ബിഗ് ബോസ് റിവ്യൂ-ശ്വേതാ മേനോന്‍. സുനിതാ ദേവദാസ് എഴുതുന്നു

ആദ്യദിനം ശ്വേത തനിക്ക് ഏതോ തറവാട്ടിലെ അമ്മയായി അഭിനയിക്കാന്‍ അവസരം കിട്ടിയത് പോലെ തന്റെ 'അമ്മ' റോളില്‍ നന്നായി തിളങ്ങി . മികച്ച നടിയായതു കൊണ്ട് എല്ലാവരുടെയും കയ്യടിയും വാങ്ങി . എന്നാല്‍ രഞ്ജിനി, ശ്വേതാ, പേളി, ശ്രീലക്ഷ്മി അച്ചുതണ്ട് രൂപപ്പെട്ടതോടെ ശ്വേതയുടെ തനിനിറം പുറത്തു വരാന്‍ തുടങ്ങി . 

ബിഗ് ബോസ് ആദ്യവാരത്തില്‍ അമ്മയായിരുന്ന ശ്വേത ഇപ്പോള്‍ അമ്മായിയമ്മയാണ് . മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇമേജ് ഇടിഞ്ഞു താഴ്ന്ന ശ്വേത തന്റെ മാടമ്പിത്തരം മുഴുവന്‍ പുറത്തു വന്നു സവര്‍ണ അമ്മായിയമ്മയായി നില്‍ക്കുകയാണ് .

ആദ്യദിനം ശ്വേത തനിക്ക് ഏതോ തറവാട്ടിലെ അമ്മയായി അഭിനയിക്കാന്‍ അവസരം കിട്ടിയത് പോലെ തന്റെ 'അമ്മ' റോളില്‍ നന്നായി തിളങ്ങി . മികച്ച നടിയായതു കൊണ്ട് എല്ലാവരുടെയും കയ്യടിയും വാങ്ങി . എന്നാല്‍ രഞ്ജിനി, ശ്വേതാ, പേളി, ശ്രീലക്ഷ്മി അച്ചുതണ്ട് രൂപപ്പെട്ടതോടെ ശ്വേതയുടെ തനിനിറം പുറത്തു വരാന്‍ തുടങ്ങി . 

ശ്വേതയെ അമ്മയില്‍ നിന്നും അമ്മായിയമ്മയിലേക്ക് എത്തിച്ച പ്രവൃത്തികള്‍ ഇവയാണ് 

1. ആദ്യവാരത്തില്‍ എലിമിനേഷന്‍ റൗണ്ടില്‍ വന്ന എല്ലാവരെയും ശ്വേത കക്കൂസ് വൃത്തിയാക്കാന്‍ നിയമിച്ച് കാപ്റ്റന്‍ എന്ന നിലയില്‍ അധികാരദുര്‍വിനിയോഗം നടത്തി.

2. സംസാരത്തിനിടക്ക് എപ്പോഴും കുലമഹിമയും ജാതിമഹിമയും കടന്നു വന്നുകൊണ്ടിരുന്നു. ഉദാഹരണമായി സന്ധ്യാനാമം, തറവാട് ....

3. അരിസ്‌റ്റോ സുരേഷ് ആഹാരം കൂടുതല്‍ കഴിക്കുന്നു, ഇടക്കിടക്ക് കഴിക്കുന്നുവെന്നൊക്കെ തരം താണ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കി. 

4. മത്സരാര്‍ത്ഥികള്‍ക്കിടയിലെ വരേണ്യരെ ചേര്‍ത്ത് കോക്കസ് ഉണ്ടാക്കി- ശ്വേത , രഞ്ജിനി , പേളി , ശ്രീലക്ഷ്മി 

5. ബഷീര്‍ ബഷിയോട് 'എന്നോട് എതിര്‍ത്ത് സംസാരിക്കാന്‍ നീ വളര്‍ന്നിട്ടില്ല' എന്ന മാടമ്പി ഡയലോഗ് അടിച്ചു 

6 അനൂപുമായി സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അടിപിടി കൂടി ഓവര്‍ ആക്കി ചളമാക്കി . മോഹന്‍ലാല്‍ ആദ്യദിനം ശ്വേത സ്വിമ്മിങ് പൂളില്‍ കുളിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടാവും എന്ന് പറഞ്ഞപ്പോള്‍ രസിച്ചു ചിരിച്ച ആളാണ് ശ്വേത. അപ്പൊള്‍ ഫെമിനിസമൊക്കെ തരാതരം പോലെ ഉപയോഗിക്കാന്‍ ഉള്ളതാണ് ശ്വേതക്ക് 

7. അനൂപിനോട് പൊറുക്കുന്നുവെന്നു പറഞ്ഞു വീട്ടിനുള്ളിലെ എല്ലാവരുടെയും കയ്യടി വാങ്ങിയിട്ട് പിറ്റേ ദിവസം തന്നെ എലിമിനേഷന് അനൂപിനെ വീണ്ടും ഇതേ കാരണത്തിന്റെ പേരില്‍ റെക്കമെന്റ് ചെയ്തു 

8 , ഇതുവരെ ആ വീട്ടിനുള്ളില്‍ ശ്വേത ഒരു പണിയും എടുക്കുന്നത് കണ്ടിട്ടില്ല. അത് ബഷീര്‍ ബഷി ചൂണ്ടി കാണിച്ചപ്പോള്‍ എല്ലാവരോടും നടന്നു പറഞ്ഞു സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നു 

9 . ആദ്യപ്രണയം തുറന്നു പറയാന്‍ ടാസ്‌ക്ക് വന്നപ്പോള്‍ മമ്മൂട്ടിയോടായിരുന്നു എന്ന് പറഞ്ഞു സെന്‍സേഷന്‍ ഉണ്ടാക്കാനുള്ള ശ്രമം 

10 . അരിസ്‌റ്റോ സുരേഷിന് വയ്യാതായപ്പോള്‍ പാട്ട് പാടിയുള്ള നാടകത്തോടെ ശ്വേത അപഹാസ്യയായി 

ശ്വേതാ മേനോന്‍ കുറെ കാലമായി സിനിമയില്‍ അഭിനയിക്കുന്ന അഭിനേത്രിയായിരിക്കും. ബഷീര്‍ ശ്വേതയുടെ കണ്ണില്‍ പ്രത്യേകിച്ച് ആരുമല്ലായിരിക്കും. എന്നാല്‍ ഇത്തരം ഒരു കളിയുടെ ഭാഗമാവുമ്പോള്‍ ഒരു മനുഷ്യന്‍ കാണിക്കേണ്ട മിനിമം മര്യാദ കൂടെയുള്ളവരെ തുല്യരായി കണക്കാക്കുക എന്നതാണ്. അത് ഇതുവരെ ശ്വേതക്ക് കഴിഞ്ഞിട്ടില്ല . എന്നോട് എതിര്‍ത്ത് സംസാരിക്കാന്‍ വളര്‍ന്നിട്ടില്ലെന്നൊക്കെ ഒരാളോട് പറയുമ്പോള്‍ ശ്വേതയുടെ മനസ്സില്‍ എന്താണ് ? 

ശ്വേത ജന്മിയും തമ്പുരാട്ടിയും, ബാക്കിയുള്ളവര്‍ അടിയാന്മാരും വേലക്കാരും. അതെ സമയം തന്നെ കളിയില്‍ ജയിക്കാനും ആളാകാനും ഫെമിനിസത്തെ എടുത്തു അനൂപിന് നേര്‍ക്ക് വീശി അനൂപിനെ നിലം പരിശാക്കുന്നു. ഒടുവില്‍ ശ്വേതയുടെ മാപ്പിന്റെ കരുണയില്‍ അനൂപ് ഷോയില്‍ തുടരുന്നു . 

മറ്റൊരു കാര്യം തന്നെക്കാള്‍ അഞ്ചു വയസ്സ് പ്രായം കുറഞ്ഞ സാബുവിനെ ശ്വേത സാബു ചേട്ടാ എന്നും വിളിക്കുന്നുണ്ട്. ശക്തനായ എതിരാളിയെ സോപ്പ് കൊണ്ടും എളിമ കൊണ്ടും തോല്‍പ്പിക്കാനുള്ള കുടില തന്ത്രമായേ ഇതിനെ കാണാന്‍ കഴിയുന്നുള്ളു . 

മൊത്തത്തില്‍ ശ്വേതയുടെ ബിഗ് ബോസ് വീട്ടിലെ പെരുമാറ്റം അനൂപ് ചന്ദ്രന്‍ പറഞ്ഞത് പോലെ മാടമ്പിത്തരം തന്നെയാണ്. ഉള്ളിന്റെ ഉള്ളിലെ സവര്‍ണ്ണ പ്രേതം ഇടയ്ക്കിടെ പുറത്തു ചാടി മറ്റുള്ളവരെ മുഴുവന്‍ കടിച്ചിട്ടു പോകുന്നത് ഷോയെ മുന്നോട്ടാണോ പിന്നോട്ടാണോ നയിക്കുന്നത് എന്ന് പ്രവചിക്കാന്‍ അസാധ്യം.

ബിഗ് ബോസ് റിവ്യൂ-രഞ്ജിനി ഹരിദാസ്