കുട്ടികള്‍ പ്രേമപ്പെടാതിരിക്കാനുള്ള
മുന്‍കരുതലുകള്‍

കുട്ടികള്‍ക്കു തമ്മില്‍
പ്രേമം തോന്നാതിരിക്കാനുള്ള
മുന്‍കരുതലുകള്‍ ചെയ്തു തുടങ്ങി.

പാഠപുസ്തകങ്ങളില്‍നിന്ന്
പ്രേമത്തെ പ്രകീര്‍ത്തിക്കുന്ന
പ്രേമസംഗീതം,
പ്രേമമാണ് അഖിസാരമൂഴിയില്‍
തുടങ്ങിയ സംഗതികളെല്ലാം എടുത്തുമാറ്റും.

അധ്യാപനഭാഷ മുഴുവനായും
പ്ലാസ്റ്റിക്കുകൊണ്ടോ കോണ്‍ക്രീറ്റു കൊണ്ടോ ഉള്ളതാക്കും.

ചില്ലകളില്‍ ക്രൗഞ്ചമിഥുനങ്ങള്‍ വന്നിരുന്ന്
പാടാനിടയുള്ളതുകൊണ്ട്
ക്ലാസ്മുറിയുടെ ജാലകങ്ങളിലേയ്ക്ക്
ചില്ലവീശി നില്‍ക്കുന്ന
പൂമരങ്ങളൊക്കെയും വെട്ടിമാറ്റും.

മയില്‍പീലികളും മഴവില്ലുകളും
സ്‌ക്കൂള്‍ പരിസരത്ത് നിരോധിക്കും.

സ്‌ക്കൂള്‍ മുറ്റങ്ങള്‍ക്കുമാത്രമായി
ഒട്ടും നീലിമപുരളാത്ത
പ്രത്യേകതരം പൂന്തോട്ടങ്ങള്‍ വികസിപ്പിച്ചെടുക്കും.

സ്‌ക്കൂള്‍പരിസരത്തേയ്ക്കു പൂമ്പാറ്റകള്‍ക്ക്
ഒരു കാരണവശാലും
പ്രവേശനം അനുവദിക്കുകയുമില്ല!