Asianet News MalayalamAsianet News Malayalam

വിവാഹച്ചന്തയില്‍ നടക്കുന്നത്

Women marriage family debate Mufeeda Muhammad
Author
Thiruvananthapuram, First Published Sep 20, 2017, 4:39 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Women marriage family debate Mufeeda Muhammad

'ഇനി പുറത്തേക്കൊന്നും കളിയ്ക്കാന്‍ പോകേണ്ട, പണ്ടത്തെ പോലെ അല്ല. വലിയ കുട്ടിയാണ് നീ ഇപ്പോ..'

ഇന്നലവരെയിട്ട  മുട്ടോളം ഇറക്കമുള്ള, ചുവപ്പില്‍ കറുത്ത പൂക്കളുള്ള കുട്ടിപ്പാവാട 'ഇവള്‍ക്കിനി ഇത് വേണ്ട നിങ്ങളെടുത്തോ'  എന്ന പറഞ്ഞ് ഉമ്മ ആര്‍ക്കോ കൊടുത്തത് കണ്ട് വാശിപിടിച്ചപ്പോഴായിരുന്നു ആ മറുപടി. 'ഇനിയിങ്ങനെത്തെ കാലുകാണിക്കുന്നതൊന്നും ഇടാന്‍ പാടില്ല, നീ വലിയ പെണ്ണാണ് ഇപ്പൊള്‍'

ഇങ്ങനെ ചില ഡയലോഗുകള്‍  ചുരുക്കം ചില പെണ്‍കുട്ടികളെങ്കിലും ഒരു സുപ്രഭാതത്തില്‍ കേട്ടുകാണും. അങ്ങനെ പെട്ടന്നൊരു ദിവസം താനെങ്ങനെ വലിയകുട്ടിയായിപ്പോയെന്നോര്‍ത്ത് അന്തം വിട്ടു നില്‍ക്കുന്നതിനിടയില്‍ വലിയ കുട്ടിയായിപ്പോയവരാണ് ഓരോ പെണ്ണും.അന്നെപ്പോഴോ ആണ്  താനിനി ശബ്ദമില്ലാതെ ചിരിക്കണമെന്നും ഒച്ചയില്ലാതെ നടക്കണമെന്നും പതുക്കെ സംസാരിക്കണമെന്നുമൊക്കെയുള്ള അലിഖിതമായ പല നിയമങ്ങളും ചട്ടങ്ങളും സ്ത്രീക്കുമാത്രമുള്ളതായി നിലകൊള്ളുന്നുണ്ടെന്ന് മനസിനെ പറഞ്ഞ് അടിച്ചേല്‍പിക്കേണ്ടി വന്നത്.

ഒരിക്കല്‍ കൂട്ടുകാരിയുടെ കല്യാണത്തിന് പോയി സമയത്തു തിരികെ പോരാന്‍ ബസ് കിട്ടാതെ, സന്ധ്യ സമയം ആറുമണിക്ക് എത്തിയപ്പോള്‍  ഉമ്മ കവിളില്‍ ആഞ്ഞടിച്ചു. 'നെഞ്ചില്‍ തീയാണ് എത്താന്‍ വൈകിയപ്പോള്‍'.  ഉമ്മയുടെ ബേജാറാണ് എന്റെ കവിളില്‍  നീറ്റലോടെ തണര്‍ത്തു കിടന്നത്. അന്നാ അടി കിട്ടിയതെന്തിനാണെന്ന് എനിക്കിന്നും മനസിലായിട്ടില്ല. പക്ഷെ ആറുമണികഴിഞ്ഞാല്‍  എനിക്കിന്നും പേടിയാണ്, പെണ്കുട്ടിയോള്‍ക്ക് എന്തോ സംഭവിക്കും എന്ന പേടി. അടികിട്ടും എന്ന പേടി!

നമുക്കു കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കുന്ന പെണ്ണുങ്ങളെ പണ്ടേ ഇഷ്ടമല്ല എന്ന് ഒരു വിദ്യാര്‍ത്ഥിയെ നോക്കി പറഞ്ഞ അധ്യാപകന്‍. ചൂളമടിക്കുമ്പോള്‍,  പെണ്കുട്ടിയോള്‍ ചൂളമടിക്കോ, അത്തരം പെണ്കുട്ടിയോള്‍ നല്ലതല്ലെന്ന് ചിന്തിക്കുന്ന  ആണ്‍ സുഹൃത്തുക്കള്‍. സ്ത്രീകളുടെ വ്യക്തിത്വം തന്നെ ആരോ പടച്ചുണ്ടാക്കിയ ഒരു വ്യാകരണ പുസ്തകത്തിലേതു പോലെ ആകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ആളുകള്‍.

എനിക്ക് പഠിക്കണം എന്ന് പറഞ്ഞ് അവള്‍ അന്നെത്ര കരഞ്ഞു കാണും!

കല്യാണം കഴിഞ്ഞ് ടി.സി മേടിക്കാന്‍ സ്‌കൂളിലേക്കുവന്ന കൂട്ടുകാരിയോട് 'നീ ഇനി ക്ലാസിലേക്കു വരില്ലേ' എന്ന് ചോദിച്ചപ്പോ 'അവര്‍ വിടില്ലാടീ' എന്നും പറഞ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ കൂട്ടുകാരി. ഒരു കല്യാണാലോചനയില്‍ എല്ലാം നഷ്ടപ്പെട്ടുപോയവള്‍.

എനിക്ക് പഠിക്കണം എന്ന് പറഞ്ഞ് അവള്‍ അന്നെത്ര കരഞ്ഞു കാണും!

അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍. 16 വയസ്സുമുതല്‍ ഓരോ പെണ്ണും മാതാപിതാക്കളും  ചുറ്റിലും കേള്‍ക്കുന്ന ചോദ്യമാണ് കല്യാണം നോക്കുന്നില്ലേ, കെട്ടിക്കാനായില്ലേ എന്നത്. അത്തരം ചോദ്യത്തിനുള്ള നിസ്സഹായമായ മറുപടി ആണ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെവിടെയോ ശ്വേതാ മേനോന്‍ പറയുന്നത്. 'ഞാനെന്തു ചെയ്യണം? എന്നെ കെട്ടൂ, എന്നെ കെട്ടൂ എന്ന് പറഞ്ഞു കൊണ്ട് നടക്കണോ'.

ഓരോ യാത്രകളിലും പരിചയപെടുന്ന ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയോട് സംഭാഷണം തുടങ്ങുന്നത് തന്നെ വിവാഹം കഴിഞ്ഞിട്ടുണ്ടോ, കഴിഞ്ഞിട്ടുണ്ടേല്‍ കുട്ടികളില്ലേ, കുട്ടികളില്ലേല്‍ ആര്‍ക്കാണ് പ്രശ്‌നം, ഡോക്ടറെ കാണിച്ചില്ലേ എന്നിങ്ങനെയാണ്. അത്തരം സംഭാഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി കല്യാണം കഴിഞ്ഞു രണ്ടു മക്കളുണ്ടെന്ന് ഇടക്കെങ്കിലും എനിക്കും കള്ളം പറയേണ്ടി വന്നിട്ടുണ്ട്. അത് കേള്‍ക്കുന്നതോടെ ഒരു ആഗോള പ്രശ്‌നം അവിടെ തീര്‍ന്നു. 

'വിവാഹം വേണ്ട' എന്ന് ഒരു പെണ്‍ പറഞ്ഞാല്‍ 'അവള്‍ക്ക്  ഇവിടെ ജീവിക്കേണ്ടേ എന്നാണോ എന്ന മറുചോദ്യം മിക്കപ്പോഴും വിഴുങ്ങി കളഞ്ഞിട്ടുണ്ട്. 

'ഇല്ലാ..ഞാന്‍ വിവാഹം കഴിക്കുന്നില്ല' എന്ന് പറഞ്ഞാല്‍, പിന്നെ നീട്ടി ഒരു ചോദ്യമുണ്ട്...'അതെന്താ?'

'എനിക്ക് താല്പര്യം ഇല്ല' എന്ന മറുപടിക്ക് പിന്നില്‍ പിന്നെയും പിന്നെയും ഇല്ലാത്ത കാരണങ്ങള്‍ ചികഞ്ഞ് അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഒറ്റക്ക് ജീവിക്കാനുള്ള അവകാശ സമരം പലപ്പോഴും തോറ്റുപോകാറാണ്. അങ്ങനെ വിവാഹപ്രായം എത്തുമ്പോഴാണ് സ്ത്രീക്ക് തന്റെ ചട്ടക്കൂടിലിരുന്നുകൊണ്ട് അലമുറയിടാനേ കഴിയൂ എന്ന തിരിച്ചറിവ് കിട്ടുന്നത്.  

പെണ്ണുകാണല്‍ ചടങ്ങിനായി സ്വന്തം രൂപ ലാവണ്യത്തെ കൂടി നോക്കണം എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒരു സമൂഹം ചുറ്റിലും.  

പെണ്ണുകാണല്‍ ചടങ്ങിനായി സ്വന്തം രൂപ ലാവണ്യത്തെ കൂടി നോക്കണം എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒരു സമൂഹം ചുറ്റിലും.  നിറം കുറവ്, തടി കൂടുതല്‍, ഉയരം, അംഗലാവണ്യം ഇല്ലായ്ക, കറുപ്പ് നിറം, മുടിയുടെ നീളം തുടങ്ങിയവ സ്ത്രീയെ മാത്രം പരാമര്‍ശിക്കുന്ന അന്തര്‍ദേശീയ കാര്യമാണെന്ന് ഓരോ പെണ്‍ജന്മവും തിരിച്ചറിയുന്നത് തന്റെ ആദ്യ പെണ്ണുകാണലോടു കൂടിയാണ്. ഈ പറഞ്ഞതില്‍ ഏതെങ്കിലും ഒന്നുണ്ടേല്‍ പിന്നെ പറയണ്ട. പെണ്ണായി ജനിച്ചത് കൊണ്ടുമാത്രം സ്വന്തം വിവാഹകാര്യത്തില്‍അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവളായി പോയവരാണ് ഓരോ പെണ്ണും.

വിവാഹാലോചന എന്നത് ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാലികളുടെ അവസ്ഥ പോലെയാണെന്ന് തോന്നാറുണ്ട്. കൊടുത്താലും വാങ്ങിയാലും കൂടുതല്‍ കാശ് കിട്ടുന്ന, കാണാന്‍ ഭംഗിയുള്ള, ശരീര വടിവൊത്ത, കാലികളെ തിരഞ്ഞു കണ്ടുപിടിക്കുന്നത് പോലെയാണത്. ഇതിനിടയില്‍ ശേഷിക്കുന്നതിനെ ചാകും വരെ വില്‍ക്കാന്‍ സ്ഥിരം കാഴ്ചക്ക് വെക്കും. പിന്നെ എങ്ങനെ എങ്കിലും ആര്‍ക്കെങ്കിലും ഒന്ന് വിറ്റ് കിട്ടിയാല്‍ മതിയെന്നാകും. ഇഷ്ടമില്ലാത്ത ഒരു ജീവിതം ഗതികെട്ട് സ്വീകരിക്കാന്‍ ഓരോ ദിവസവും അണിഞ്ഞൊരുങ്ങി കൃത്രിമ ചിരിയും മുഖത്തു വെച്ചുകെട്ടി മറ്റൊരുത്തന്റെ മുമ്പില്‍ നില്‍കുമ്പോള്‍ ഒരു പെണ്‍കുട്ടിയെയും ആരും അറിയാറില്ല. വിവാഹം പലപ്പോഴും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമായി പോകുന്നു. രണ്ട് മനസുകളുടെ ഒത്തുചേരല്‍ അടച്ചിടപ്പെട്ട റൂമിനുള്ളില്‍ ശരീരങ്ങളുടെ ആവശ്യ പൂര്‍ത്തീകരണങ്ങളില്‍ നിന്ന് തുടങ്ങേണ്ട നിര്‍ബന്ധിത കടപ്പാടുകളാകുന്നു.

എത്രയൊക്കെ വിദ്യാസമ്പന്നരായാലും സംസ്‌കാര സമ്പന്നരായാലും ആദര്‍ശസംസ്‌കാരം ഉയര്‍ത്തിപിടിച്ചാലും വിവാഹം ഇത്തരം  പല ഘടകങ്ങളെ ആസ്പദമാക്കി എന്നും വേര്‍തിരിക്കപ്പെട്ടുതന്നെ നിലകൊള്ളുന്നു. അപ്പോള്‍ സ്വന്തം നിലപാടുകളും നേടിയെടുത്ത വിദ്യാഭ്യാസവുമടക്കം സ്വപനങ്ങള്‍ നിശ്ശബ്ദതയിലാണ്ടു പോയവളായി തന്നെ കണ്ടു ബോധ്യപ്പെടുന്നവന്‍ കെട്ടിച്ചുകൊടുക്കാന്‍ വര്ഷങ്ങളായി വിലപേശുന്ന ഒരു നാല്‍ക്കാലി മൃഗം മാത്രമായി പോയി ഞാനടക്കമുള്ള സ്ത്രീ ജന്മങ്ങള്‍.അവിടെ ചെക്കന്റെ പൊക്കമോ, തടിയോ ,വിദ്യാഭ്യാസമോ, നിറമോ ,മുടിയോ ഒന്നും ചുറ്റിലും ആര്‍ക്കും പ്രശ്‌നമല്ലാതാകുന്നു.ഓരോ സ്ത്രീയും പുരനിറഞ്ഞു നില്‍ക്കുന്ന ബാധ്യത മാത്രമാകുന്നു.

ഒരു പെണ്ണിന് ജീവിക്കാന്‍ ആണിന്റെ സഹായം കൂടിയേ തീരു എന്ന് പറഞ് വിശ്വസിപ്പിക്കുന്നതാണ്. അതല്ലെങ്കില്‍ ചുറ്റും നടക്കുന്ന ദിനേനയുള്ള പീഡന വാര്‍ത്തകള്‍ നമ്മെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നതാണ്. എന്നിട്ടും വിവാഹിതര്‍ പീഡിപ്പിക്കപെടുന്നില്ലേ? പ്രായമായ വൃദ്ധസ്ത്രീകള്‍ മുതല്‍ പിറന്നു വീണ 60  ദിവസം പ്രായമായ കുഞ്ഞു വരെ പീഡിപ്പിക്കപ്പെടുന്നില്ലേ? അപ്പോള്‍ പ്രശ്‌നം സ്ത്രീയുടെ അല്ലെന്നത് വ്യക്തമാണ്. ഈ സന്ദര്‍ഭങ്ങളിലൊക്കെ സമൂഹത്തില്‍ കുറച്ചുപേരുടെ എങ്കിലും ന്യായീകരണം ആണ് അതിശയിപ്പിക്കുന്നത്. 'അവള്‍ ആണ്‍ സുഹൃത്തിന്റെ കൂടെ ആയിരുന്നു, രാത്രിയില്‍ ഒറ്റക് നടക്കാനാരാ പറഞ്ഞെ, ഒറ്റക്ക് ജീവിച്ചിട്ടല്ലേ' എന്ന മട്ട്. എന്തൊരു അന്യായമാണ് പറയുന്നതെന്ന് നോക്കണം. അവിടെയും അവളാണ് കുറ്റക്കാരി. അല്ലാതെ പീഡിപ്പിച്ചവനല്ല. അതിനര്‍ത്ഥം ഒറ്റക്ക് കിട്ടിയാല്‍ ഒരുപെണ്ണിനെ എന്തും ചെയ്യാമെന്നാണോ?

സ്ത്രീക്ക് കരുത്ത് പകരേണ്ട ആദ്യ വിദ്യാലയം വീടാണ്.

പെണ്ണെന്നും കെട്ടിവരിഞ്ഞ ചിറകുകളുടെ ഉടമയാണ്. പൊരുതാന്‍ ശ്രമിക്കുമ്പോള്‍ പിടഞ്ഞു തീരുന്ന, കെട്ട് ഭേദിച്ചു പറന്നാല്‍ അമ്പൈയ്ത് വീഴ്ത്തി ചിറകരിഞ്ഞിടുന്ന കൂട്ടിലടക്കപ്പെട്ട കിളിപോലാണ് പല പെണ്‍ജന്മങ്ങളും. എന്തിനാണ് ഓരോ പെണ്ണിനേയും നിങ്ങ, നിന്നെ കെട്ടിച്ചുവിടാനുള്ളതാണെന്ന് മാത്രം പറഞ്ഞു വളര്‍ത്തുന്നത്. അവളുടെ സ്വപ്നങ്ങളെ, സ്വാതന്ത്രത്തെ, ശബ്ദത്തെ, നിഷ്‌കളങ്കമായ പൊട്ടിച്ചിരികളെ, അവളില്‍ ഉത്ഭവിക്കുന്ന സഹജമായ ചോരപ്പാടിന്റെ ഉദ്ഭവം കൊണ്ട് അയിത്തം പാലിച്ചു നിര്‍ത്തി കളയുന്നത്. അന്നുമുതല്‍ മതില്‍ക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് ചില്ലുകൂട്ടിലടച്ച കിളിയെ പോലെ അവളെ വളര്‍ത്തിയെടുക്കുന്നത്. സ്വാഭിപ്രായമില്ലാതെ തൊണ്ടക്കുഴിയില്‍ സങ്കടം അണപൊട്ടുമ്പോഴും പുറത്തേക്കൊഴുക്കാനാകാതെ എന്തിനാണ് ഓരോ സ്ത്രീ ജന്മത്തെയും തല്ലിക്കെടുത്തുന്നത്. പരിചയമില്ലാത്തവരോട് മിണ്ടരുത്, സംസാരിക്കരുത്, ഒന്നും വാങ്ങരുത് എന്ന് തുടങ്ങി സ്വന്തം കൂടപ്പിറപ്പായ പുരുഷ സഹോദരങ്ങളോടൊപ്പം ഇരിക്കുന്നത് പോലും നിഷേധിച്ചു അകറ്റി നിറുത്തി അവസാനം ഒരു ദിവസത്തിന്റെ പോലും പരിചയമില്ലാത്ത ഒരന്യന്റെ കൂടെ ഇറക്കി വിടുന്നു.

ഒച്ചയില്ലാതെ ചിരിക്കാനും, ചവിട്ടടികള്‍ പതിയാതെ നടക്കാനും അവളെ പഠിപ്പിക്കുമ്പോള്‍, സ്വാതന്ത്ര്യങ്ങള്‍ക്ക് എന്നും അനുവാദങ്ങള്‍ തേടി കാത്തു നില്‍ക്കേണ്ടി വരുമ്പോള്‍ എന്തുകൊണ്ടാണ് ഇരുട്ടില്‍ പേടി കൂടാതെ നടക്കാനും, ആള്‍ക്കൂട്ടത്തില്‍ തന്റെ അഭിപ്രായങ്ങളെ ഉറച്ച ശബ്ദത്തില്‍ പറയാനും  അവളെ പഠിപ്പിക്കാത്തത്? സ്ത്രീക്ക് കരുത്ത് പകരേണ്ട ആദ്യ വിദ്യാലയം വീടാണ്. അച്ചടക്കം പഠിപ്പിക്കുമ്പോള്‍ അവള്‍ക്ക് ഒറ്റക്ക് പൊരുതി ജയിക്കാനുള്ള ആര്‍ജവം  ഉണ്ടെന്ന് കൂടി അവളെ പഠിപ്പിക്കുക. അരുതെന്ന ഒറ്റ വാക്കുകൊണ്ട് അവളുടെ ചില്ലകള്‍ വെട്ടിമാറ്റരുത്. പകരം അവള്‍ പടര്‍ന്ന് പന്തലിക്കട്ടെ. സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് തന്റെ ശിഖരങ്ങള്‍ കൊണ്ട് ആകാശത്തോളം ഉയരത്തില്‍ അവള്‍ ചരിത്രം സൃഷ്ടിക്കട്ടെ.

 

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!
 

Follow Us:
Download App:
  • android
  • ios