ആ മഴ ഇനിയും തോര്‍ന്നിട്ടില്ല പ്രിയ സജിത്ത് എഴുതുന്നു
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്. മഴക്കാലങ്ങള്. മഴയോര്മ്മകള്. മഴയനുഭവങ്ങള്. അവ എഴുതൂ. കുറിപ്പുകള് ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില് അയക്കൂ. സബ് ജക്ട് ലൈനില് മഴ എന്നെഴുതാന് മറക്കരുത്.
'ഗന്ധങ്ങൾക്ക് ഓർമയുടെ പേറ്റുനോവുണ്ട്' എന്ന് എവിടെയോ വായിച്ചിരുന്നു... മഴ നനഞ്ഞു ബസ് പിടിക്കാൻ ഓടുമ്പോൾ, ഒരു തമാശയോടെ ഓർത്തത് അതാണ്. ഓർമകൾക്ക് പൊട്ടി വീഴാൻ കാലവും സമയവും ഒന്നും ഇല്ലാലോ എന്ന്. കാലം തെറ്റി പെയ്യുന്ന മഴ പോലെ ഓർമകൾ പെയ്തു നിറയുബോൾ ഞാൻ ഭൂതകാത്തിലെവിടേയോ ചാറ്റൽ മഴ നനഞ്ഞു നിൽക്കുകയായിരുന്നു.
മഴക്കാലങ്ങൾ എനിക്ക് ഗന്ധങ്ങളുടെ കാലമാണ്. ചെന്നൈ കോയമ്പെട് ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ എനിക്ക് തോന്നി ഈ മഴയ്ക്ക് വറുത്ത കടലയുടെയും കനലിൽ വെന്ത ചോളത്തിന്റെയും മഴയിൽ കുതിർന്ന ചായയുടെയും മണമാണ്. കലങ്ങി മറിഞ്ഞ് ഓടയും റോഡും വ്യതാസമില്ലാതെ ഒഴുകുന്ന കറുത്ത വെള്ളത്തിന്റെ മണമല്ല എന്റെ നാസാരന്ധ്രങ്ങൾ ആവാഹിക്കുന്നത് എന്ന് എനിക്ക് പോലും അതിശയം തോന്നുന്ന ഒരു കാര്യമായിരുന്നു.
ചെന്നെയിലെ മഴക്ക് പലപ്പോഴും പല ഭാവവും മണവും ആണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്റെ വീടിന്റെ ജാലകത്തിനപ്പുറം പെയ്യുന്ന മഴയ്ക്ക് ചെമ്പരത്തിയുടെയും കഞ്ഞിക്കൂർക്കയുടെയും മണമാണ്. ചിലപ്പോഴൊക്കെ പുതു മഴയുടെ ഗന്ധം എന്നെ മണ്ണിലേക്ക് വലിച്ചടുപ്പിക്കാറുണ്ട്. ഇതേ മഴ റെയിൽവേ പ്ലാറ്ഫോമുകളിൽ പെയ്യുമ്പോൾ അതിന് മുല്ലയുടെയും മൂത്രത്തിന്റെയും, പിന്നെ ആരൊക്കെയോ പൊതികെട്ടി കൊണ്ടു വരുന്ന വീടുകളിലെ അടുക്കളയുടെയും മണമാണ്.
മഴ പെയ്ത് തോർന്ന ഒരു സന്ധ്യയ്ക്ക് മരണത്തിന് തണുപ്പ് ആണെന്ന് മഴ എനിക്ക് പഠിപ്പിച്ചു തന്നു
ബാല്യത്തിലെ മഴയാണ് ഏറ്റവും മോഹിപ്പിക്കുന്നത്. ഒരിക്കൽ കൂടി നനയാൻ മോഹിപ്പിക്കുന്നത്. നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുടെ മണമായിരിക്കും മുറി നിറയെ. പകുതി ഉണങ്ങിയവയും, ഈറൻ ഇറ്റു വീഴുന്നവയും, വീടിന്റെ വരാന്ത നിറയെ ഉണ്ടാകും. വീടിന്റെ പൂമുഖത്ത് ഇട്ടിരിക്കുന്ന ചാക്കിൽപോലും ഈറൻ വന്നു കൂടുകെട്ടി കാണും. മിക്കപ്പോഴും യൂണിഫോമുകൾക്ക് അടുക്കളയിലെ വീതനയുടെ മണമുണ്ടാവാറുണ്ട്. ഒപ്പം ചിലപ്പോഴൊക്കെ മെഴുക്കുപുരട്ടികളുടെയും.
എന്നും സ്കൂൾ വിടുമ്പോഴും സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴും കൃത്യമായി മഴ വന്നു. സ്കൂളിൽ മിക്കപ്പോഴും ഊതാലുമായി വന്നു മഴ തണുത്തു വിറപ്പിച്ചു. ബുക്കുകളിൽ മഷി പടർത്തി. മുടികളിൽ വെള്ളത്തുള്ളികൾ കൊണ്ട് അലങ്കാര പണി നടത്തി. സ്കൂൾ വിട്ടു വരുമ്പോള് കൂടെ മഴയും വന്നു. കുന്നിറങ്ങി, പാടത്തുകൂടി കുട തട്ടിപറിക്കാൻ വിരുതുള്ള കാറ്റിനൊപ്പം. അമ്പലമുറ്റത്തെ കൽപടവുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാട്ടി, വീട് മുറ്റത്തെ പറമ്പിലെ കല്ലുവെട്ടാംകുഴിക്ക് വയറു നിറയെ വെള്ളം കൊടുത്തു മഴ ദയാശീല ചമഞ്ഞു. കിണറും കുളവും നിറഞ്ഞു കവിയുമ്പോൾ വീടിനരികിലെ ചെറിയ തോടുകളിൽ പരൽ മീനുകൾ വിരുന്നു വന്നു. മഴയ്ക്ക് അപ്പോഴൊക്കെയും ഒരു ഉന്മാദിയുടെ ഭാവമായിരുന്നു. ആരെയും കൂസാത്ത ഒരു ഭാവം.
ചോദിക്കാതെ വരുന്ന പനി മഴക്കാലത്തെ പ്രധാന വിരുന്നുകാരൻ ആയിരുന്നു. മല്ലിയും കുരുമുളകും ചുക്കും വെളുത്തുള്ളിയും ഒക്കെ ചേർന്ന മുളകു കഷായത്തിന്റെ മണമാണ് അക്കാലത്തെ രാത്രികൾക്ക്. വേനൽ കാലങ്ങളിൽ ഉണക്കി സൂക്ഷിക്കുന്ന പലതരം കൊണ്ടാട്ടങ്ങളുടെയും. പനി വന്നാൽ മാത്രം പുറത്തെടുക്കുന്ന, ഒരാൾക്ക് മാത്രം എടുക്കാൻ അനുവാദമുള്ള മച്ചിനകത്തെ ഉപ്പു മാങ്ങയുടെയും മണമാണ് എന്റെ ഓർമയിലെ മഴക്കാലങ്ങൾക്ക്. പനിച്ചൂടിന്റെ അർദ്ധ മയക്കത്തിൽ എപ്പോഴോ കണ്ണു തുറന്നു നോക്കുമ്പോഴും തനിച്ചല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് ജാലക വാതിലിനപ്പുറത്തു മഴ ഉണ്ടാകും.
അരികെ ഉണ്ടായിട്ടും, ഒരു കുടക്കീഴിൽ നനയാൻ കഴിയാതെ പോയ മഴ ഒരു തണുത്ത സന്ധ്യയെ ഓർമിപ്പിക്കുന്നു
ഓർക്കുമ്പോൾ കണ്ണീരു പടരുന്ന പലതും മഴക്കാലം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മഴ പെയ്ത് തോർന്ന ഒരു സന്ധ്യയ്ക്ക് മരണത്തിന് തണുപ്പ് ആണെന്ന് മഴ എനിക്ക് പഠിപ്പിച്ചു തന്നു. അക്കൊലത്തെ പിറന്നാളിന് ഏറ്റവും ഇഷ്ടമുള്ള പരിപ്പ് പ്രഥമൻ കുടിച്ച് അടുത്തിരുന്ന് എനിക്ക് വാരിത്തന്ന അച്ഛച്ച. കണ്ടപ്പോൾ കെട്ടിപിടിക്കാതെ ഒരു വാക്ക് പോലും മിണ്ടാതെ നിലവിളക്കിനു താഴെ കണ്ണടച്ചു കിടന്നു. ഒടുവിൽ തെക്കേതൊടിയിലേക്ക് യാത്ര പോയപ്പോൾ വിരാമമായത് കുട്ടിക്കാലത്തെ മിട്ടായി മധുരങ്ങൾക്കു കൂടിയായിരുന്നു.
മൂടി കെട്ടി വിങ്ങിയ ആകാശം ചാറ്റൽ മഴ തന്നപ്പോഴും അരികെ ഉണ്ടായിട്ടും, ഒരു കുടക്കീഴിൽ നനയാൻ കഴിയാതെ പോയ മഴ ഒരു തണുത്ത സന്ധ്യയെ ഓർമിപ്പിക്കുന്നു. കിട്ടാതെ പോയ ബലൂണുകളും, കാൽ നനക്കാൻ കഴിയാതെ പിണങ്ങി തിരിച്ചു പോയ തിരകളും ഞങ്ങൾക്കിടയിൽ വിങ്ങി നിന്ന, പെയ്യാതെ പോയ ആ മഴ പോലെ ഇന്നും എന്നിൽ നഷ്ടബോധമുണ്ടാക്കുന്നു. പിന്നീട് ആലോചിക്കുമ്പോൾ തോന്നിയിട്ടുണ്ട് ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന് മഴ എനിക്ക് മുന്നേ തിരിച്ചറിഞ്ഞു കാണണം. ഒന്നു വന്ന് എത്തിനോക്കി പോയത് അതുകൊണ്ടായിരിക്കണം. പിന്നീട് ഒരിക്കലും ഞങ്ങൾക്കിടയിൽ മഴ വന്നില്ല. പിന്നീട് ഒരിക്കൽ , ഒരിക്കൽ മാത്രം കൈയെത്തും ദൂരത്തിനടുത്ത് നമ്മൾ ഉണ്ടായപ്പോൾ നനക്കാൻ കൊതിച്ച് മഴ വന്നു. പക്ഷേ കാണാൻ മടിച്ച് നീ വന്നില്ല. നമ്മൾ മുന്നാളു പോലെയാണെന്ന് എനിക്കപ്പോൾ തോന്നി. ഒരിക്കലും ചേരാതെ... കാത്തിരുന്ന എന്റെ ഉള്ളിൽ കാലം തെറ്റി പെയ്തു വീണ ഒരു തുലാവർഷം മാത്രം ആരും അറിഞ്ഞില്ല. അയാളുമറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും കലണ്ടറിൽ മഞ്ഞും വേനലും കടന്നു ജൂണിലെത്തുമ്പോൾ ഞാൻ ഓർക്കും നിന്നോളം ഞാൻ നനയുന്ന മറ്റൊരു മഴ ഇല്ലലോയെന്ന്.
രാത്രികളിൽ ചിലപ്പോഴൊക്കെ വിക്സിന്റെ മണത്തിനൊപ്പം വിയർപ്പു കലരുമ്പോ മഴ നാണിച്ചു മാറി നിന്നു
പ്രണയത്തിനും വിരഹത്തിനും ഒടുക്കം ജീവിതത്തിലേക്കും മഴ കൂട്ടു വന്നു. ആരും വിളിക്കാതെ തന്നെ. പരിഭവങ്ങളിൽ ഒപ്പം വന്ന് ഒരു കുടക്കീഴിലാക്കി. രാത്രികളിൽ ചിലപ്പോഴൊക്കെ വിക്സിന്റെ മണത്തിനൊപ്പം വിയർപ്പു കലരുമ്പോ മഴ നാണിച്ചു മാറി നിന്നു. കള്ളിയെ പോലെ. എല്ലാം അറിയുന്നവളെ പോലെ ജാലകവാതിലിനപ്പുറം നിന്ന് ചിലപ്പോൾ ഒക്കെ ചിണുങ്ങിയും പിറുപിറുത്തും എന്റെ ജീവിതത്തിൽ ഞാൻ പോലുമറിയാതെ മഴ കലർന്നുകൊണ്ടേ ഇരിക്കുന്നു... ഇപ്പോഴും...
ഞാൻ ജനിച്ചത് തുലാമഴ തിമർത്തു പെയ്യുന്ന ഒരു ശനിയാഴ്ച ആയിരുന്നു. ഒരു പക്ഷെ, ഇവിടുന്നു വിട പറന്നു പോകുമ്പോഴും മഴ എന്നോടൊപ്പം കൂട്ടു വരുമായിരിക്കും. അത്രമേൽ ഇഷ്ടപ്പെടുമ്പോൾ വരാതിരിക്കാൻ അതിനാവില്ലലോ. നീറി നീറി ചിത പുകഞ്ഞു തുടങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ കണ്ണിലും മനസിലും പിന്നെ എനിക്ക് മുകളിലും നീ ആർത്തലച്ചു പെയ്യുന്നത് എന്നത്തേയും പോലെ ഞാൻ അറിയുന്നുണ്ടാവില്ല എന്നു മാത്രം. എങ്കിലും ഞാൻ മോഹിക്കുന്നു."വെറുതെ മോഹിക്കുവാൻ മോഹം.."
ഇനിയും തോരാത്ത മഴകള്
സുനു പി സ്കറിയ:
ധന്യ മോഹന്:
ജില്ന ജന്നത്ത്.കെ.വി:
ജാസ്മിന് ജാഫര്:
നിഷ മഞ്ജേഷ്:
കന്നി എം:
ജ്യോതി രാജീവ്:
സ്മിത അജു:
കെ.വി വിനോഷ്:
ജാസ്ലിന് ജെയ്സന്:
സഫീറ മഠത്തിലകത്ത്:
ഹാഷ്മി റഹ്മാന്:
ഡോ. ഹസനത് സൈബിന്:
ഷാദിയ ഷാദി:
ശരത്ത് എം വി:
രോഷ്ന ആര് എസ്:
നിച്ചൂസ് അരിഞ്ചിറ:
ശരണ്യ മുകുന്ദന്:
ഗീതാ സൂര്യന്:
റീന പി ടി:
ഫസീല മൊയ്തു:
മനു ശങ്കര് പാതാമ്പുഴ:
ഫാത്തിമ വഹീദ അഞ്ചിലത്ത് :
ഉമൈമ ഉമ്മര്:
ശംഷാദ് എം ടി കെ:
സാനിയോ:
നിജു ആന് ഫിലിപ്പ് :
മാഹിറ മജീദ്:
ശംസീര് ചാത്തോത്ത്:
അനാമിക സജീവ് :
രാരിമ എസ്:
ജയ ശ്രീരാഗം:
രേഷ്മ മകേഷ് :
ശിശിര :
പ്രശാന്ത് നായര് തിക്കോടി:
മന്സൂര് പെരിന്തല്മണ്ണ:
റിജാം റാവുത്തര്:
ഷഫീന ഷെഫി:
തസ്ലീം കൂടരഞ്ഞി:
ജോബിന് ജോസഫ് കുളപ്പുരക്കല്:
ശാന്തിനി ടോം:
