തിരുവനന്തപുരം: ഏതോ ഒരു ഉത്സവപ്പറമ്പിലെ ചെണ്ടമേളത്തിനൊപ്പം തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ താരം. മനസ്സിൽ താളമുണ്ടെങ്കിലും അത്  ആൺകുട്ടികളെപ്പോലെ ശരീരം കൊണ്ട് പ്രകടിപ്പിക്കാൻ പല പെൺകുട്ടികളും തയ്യാറാകാറില്ല എന്നതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ പെൺകുട്ടി അങ്ങനെയല്ല. ചെണ്ടമേളത്തിനൊപ്പം അവൾ തുള്ളിച്ചാടുന്നുണ്ട്. വെറും 28 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയും അതിലെ പെൺകുട്ടിയെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ഫേസ്ബുക്ക് പേജുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണിത് എന്ന് വീഡിയോയിലെ കമന്റുകളിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം കൃത്യമാണോയെന്ന് വ്യക്തമല്ല. മാത്രമല്ല പെൺകുട്ടിയാരെന്നും അറിയില്ല. തുള്ളുന്ന പെൺകുട്ടിയോട് തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീ അടക്കിയ ശബ്ദത്തിൽ എന്തോ പറയുന്നുണ്ട്.  എന്തായാലും 'ചെണ്ടമേളം ആസ്വദിക്കുന്ന ഈ പെൺകുട്ടി' ആരാണെന്ന് അറിയാൻ‌ എല്ലാവരും കാത്തിരിക്കുകയാണ്.