
ആവോളം ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞൊരു കഥയാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ ഓടുന്നത്. ഒരുപക്ഷെ, കണ്ടു പരിചയിച്ച സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ സിനിമകളേക്കാള്‍ മികച്ചൊരു കഥ. ആ കഥയ്ക്ക് എരിവും പുളിയും ആവോളം നിറയ്ക്കുന്നൊരു വസ്തുത ഈ കേസിലെ 'ഇര'യൊരു സിനിമാനടിയായി പോയി എന്നതാണ്.
സ്വന്തം ജന്മദേശത്തിന്റെ അല്ലെങ്കില്‍ അക്രമിക്കപ്പെട്ട സ്ഥലനാമത്തിന്റെ പേരില്‍ അറിയപ്പെടാനാണ് അപമാനിക്കപ്പെട്ട ഓരോ പെണ്‍ജന്മത്തിന്റെയും വിധി. ഇവിടെ ഇരയൊരു നടിയായതിനാല്‍ അവള്‍ 'പ്രമുഖ നടി' എന്ന പേരില്‍ അറിയുന്നു. എല്ലാം തുല്യം.
എവിടെ പെണ്ണ് അപമാനിക്കപ്പെടുന്നുവോ അവിടെയെല്ലാം അവളെ പഴി ചാരുക, അല്ലെങ്കില്‍ ആ സാഹചര്യത്തില്‍ അവള്‍ വന്നുപെട്ടു പോയ അവസരത്തെ കുറ്റം പറഞ്ഞ്, പെണ്ണിന്റെ സ്വഭാവഹത്യ നടത്തി രസിക്കുക എന്നത് കാലാകാലങ്ങളായി കണ്ടു വരുന്ന ആചാരമാണ്. നടിയുടെ കേസിലും ഇത് തന്നെ അവര്‍ത്തിക്കപ്പെട്ടു. രാത്രി എന്തിനു കാറില്‍ പോയി, എന്ത് കൊണ്ട് മാതാവിനെ കൂടെ കൂട്ടിയില്ല അങ്ങനെ അവള്‍ നേരിട്ട ചോദ്യങ്ങള്‍ അനവധി. ബാങ്കിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ അല്ലെങ്കില്‍ കൂലിപ്പണിക്കോ പോയി അന്തസായി അധ്വാനിക്കുന്ന സ്ത്രീജനങ്ങള്‍ എല്ലാവരും ജോലിയ്ക്ക് പോകുമ്പോള്‍ വീട്ടുകാരെ കൂടെകൂട്ടിയാണോ പോകുക? അഭിനയവും ഒരു തൊഴിലാണ്. അക്രമിക്കപ്പെട്ട പെണ്‍കുട്ടി ഒരു കലാകാരിയാണ്. മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടി.
സ്ത്രീജനങ്ങള്‍ജോലിയ്ക്ക് പോകുമ്പോള്‍ വീട്ടുകാരെ കൂടെ കൂട്ടിയാണോ പോകുക?
തുറന്നു പറഞ്ഞതിനുള്ള ശിക്ഷ
ഈ കേസിന്റെ ഏറ്റവും വലിയ ട്വിസ്റ്റ് അല്ലെങ്കില്‍ വഴിത്തിരിവ് സംഭവിച്ചത് സത്യത്തില്‍ താന്‍ അക്രമിക്കപ്പെട്ടു എന്ന് ഇര ധൈര്യപൂര്‍വ്വം വിളിച്ചു പറഞ്ഞപ്പോഴായിരുന്നു. അതിനുള്ള ആര്‍ജ്ജവം അവള്‍ കാണിച്ചു. അത് തന്നെയാണ് എല്ലാത്തിന്റെയും ഗതി മാറ്റിയത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന, സമൂഹത്തില്‍ നിലയും വിലയുമുള്ള, അറിയപ്പെടുന്ന ഒരു കലാകാരി. വേണമെങ്കില്‍ ഭാവി ജീവിതത്തെ ഓര്‍ത്ത്, ഇനി നേരിടാന്‍ പോകുന്ന അപവാദങ്ങളെ ഭയന്നു അവള്‍ക്കത് മൂടിവെയ്ക്കാമായിരുന്നു . എങ്കില്‍ ഇക്കണ്ട പ്രചരണങ്ങള്‍, പ്രമുഖ നടിയെന്ന വിശേഷണങ്ങള്‍, കഥകള്‍, ഉപകഥകള്‍, കുറ്റപ്പെടുത്തലുകള്‍ ഒന്നും അവള്‍ നേരിടേണ്ടി വരില്ലായിരുന്നു. ഒരുപക്ഷെ അവളും കുടുംബവും മാത്രം അറിയുന്നൊരു തീരാവേദനയായി അത് അവസാനിച്ചേനെ. അതിനു മുതിരാതെ സധൈര്യം താന്‍ നേരിട്ട ദുരന്തം ആ നടി വിളിച്ചു പറഞ്ഞു. തന്നെ ആക്രമിച്ചവനെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടണമെന്ന് അവള്‍ നിശ്ചയിച്ചു. ഇനിയൊരു പെണ്‍കുട്ടിയ്ക്കും, സമാനമായി അക്രമിക്കപ്പെട്ട ഒരുപാട് സഹോദരിമാര്‍ക്കും വേണ്ടി അവള്‍ അത് വിളിച്ചു പറഞ്ഞു. മണിക്കൂറുകള്‍ക്കകം കേസ് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ എത്തിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും, ഏതവസരത്തിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എന്നിട്ടോ?
എത്ര പ്രശസ്തര്‍ ആയാലും, സ്ത്രീ ആയാല്‍ അവള്‍ക്ക് ഇതുതന്നെയാണ് ഇവിടെ അവസ്ഥ.
പെണ്ണായാല്‍ ഒരേ തലവിധിയോ?
അവള്‍ക്കു നീതി കിട്ടിയോ? ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ച ഈ കേസിലെങ്കിലും നീതി ഉറപ്പായോ ? സൂര്യനെല്ലി, കിളിരൂര്‍, വിതുര, തോപ്പുംപടി അങ്ങനെ എത്രയെത്ര കേസുകള്‍ നമുക്ക് മുന്നില്‍. മരിച്ചു പോയവര്‍, മരണത്തെക്കാളും ഭീകരമായ അവസ്ഥകള്‍ താണ്ടി വന്നവര്‍, മരിച്ചു ജീവിക്കുന്നവര്‍...അങ്ങനെ എത്രയോ കണ്ണീര്‍മുഖങ്ങള്‍ നമുക്ക് മുന്നില്‍. അവര്‍ക്ക് ആര്‍ക്കെങ്കിലും നീതി കിട്ടിയോ? ഏറ്റവും സാധാരണക്കാരായിരുന്നു, ആദ്യം പറഞ്ഞ, സ്ഥലപ്പേരുകള്‍ അകമ്പടിയായി വരുന്ന ലൈംഗിക അതിക്രമ കേസുകളിലെ ഇരകള്‍. ഇവിടെ അതൊരു സെലിബ്രിറ്റിയാണ്. എന്നിട്ടോ? വാര്‍ത്താ ആഘോഷങ്ങള്‍ക്കപ്പുറം അവള്‍ക്ക് നീതി കിട്ടിയോ? എന്താണ് കാരണം? അവള്‍ ഒരു സ്ത്രീ ആണെന്നത് തന്നെ. സമൂഹത്തിന്റെ ഏത് തലങ്ങളിലുള്ളവര്‍ ആയാലും, എത്ര പ്രശസ്തര്‍ ആയാലും, സ്ത്രീ ആയാല്‍ അവള്‍ക്ക് ഇതുതന്നെയാണ് ഇവിടെ അവസ്ഥ.
പീഡകരാലും പിന്നീട് നിയമവ്യവസ്ഥിതിയാലും പിന്നെയും പിന്നെയും അക്രമിക്കപ്പെടുന്ന ആ വിധി ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സൗമ്യ എന്നൊരു പാവം പെണ്‍കുട്ടി ട്രെയിനില്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടു. അവളെ പിച്ചിചീന്തിയവന് വേണ്ടി വാദിക്കാന്‍ വിദൂരങ്ങളില്‍നിന്നും വക്കീലന്മാര്‍ ഓടിയെത്തി. ഇരയ്ക്കില്ലാത്ത മനുഷ്യാവകാശം വേട്ടക്കാരന് കിട്ടി. സൗമ്യയ്ക്ക്, ആ പെണ്‍കുട്ടിയുടെ അമ്മയുടെ ചുടുകണ്ണീരിനള, നീതി നേടി കൊടുക്കാന്‍ നമുക്കായോ ? എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. തങ്ങള്‍ക്ക് സംഭവിച്ചത് എന്തെന്ന് പോലും അറിയാതെ അവര്‍ പോലിസ് സ്‌റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നു.
അക്രമിക്കപ്പെട്ടത് പ്രമുഖ ആണെങ്കിലും അല്ലെങ്കിലും അവര്‍ ഒരു സ്ത്രീയാണ്. സ്വന്തം വ്യക്തിത്വം തന്നെ ചോദ്യം ചെയ്യാപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് അവള്‍ ചെയ്തത്. ഒരുപാട് പേര്‍ക്ക് ധൈര്യം പകരുന്ന ഒരു മാതൃക സ്വന്തം അനുഭവത്തില്‍ നിന്നും കാട്ടിക്കൊടുത്തതോ ? സമൂഹത്തിന്റെ, മാധ്യമങ്ങളുടെ, കോടതിയുടെ പിന്നെ പേരറിയാത്ത എത്രയോ പേര്‍ക്ക് മുന്നില്‍ ഇങ്ങനെ വിചാരണ ചെയ്യപ്പെടാന്‍ അവളെന്തു തെറ്റു ചെയ്തു?
ആത്മാഭിമാനം ഉള്ളൊരു പെണ്ണും സ്വയരക്ഷയ്ക്ക് പോലും താന്‍ അക്രമിക്കപ്പെട്ടു എന്ന് കള്ളം പറയില്ല
സമൂഹം ഇനിയെന്നു കണ്‍തുറക്കും?
ആത്മാഭിമാനം ഉള്ളൊരു പെണ്ണും സ്വയരക്ഷയ്ക്ക് പോലും താന്‍ അക്രമിക്കപ്പെട്ടു എന്ന് കള്ളം പറയില്ല എന്ന സത്യമെങ്കിലും സമൂഹം എന്ന് തിരിച്ചറിയും? കാലങ്ങള്‍ നീണ്ടുപോകുന്ന ഈ പ്രക്രിയയ്ക്ക് ഇടയില്‍ എത്രവട്ടം ഇരയായ സ്ത്രീ സ്വന്തം വിധിയെ പഴിക്കും. ഈ നീണ്ടുപോകലിനിടയില്‍ എപ്പോഴെങ്കിലും ആ കേസ് തേഞ്ഞുമാഞ്ഞു പോയാല്‍ പിന്നെ അവളീ സഹിച്ച ദുരിതങ്ങള്‍ക്കുള്ള ഉത്തരമെന്താകും? സത്യത്തില്‍ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന എല്ലാ കേസുകളിലും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നിലവില്‍ വരേണ്ട കാലം എന്നേ അതിക്രമിച്ചില്ലേ? വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ ഇത് സഹായകമല്ലേ?
2016 ല്‍ മാത്രം 1690 കേസുകളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടായത്. കണക്കില്‍ ഉള്‍പ്പെടാതെ പോയവ എത്രയെന്നു ആര്‍ക്കുമറിയില്ല. ഇതില്‍ 924 കേസുകള്‍ കുഞ്ഞുങ്ങളെ ബലാത്സംഗത്തിന് ഇരയാക്കിയതാണ്. POCSO Act പ്രകാരം 2093 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ശൈശവ വിവാഹം, പെണ്‍ഭ്രൂണഹത്യ, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടു പോകല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്കു പുറമെയുള്ള കണക്കാണിതെന്നു കൂടി ഓര്‍ക്കുക.
ഒരു പെണ്ണ്, അവള്‍ ആരുമാകട്ടെ, അക്രമിക്കപ്പെട്ടാല്‍ പിന്നെ അവള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരിക എന്നതാണ് നാട്ടിലെ പൊതുരീതി. അല്ലാതെ ഇനിയൊരു ദുരന്തം ഉണ്ടാകാതെ നോക്കുക എന്നതല്ല. നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇനി സിനിമാനടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നു സിനിമസംഘടനയായ 'അമ്മ' പറഞ്ഞു. അമ്പരന്നുപോയി. അതാണോ അതിന്റെ പരിഹാരം? അങ്ങനെയായാല്‍ സ്‌കൂളിലും കോളേജിലുമെല്ലാം പഠിക്കുന്ന കുട്ടികള്‍ അക്രമങ്ങള്‍ തടയാന്‍ വീട്ടില്‍ അടച്ചിരിക്കേണ്ടി വരുമോ ? അപ്പോള്‍ അവരില്‍ ചിലര്‍ വീടുകളില്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഏതു വാതിലിലാണ് പോയി സഹായം അഭ്യര്‍ത്ഥിക്കേണ്ടത്.
എന്തായാലും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഇപ്പോഴും നമ്മള്‍ വിശ്വസിക്കുന്നു. സത്യം വിജയിക്കണമെന്ന് പ്രാര്‍ഥിക്കുന്നു. ഈ കഥയുടെ അവസാനം എന്താകുമെന്നു അറിയില്ല. ട്വിസ്റ്റുകളും, എന്‍ട്രികളും ഇനിയും ഉണ്ടാകാം. എങ്കിലും ആ പെണ്‍കുട്ടിയ്ക്ക്, അവളുടെ പോരാട്ടത്തിനു നീതി ലഭിക്കുക തന്നെ ചെയ്യണം.
