് ഏറ്റവും നീളം കൂടിയ ഇന്ത്യയിലെ റെയില്‍വേ തുരങ്കം,11.215 കിലോമീറ്ററാണ് ഇതിന്‍റെ നീളം.

ട്രെയിന്‍ ടോയ്ലേറ്റുകള്‍

ടോയിലേറ്റുകള്‍ 1909 ലാണ് ഇന്ത്യന്‍ റെയില്‍വേയിലെ ട്രെയിനുകളില്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയത്.

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ് ഫോം

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്ഫോം ഇന്ത്യയില്‍‌ തന്നെ ഖോരക്പൂരില്‍. നീളം 1.35 കിലോമീറ്റര്‍