Asianet News MalayalamAsianet News Malayalam

ആര്‍ത്തവ ആചാരത്തിന്‍റെ ആദ്യ ഇരയല്ല വിജയ; ആചാരങ്ങളുടെ നാട്ടിലെ പൊള്ളിക്കുന്ന കഥകള്‍

ഒരാഴ്ച മുതല്‍ 16 ദിവസം വരെ പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കഴിയണമെന്നാണ് ഈ മേഖലകളിലെ ആചാരം. ഇതിനായി വീട്ടില്‍ നിന്ന് അകന്ന് ഓലഷെഡ് ഒരുക്കും. ഭക്ഷണവും വെള്ളവും ഇവിടേക്ക് എത്തിച്ച് നല്‍കും. വീടിന് സമീപത്തോ കിണറിനടുത്തേക്കോ പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. 

vijaya killed in gaja story from her village by manu sankar
Author
Thiruvananthapuram, First Published Nov 23, 2018, 1:21 PM IST

സ്വന്തം രക്തത്തേക്കാള്‍ ആചാരങ്ങള്‍ക്കാണ് വില. വോട്ടായിട്ടും രാഷ്ട്രീയമായും ജോലിയുമായും ആചാരങ്ങള്‍ കെട്ടുകൂടി കിടക്കുന്നയിടം. പിന്നോക്ക വിഭാഗക്കാര്‍ ആര്‍ത്തവാചാരങ്ങള്‍ പിന്തുടരുമ്പോള്‍ മാത്രം പ്രശ്നമെന്നാണ് ചിലരുടെ വാദം. ആചാരങ്ങള്‍ക്കൊപ്പം സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും ഈ മേഖലകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് ഇപ്പോഴും ഇവിടെ കഴിയുന്നത് ഭൂരിഭാഗം ഭൂമിയും സ്വന്തമായുള്ള അയ്യര്‍ സമുദായക്കാരുടെ മണ്ണില്‍ പണിയെടുത്താണ്. കിടക്കാന്‍ ചോരുന്ന ഓലപ്പുരയുള്ളവര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മകള്‍ക്ക് ഓലഷെഡ് ഒരുക്കേണ്ട നിയോഗം.

vijaya killed in gaja story from her village by manu sankar

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബൃഹദേശ്വര ക്ഷേത്രത്തില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരമേയുള്ളൂ ആര്‍ത്തവ ആചാരത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട വിജയയുടെ വീട്ടിലേക്ക്. ചോളന്‍മാര്‍ക്ക് ശേഷം പാണ്ഡ്യന്‍മാരും മധുര നായ്ക്കന്‍മാരും ശിവജിയുടെ അര്‍ധ സഹോദരനും മാറി ഭരിച്ച മണ്ണാണ് തഞ്ചാവൂരിലേത്. ക്ഷേത്രഭിത്തികളില്‍ എഴുതിച്ചേർത്ത ഈ ചരിത്രങ്ങളേക്കാള്‍ നീണ്ടതാണ് തഞ്ചാവൂരിലെ പട്ടുകോട്ടൈയിലും പേരമ്പല്ലൂരിലും കാരൂരിലും പാടിപ്പോരുന്ന ആചാരങ്ങള്‍ക്ക്. പല ആചാരങ്ങളും മാറ്റപ്പെട്ടെങ്കിലും തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ ആര്‍ത്തവം ഇന്നും അശുദ്ധിയാണ്.

ഒരാഴ്ച മുതല്‍ 16 ദിവസം വരെ പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കഴിയണമെന്നാണ് ഈ മേഖലകളിലെ ആചാരം. ഇതിനായി വീട്ടില്‍ നിന്ന് അകന്ന് ഓലഷെഡ് ഒരുക്കും. ഭക്ഷണവും വെള്ളവും ഇവിടേക്ക് എത്തിച്ച് നല്‍കും. വീടിന് സമീപത്തോ കിണറിനടുത്തേക്കോ പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. പ്രദേശങ്ങളിലെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ആചാരങ്ങളും മാറികൊണ്ടിരിക്കും. ചിലയിടങ്ങളില്‍ ആര്‍ത്തവമായാല്‍ പെണ്‍കുട്ടിക്ക് ഒപ്പം അമ്മയ്ക്കും വീട്ടില്‍ നിന്ന് അകന്ന് ഓല ഷെഡുകളില്‍ കഴിയേണ്ടി വരും. ചിലയിടങ്ങളില്‍ കന്നുകാലികളുടെ കൂടിന് സമീപമാണ് ഷെഡ് ഒരുക്കുന്നത്. വീട്ടുകാര്‍ പെണ്‍കുട്ടി അടുത്ത് എത്തിയാല്‍ പോലും ആട്ടിയോടിക്കും. തഞ്ചാവൂരിലെ ഈ ആചാരങ്ങളുടെ വേരോട്ടം ആഴത്തില്‍ വ്യക്തമാക്കുന്നതാണ് പന്ത്രണ്ട് വയസ്സുകാരി വിജയയുടെ മരണം.

ഓലഷെഡിലേക്ക് വീണ തെങ്ങിനടിയില്‍ പെട്ട് വിജയയുടെ പ്രാണന്‍ പൊലിഞ്ഞു

ഗജ ചുഴലിക്കാറ്റ് എത്തുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിജയയെയും അമ്മയെയും ആര്‍ത്തവ ആചാരങ്ങളുടെ പേരില്‍ വീട്ടില്‍ നിന്ന് മാറിയുള്ള ചെറിയ ഓലപുരയിലേക്ക് മാറ്റിപാര്‍പ്പിച്ചത്. നാല് രാത്രികള്‍ അവിടെ തികയ്ക്കാന്‍ വിജയയ്ക്ക് കഴിഞ്ഞില്ല. ചുഴലിക്കാറ്റിനിടെ ഓലഷെഡിലേക്ക് വീണ തെങ്ങിനടയില്‍ പെട്ട് വിജയയുടെ പ്രാണന്‍ പൊലിഞ്ഞു. പരിക്കേറ്റ വിജയയുടെ മാതാവ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന അധികൃതരുടെ നിരന്തര മുന്നറിയിപ്പിനിടയിലും ആചാരങ്ങള്‍ തെറ്റിക്കാന്‍ ഭയന്ന കുടുംബത്തിന്‍റെ നിലപാടാണ് വിജയയുടെ മരണത്തിന് ഇടയാക്കിയത്. നാല് മാസം മുമ്പ് തഞ്ചാവൂരിലെ ആനൈക്കാട് ഗ്രാമത്തിലും ആര്‍ത്തവ ആചാരങ്ങളുടെ ഭാഗമായി ഓലപുരയിലേക്ക് മാറ്റിപാര്‍പ്പിച്ച രുഗ്മിണി എന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. രുഗ്മിണിയും വിജയയും പിന്നോക്ക വിഭാഗക്കാരാണ്. വിജയയുടെ അച്ഛന്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആളാണ്.

കാവേരി ബെല്‍റ്റാണ് ഈ മേഖലകള്‍. മത്സ്യത്തൊഴിലാളികളും കൃഷിക്കാരുമാണ് ഭൂരിഭാഗം പേരും. ഭൂരിഭാഗം കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ഓരോ കിലോമീറ്ററിനുള്ളിലും കുറഞ്ഞത് രണ്ട് ക്ഷേത്രങ്ങള്‍ എങ്കിലും കാണാം. അണ്ണാഡിഎംകെ എംഎല്‍എ വി.ശേഖറിന്‍റേതാണ് മണ്ഡലം. സ്വന്തം രക്തത്തേക്കാള്‍ ആചാരങ്ങള്‍ക്കാണ് വില. വോട്ടായിട്ടും രാഷ്ട്രീയമായും ജോലിയുമായും ആചാരങ്ങള്‍ കെട്ടുകൂടി കിടക്കുന്നയിടം.

ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തിയ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെന്നായിരുന്നു ബിബിസിയിലടക്കം വന്ന  തലക്കെട്ട്

പിന്നോക്ക വിഭാഗക്കാര്‍ ആര്‍ത്തവാചരങ്ങള്‍ പിന്തുടരുമ്പോള്‍ മാത്രം പ്രശ്നമെന്നാണ് ചിലരുടെ വാദം. ആചാരങ്ങള്‍ക്കൊപ്പം സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും ഈ മേഖലകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് ഇപ്പോഴും ഇവിടെ കഴിയുന്നത് ഭൂരിഭാഗം ഭൂമിയും സ്വന്തമായുള്ള അയ്യര്‍ സമുദായക്കാരുടെ മണ്ണില്‍ പണിയെടുത്താണ്. കിടക്കാന്‍ ചോരുന്ന ഓലപുരയുള്ളവര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മകള്‍ക്ക് ഓലഷെഡ് ഒരുക്കേണ്ട നിയോഗം.

ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തിയ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെന്നായിരുന്നു ബിബിസിയിലെ അടക്കം തലക്കെട്ട്. ചുഴലിക്കാറ്റിനിടെ ഉണ്ടായ അപകടം എന്നാണ് പൊലീസ് എഫ്ഐആര്‍. ജെല്ലിക്കെട്ടിനുവേണ്ടിയും നീറ്റ് പരീക്ഷയ്ക്ക് എതിരെയും ഒരുമിച്ച് തെരുവിലിറങ്ങിയ യുവജനത ഇക്കാര്യത്തില്‍ മാത്രം ഉറക്കത്തിലാണ്. എളുപ്പത്തില്‍ വിപ്ലവം വിളിച്ച്പറയുന്ന സമൂഹമാധ്യമജീവികള്‍ മാത്രമായി ചിലര്‍ പ്രതിഷേധം ഉയര്‍ത്തുന്നതല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. ആചാരം രാഷ്ട്രീയം കൂടി ആയതിനാല്‍, കലൈജ്ഞര്‍ സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍റെ പേര് നല്‍കിയ ഡിഎംകെ അധ്യക്ഷനും മൗനത്തിലാണ്. അല്ലെങ്കിലും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ കനം ഉണ്ടാകില്ല, പന്ത്രണ്ട് വയസ്സുകാരിയുടെ ജീവന്‍റെ ത്രാസ്സിന്...

പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന ആര്‍ത്തവക്കുടിലുകള്‍

ആര്‍ത്തവ ആചാരങ്ങളുടെ പേരില്‍ ആറ് മാസത്തിനിടെ ദാരുണമായി മരിച്ചത് രണ്ട് പെണ്‍കുട്ടികള്‍


 

Follow Us:
Download App:
  • android
  • ios