മുംബൈ: അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറി ലഭിക്കുക ഇന്ത്യയില്‍ എളുപ്പമല്ല. ഐഡി കാര്‍ഡുകള്‍ ഉണ്ടെങ്കിലും മുറി എടുക്കാന്‍ വരുന്നവര്‍ക്കു മുന്നില്‍ വാതിലുകള്‍ അടക്കുകയാണ് മിക്ക ഹോട്ടലുകളും. യാതൊരു നിയമ തടസ്സവും ഇല്ലാതിരുന്നിട്ടും പൊലീസ് ഇടപെടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാരുടെ മുറി നിഷേധം. 

വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നു എന്ന കാരണത്താല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ആ പേരിലല്ലാതെ മറ്റ് കുറ്റങ്ങള്‍ ചുമത്തിയാണ് സാധാരണ പൊലീസ് ഇത്തരം ജോഡികളെ അറസ്റ്റ് ചെയ്യുന്നത്. പൊതുസ്ഥലത്ത് മോശംപെരുമാറ്റം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തുകയാണ് പൊലീസ് സാധാരണ ചെയ്യാറുള്ളത്.

ഈ അവസ്ഥ മാറുകയാണ്. അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമാക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നു. പിലാനി ബിറ്റ്‌സില്‍ നിന്ന് ബിരുദം നേടിയ സഞ്ചിത് സേതി എന്ന സംരംഭകനാണ് സ്‌റ്റേ അങ്കിള്‍ എന്നു പേരിട്ട സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. സ്‌റ്റേ അങ്കിള്‍ എന്ന ആപ്പിലൂടെ മുറികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. സുരക്ഷിതമായ വിധത്തില്‍ മുറികള്‍ ലഭ്യമാക്കുമെന്ന് ഈ സ്ഥാപനം ഉറപ്പ് നല്‍കുന്നു. ദില്ലിയിലും മുംബൈയിലുമുള്ള 44 ഹോട്ടലുകളുമായി കമ്പനി കരാറില്‍ എത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ ഇന്ത്യയിലെമ്പാടുമുള്ള കൂടുതല്‍ ഹോട്ടലുകളാമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം. ട്രൈഡന്റ്, ഒബ്‌റോയി എന്നിവ ഉള്‍പ്പടെയുള്ള വന്‍കിട ഹോട്ടലുകള്‍ കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു മണിക്കൂറിന് 1400 രൂപ മുതല്‍ 5000 രൂപ വരെ വാടകയുള്ള മുറികളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്ന സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഈ സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ സഞ്ചിത് സേതി പറഞ്ഞു. 

അവിവാഹിതരായ ജോഡികള്‍ മുറി എടുക്കുന്നത് തടയുന്ന ഒരു നിയമവും ഇന്ത്യയില്‍ നിലവിലില്ലെന്ന് സേതി പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മുറി നല്‍കണം . നമ്മള്‍ 1950കളിലല്ല ജീവിക്കുന്നത്. ഹോട്ടല്‍ ഉടമകളുടെ മനോഭാവം മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സേതി പറയുന്നു. 

നിയമവിരുദ്ധമല്ലെങ്കിലും പൊലീസിന്റെ റെയ്ഡുകള്‍ ഭയന്നാണ് ഹോട്ടലുകള്‍ ദമ്പതികളല്ലാത്തവര്‍ക്ക് മുറി കൊടുക്കാന്‍ മടിക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നു എന്ന കാരണത്താല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ആ പേരിലല്ലാതെ മറ്റ് കുറ്റങ്ങള്‍ ചുമത്തിയാണ് സാധാരണ പൊലീസ് ഇത്തരം ജോഡികളെ അറസ്റ്റ് ചെയ്യുന്നത്. പൊതുസ്ഥലത്ത് മോശംപെരുമാറ്റം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തുകയാണ് പൊലീസ് സാധാരണ ചെയ്യാറുള്ളത്. ഇക്കാരണത്താലാണ് തങ്ങള്‍ മുറികള്‍ നല്‍കാത്തത് എന്നാണ് സാധാരണ ഹോട്ടലുകാരുടെ വാദം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്.