നാസയുടെ ചൊവ്വയിലെ മനുഷ്യദൌത്യത്തിലെ ആദ്യ ആളാവാനൊരുങ്ങുന്നു   അലൈസ് കാസണ്‍ എന്നാണ് അവളുടെ പേര് ലുയിസിയാനയില്‍ നിന്നുള്ളതാണ് ഈ പതിനേഴുകാരി  നാസയില്‍ നിന്നും ബഹിരാകാശ യാത്രക്കുള്ള പരിശീലം നേടുകയാണിപ്പോള്‍ 

ബഹിരാകാശത്ത് പോവുക സാധ്യമാവും എന്നറിഞ്ഞതോടെ പലരും വെറുതെയെങ്കിലും സ്വപ്നം കാണാറുണ്ട് അങ്ങനെയൊരു യാത്ര. 'സ്റ്റാര്‍ ട്രെക്ക്', 'സ്റ്റാര്‍ വാര്‍സ്' എന്നീ സിനിമകളൊക്കെ കണ്ടപ്പോള്‍ ഒരു തവണയെങ്കിലും അങ്ങനെയൊരു യാത്ര കൊതിച്ചുകാണും. ഭൂമിക്കപ്പുറത്തൊരു ഗ്രഹത്തില്‍ കോളനിയുണ്ടാക്കുന്നതും ഇന്ന് നടക്കുന്ന കാര്യമായി.

ഏതായാലും അങ്ങനെയൊരു യാത്രയ്ക്ക് അവസരം കിട്ടിയിരിക്കുന്നത് ഒരു പതിനേഴുകാരിക്കാണ്. വെറുതെ കിട്ടിയ അവസരമല്ല. അവളുടെ പ്രയത്നം കൊണ്ട് കിട്ടിയതാണ്. അവളെയാണ് നാസ ആദ്യമായി ചൊവ്വയിലേക്കയക്കുകയെന്നാണ് കരുതുന്നത്. നാസയുടെ ചൊവ്വയിലെ മനുഷ്യദൌത്യത്തിന്‍റെ അമരക്കാരിയാവും അങ്ങനെയെങ്കില്‍ അവള്‍. അലൈസ കാസണ്‍ എന്നാണ് അവളുടെ പേര്. ലുയിസിയാനയില്‍ നിന്നുള്ളതാണ് ഈ പതിനേഴുകാരി. അവള്‍ നാസയില്‍ നിന്നും ബഹിരാകാശ യാത്രക്കുള്ള പരിശീലം നേടുകയാണിപ്പോള്‍. അവളുടെ സ്വപ്നം ചൊവ്വയില്‍ കാല് കുത്തുന്ന ആദ്യത്തെ ആളാവുകയെന്നത് തന്നെയാണ്.

2033ല്‍ നാസ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 2033 ലായിരിക്കും അലൈസ ചൊവ്വയിലേക്ക് യാത്ര തിരിക്കുക. പതിനേഴുകാരിയായ അലൈസ അതിനുള്ള എല്ലാ യോഗ്യതയും പരിശീലനവും നേടിക്കഴിഞ്ഞു. അതിനായുള്ള നാസയുടെ പാസ്പോര്‍ട്ട് പ്രോഗ്രാം പൂര്‍ത്തീകരിച്ച ആദ്യത്തെ വ്യക്തിയും അലൈസ തന്നെയാണ്. 14 പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. അഡ്വാന്‍സ്ഡ് പോസം അക്കാദമിയില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ പരിശീലകയും വ്യക്തിയും അലൈസയാണ്. ബഹിരാകാശ യാത്രയ്ക്കുള്ള പഠനവും പരിശീലനവും തുടരുന്നതിനിടയില്‍ തന്നെ അലൈസ തന്‍റെ സ്കൂള്‍ വിദ്യാഭ്യാസവും നേടുന്നുണ്ട്. ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ നാല് ഭാഷകളിലാണ് സ്കൂള്‍ പഠനം. 

അലൈസ പറയുന്നത്, '' ഈ ചെറിയ സമയത്തിനുള്ളില്‍, ചെറിയപ്രായത്തില്‍ പഠിക്കുക, പരിശീലനം നേടുക എന്നതെല്ലാം ബുദ്ധിമുട്ടാണ്. ഒരുപാട് പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. പക്ഷെ, ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നാണ്.

തനിക്ക് എല്ലാവരേയും പോലെ വിവാഹം കഴിക്കാനോ കുടുംബമായി ജീവിക്കുവാനോ ഒന്നും കഴിയില്ലെന്ന് അവള്‍ക്കറിയാം. ഭൂമിയിലേക്ക് ഒരു തിരിച്ചുവരവും ചിലപ്പോള്‍ സാധ്യമായേക്കില്ല. പക്ഷെ, അവള്‍ പറയുന്നത് തന്‍റെ സ്വപ്നമാണ് തനിക്ക് വലുതെന്ന് തന്നെയാണ്. '' നിങ്ങളുടെ സ്വപ്നങ്ങളെ എല്ലായ്പ്പോഴും പിന്തുടരുക. അത് തടയാന്‍ ഒരാളെയും അനുവദിക്കരുത്. ഞാനെന്‍റെ സ്വപ്നത്തെ പിന്തുടരുന്നു. എല്ലാ ബഹിരാകാശ യാത്രക്കാരും എനിക്ക് പ്രചോദനമായിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരാണെനിക്ക് വഴി തുറന്നത്.‍'' എന്നും അലൈസ പറയുന്നു.