ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ പരിശ്രമിക്കുമ്പോൾ, മറ്റൊരു മഹാമാരി ലോകത്തിലെ കുട്ടികളിൽ പടർന്നു കയറുന്നത് അധികമാരും അറിയുന്നില്ല. ഈ അടുത്തകാലത്തായി ലോകാരോഗ്യ സംഘടന അതിനെ ചൊല്ലി ഭയപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തുവിട്ടത്. ലോകത്തിൽ കൂടുതൽ ആളുകളും പുകയില ഉത്പന്നങ്ങൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത് 18 വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് എന്നവർ അറിയിച്ചു. അതും 13 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 40 ദശലക്ഷത്തിലധികം കുട്ടികളാണ് നിലവിൽ ആഗോളതലത്തിൽ നിക്കോട്ടിൻ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.  

അതുമാത്രവുമല്ല, പുകയില വ്യവസായം പ്രതിവർഷം 9 ബില്യൺ യുഎസ് ഡോളറാണ് പരസ്യങ്ങൾക്കായി നിക്ഷേപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോക പുകയില നിരോധന ദിനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ കൗമാരക്കാർക്കിടയിൽ അവബോധം വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഎൻ ഏജൻസി. ഇതിനായി 13-17 വയസ്സ് പ്രായമുള്ള സ്‍കൂൾ വിദ്യാർത്ഥികൾക്കായി പുകയില വ്യവസായത്തിന്റെ വിപണന തന്ത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു കിറ്റ് അവർ നൽകുന്നു. പുകയിലക്കമ്പനികളുടെ വിപണനതന്ത്രങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതാണ് ആ കിറ്റ്. എല്ലാവർഷവും 8 ദശലക്ഷം ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്. എന്നാൽ അവരെ കൂടാതെ, ഇപ്പോൾ പുകയില വ്യവസായം ലക്ഷ്യമിടുന്നത് യുവാക്കളെയാണെന്നാണ് ഏജൻസി പറയുന്നത്. 

ഇതിനായി കമ്പനികൾ പരമ്പരാഗത സിഗരറ്റിന് പകരം 'കൂടുതൽ സുരക്ഷിതമാണ്' എന്ന ലേബലിൽ ഇ-സിഗരറ്റുകളും ഹുക്ക പൈപ്പുകളും വിപണിയിൽ ഇറക്കുന്നു. എന്നാൽ, ഇത് സുരക്ഷിതമല്ലെന്ന് മാത്രവുമല്ല, കൂടുതൽ ദോഷകരവും ആസക്തി ഉളവാക്കുന്നതും ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതുമാണ് എന്ന് സംഘടന വ്യക്തമാക്കി. ചെറുപ്പക്കാരിൽ പുകയിലയോട് ആസക്തി ജനിപ്പിക്കാൻ വേണ്ടി 15,000 -ത്തോളം ഇനത്തിലുള്ള വിവിധ പുകയില ഫ്ലേവറുകളും കമ്പനികൾ അവതരിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ഈ മഹാമാരി സമയത്തും പുതിയ വിപണന തന്ത്രങ്ങൾ പയറ്റുകയാണ് കമ്പനികൾ. സിഗരറ്റ് വാങ്ങുന്നവർക്ക് ബ്രാൻഡഡ് മാസ്‍കുകള്‍ സൗജന്യമായി നൽകിയും, ഉത്പന്നം വീടുകളിൽ എത്തിച്ചു കൊണ്ടും അവർ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഇത് കൂടാതെ, കമ്പനികൾ തങ്ങളുടെ പുകയില ഉൽ‌പ്പന്നങ്ങൾ‌ അവശ്യസാധനകളുടെ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ഒരു ശ്രമം നടത്തിയതായും ആരോഗ്യ ഏജൻസി അറിയിച്ചു.

എന്നാൽ, പുകയില കമ്പനികൾക്ക് എതിരെ പോരാടാൻ തന്നെ ഏജൻസി തീരുമാനിച്ചിരിക്കയാണെന്നും പറയുന്നു. പരമാവധി ചെറുപ്പക്കാരിലേക്ക് എത്തിച്ചേരാനുള്ള ലക്ഷ്യത്തോടെ, ലോകാരോഗ്യ സംഘടന യുവജനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം ടിക് ടോക്കിൽ # ടൊബാക്കോ എക്സ്പോസ്ഡ് ചലഞ്ചും സമാരംഭിച്ചു. കൂടാതെ, ലോകാരോഗ്യസംഘടന വിദ്യാർത്ഥികളെ പുകയില വ്യവസായത്തിന്റെ തന്ത്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് റൂം ആക്റ്റിവിറ്റി കിറ്റും ആരംഭിച്ചു കഴിഞ്ഞു. കമ്പനികളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ രാജ്യങ്ങൾ കർശനമായ പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.