സുനി പി വി എഴുതുന്നു

പെണ്‍വിദ്യാഭ്യാസം എന്നത് മാരക രോഗം ബാധിച്ച അവയവം പോലെയാണെന്നും, മുറിച്ചു മാറ്റിയില്ലെങ്കില്‍ ശരീരം മൊത്തം പടര്‍ന്ന് കുടുംബം നശിപ്പിക്കുമെന്നാണ് പയ്യന്റെ വാദം. മറുത്ത് പറയാന്‍ അവളുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. എങ്ങനെയെങ്കിലും പരീക്ഷ എഴുതണം എന്ന് പറഞ്ഞ എന്നോട് ജീവിതം മുഴുവന്‍ ഇരുട്ടറയില്‍ അടക്കപ്പെടാന്‍ പോകുന്നവള്‍ക്ക് എന്തിന് നാമമാത്ര വെളിച്ചമെന്ന് പറയുന്നതിലെ നിസ്സഹായത പെണ്ണിനെ പൊള്ളിച്ചുകൊണ്ടിരുന്നു

2017 ആഗസ്റ്റില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ് ആയി ജോലി നോക്കുന്ന സമയം. ലൈബ്രറിയില്‍ ഒഴിവുസമയങ്ങളില്‍ പുസ്തകങ്ങളിലേക്ക് നൂണ്ടിറങ്ങാറാണ് പതിവ്. അന്നും പതിവ് പോലെ ഉച്ചനേരം. ഞാനും ലൈബ്രേറിയനും ഒഴികെ മറ്റൊരാള്‍ നിശ്ശബ്ദത മാത്രമാണ്.

പ്ലസ് വണ്‍ അഡ്മിഷന്റെ സമയമായതുകൊണ്ട് സെക്കന്റ് ഇയര്‍ കുട്ടികള്‍ക്ക് ഒഴിവു സമയം കൂടുതലാണ്. പലരും ലൈബ്രറിയില്‍ ചേക്കേറാന്‍ വരും. എത്ര അടക്കി നിര്‍ത്തിയാലും ഇടക്കിടെ കുപ്പിവളക്കൂട്ടം പോലെ കലപിലയാണ്. വായന രസം പിടിച്ചു വരുന്ന സമയങ്ങളിലായിരിക്കും മിക്കപ്പോഴും പൊട്ടിച്ചിരികള്‍ ഉതിര്‍ന്ന് വീഴുക. 

അങ്ങനെയൊരു ദിവസം കുറച്ച് പെണ്‍കുട്ടികള്‍ കയറി വന്നു. വന്നപാടെ ഷെല്‍ഫില്‍ നിന്ന് ബുക്കുമെടുത്ത് അവര്‍ അവരുടേതായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു പതിവിന് വിപരീതമായി ശബ്ദം താഴ്ത്തിയായിരുന്നു സംസാരം.

പൊട്ടിച്ചിരികള്‍ ലവലേശമില്ല. ശ്രദ്ധിക്കാന്‍ എന്തോ ഒരു പ്രേരണ. കടന്നു പോയ പ്രായം എന്നതിലുപരി വര്‍ത്തമാനകാല വഴികള്‍ അവയോടുള്ള കുട്ടികളുടെ താല്‍പര്യം അവരില്‍ നിന്നു തന്നെ പലപ്പോഴായി കിട്ടിയിട്ടുള്ളതായിരുന്നു ചെവി വട്ടം പിടിക്കാനുള്ള കാരണങ്ങളിലൊന്ന്

അവര്‍ സംസാരിക്കുന്നത് 'സെക്‌സ്' എന്നായിരുന്നു. മലയാളിക്കെന്നും ശബ്ദം താഴ്ത്തി മാത്രം ഉച്ചരിക്കാവുന്ന ഒന്ന്. അശ്ലീല പദമെന്ന് കണ്ടും കേട്ടും അടക്കി വെച്ച ഒന്ന്. അടുക്കളപ്പുറത്തെ ഊണ് എന്ന് വിളിക്കാവുന്ന വിഷയം. ഇത് എന്തോ കൗതുകം സൃഷ്ടിച്ചു.

ഇതിലൊന്നും ചേരാതെ ഒരാള്‍ മാത്രം അകന്നു നില്‍ക്കുന്നുവെന്നത് അസ്വാരസ്യം തോന്നിച്ചു.

ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കണ്ടാവണം, അവര്‍ അല്‍പസമയം നിശ്ശബ്ദരായി. പൊതുവെ കൗമാരക്കാരോട് സംസാരിക്കാനും അവരിലൊരാളാവാനും ഒരു പാട് ട്രെയിനിംഗുകള്‍ കിട്ടിയതിലുപരി ഇഷ്ടം എന്നത് കൊണ്ട് തന്നെയാണ് അവര്‍ക്കടുത്തേക്ക് നീങ്ങിയിരിക്കാന്‍ ഉള്‍പ്രേരണ വന്നത്

പതുക്കെ അവര്‍ വീണ്ടും സംസാരിച്ച് തുടങ്ങി. അപരിചിതത്വം സൗഹൃദത്തിലേക്ക് വഴിമാറി. പല പലതലങ്ങളില്‍ സ്പര്‍ശിച്ച് സൈലന്‍സ് എന്ന ചുവരിലൊട്ടിച്ച വാണിംഗിനെ ചവുട്ടി പുറത്തിട്ട് അവരോടൊപ്പം ചേര്‍ന്നിരുന്ന് സംശയങ്ങള്‍ക്ക് മറുപടി നല്‍കിത്തുടങ്ങി.

സംസാരിക്കാന്‍, അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരാളില്ലെന്നത് പലപ്പഴും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെ തെറ്റായ പലയിടങ്ങളിലും ബന്ധങ്ങളിലും എങ്ങനെ കൊണ്ടെത്തിക്കുന്നുവെന്നത് അവര്‍ തന്നെ ഉദാഹരണങ്ങളിലൂടെ കാണിച്ചു തന്നു.

പക്ഷേ ഇതിലൊന്നും ചേരാനാവാതെ ഒരാള്‍ മാത്രം അകന്നു നില്‍ക്കുന്നുവെന്നത് അസ്വാരസ്യം തോന്നിച്ചു. കലങ്ങിയ കണ്ണുകള്‍ അതീവ സുന്ദരിയല്ലെങ്കിലും നിഷ്‌കളങ്കത മുറ്റിയ മുഖം. എന്താ ഞങ്ങളോട് കൂടാത്തതെന്ന ചോദ്യത്തിന് കൂട്ടുകാരികളാണ് മറുപടി പറഞ്ഞത്

അവളുടെ നിക്കാഹ് നിശ്ചയിച്ചു. പരീക്ഷ കഴിയാന്‍ കാത്തു നില്‍ക്കില്ലെന്നും അവര്‍ സങ്കടത്തോടെ പറഞ്ഞു.

പ്ലസ് വണ്ണിന്92 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയാണ്.

'എനിക്ക് പഠിക്കണം, എം ബി ബി എസ് ചെയ്യണം' -അവള്‍ കരച്ചിലിന്നിടയിലും പറഞ്ഞ് കൊണ്ടിരുന്നു. വീട്ടുകാരോട് പറഞ്ഞ് മനസ്സിലാക്കി കൂടേയെന്ന ചോദ്യത്തിന് ഏങ്ങലടി മാത്രമായി ഉത്തരം

തുടര്‍ന്നത് കൂട്ടുകാരികള്‍. 'അവളുടെ സഹോദരന്‍ മാത്രമായിരുന്നു അവള്‍ക്ക് സപ്പോര്‍ട്ട്. പ്രൊപ്പോസല്‍ വന്ന അന്നു തന്നെ പഠിത്തം നിര്‍ത്താന്‍ പയ്യന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതായിരുന്നത്രേ.എങ്ങനെയൊക്കെയോ അത് കല്യാണം വരെ നീട്ടിക്കിട്ടിയെന്ന് മാത്രം.

പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയാണ്.

പെണ്‍വിദ്യാഭ്യാസം എന്നത് മാരക രോഗം ബാധിച്ച അവയവം പോലെയാണെന്നും, മുറിച്ചു മാറ്റിയില്ലെങ്കില്‍ ശരീരം മൊത്തം പടര്‍ന്ന് കുടുംബം നശിപ്പിക്കുമെന്നാണ് പയ്യന്റെ വാദം. മറുത്ത് പറയാന്‍ അവളുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല.

എങ്ങനെയെങ്കിലും പരീക്ഷ എഴുതണം എന്ന് പറഞ്ഞ എന്നോട് ജീവിതം മുഴുവന്‍ ഇരുട്ടറയില്‍ അടക്കപ്പെടാന്‍ പോകുന്നവള്‍ക്ക് എന്തിന് നാമമാത്ര വെളിച്ചമെന്ന് പറയുന്നതിലെ നിസ്സഹായത പെണ്ണിനെ പൊള്ളിച്ചുകൊണ്ടിരുന്നു

എന്നേക്കാള്‍ എത്രയോ ചെറുപ്പം. അണയുന്ന വെളിച്ചത്തിന്റെ നേര്‍ത്ത നിനവില്‍ തൊട്ടുകൊണ്ട് അവളെന്റെ മുന്നില്‍ തലകുമ്പിട്ടിരുന്നു. നെറുകില്‍ വെറുതെ കൈ വെച്ചതല്ലാതെ ഒന്നും പറയാന്‍ തോന്നിയില്ല. ഒന്നുമില്ലായിരുന്നു പറയാന്‍. ആശ്വാസവാക്കുകള്‍ അവള്‍ക്കപ്പോള്‍ പഴകിയുപേക്ഷിച്ച അടിവസ്ത്രം പോലാവും.

പിന്നീട് എന്‍േറതായ തിരക്കില്‍ ഞാനവളെ മറന്നു പോയി. പുതിയ ജോലി, സ്ഥലം നമ്മളങ്ങനെയാണല്ലോ സാഹചര്യങ്ങളുടെ മാറ്റത്തടവുകാര്‍.

ഓഫീസിലെ ഉച്ചയിടവേളയില്‍ സഹപ്രവര്‍ത്തകരിലാരോ ഒരു അനുഭവം പങ്കുവെച്ചിരുന്നു. എം.ഫാം കഴിഞ്ഞിട്ടും നിക്കാഹിന് ശേഷം ജോലിക്ക് പോവാന്‍ അനുവദിക്കാത്തതിന് ആ ബന്ധം ഉപേക്ഷിച്ച പെണ്ണിനെ പറ്റി, അതവളുടെ തന്‍േറടമെന്നോ അഹങ്കാരമെന്നോ തുടങ്ങി ചര്‍ച്ചയങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും നീണ്ടു പോയി. 

ഞാനന്നേരം അവളെത്തന്നെ ഓര്‍ത്തു, വീണ്ടും.